Friday, June 15, 2018

സൗഹാര്‍‌ദ്ദത്തിന്റെ ആഘോഷം

ദോഹ:സഹനത്തിന്റെ സഹാനുഭൂതിയുടെ സന്തോഷത്തിന്റെ സൗഹാര്‍‌ദ്ദത്തിന്റെ ആഘോഷമാണ്‌ പെരുന്നാള്‍.കരുണയുടെയും കണ്ണിചേര്‍ക്കലിന്റേയും ഗുണകാം‌ക്ഷയുടെയും മഹിതമായ പാഠമുള്‍‌കൊള്ളുന്ന സുദിനമാണ്‌ പെരുന്നാള്‍.നിശ്ചയ ദാര്‍‌ഢ്യത്തോടെ ദൈവ നിശ്ചയത്തെ നെഞ്ചേറ്റി സം‌സ്‌കരണത്തിന്‌ വിധേയമായി പുതിയ പുലരിയില്‍ ദൈവത്തെ കീര്‍‌ത്തിച്ച്‌ സായൂജ്യമടയുന്ന സുദിനം.സഹജരെ കുറിച്ചോര്‍‌ക്കുന്ന അവരുടെ സുഖ ദുഃഖങ്ങളില്‍ പങ്കു ചേരുന്ന ഉന്നതമായ സം‌സ്‌കാരം പ്രോജ്ജ്വലമാകുന്ന സുദിനം.

ഒരു ദിവസത്തെ ജീവിത വിഭവങ്ങള്‍ക്ക് പ്രാപ്‌തിയുള്ള ഓരോ വിശ്വാസിയും പാവപ്പെട്ടവരുടെയും അഗതികളുടെയും അശരണരുടെയും കാര്യത്തില്‍ ചിന്തിക്കാനും പ്രവര്‍‌ത്തിക്കാനും ഫിത്വര്‍ സകാത്ത് എന്ന കര്‍‌മ്മത്തിലൂടെ പ്രചോദനം ചെയ്യുന്ന മഹനീയമായ ദിനം.ഒരു സംസ്‌കാരത്തിന്റെ സംസ്‌കൃതിയുടെ സൗന്ദര്യത്തെ അതി മനോഹരമായി പ്രതിഫലിപ്പിക്കുന്ന ദിനം.ഖത്വീബ്‌ ഓര്‍മ്മിപ്പിച്ചു.

ദോഹ സ്‌റ്റേഡിയം ഈദ്‌ ഗാഹില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുകയായിരുന്നു ഇമാം.

പോരാട്ടങ്ങളുടെയും ഒപ്പം വിജയാരവത്തിന്റെ ചരിത്രമുള്ള റമദാനിന്റെ പരിസമാപ്‌തിയിലാണ്‌ വിശ്വാസികള്‍.ഉപരോധങ്ങളും ഒപ്പം പ്രതിരോധങ്ങളും വീര ഗാഥകളും കൊണ്ട്‌ ചരിത്രം സൃഷ്‌ടിച്ച റമദാനില്‍ പഴയകാല ചരിത്ര ദുഃഖ സത്യങ്ങളെ ഓര്‍‌മ്മിപ്പിക്കും വിധമുള്ള സം‌ഭവങ്ങളുടെ ആവര്‍‌ത്തനങ്ങള്‍‌ക്ക്‌ ഈ കൊച്ചു രാജ്യം സാക്ഷിയായി.ഒരു വര്‍‌ഷം കഴിഞ്ഞിട്ടും അവസാനിക്കാത്ത അയല്‍ രാജ്യങ്ങളുടെ ഉപരോധത്തെ സര്‍‌ഗാത്മകമായി അതിജീവിക്കാനും അതിജയിക്കാനും നാഥന്റെ അനുഗ്രഹത്താല്‍ സാധിച്ചതിലുള്ള സന്തോഷവും ഈ പെരുന്നാല്‍ ദിനത്തില്‍ പങ്കുവെക്കാം.ദൈവത്തില്‍ ഭരമേല്‍പ്പിച്ച്‌ പ്രാര്‍‌ഥനാ നിര്‍‌ഭരമായ സമര്‍പ്പണ മനസ്സോടെ ദൈവത്തെ പ്രകീര്‍‌ത്തിക്കാം.ഒരു മാസത്തെ ശിക്ഷണ കാലത്ത് കാച്ചിയെടുത്ത വിശ്വാസ ദാര്‍‌ഢ്യത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നു കൊണ്ട്‌ രൂപപ്പെടുത്തിയ വിഭാവനകളെ നാഥന്‍ വിജയിപ്പിച്ചു തരുമാറാകട്ടെ.ഹൃദയാവര്‍‌ജ്ജകമായ പ്രാര്‍‌ഥനയോടെ വളരെ സം‌ക്ഷിപ്‌തമായി ഇമാം വിശദീകരിച്ചു.

കാലത്ത് 04.58 നായിരുന്നു പെരുന്നാള്‍ നമസ്‌കാരം ആരം‌ഭിച്ചത്.വിവിധ ദേശ ഭാഷക്കാര്‍ തിങ്ങി നിറഞ്ഞ ഈദ്‌ ഗാഹില്‍ മലയാള പരിഭാഷ നിര്‍വഹിക്കുന്ന വിവരം മുന്‍ കൂട്ടി അറിയിച്ചിട്ടുണ്ടായിരുന്നു.സ്‌ത്രീകള്‍‌ക്ക്‌ പ്രത്യേക സൗകര്യവും ഖത്തര്‍ മതകാര്യ വകുപ്പ്‌ ഒരുക്കിയിരുന്നു.

അറബി ഖുത്വുബയുടെ വിവര്‍‌ത്തനം പി.പി.എ. റഹീം നിര്‍‌വഹിച്ചു. 

Thursday, June 14, 2018

പെരുന്നാള്‍ ആശം‌സകള്‍.

ഒരു ശില്‍പിയും പുതിയ ശില്‍പം രൂപപ്പെടുത്തുന്നില്ല.ശിലയില്‍ താന്‍ കണ്ട ശില്‍പത്തിന്‌ അനുഗുണമല്ലാത്തത്‌ കൊത്തി മാറ്റുക മാത്രമാണ്‌ ചെയ്യുന്നത്‌.മനുഷ്യന്‍ അഭിലഷണീയമല്ലാത്തതിനെ ത്യജിക്കാന്‍ സന്നദ്ധമായാല്‍ അനുവദനീയമായത്‌ കൊണ്ട്‌ ജീവിതം സമ്പന്നമാകും .ഇത്തരത്തില്‍ അനുഗ്രഹീതമായ ജീവിതം കുറ്റമറ്റ ശില്‍പം പോലെ ആകര്‍ഷകവും അനുഗ്രഹീതവുമാകും.

നിതാന്ത ജാഗ്രതയുള്ള ശില്‍പിയെപ്പോലെ ജീവിതത്തെ സമീപിക്കാനുള്ള ഇഛാശക്തി; ആത്മാര്‍ഥമായ ധ്യാനത്തിലൂടെ നേടിയെടുക്കാനുള്ള പ്രതിജ്ഞയും പ്രാര്‍ഥനയും ജീവിതത്തെ അര്‍ഥപൂര്‍ണ്ണമാക്കും.

ഇവ്വിധമുള്ള അര്‍‌ഥ പൂര്‍‌ണ്ണതയെ സാഫല്യമാക്കിയ നാളുകള്‍‌ കൊണ്ട്‌ അനുഗ്രഹീതമായിരുന്നു പുണ്യ റമദാന്‍.ഈ പവിത്ര മാസത്തിന്റെ പരിസമാപ്‌തിയില്‍ ശവ്വാല്‍ പിറ പ്രശോഭിതമായിരിയ്‌ക്കുന്നു.

