Tuesday, December 31, 2013

പഠനങ്ങളുടെ പുതിയ വര്‍ഷം

ഉറക്കില്‍ കാണുന്നതല്ല മറിച്ച്‌ ഉറക്കം നഷ്‌ടപ്പെടുത്തുന്നതാണത്രെ യഥാര്‍ഥ സ്വപ്‌നം.ഭാരതത്തിന്റെ മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍ കലാമിന്റെ വാക്കുകള്‍ സാന്ദര്‍ഭികമായി ഉദ്ധരിച്ചു കൊണ്ട്‌ പുതു വത്സര സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കാം.

ദിവ്യ വചനങ്ങളിലെ വിവരം പഠനം വിവേകം വിധേയത്വം തുടങ്ങി വ്യത്യസ്ഥ ഭാവങ്ങളിലേയ്‌ക്ക്‌ വിരല്‍ ചൂണ്ടുന്ന വിശുദ്ധ സൂക്തങ്ങളിലെ സാരവും സന്ദര്‍ഭവും സൌന്ദര്യവും ആഴത്തില്‍ നിരീക്ഷിക്കാനും ക്രോഡീകരിക്കാനുമുള്ള പഠനങ്ങള്‍ക്ക്‌ കൂടുതല്‍ സമയം ​നീക്കിവയ്‌ക്കും. 

ആദ്യ പിതാവുമുതല്‍ അന്ത്യ പ്രവാചകന്‍ വരെയുള്ള പ്രവാചകന്മാരോട്‌ അവിശ്വാസി സമൂഹം ഉയര്‍ത്തിയ ചോദ്യ ശരങ്ങളോരോന്നും അണുമണി വ്യത്യാസം കൂടാതെ ഇന്നും ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കില്‍ ആശ്ചര്യപ്പെടേണ്ടതില്ലായിരിക്കാം .എന്നാല്‍ വര്‍ത്തമാന കാലത്തെ നന്മയുടെ പ്രസാരക പ്രചാരക പ്രസ്ഥാനങ്ങള്‍ക്കു നേരെ വിശ്വാസി സമൂഹത്തില്‍ നിന്നുതന്നെയുള്ള സംഘങ്ങള്‍ രോഷം കൊള്ളുന്ന കാതലായ സ്വരങ്ങള്‍ ചിര പുരാതന ശത്രുക്കളുടെ പല്ലവിയാകുമ്പോള്‍ തീര്‍ച്ചയായും ആശ്ചര്യപ്പെട്ടുപോകും . ഇവ്വിഷയത്തെ സമഗ്രമായി പഠിക്കാന്‍ സമയം ​കണ്ടെത്തും.

പ്രദേശത്തെ വിശ്വാസി സമൂഹത്തില്‍ കാണപ്പെടുന്ന ആശയ വ്യത്യാസങ്ങളെ വൈരുധ്യങ്ങളായി കാണാതെ വൈവിധ്യങ്ങളായി കാണാനുള്ള പ്രചാരണ പ്രസാരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. 

സാമൂഹിക രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളുമായി സഹകരിച്ച്‌ മഹല്ലു കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ സാക്ഷാല്‍ക്കരിക്കുന്നതില്‍ ജാഗ്രതപാലിക്കുകയും പ്രദേശത്തെ മാതൃകാമഹല്ലെന്ന പദവി പരിപാലിക്കാനുള്ള ശ്രമങ്ങളില്‍ നേതൃപരമായ പങ്കു കൂട്ടുത്തരവാദത്തോടെ സാക്ഷാല്‍കരിക്കാന്‍ ശ്രമിക്കുകയും ചെയ്യും .

നാലു പതിറ്റാണ്ടുകളില്‍ പലപ്പോഴായി മഷിപുരണ്ട രചനകള്‍ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ ശേഷം പുസ്‌തകമായി പ്രസിദ്ധീകരിക്കും .

പ്രവാസികളായ തിരുനെല്ലൂര്‍ മഹല്ലുകാര്‍ക്കുവേണ്ടി തയാറാകിയ ദിതിരുനെല്ലൂര്‍ എന്ന ബ്ളോഗ്‌ സ്വദേശത്തും വിദേശത്തും ഉള്ളവര്‍ ഒരുപോലെ സ്വാഗതം ചെയ്യും വിധം വൈവിധ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഈ പേജുകളെ ന്യൂസ്‌ പോര്‍ട്ടലാക്കാനുള്ള ആഗ്രഹം സഫലമാക്കാന്‍ ശ്രമിക്കും .

പുതിയ പ്രതീക്ഷളുടെ പുത്തന്‍ പുലരി അനുഗ്രഹീതമാകട്ടെ ... 
പ്രാര്‍ഥനയോടെ
അസീസ്‌ മഞ്ഞിയില്‍