02 August 2011

നിരായുധന്റെ പാട്ട്‌

ഇല്ലെനിക്കായുധവും പടച്ചട്ടയും 
ഇല്ലെനിക്കായ്‌ തേരും കുതിരകളും 
എങ്കിലുമിവിടെ രണാങ്കണം കൊള്ളെഞാന്‍ 
എത്രകാതങ്ങള്‍ നടന്നടുത്തു
  
അക്ഷയഖനികളില്‍ നിന്നുള്ളൊരുത്തമ
അക്ഷയ സമ്പത്തുണ്ടെനിയ്‌ക്ക്‌
ആ ലിപികള്‍ക്ക് ജന്മം പകരാനുതകുന്ന
തൂലികകൂട്ടിനായുണ്ടെനിയ്‌ക്ക്

ഉണ്ടെനിക്കേറെ ദൃഢമാം ഹൃദയവും 
ഉള്ളില്‍ ജ്വലിക്കുന്ന വിശ്വാസവും  
കൂരിരുള്‍ മായ്‌ക്കുന്ന കൈതിരിയുണ്ടെന്നെ
കരകയറ്റാനൊരു നായകനും 
കൂര്‍ത്തകൂരമ്പിന്‍ നഖങ്ങളാലൊന്നുമെ
ന്നുള്ളിലെ മുദ്രകള്‍ മായുകില്ലാ
എന്‍ വെള്ളി നക്ഷത്ര കിരണമൊരിക്കലും 
ഇക്കൊടുങ്കാറ്റിലണയുകില്ല

ചോരപ്പുഴകണ്ട്‌ ചിത്ത ഭ്രമത്താല്‍ 
തിരിഞ്ഞോടുവാനെനിക്കാകുകില്ല
ഇപ്പുഴ നീന്തിക്കയറുകില്‍ ഞാനെത്തും 
ആറുകള്‍ സങ്കല്‌പാതീതമല്ലോ

ദാഹിച്ചു പരവശനാകില്ല ഞാനൊട്ടും 
മോഹിപ്പൂ ഞാനൊന്ന് ദാഹിക്കുവാന്‍ 
മൃത്യുവെ ചൊല്ലി ഭയക്കുകയില്ല ഞാന്‍ 
വീര ചരമമെന്‍ സ്വപ്‌നമല്ലോ

2 comments:

നാമൂസ് said...

ജീവനുള്ളൊരു ആത്മാവ് കൂട്ടുള്ളപ്പോള്‍ തീര്‍ച്ച, ഈ ഒഴുക്കിനെ ജയിക്കാന്‍ സാധിക്കും.

റമദാന്‍ കരീം.

~ex-pravasini* said...

"ദാഹിച്ചു പരവശനാകില്ല ഞാനൊട്ടും
മോഹിപ്പൂ ഞാനൊന്ന് ദാഹിക്കുവാന്‍
മൃത്യുവെ ചൊല്ലി ഭയക്കുകയില്ല ഞാന്‍
വീര ചരമമെന്‍ സ്വപ്‌നമല്ലോ"

റമദാന്‍ മുബാറക്‌...........

Post a Comment

അഭിപ്രായം രേഖപ്പെടുത്താം

ചിറകടി എനിക്കു കേള്‍ക്കാമായിരുന്നു

If you like send to others