പെരുന്നാള്‍ ആശം‌സകള്‍...
അസീസ്‌ മഞ്ഞിയില്‍

ഉമ്മയില്ലാത്ത നോമ്പും പെരുന്നളും

കുറച്ചു കാലമായി പെരുന്നാളുകള്‍ക്ക്‌ നാട്ടിലുണ്ടാക്കുക എന്നതായിരുന്നു പതിവ്‌.കൃത്യമയി പറഞ്ഞാല്‍ 2011 മുതല്‍ അങ്ങിനെയായിരുന്നു.ഇത്തവണ പതിവില്‍ നിന്നും ഭിന്നമായി ഈദുല്‍ ഫിത്വറിന്‌ നാട്ടില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.സ്‌നേഹ നിധിയായ ഉമ്മയില്ലാത്ത നോമ്പും പെരുന്നാളും എന്ന ദുഃഖ സത്യവും ഈ പെരുന്നാളിന്റെ പ്രത്യേകതയാണ്‌.കരുണാമയനായ തമ്പുരാന്‍ മണ്‍ മറഞ്ഞു പോയ മാതാപിതാക്കളുടേയും ബന്ധു ജനങ്ങളുടേയും പാരത്രിക ജീവിതം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.

വ്രതാരം‌ഭം മുതല്‍ ഉമ്മ ചോദിച്ചു തുടങ്ങുമായിരുന്നു.മോനെന്നാണ്‌ നാട്ടിലെത്തുക...? ഇതേ ചോദ്യം പലവട്ടം ആവര്‍‌ത്തിക്കുമായിരുന്നു.മറുപടിയും.ഈ വര്‍‌ഷം ഉമ്മയുടെ ഈ ചോദ്യം ഉണ്ടായില്ല.ഉത്തരവും.മാത്രമല്ല ഈ ചോദ്യമില്ലായ്‌മ വല്ലാത്തൊരു ശൂന്യതയായി നൊമ്പരമായി മനസ്സില്‍ മര്‍‌മ്മരം സൃഷ്‌ടിക്കുന്നു.മോനെന്നു വരും.....?

പ്രിയപ്പെട്ട ഉമ്മയില്ലാത്ത നോമ്പും പെരുന്നളും വന്നണഞ്ഞപ്പോള്‍ അണഞ്ഞു പോയ ആ ദീപ ശിഖയുടെ അവസാന നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്‌.

2017 ല്‍ ബക്രീദ്‌ അവധി ദിനങ്ങള്‍ മാത്രമായി ദോഹയില്‍ നിന്നും നാട്ടിലേയ്‌ക്കില്ലെന്നു ഈദുല്‍ ഫിത്വര്‍ അവധിയില്‍ നാട്ടിലുള്ളപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു.ബക്രീദിനു ശേഷം മൂന്നാഴ്‌ച കഴിഞ്ഞ്‌ നാട്ടിലെത്തുമെന്നായിരുന്നു ഉദ്ധേശം.എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹമെന്നു പറയട്ടെ ബക്രീദ്‌ അവധി കഴിഞ്ഞുടന്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കേണ്ടതില്ലാത്ത വിധം  അവധി അനുവദിക്കപ്പെട്ടു.അഥവാ ആഗസ്റ്റ് 28 ന്‌ സുഖമായി നാട്ടിലെത്തി.തൊട്ടടുത്ത ദിവസം അന്‍സ്വാര്‍ ചെന്നെയില്‍ നിന്നും വന്നു.പിറ്റേന്നു അറഫാ ദിനമായിരുന്നു.ഞങ്ങള്‍ എല്ലാവരും കൂടെ ഉമ്മയുടെ കൂടെ നോമ്പ്‌ തുറന്നു.ശാരീരിക അസ്വസ്ഥതകള്‍ വകവെക്കാതെ പെരുന്നാള്‍ നിസ്‌കാരത്തിന്‌ രാജാ ഈദ്‌ ഗാഹില്‍ പ്രിയപ്പെട്ട ഉമ്മ പങ്കെടുത്തു.ഉമ്മയുടെ ജീവിതത്തിലെ അവസാനത്തെ പെരുന്നാള്‍ നിസ്‌കാരം.സപ്‌തംബര്‍ 10 ന്‌ ഉമ്മയെ പന്തല്ലൂരിലുള്ള സഹോദരി ത്വാഹിറാടെ വീട്ടിലേയ്‌ക്ക്‌ കൊണ്ടുപോയി.

പെരുന്നാള്‍ അവധിയ്‌ക്ക്‌ ശേഷം സപ്‌തംബര്‍ 11 ന്‌ അന്‍സ്വാര്‍ ചെന്നെയിലേയ്‌ക്ക്‌ പോയി.സപ്‌തം‌ബര്‍ 17 ന്‌ സഹോദരി ഫാത്വിമയുടെ പേരമകള്‍ ഷഹന റഷീദിന്റെ വിവാഹം നടക്കുമ്പോള്‍ ഉമ്മ പന്തല്ലൂരായിരുന്നു.സപ്‌തം‌ബര്‍ 19 നായിരുന്നു സഹോദരി ഫാത്വിമയുടെ പേരമകള്‍ ഹനിയ്യ അലിയുടെ വിവാഹം നിശ്ചയ തീരുമാനം.സപ്‌തം‌ബര്‍ 20 ന്‌ ത്വാഹിറയുടെ മകന്‍ അന്‍‌വര്‍ മലേഷ്യയിലേയ്‌ക്ക്‌ പോയി.

ഇരുപതിനു രാത്രി പ്രിയപ്പെട്ട ഉപ്പയുമായി ഒരു സമാഗമം സ്വപനം കണ്ടു.ഉമ്മയെ മുല്ലശ്ശേരിയിലേയ്‌ക്ക്‌ കൊണ്ടുവരണമെന്നു നിര്‍‌ദേശിക്കും വിധമായിരുന്നു സ്വപ്‌ന ദര്‍‌ശനത്തിലെ ഉള്ളടക്കം.വിവരം ഇത്തയെ ധരിപ്പിച്ചിരുന്നു.സപ്‌തം‌ബര്‍ 21 വ്യാഴ്‌ഴ്‌ച ഉമ്മയെ മുല്ലശ്ശേരിയിലേയ്‌ക്ക്‌ കൊണ്ടു പോന്നു.ശാരീരികമായ ഏറെ അസ്വസ്ഥതയുണ്ടായിരുന്നതിനാല്‍ ചാവക്കാട്‌ ഹയാത്തില്‍ ശുശ്രുഷയ്‌ക്ക്‌ വിധേയയാക്കി.

സപ്‌തം‌ബര്‍ 27 ന്‌ രാത്രി സഹോദരി ശരീഫയുടെ വീട്ടിലേയ്‌ക്ക്‌ പോയെങ്കിലും പിറ്റേ ദിവസം തന്നെ മഞ്ഞിയിലേയ്‌ക്ക്‌ വരാന്‍ നിര്‍‌ബന്ധം പിടിച്ചു.എത്രയും പെട്ടെന്ന്‌ മഞ്ഞിയില്‍ വീട്ടിലെത്തണമെന്ന ശാഠ്യം ഞങ്ങളെ അമ്പരപ്പിക്കാതിരുന്നില്ല.

