Friday, February 21, 2014

സുഗന്ധം പരത്തുന്ന മലര്‍വാടി

'മലര്‍വാടി' മലയാള മണ്ണിന്റെ സാഹചര്യമത്രെ.അതിന്റെ പരിപാലനം തരുന്ന സായൂജ്യം ​സന്തോഷ ദായകം  .മണലാരണ്യത്തില്‍ മലര്‍വാടികളൊരുക്കുന്നത്‌ സാഹസികമത്രെ.അതിന്റെ പരിപോഷണ പ്രക്രിയ തരുന്ന ആത്മ സംതൃപ്‌തി അനിര്‍വചനീയവും .
.
ഒരു ദശകിത്തിലേറെയായി ഖത്തറിലെ മലായാളി മലര്‍മൊട്ടുകളായ ബാലികാ ബാലന്മാരെ സമൂഹാന്തരീക്ഷത്തില്‍ പരിലസിപ്പിച്ചു നിര്‍ത്തി മധു ചുരത്തുന്ന മണം പരത്തുന്ന പ്രസൂനങ്ങളാക്കി മലര്‍വാടി ഒരുക്കാന്‍ പ്രതിജ്ഞാബദ്ധരായ പരിപാലകര്‍ക്കു സാധിച്ചിരിക്കുന്നു.  

കളിയും കാര്യവും ചിരിയും ചിന്തയുമുണര്‍ത്തുന്ന വൈവിധ്യമാര്‍ന്ന രചനാത്മകമായ മത്സരക്കളരികളാണ്‌ ഈ മലര്‍വാടിയെ ഇത്രമാത്രം ഹൃദയഹാരിയാക്കിയത്‌ .

മത്സരങ്ങളില്‍ പങ്കെടുക്കുന്നത്‌ ആരെയും തോല്‍പിക്കാനല്ല മറിച്ച്‌ വിജയം കൈവരിക്കാനാണ്‌ എന്ന മാനുഷിക മണമുള്ള മത്സരപ്പെരുക്കങ്ങളിലെ കൊട്ടും ഘോഷവും ബാലമനസ്സുകളില്‍ മുദ്രണം ചെയ്യുന്നതില്‍ ബഹുദൂരം മുന്നോട്ട്‌ പോയെങ്കില്‍ ഒരു മഹത്തായ സംരംഭം തന്നെയത്രെ ഈ' മലര്‍വാടി '.

വര്‍ത്തമാനകാല കളിയിലും ചിരിയിലും കളിയാട്ടങ്ങളിലും പ്രേക്ഷകന്റെയും ആസ്വാദകന്റെയും ഇംഗിതത്തിനൊത്ത് രുചിയും രസവും കൂട്ടുമസാലകളും ഒരുക്കുന്ന രംഗവേദികളില്‍ നിന്നും ഭിഹ്നമായി വേറിട്ട വഴി സ്വീകരിക്കാന്‍ കഴിഞ്ഞെങ്കില്‍ തീര്‍ച്ചയായും നിസ്സാരമല്ല.

ബാല മനസ്സുകളില്‍ നല്ല നാളെയെക്കുറിച്ചുള്ള  പ്രതീക്ഷയും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഒപ്പം പ്രതിജ്ഞാബദ്ധമായ സാംസ്‌കാരിക ബോധവും ഊട്ടിയുറപ്പിക്കുന്നതിലും കണിശമായ നിലപാടുകളുമായി ജൈത്രയാത്ര നടത്താന്‍ ഈ സംഘത്തിനു സാധിച്ചിരിക്കുന്നു എന്നു പൂര്‍ണ്ണ വിശ്വാസത്തോടെ പറയാന്‍ കഴിയും . 

ഖത്തറിലെ പ്രവാസി മലയാളികളുടെ മനവും മണവും ഭാവവും ജീവിതവും വീക്ഷണ വൈവിധ്യവും തൊട്ടറിഞ്ഞ മത സാമൂഹിക രാഷ്‌ട്രീയ സംവിധാനങ്ങളിലും സംരംഭങ്ങളിലും കൃത്യമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ സഹയാത്ര സംഘമായ മലര്‍വാടിയുടെ സുഗന്ധം അതിരുകള്‍ ഭേദിക്കുമാറാകട്ടെ.ക്രിയാത്മകമായ സംരംഭങ്ങള്‍ സര്‍ഗാത്മകമാകുമ്പോള്‍ സംഗീതം  പോലെ ആസ്വാദ്യകരമാകും .

മാധ്യമത്തിന്‌ വേണ്ടി