02 January 2012

മിന്നാമിനുങ്ങ്‌

കണ്‍കളിലെ പ്രകാശ കിരണങ്ങള്‍
മിന്നാമിനുങ്ങുകളായി
പറന്നകലുമ്പോള്‍
ആത്മാവ്‌ പിടയുന്നത്‌
ഞാനറിഞ്ഞു.

കനിഞ്ഞു നല്‍കപ്പെട്ട
എണ്ണിത്തിട്ടപ്പെടുത്താനാകാത്ത
അനുഗ്രഹങ്ങളില്‍ നിന്ന്‌
ചിലത്
തിരിച്ചെടുക്കപ്പെടുമ്പോള്‍
പരിഭവിക്കാന്‍ പോലും
അവകാശമില്ലെന്ന തിരിച്ചറിവില്‍ ..
മിഴിയടച്ചു്‌ പ്രാര്‍ഥിച്ചു...

ഉള്‍കണ്ണുകളില്‍
താരകങ്ങള്‍ മിന്നുന്നത്‌
കണ്ടു.
നറു നിലാവും നീലാകാശവും
കണ്ടു.

അഗ്നികുണ്ഡത്തെ തണുപ്പിച്ച
രക്ഷാ കവചവും ,
ചെങ്കടല്‍ പിളര്‍ത്തിയ
ദണ്ഡും ,
മണല്‍ കാടിന്റെ മാര്‍ പിളര്‍ത്തി
സംസമൊഴുക്കിയ
ആയുധവും ,
അടഞ്ഞുപോയ ഗുഹാ മുഖം
മലര്‍ക്കെത്തുറന്ന
താക്കോല്‍ കൂട്ടവും
കണ്ടു.

മരുഭൂമിയിലെ ഖാഫിലകളുടെ
സങ്കീര്‍ത്തന - സംഗീത സുധയില്‍
മയങ്ങി വീണ
മേഘാവൃതമായ മാനത്ത്‌
മഴവില്ല്‌ പൂക്കുന്നതും
പ്രതീക്ഷയുടെ തീരങ്ങളില്‍
മയൂരങ്ങള്‍ നര്‍ത്തനം ചെയ്യുന്നതും
കണ്ടു.

പറന്നു പോയ
മിന്നാമിനുങ്ങുകള്‍
തിരികെ വന്നു
കൂടണഞ്ഞപ്പോള്‍
അനുഗ്രഹത്തിന്റെ
തേന്മാരി
പെയ്‌തിറങ്ങുകയായിരുന്നു.

***********
തിരിച്ച്‌ കിട്ടിയ പ്രകാശത്തെക്കുറിച്ചാണ്‌ ഈ വരികളിലൂടെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നത്‌.
പ്രത്യേക സാഹചര്യത്തില്‍ ഇത്‌ അപ്‌ലോഡ്‌ ചെയ്യാന്‍ സഹായിച്ച സഹോദരന്‌ നന്ദി.

11 comments:

Artof Wave said...

പലതും നഷ്ടപ്പെടും പലതും ലഭിക്കും
ഒന്നും നമുക്ക് തീരുമാനിക്കാന്‍ പറ്റില്ല
അതല്ലേ ജീവിതം
ലഭിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുകയും
നഷ്ടപ്പെടുന്നതിനെ ഓര്‍ത്ത് നിരാശപ്പെടാതിരിക്കുകയും
ചെയ്യുക
അതല്ലേ നാം ചെയ്യേണ്ടത് ......

വരികള്‍കിടയിലൂടെ
ഇബ്രാഹിം, ഇസ്മയില്‍, മൂസ ... നബി മാരുടെ
ഓര്മകള്‍......

നല്ല വരികള്‍
ആശംസകള്‍

Shameer T K said...

അനുഗ്രഹത്തിന്റെ
തേന്മാരി പെയ്തിറങ്ങട്ടെ.

"മരുഭൂമിയിലെ ഖാഫിലകളുടെ
സങ്കീര്‍ത്തന - സംഗീത സുധയില്‍
മയങ്ങി വീണ
മേഘാവൃതമായ മാനത്ത്‌"......., "

ക്ഷമിക്കണം,ഇവിടെ ഒരു മനസ്സിലാകായ്ക!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...
This comment has been removed by a blog administrator.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പരിഭവിക്കാന്‍ പോലും
അവകാശമില്ലെന്ന തിരിച്ചറിവില്‍ ..
മിഴിയടച്ചു്‌ പ്രാര്‍ഥിച്ചു

Cm Shakeer(ഗ്രാമീണം) said...

ഇവിടെ കവിതയും ജീവിതവും സംഗമിച്ചിരിക്കുന്നു.
താങ്കളുടെ കണ്ണിലെ പ്രകാശ കിരണങ്ങള്‍ മിന്നാമിനുങ്ങുകളായി
പറന്നകന്നപ്പോള്‍ പിടഞ്ഞത് ഒരാത്മായിരുന്നില്ല.

ഒരായിരം ആത്മാവുകളില്‍ നിന്നുയര്‍ന്ന നിഷ്കപടമായ പ്രാര്‍ത്ഥനകള്‍----..

ഇബ്രാഹീമിനെ അഗ്നികുണ്ഡത്തില്‍ തണുപ്പിച്ച
മൂസയെ ചെങ്കടല്‍ പിളര്‍ത്തി രക്ഷിച്ച
ഇസ്മായീലിന്റെ പൈദാഹം ശമിപ്പിച്ച
കാരുണ്യവാരിധിക്ക് കൈവിടാനൊക്കുമോ?

Manjiyil said...

ഷമീറിന്റെ മനസ്സിലാകായ്‌കയുടെ പശ്ചാത്തലത്തില്‍ :ചികിത്സയിലായിരുന്നപ്പോള്‍ ഈ സൈകത ഭൂമിയില്‍ നിന്നുയര്‍ന്ന പ്രാര്‍ഥനയും പ്രതിഫലനവുമാണ്‌ പ്രസ്‌തുത വരികളില്‍ ....

Anonymous said...

അറബ്‌ ലോകത്ത് അസംഭവ്യമെന്ന ശാഠ്യത്തിന്‌ അറുതി വരുത്തിയ വസന്തവും ..വായിച്ചെടുക്കാം ...

മുനീര്‍ തൂതപ്പുഴയോരം said...

കൊള്ളാം അര്‍ത്ഥവത്തായ ഉപമകള്‍ ചേര്‍ത്തുവെച്ച വരികള്‍..

sidheek Thozhiyoor said...

നല്ല രചന ..നവവത്സരാശംസകള്‍

നാമൂസ് said...

വീണ്ടും വായിക്കാന്‍ ആകുന്നതില്‍ സന്തോഷം.

Shukoor said...

അനുഭവങ്ങള്‍ പലതും കഠിനം തന്നെ. ഈ വരികള്‍ നമുക്കുള്ള അനുഗ്രഹങ്ങളുടെ വിലയെ മനസ്സിലാക്കിത്തരുന്നു.

Post a Comment

അഭിപ്രായം രേഖപ്പെടുത്താം

ചിറകടി എനിക്കു കേള്‍ക്കാമായിരുന്നു

If you like send to others