സപ്‌തം‌ബര്‍ 29 ന്‌ മുഹറം അവധിയില്‍ അന്‍‌സ്വാര്‍ നാട്ടിലെത്തി.സപ്‌തംബര്‍ 30 ശനിയാഴ്‌ചയും ഒക്‌ടോബര്‍ 1 ഞായറാഴ്‌ചയും എല്ലാവരും ഒരുമിച്ച്‌ നോമ്പ്‌ തുറന്നു.സഹോദരന്‍ ഹമീദ്‌ക്കയും നോമ്പ്‌ തുറക്കാനുണ്ടായിരുന്നു.അത് ഉമ്മയുമായുള്ള അവസാനത്തെ നോമ്പു തുറയായിരിക്കുമെന്നു സങ്കല്‍‌പിച്ചതു പോലുമില്ല.നോമ്പു തുറക്ക്‌ ശേഷം ഉമ്മ ചില ആശങ്കകള്‍ എന്നോട്‌ പങ്കുവെച്ചു. ഇത്തരം ആശങ്കകള്‍ ദൂരീകരിക്കാനുതകുന്ന ചില നസ്വീഹത്തുകള്‍ ഉമ്മാക്ക്‌ നല്‍‌കി. അന്നേദിവസം രാത്രി എല്ലാവരും കൂടെ ദീര്‍‌ഘമായ പ്രാര്‍‌ഥന നടത്തി.ഉമ്മയുടെ മനസ്സിലുണ്ടായിരുന്ന അസ്വസ്ഥകള്‍ നീങ്ങിയെന്നും എല്ലാം അല്ലാഹുവില്‍ ഭരമേല്‍‌പ്പിക്കുന്നു എന്നും ഉമ്മ എന്നോട്‌ സൂചിപ്പിച്ചു.ഭയപ്പെടേണ്ട അടുത്ത ദിവസം തൃശൂര്‍ ആശുപത്രിയിലേയ്‌ക്ക്‌ പോകാമെന്നു സമാശസിപ്പിച്ചു.

ഒക്‌ടോബര്‍ 2 നായിരുന്നു ഫാത്വിമ മുസ്‌തഫയുടെ വിവാഹ നിശ്ചയം.നിശ്ചയത്തിനെത്തിയവര്‍ തിരിച്ച്‌ പോകും മുമ്പ്‌ തന്നെ ഞങ്ങള്‍ തൃശൂര്‍ ദയയിലേയ്‌ക്ക്‌ പുറപ്പെട്ടു.

അനുവദിച്ചതിലും കൂടുതല്‍ അവധിയെടുത്ത അന്‍‌സ്വാര്‍ ഒക്‌ടോബര്‍ 4 ന്‌ എന്തായാലും പോകാനുറച്ചിരുന്നു.സന്ധ്യയ്‌ക്ക്‌ പുറപ്പെടേണ്ട ട്രൈന്‍ വീണ്ടും വീണ്ടും വൈകിയതായി അറിഞ്ഞപ്പോള്‍ റ്റിക്കറ്റ് റദ്ധ്‌ ചെയ്യാന്‍ ഞാന്‍ നിര്‍ദേശിച്ചു.മണിക്കൂറുകള്‍‌ക്ക്‌ ശേഷം അഥവാ ഒക്‌ടോബര്‍ 5 പുലര്‍‌ച്ചയ്‌ക്ക്‌ 1.30 ന്‌ ഉമ്മ അന്ത്യ ശ്വാസം വലിച്ചു.

പത്തുമക്കളുടെ ഉമ്മ പേരമക്കളും മക്കളും അവരുടെ മക്കളും ഒക്കെയായി 161 പേരുടെ ഉമ്മയും ഉമ്മൂമയും.ഓര്‍‌മ്മയായിരിക്കുന്നു. ശാശ്വതമായ ജീവിതത്തിലേയ്‌ക്ക്‌ പറന്നു പോയിരിയ്‌ക്കുന്നു. ദൈവവും ദൂതനും കഴിഞ്ഞാല്‍ ഉമ്മയാണ്‌ എന്റെ എല്ലാം.ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ അഞ്ചാം ക്ലാസ്സുകാരിയായ പുന്നാര മോള്‍ ഹാജി കുഞ്ഞു ബാവു വൈദ്യരുടെ പ്രിയപ്പെട്ട പെങ്ങള്‍.രായം മരക്കാര്‍ വിട്ടില്‍ മഞ്ഞിയില്‍ ബാപ്പുട്ടിയുടെ മകന്‍ ഖാദര്‍ സാഹിബിന്റെ ഭാര്യ ഐഷ.കൃത്യമായി പറഞ്ഞാല്‍ നൂറോടടുത്തതിന്റെ അടയാളങ്ങളൊന്നു പോലും ആര്‍‌ക്കും പിടികൊടുക്കാത്ത സ്‌നേഹ നിധിയായ പൊന്നുമ്മ.

പത്രവായന ശീലമാക്കിയ തനി നാട്ടിന്‍ പുറത്തുകാരി.കേട്ടറിവിനേക്കാള്‍ വായിച്ചറിവിന്‌ പ്രധാന്യമുണ്ടെന്നു പറയുകയും അതിനനുസ്രതമായി തര്‍‌ജമകളും വാരികകളും വായിക്കാന്‍ സമയം നീക്കിവിക്കുകയും ചെയ്‌തിരുന്ന മാതൃകയുടെ തനി രൂപം.വര്‍‌ത്തമാനകാല അമ്മായിയമ്മമാര്‍‌ മൂക്കത്ത്‌ വിരല്‍വെച്ചുപോകുന്ന പുന്നാര ഉമ്മ.മരുമക്കള്‍ എന്ന പ്രയോഗം പോലും ഇല്ലെന്നതത്രെ ഐസ എന്ന ഐഷയുടെ വിഭാവന.സമയവും സാഹചര്യവുമുണ്ടെങ്കില്‍ സ്‌ത്രീകളുടെ ആരാധനലയ സന്ദര്‍‌ശനങ്ങള്‍ വിലക്കപ്പെടേണ്ടതല്ല എന്ന്‌ തുറന്നു പറയുന്ന ഉമ്മ.ശാരീരികമായി പ്രയാസങ്ങളില്ലെങ്കില്‍ വെള്ളിയാഴ്‌ചകളില്‍ പ്രാര്‍ഥനക്കിറങ്ങുന്ന ബുദ്ധിമതിയായ ഉമ്മ.കടലും കരയും നീലാകാശവും നീന്തി പരിശുദ്ധ ഭവനങ്ങളില്‍ പോകാമെന്നുണ്ടെങ്കില്‍ എന്തു കൊണ്ട്‌ പ്രാദേശത്തെ ദൈവ ഭവനങ്ങളില്‍ പോയിക്കൂടാ എന്നതാണ്‌ ഇവ്വിഷയത്തില്‍ സം‌ശയമുയര്‍‌ത്തുന്നവരോട്‌ ഉമ്മയുടെ പ്രതികരണം.പള്ളിയില്‍ പോയേ തീരൂ എന്ന നിര്‍ബന്ധമൊന്നും ഇല്ലല്ലോ.എന്നാല്‍ സൗകര്യപ്പെടുമ്പോള്‍ സൗകര്യങ്ങളുള്ളതിനെ ഉപയോഗപ്പെടുത്താം എന്നതത്രെ അഭികാമ്യം.ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരി.മുതുവട്ടൂര്‍ ഖത്വീബ്‌ സുലൈമാന്‍ അസ്ഹരിയുടെ പ്രഭാഷണം ഏറെ ഇഷ്‌ടമാണെന്ന വിവിരം അദ്ധേഹത്തെ അറിയിക്കണമെന്നു ശാഠ്യമുള്ള നാടന്‍ വൃദ്ധ.ഏറെ പ്രയാസങ്ങളുണ്ടായിട്ടും ഇത്തവണയും ഉമ്മ ഞങ്ങളോടൊപ്പം ഈദ്‌ ഗാഹില്‍ പങ്കെടുത്തിരുന്നു.

മുല്ലശ്ശേരിയിലെ അബ്‌സ്വാര്‍ കോര്‍‌ണര്‍ ശാന്തമായിരിയ്‌ക്കുന്നു.ഒക്‌ടോബര്‍ രണ്ടിന്‌ വൈകുന്നേരം എല്ലാവരും കൂടെയുള്ള തൃശൂര്‍ യാത്ര ഈ സന്തുഷ്‌ട കുടും‌ബത്തിന്റെ ഉമ്മൂമയുമായുള്ള അവസാനയാത്രയായിരിക്കുമെന്നു നിനച്ചതേയില്ല.മരണത്തിന്റെ തൊട്ടു മണിക്കൂറുകള്‍‌ക്ക്‌ മുമ്പ്‌വരേയും തന്നെ സന്ദര്‍‌ശിക്കാനെത്തിയവരെ വേണ്ടവിധം പരിഗണിക്കാന്‍ നിര്‍‌ദേശിച്ചിരുന്നു.ഉമ്മ ഞങ്ങള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഓര്‍‌മ്മയില്‍ വരുന്നതിനെക്കുറിച്ചൊക്കെ പടച്ചോനോട്‌ പറയാം എന്ന നര്‍‌മ്മം പറഞ്ഞു ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത സ്‌നേഹ നിധിയായ സാക്ഷാല്‍ ഉമ്മ.

ഒക്‌ടോബര്‍ നാലിനു വൈകുന്നേരം പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.പാതിരായ്‌ക്ക്‌ ശേഷം സങ്കീര്‍‌ണ്ണമാണെന്ന അറിയിപ്പ്‌  നല്‍‌കപ്പെട്ടു.അഥവാ ഒക്‌ടോബര്‍ 5 പുലര്‍‌ച്ചയ്‌ക്ക്‌ ഒന്നരയോടെ മരണത്തിന്റെ അനുഗ്രഹത്തിന്റെ മാലാഖമാരുടെ സാന്നിധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു.ജീവിച്ചിരിക്കുന്ന എല്ലാ മക്കളും എന്റെ സഹധര്‍‌മ്മിണിയും മക്കളും ഉമ്മയുടെ അന്ത്യയാത്രയ്‌ക്ക്‌ സാക്ഷ്യം വഹിച്ചു.

വാര്‍‌ദ്ധക്യ സഹജമായ നേര്‍‌ത്ത ചില അടയാളങ്ങള്‍ പോലും അന്ത്യയാത്രയുടെ സന്തോഷ നിമിഷങ്ങളുടെ പുഞ്ചിരികൊണ്ട്‌ ഒളിപ്പിച്ചു വെച്ച ഞങ്ങളുടെ ഉമ്മ..ഉമ്മമ്മ സമധാനത്തിന്റെ ലോകത്തേയ്‌ക്ക്‌ യാത്രയായിരിയ്‌ക്കുന്നു.പ്രാര്‍‌ഥനാ പൂര്‍‌വ്വം.

Sunday, June 10, 2018

വിശുദ്ധ ഗ്രന്ഥം വായിക്കുക

നിരക്ഷരനായ പ്രവാചകന്‍ സാധിച്ചെടുത്ത ഉദാത്തമായ സാമൂഹ്യ വിപ്‌ളവത്തിന്റെ സമാനതകളില്ലാത്ത ചരിത്ര സത്യത്തിന്‌ നിതാനമായത് വിശുദ്ധ ഖുര്‍‌ആന്‍ ആയിരുന്നു.ജീവല്‍ സ്‌പര്‍‌ശിയായ ദിവ്യവചനങ്ങളാല്‍ സമ്പന്നമായ ഈ വേദത്തിന്റെ ഭാഷയും ഭാഷ്യവും നിരാകരിക്കാനാകാത്തവിധം സജീവമാണ്‌.അടുക്കള കാര്യം മുതല്‍ അന്താരാഷ്‌ട്ര വിചാരം വരെ പ്രതിപാദിച്ചു കൊണ്ടിരിക്കുന്ന ഖുര്‍‌ആന്‍ നടത്തിയ വെല്ലുവിളിയിലൂടെ ഈ ഗ്രന്ഥത്തിന്റെ ദൈവീകതയെയാണ്‌ കാലത്തിനു മുമ്പില്‍ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നത്.ആറാം നൂറ്റാണ്ടില്‍ വായനാ സമൂഹം പിറന്നു വീഴുന്നതിന്റെ ചരിത്ര പശ്ചാത്തലത്തെ തൊട്ടുണര്‍ത്തിയ പ്രഖ്യാപനവും പ്രഘോഷണവും നടത്തിയത് വിശുദ്ധ വചന സുധയുടെ പ്രഥമ സൂക്തമായിരുന്നു.സക്കീര്‍ ഹുസ്സൈന്‍ തുവ്വൂര്‍ പറഞ്ഞു.

ഖത്തര്‍ ഖൈരിയ്യയും എഫ്‌.സി.സിയുമായി സഹകരിച്ച്‌ ഡയലോഗ്‌ സെന്റര്‍ സം‌ഘടിപ്പിച്ച ക്വിസ്സ്‌ മത്സര സമാപന സം‌ഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു കെ.ഐ.ജി കുവൈറ്റ്‌ പ്രസിഡണ്ട്‌ സക്കീര്‍ ഹുസ്സൈന്‍.ചിട്ടപ്പെടുത്തിയ ചില അനുഷ്‌ഠാനമുറകളും തന്ത്ര മന്ത്രങ്ങളും പഠിപ്പിക്കുന്ന കേവല ആത്മിയതയെയല്ല.ചുവടൊപ്പിച്ച് മുന്നേറേണ്ട ദൈനം ദിന ജീവിത വ്യവഹാരങ്ങള്‍‌ക്ക്‌ വെളിച്ചവും തെളിച്ചവും നല്‍‌കുകയാണ്‌ ഖുര്‍‌ആന്‍.മുന്‍ വിധിയില്ലാതെ ഈ വേദ ഗ്രന്ഥത്തെ പഠന മനനങ്ങള്‍‌ക്ക്‌ വിധേയമാക്കാന്‍ സാക്ഷര സം‌സ്‌കൃത സമൂഹത്തിന്‌ ബാധ്യതയുണ്ട്‌.സക്കീര്‍ ഹുസ്സൈന്‍ വിശദീകരിച്ചു.

വിശുദ്ധ ഖുര്‍‌ആന്‍ മനുഷ്യ സമൂഹത്തിന്റെ പൊതു സ്വത്താണ്‌.മാനവ കുലത്തിനുള്ള വിളക്കും വെളിച്ചവുമാണ്‌.സം‌ഹാരാത്മകമായ ജീര്‍‌ണ്ണിച്ച ലോകത്ത് സംവാദാത്മകതയുടെ പുഷ്‌കലമായ നാളുകളാണ്‌ നമ്മുടെ വിഭാവന.തലയോട്ടികള്‍ തമ്മിലുള്ള സം‌ഘട്ടനമല്ല.തലച്ചോറുകള്‍ തമ്മിലുള്ള ആശയ വിനിമയത്തെ കുറിച്ചുള്ള സാധ്യതയാണ്‌ നമ്മുടെ സാധന.പ്രഭാഷകര്‍ ഓര്‍‌മ്മപ്പെടുത്തി.

വിശുദ്ധ വേദ ഗ്രന്ഥമായ ഖുര്‍‌ആന്‍ അവതീര്‍‌ണ്ണമായ മാസത്തില്‍ ഖുര്‍‌ആനിനെ കുറിച്ച് സഹോദര സമുദായാം‌ഗങ്ങള്‍ക്ക്‌ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ട വാട്‌സാപ്പ്‌ ക്വിസ്സ് പരിപാടിയില്‍ നൂറുകണക്കിന്‌ പേര്‍ റജിസ്റ്റര്‍ ചെയ്‌ത് മത്സരത്തില്‍ പങ്കെടുത്തിരുന്നു.ഡയലോഗ്‌ സെന്ററിന്റെ ദോഹ,റയ്യാന്‍,വക്‌റ,മദീന ഖലീഫ എന്നീ നാല്‌ സോണുകള്‍ വഴിയായിരുന്നു മത്സരാര്‍ഥികള്‍ റജ്സ്റ്റര്‍ ചെയ്യപ്പെട്ടത്.റമദാന്‍ ആദ്യ ദിവസം മുതല്‍ പതിനഞ്ച്‌ ദിവസം മൂന്നു വീതം ചോദ്യങ്ങള്‍ ബ്രോഡ്‌കാസ്റ്റ് ചെയ്‌തുകൊണ്ടായിരുന്നു മത്സരം നടന്നത്.  

സോണല്‍ അടിസ്ഥാനത്തില്‍ മത്സരാര്‍‌ഥികളില്‍ നല്‍‌കപ്പെട്ട 45 ചോദ്യങ്ങള്‍‌ക്കും ശരിയുത്തരം നല്‍‌കിയവരെ പ്രത്യേകം  പ്രത്യേകം നറുക്കിട്ട്‌ ഒന്നും രണ്ടും മൂന്നും വിജയികളെ പ്രഖ്യാപിച്ചു.

ദോഹ സോണില്‍ നിന്നും ഒന്നാം സമ്മാനമായ ഒരു പവന്‍ സ്വര്‍‌ണ്ണപ്പതക്കത്തിന്‌ ശ്രീമതി നിസി അര്‍ഹയായി.രണ്ടാം സ്ഥാനത്തിന്‌ ശ്രീമതി അജിതയും മൂന്നാം സ്ഥാനത്തിന്‌ ശ്രീ അനുമോനും അര്‍ഹരായി.

മദീന ഖലീഫ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന്‌ ശ്രീമതി സ്‌മിത ആദര്‍‌ശ്‌ അര്‍‌ഹയായി.രണ്ടും മൂന്നും സ്ഥാനത്തിന്‌ ശ്രീമതി സ്‌മിത ഷൈന്‍,ശ്രീമതി സ്‌മിത ജയകുമാര്‍ എന്നിവര്‍ അര്‍ഹത നേടി.

റയ്യാന്‍ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന്‌ ശ്രീ നോബിള്‍ അലക്‌സ്‌ അര്‍‌ഹനായി.രണ്ടും മൂന്നും സ്ഥാനത്തിന്‌ ശ്രീ ജില്‍‌സന്‍ ജോസഫ്, ശീമതി ശ്രേയ കൃഷ്‌ണ എന്നിവര്‍ അര്‍ഹത നേടി.

വക്‌റ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന്‌ ശ്രീമതി അശ്വതി അശോക് അര്‍‌ഹയായി.രണ്ടും മൂന്നും സ്ഥാനത്തിന്‌ ശ്രീ ജയകുമാര്‍, ശീമതി ഷര്‍‌ലി വര്‍‌ഗീസ് എന്നിവര്‍ അര്‍ഹത നേടി.

ദോഹ സോണില്‍ നിന്നും 86 പേരും,മദീന ഖലീഫയില്‍ നിന്നും 112 പേരും,റയ്യാന്‍ സോണില്‍ നിന്നും 74 പേരും വക്‌റ സോണില്‍ നിന്നും 166 പേരും ക്വിസ്സ് മത്സരത്തില്‍ പങ്കെടുത്തു.നല്‍‌കപ്പെട്ട 45 ചോദ്യങ്ങള്‍‌ക്കും ശരിയുത്തരം നല്‍‌കിയവരും 41 വരെ ഉത്തരം നല്‍കിയവരും അതിനു താഴെ എത്തിയവരേയും ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന്‌ അര്‍‌ഹത നേടിയവരായി പ്രഖ്യാപിച്ചു.

ദോഹ സോണില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന്‌ യഥാക്രമം 35,27,24 മത്സരാര്‍‌ഥികളും.മദീന ഖലീഫ സോണില്‍ നിന്നും  38,37,37 പേരും,റയ്യാന്‍ സോണില്‍ നിന്നും  21,25,28 പേരും,വക്‌റ സോണില്‍ നിന്നും 64,62,40 പേരും യഥാക്രമം വിജയികളായി.വിജയികള്‍‌ക്കുള്ള ഉപഹാരങ്ങള്‍ അതതു സോണ്‍ കൗണ്ടര്‍ വഴി സോണ്‍ല്‍ കോഡിനേറ്റര്‍ മാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്‌തു.

അല്‍‌ അറബ്‌ സ്‌പോര്‍‌ട്‌സ്‌ ക്ലബ്ബില്‍ സം‌ഘടിപ്പിക്കപ്പെട്ട പരിപാടിയുടെ റജിസ്ട്രേഷന്‍ വൈകീട്ട്‌ 03.30 ന്‌ ആരം‌ഭിച്ചു.04.30 ന്‌ ബാലസം‌ഘത്തിന്റെ പ്രാര്‍‌ഥനയോടെയായിരുന്നു പരിപാടിയുടെ തുടക്കം.

വിജയികളെ പ്രഖ്യാപിച്ച്‌ ഉപഹാരങ്ങള്‍ സമ്മാനിച്ചതിന്‌  ശേഷം മത്സരാര്‍ഥികള്‍‌ക്കുള്ള അവസരത്തില്‍ പലരും മനസ്സ്‌ തുറന്നു സംവദിച്ചു.വിജ്ഞാനത്തിന്റെ ലോകത്തേക്കൊരു വാതായനം തുറന്നു കിട്ടിയ പ്രതീതിയായിരുന്നു എന്നും ഖുര്‍‌ആനിന്റെ മര്‍മ്മവും ധര്‍മ്മവും മനസ്സിലാക്കാനുള്ള പ്രചോദനമായി എന്നും വിലയിരുത്തപ്പെട്ടു.ആദ്യമൊക്കെ വലിയ ആവേശമുണ്ടായിരുന്നില്ലെങ്കിലും പിന്നീട്‌ അഭിനിവേശമായി മാറിയെന്നും ചില ചോദ്യങ്ങള്‍ പോലും ജീവിതത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍‌ക്ക്‌ പ്രേരകമായി എന്നും മത്സരാര്‍‌ഥികള്‍ സദസ്സുമായി പങ്കുവെച്ചു.ഇഫ്‌ത്വാറിന്‌ മുമ്പ്‌ തന്നെ ആദ്യ സെഷന്‍ അവസാനിച്ചു.

സന്ധ്യാ പ്രാര്‍‌ഥനയോടെ എല്ലാവരും അല്‍ഹിത്‌മി ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിലേയ്‌ക്ക്‌ മുഖാമുഖം ഇരുന്ന്‌ നോമ്പു തുറന്നു.ജാതി മത ലിം‌ഗ ഭേദമന്യെ സുമനസ്സക്കളുടെ ഒരു മഹാ സം‌ഗമം.ഒരുത്സവത്തിന്റെ - അതിലുപരി മഹനീയമായ ഒരു ആരാധനയുടെ പൂര്‍‌ണ്ണമായ സൗന്ദര്യം സഹൃദയരെ ആഹ്‌ളാദഭരിതരാക്കി.

പ്രാരം‌ഭ ഇഫ്‌ത്വാറിനു ശേഷം മഗ്‌രിബ്‌ നമസ്‌കാരാനന്തരം വളണ്ടിയര്‍ മാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക കൗണ്ടറുകളിലൂടെ ഭക്ഷണം വിളമ്പി.വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് പരസ്‌പരം കുശലാന്വേഷണവും സ്‌നേഹവും പങ്കുവെച്ച് അതിരറ്റ സന്തോഷത്തോടെയായിരുന്നു സംഗമത്തിന്‌ വിരാമമിട്ടത്.

സി.ഐ.സി പ്രസിഡണ്ട്‌ കെ.സി അബ്‌ദുല്‍ ലത്വീഫ്‌ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന സംഗമത്തില്‍ എഫ്‌.സി.സി ഡയറക്‌ടര്‍ അബ്‌ദു റഹ്‌മാന്‍ കീഴിശ്ശേരി, സി.ഐ.സി വൈസ്‌ പ്രസിഡണ്ട്‌മാരായ ആര്‍.എസ്‌ അബ്‌ദുല്‍ ജലീല്‍,എം.എസ്‌.എ അബ്‌ദു റസാഖ്‌,വി.ടി ഫൈസല്‍,സി.ഐ.സി സെക്രട്ടറി അബ്‌ദുല്‍ സലാം ഹസ്സന്‍, സോണല്‍ സാരഥികളായ ഇ.എം അസൈനാര്‍,ടി.കെ ഖാസ്സിം,മുഹമ്മദലി ശാന്തപുരം,എം.മുഹമ്മദലി,യൂത്ത് ഫോറം പ്രസിഡണ്ട്‌ ജം‌ഷീദ് ഇബ്രാഹീം,വിമന്‍ ഇന്ത്യ ഖത്തര്‍ പ്രസിഡണ്ട്‌ നഫീസത്ത്‌ ബീവി തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.ഡയലോഗ്‌ സെന്റര്‍ എക്‌സിക്യൂടീവ്‌ ഡയറക്‌ടര്‍ അബ്‌ദു റഹ്‌മാന്‍ അഹമ്മദ്‌ സ്വാഗതവും സെക്രട്ടറി സലാഹുദ്ദീന്‍ ചേരാവള്ളി നന്ദിയും പ്രകാശിപ്പിച്ചു.

സ്റ്റേജ്‌ ഒരുക്കങ്ങളും നിയന്ത്രണവും വിജയികള്‍‌ക്കുള്ള സമ്മാനദാന സജ്ജീകരണങ്ങളും പ്രഖ്യാപനവും ബഷീര്‍ അഹമ്മദ്‌,കെ.ഷബീര്‍,സാക്കിര്‍ നദ്‌വി,അലികുഞ്ഞ്‌, അബ്‌ദുല്‍ വഹദ്‌ ,ഫസലു റഹ്‌മാന്‍ കൊടുവള്ളി,അസീസ്‌ മഞ്ഞിയില്‍ എന്നിവര്‍ നിര്‍‌വഹിച്ചു.

കോഡിനേറ്റര്‍ സലാഹുദ്ധീൻ ചേരാവള്ളിയുമായി സഹകരിച്ച്‌ പ്രശ്നോത്തരിയെ ആദ്യാന്തം നിയന്ത്രിച്ചത്‌ :- സബക് (ദോഹ),റഷാദ്‌ (മദിന ഖലീഫ),സുമയ്യ (റയ്യാൻ), ഷബീർ (വക്ര) വനിതാ വിഭാഗം കോഡിനേഷന്‍ നസീമ ടീച്ചര്‍ എന്നിവരായിരുന്നു.

ഷിയാസ്‌ കൊട്ടാരം, എന്‍.പി അഷറഫ്‌,  അനസ്‌ ജമാല്‍ തുടങ്ങിയവര്‍ വളണ്ടിയര്‍ സേവന വിഭാഗത്തിന്‌ നേതൃത്വം നല്‍‌കി.

ഖത്തറിന്റെ ജീവ കാരുണ്യ മുഖമായ ഖത്തര്‍ ചാരിറ്റിയായിരുന്നു ഡയലോഗ്‌ സെന്റര്‍ സം‌ഘടിപ്പിച്ച പ്രശ്‌നോത്തരി സമാപന സം‌ഗമത്തിന്റെ മുഖ്യ പ്രായോജകര്‍. 

Monday, May 28, 2018

ഇഫ്‌ത്വാര്‍ വിരുന്ന്‌

ദോഹ:അയല്‍വാസിയുടെ ഉമ്മറത്തേയ്‌ക്ക്‌ ചെന്ന്‌ കുടും‌ബ നാഥന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരു കുശലാന്വേഷണം പോലും നടത്താന്‍ കഴിയാതിരിക്കുകയും ദുര്‍‌ഗന്ധം വമിക്കുന്നതായി അനുഭവപ്പെട്ടാല്‍ കടന്നു ചെല്ലാന്‍ നിര്‍‌ബന്ധിതരാകുകയും ചെയ്യുന്ന ധരിദ്രമായ സം‌സ്‌കാരം ഏറെ വേദനാജനകം.ഇവ്വിധം മലീമസമായ ഭൂമികയിലാണ്‌ വര്‍‌ത്തമാന കാല സാമൂഹ്യ പരിസരം.സ്വലാഹുദ്ദീന്‍ സാഹിബ്‌ ഒര്‍‌മ്മിപ്പിച്ചു.സി.ഐ.സി ദോഹ സോണിലെ ദോഹ ജദിദ്‌ യൂണിറ്റ് ഇഫ്‌ത്വാര്‍ വിരുന്നില്‍ സൗഹൃദ സംഭാഷണം നടത്തുകയായിരുന്നു സ്വലാഹുദ്ദീന്‍ സാഹിബ്‌. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ നമുക്കാകുന്നില്ല.ഉറുമ്പരിച്ചു കൊണ്ടിരിക്കുന്ന വര്‍‌ത്തമാന അവസ്ഥയ്‌ക്കും വ്യവസ്ഥയ്‌ക്കും സം‌സ്‌കാരത്തിനും മാറ്റം വേണം.സ്വര്‍‌ണ്ണ കത്രികയായാല്‍ പോലും മുറിച്ചിടാനേ ഉപകരിക്കൂ.ഇരുമ്പ്‌ സൂചിയാണെങ്കിലും തുന്നിച്ചേര്‍‌ക്കാന്‍ സാധിക്കും.ഉപകരണത്തിന്റെ മൂല്യമല്ല ഉപയോഗിക്കുന്നതിലെ ക്രിയാത്മകതയും സര്‍‌ഗാത്മകതയുമത്രെ പ്രധാനം.സ്വലാഹുദ്ദീന്‍ സാഹിബ്‌ വിശദീകരിച്ചു.

ചൈതന്യം നഷ്‌ടപ്പെട്ടവന്റെ ഏറ്റവും വലിയ പ്രതീക്ഷ ചീഞ്ഞു നാറുന്ന രാസ ക്രിയ മാത്രമായിരിയ്‌ക്കും.ആത്മാവ്‌ നഷ്‌ടപ്പെട്ടവന്‌ സമൂഹത്തിനു മുന്നില്‍ ശ്രദ്ധിക്കപ്പെടാന്‍ മറ്റൊരു മാര്‍‌ഗവും കണ്ടെത്താനാകുകയില്ല.വര്‍‌ത്തമാന സമൂഹത്തിന്റെ ദുരന്തപൂര്‍‌ണ്ണമായ അവസ്ഥയെ ഒരു തുര്‍‌ക്കി ക്ലാസിക് രചനയെ ആധാരമാക്കി അസീസ്‌ മഞ്ഞിയില്‍ പങ്കുവെച്ചു.

സന്തോഷ ദായകമായ നിമിഷങ്ങളാണ്‌ നമ്മുടെ സഹോദരങ്ങളോടൊപ്പമുള്ള ഈ കൂടിയിരുത്തം.സകല മൂല്യങ്ങളും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമുക്ക്‌ മാനുഷികതയുടെ ഉദാത്ത ഭാവങ്ങളുടെ ചൈതന്യവും സൗന്ദര്യവും ആസ്വദിക്കാം.ദൈവം അനുഗ്രഹിക്കുമാറാകട്ടെ.അബ്‌ദു റഊഫ് സാഹിബ്‌ പ്രാര്‍‌ഥനാ പൂര്‍‌വ്വം പറഞ്ഞു.

ദോഹ ജദീദ്‌ യൂണിറ്റ് ആസ്ഥാനത്തേക്ക്‌ ക്ഷണിക്കപ്പെട്ട സഹോദരങ്ങള്‍ ഇഫ്‌ത്വാറിന്‌ മുമ്പ്‌ തന്നെ എത്തിയിരുന്നു.പരസ്‌പരം പരിചയപ്പെടുകയും പരിചയം പുതുക്കുകയും ചെയ്‌തതിനു ശേഷമായിരുന്നു സഹൃദ സംഭാഷണങ്ങള്‍ ആരം‌ഭിച്ചത്.വര്‍‌ഷങ്ങളായി വ്രതം ആചരിക്കുന്ന സഹോദര സമുദായംഗങ്ങളും പരീക്ഷണാര്‍ഥം തുടങ്ങിയവരും അഥിതികളില്‍ ഉണ്ടായിരുന്നു.

ഇഫ്‌ത്വാറിന്‌ ശേഷം തൊട്ടടുത്തുള്ള പള്ളിയില്‍ പോയി പ്രാര്‍‌ഥന കഴിഞ്ഞതിനു ശേഷം സാമാന്യം വിപുലമായ ഭക്ഷണം കഴിച്ച് വര്‍‌ദ്ധിതമായ സന്തോഷത്തോടെ പിരിഞ്ഞു.

ഇഫ്‌ത്വാര്‍ വിരുന്ന്‌ വിജയിപ്പിക്കാന്‍ സഹകരിച്ച യൂണിറ്റ് കുടും‌ബാം‌ഗങ്ങളെ ആക്‌ടിങ് പ്രസിഡന്റ്‌ അബ്‌ദു റ‌ഊഫ്‌ സാഹിബ്‌ പ്രശം‌സിച്ചു.
Saturday, May 12, 2018

മഞ്ഞിയില്‍ ഇ - ലോകം

ഗ്രാമത്തിന്റെ - മഹല്ലിന്റെ ഖത്തറിലെ പ്രവാസി മുഖമായ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,പാവറട്ടി ആസ്ഥാനമാക്കി മുല്ലശ്ശേരി ബ്ലോക് മേഖലയിലെ മഹല്ലുകള്‍ കേന്ദ്രികരിച്ചുള്ള ഉദയം പഠനവേദി,ഖത്തര്‍ കള്‍‌ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ ഘടകം കൂടാതെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക രം‌ഗങ്ങളിലെ തനിമയാര്‍‌ന്ന സകല ഇടങ്ങളിലും സാധ്യമാകുന്നത്ര സഹകരിച്ച്‌ കൊണ്ട്‌ ധന്യമത്രെ ഈ പ്രവാസം.

പ്രസ്‌തുത പ്രതിനിധാനങ്ങളൊക്കെ ഇ - ലോകവുമായി മഞ്ഞിയില്‍ ബ്ലോഗ്‌ മീഡിയ വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.വ്യക്തിപരമായ ഡയറിക്കുറിപ്പുകള്‍ രേഖപ്പെടുത്തുന്ന മഞ്ഞിയില്‍ ബ്ലോഗും തൂലികയുള്‍പ്പടെയുള്ള സമയാസമയ രചനാ സമാഹരണങ്ങള്‍‌ക്കും ഈ ഇ - പൂമുഖത്തില്‍ ജാലകങ്ങള്‍ ഉണ്ട്‌.സഹൃദയര്‍‌ക്ക്‌ സ്വാഗതം....

Friday, May 11, 2018

ചരിത്ര സ്‌മാരക മസ്‌ജില്‍...

ദോഹ:കുടും‌ബ സമേതം ജുമുഅ നമസ്‌കരിച്ചത് ദോഹയിലെ ഇമാം മുഹമ്മദ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ മസ്‌ജിദിലായിരുന്നു.കോര്‍‌ണീഷ്‌ റോഡ്‌ കഴിഞ്ഞ്‌ ഗറാഫ ഭാഗത്തേയ്‌ക്ക്‌ തിരിയുമ്പോള്‍ ദൂരെ നിന്നു തന്നെ പള്ളി ദൃശ്യമാകും.

ക്രസ്താബ്ദം പതിനെട്ടാം നൂറ്റാണ്ടിൽ (1703–1792) സൗദി അറേബ്യയിൽ ജീവിച്ചിരുന്ന പ്രമുഖ മത പണ്ഡിതനായിരുന്നു മുഹമ്മദ് ഇബ്ൻ അബ്‌ദുല്‍ വഹാബ് അല്‍ തമീമി .സൗദി അറേബ്യയിലെ റിയാദിലെ നജ്‌ദില്‍ ജനിച്ചു.അറബ് ഗോത്രമായ ബനുതമിൽ ഒരംഗമാണദ്ദേഹം.ഒരു പുതിയ ഇസ്ലാമിക ചിന്താധാരയ്ക്ക് ഇദ്ദേഹം ആഹ്വാനം ചെയ്‌തില്ലെങ്കിലും പാശ്ചാത്യ ലോകം അബ്‌ദുല്‍ വഹാബിൽ നിന്നാണ് വഹാബിസം എന്ന പദം രൂപപ്പെടുത്തിയത്.അബ്‌ദുല്‍ വഹാബ് എന്നാൽ അദ്ദേഹത്തിന്റെ പിതാവിന്റെ നാമമായിരിന്നു.

പ്രവാചകാനുചരൻമാരുടെയും ,പൂർ‌വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടന്നുകൂടിയ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായാണ് മുഹമ്മദ് ബ്ൻ അബ്‌ദുല്‍ വഹാബ് ആദ്യമായി രംഗത്ത് വന്നത്. നിഷ്‌കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പരിശുദ്ധിയാണ് ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്നും, ഇസ്ലാമിൻറെ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏക പോംവഴിയെന്നും എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.ചില അറബ്‌ മുസ്‌ലിം രാജ്യങ്ങള്‍ ഈ മുന്നേറ്റത്തിനെതിരെ രം‌ഗത്തെത്തിയിരുന്നു. ബ്രിട്ടിഷുകരും സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽ വാദികളാണ് വഹാബികൾ എന്ന് പ്രചരിപ്പിക്കുകയും ചെയ്‌തു.

ദോഹ പട്ടണ മധ്യത്തില്‍ അല്‍ ഖുവൈറില്‍ പണിതീര്‍ത്ത രാജ്യത്തെ ഏറ്റവും വലിയ പള്ളി . ഖത്തറിന്റെ പരമ്പരാഗത നിര്‍മാണ പ്രൗഢിയും ആധനുനികതയുടെ രൂപകല്‍പനാ വൈഭവവും ശില്‍പ  വൈദഗ്ധ്യത്തിന്റെ ദൃശ്യഭംഗിയും സമ്മേളിക്കുന്ന പള്ളി രാജ്യത്തെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഏറ്റവും നൂതനമായ അടയാളം കൂടിയത്രെ.ഒരേ സമയം പതിനായിരം പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാന്‍ കഴിയുന്ന പള്ളിയോടനുബന്ധിച്ച് ഗ്രന്ഥശാല അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ ഏറ്റവും വലിയ പള്ളിയായ സ്‌പൈറല്‍ മോസ്‌കിനെ രണ്ടാം സ്ഥാനത്താക്കിക്കൊണ്ടാണ് നിര്‍മാണത്തിലും രൂപകല്‍പനയിലും സൗകര്യങ്ങളിലും ഏറെ സവിശേഷതകളുള്ള അല്‍ ഖുവൈറിലെ പള്ളി വലുപ്പത്തില്‍ ഒന്നാം സ്ഥാനം കൈയ്യടക്കുന്നത്.25ഓളം വലിയ താഴികക്കുടങ്ങളും നിരവധി ചെറിയ താഴികക്കുടങ്ങളും ഉള്ള പള്ളിയുടെ നിര്‍മാണം 2006 ലാണ് ആരംഭിച്ചത്.ഒന്നേമുക്കാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്ത് 19,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. 14,877 ചതുരശ്രമീറ്റര്‍ സ്ഥലത്ത് വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യവും ബാത്‌റൂമുകളും 3,853 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്.12,117 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണം വരുന്ന ഗ്രൗണ്ട് ഫേ്‌ളാറിലാണ് പുരുഷന്‍മാര്‍ക്ക് നമസ്‌കാരത്തിനുള്ള പ്രധാന ഹാള്‍ . സ്ത്രീകള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യവും ബാത്‌റൂമുകളും വെവ്വേറെ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലാണ് ലൈബ്രറി. ഇവിടെ തന്നെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രാര്‍ഥനാ ഹാളുകളുമുണ്ട്.

പള്ളി നിര്‍മാണത്തിന്റെയും മേല്‍നോട്ടത്തിന്റെയും ചുമതല എസ്.എം.ഇ.സി കമ്പനിക്കായിരുന്നു. ആസ്‌ത്രേലിയ, ആഫ്രിക്ക, പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, ദക്ഷിണേഷ്യ, ഏഷ്യ പസഫിക് എന്നിവിടങ്ങളിലായി 40ഓളം ഓഫീസുകളും നാലായിരത്തോളം ജീവനക്കാരുമുള്ള കമ്പനിയുടെ മേഖലാ ആസ്ഥാനം ഖത്തറാണ്.


Monday, May 7, 2018

മനസ്സ്‌ നിറഞ്ഞ വാരം

ദോഹ:സാധാരണ വാരാന്ത്യ അകത്തള യോഗങ്ങളില്‍ നിന്നും ഭിന്നമായി ഒരു തുറന്ന ഇടത്തില്‍ കുടും‌ബ സമേതം ഒത്തു കൂടാന്‍ സാധിച്ചതില്‍ ദൈവത്തെ സ്‌മരിച്ചു കൊണ്ടായിരുന്നു അബ്‌ദുല്‍ റൗഊഫ്‌ സാഹിബിന്റെ ആമുഖ ഭാഷണം.ദോഹ ജദീദ്‌ യൂണിറ്റിന്റെ കുടും‌ബ സംഗമം അല്‍‌ബിദ പാര്‍ക്കില്‍ തുടക്കം കുറിക്കുകയായിരുന്നു ദോഹ ജദീദ്‌ ആക്‌ടിങ് പ്രസിഡണ്ട്‌.പടിവാതില്‍‌ക്കലെത്തി നില്‍‌ക്കുന്ന പരിശുദ്ധ റമദാനിനെ സകല വിധ സൗഭാഗ്യങ്ങളോടും കൂടെ സ്വീകരിക്കാനും അതു വഴി അനുഗ്രഹിക്കപ്പെടാനും ഭാഗ്യം സിദ്ധിക്കുമാറാകട്ടെ എന്ന പ്രാര്‍‌ഥനയോടെ അധ്യക്ഷന്‍ ഉപസം‌ഹരിച്ചു.

നന്മയുടെ പൂക്കാലത്തില്‍ കൂടുതല്‍ മാനുഷികമായും മാനവികമായും വളരാനും ഉയരാനും വിശ്വാസിക്ക്‌ സാധിക്കണം.പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഒരു ഉടച്ചു വാര്‍‌ക്കലിന്‌ വിധേയമാകണം.ശാരീരികമായും മാനസികമായും ബുദ്ധിപരമായും പുതിയ ഉണര്‍‌വ്വ്‌ ലഭിക്കും വിധം അജണ്ടകള്‍ ക്രമപ്പെടുത്താനുള്ള സുവര്‍‌ണ്ണാവസരമായി വ്രത വിശുദ്ധിയുടെ കാലം ഉപയോഗപ്പെടണം.അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.ഒരു മാസക്കാലത്തെ ശിക്ഷണങ്ങള്‍ക്കൊടുവില്‍ ശവ്വാലമ്പിളി പ്രത്യക്ഷപ്പെടുമ്പോള്‍ കൂട്‌ തുറന്നിട്ട കിളിയെപ്പോലെ ആശ്വാസപ്പെട്ട്‌ പറന്നകലുന്ന ദയനീയമായ അവസ്ഥ ദൗര്‍‌ഭാഗ്യകരമത്രെ.മറിച്ച്‌ പരിപൂര്‍‌ണ്ണാര്‍‌ഥത്തില്‍ സംസ്‌കരണം സിദ്ധിച്ച്‌ നവോന്മേഷത്തിന്നുടമകളായി ദൈവത്തെ പ്രകീര്‍‌ത്തിച്ച്‌ സന്തോഷം പങ്കിടുന്ന അനുഭൂതിദായകമായ മുഹൂര്‍‌ത്തത്തെ സഫലമാക്കുന്നവരത്രെ യഥാര്‍‌ത്ത സാഇമീങ്ങള്‍.അവരത്രെ യഥാര്‍‌ഥ വിജയികളും.മോശയുടെ മാര്‍‌ഗത്തില്‍ എന്ന്‌ കൊട്ടിഘോഷിക്കുകയും സാമിരിയുടെ കുഴലൂത്തില്‍ നശിച്ചു കൊണ്ടിരിക്കുകയും,അബ്രഹാമിന്റെ പാതയിലാണെന്ന്‌ ഉദ്‌ഘോഷിക്കുകയും ആസറിന്റെ മാര്‍‌ഗത്തില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ദയനീയമായ സാമൂഹ്യാവസ്ഥയുടെ നേര്‍‌ചിത്രം അല്ലാമ ഇഖ്‌ബാലിന്റെ വരികള്‍ ഉദ്ധരിച്ച് കൊണ്ട്‌ മഞ്ഞിയില്‍ വിശദമാക്കി.

ശേഷം റമദാനിനോടനുബന്ധിച്ച് സോണ്‍ തലത്തില്‍ നടത്തുന്ന വിവിധ പരിപാടികള്‍ അധ്യക്ഷന്‍ വിശദീകരിച്ചു.റമദാനില്‍ പഠിക്കാന്‍ നിര്‍‌ദേശിക്കപ്പെട്ട ഖുര്‍ആന്‍ പാഠത്തെ കുറിച്ചും,സഹോദര സമൂഹത്തില്‍ പെട്ടവര്‍‌ക്കായി നടത്തുന്ന ക്വിസ്സ് പരിപാടികളെ കുറിച്ചും വിശദീകരിക്കപ്പെട്ടു.

തുടര്‍‌ന്ന്‌ കുടും‌ബിനികള്‍ ഒരുക്കിക്കൊണ്ടുവന്ന വിവിധ തരത്തിലുള്ള വിഭവങ്ങള്‍ ഒരുമിച്ചിരുന്ന്‌ ആസ്വാദ്യതയോടെ കഴിച്ചു.ചപ്പാത്തിയും,പത്തിരിയും,കുഞ്ഞിപ്പത്തിരിയും,റൊട്ടിയും കൂട്ടിക്കഴിക്കാന്‍ കോഴിക്കറിയും,മാം‌സക്കറിയും,മത്സ്യക്കറിയും,പച്ചക്കറികളും.എല്ലാം സ്വാദിഷ്‌ടം.വിശാലമായ ബിദ പാര്‍‌ക്കില്‍ ഹരിതാഭമായ ഒരു താഴ്‌വാരത്ത് കഥ പറഞ്ഞൊഴുകുന്ന ഇളം തെന്നലിന്റെ തലോടലേറ്റ് കുറച്ചു സമയം കൂടെ ചെലഴിക്കാമെന്ന്‌ തോന്നുമായിരുന്നെങ്കിലും വാരാന്ത്യ ഒഴിവ് ദിനമല്ലാത്തതിനാല്‍ പിരിയാതിരിക്കാന്‍ കഴിയുമായിരുന്നില്ല.ഒടുവില്‍ നിറഞ്ഞ മനസ്സോടെ സംഗമത്തിന്‌ വിരാമമിട്ടു.