Tuesday, February 25, 2014

മരുഭൂമിയില്‍ മലര്‍വാടി ചിത്രങ്ങള്‍ 

വിടരാന്‍ വെമ്പുന്ന നിഷ്‌കളങ്കതയുടെ മലര്‍മൊട്ടുകള്‍ മഞ്ഞുപെയ്യുന്ന പ്രഭാതത്തില്‍ പൂത്തുലഞ്ഞതിന്റെ സൗരഭ്യം മണലാരണ്യത്തിലെ ഇളം കാറ്റിന്റെ പക്ഷങ്ങള്‍ക്ക്‌ ആവേശം മുളപ്പിച്ചിരിക്കുന്നു.

ദോഹാ നഗരത്തെ വിസ്‌മയിപ്പിച്ചുകളഞ്ഞ മലര്‍വാടി ചിത്രരചനാ മത്സര മഹോത്സവപ്പെരുമ പറഞ്ഞറിയിക്കാനൊ,പാടിപ്പതിപ്പിക്കാനൊ കഴിയാത്തവിധം സമ്പന്നമായിരുന്നു.

അൽ അറബി സ്പോർട്സ് ക്ളബ്ബ്   സാംസ്‌കാരിക വിഭാഗത്തിന്റെ കീഴിൽ  മലര്‍വാടി ബാലസംഘം ഖത്തര്‍ ഘടകം  സംഘടിപ്പിച്ച രണ്ടാമത് ചിത്രരചനാ മത്സരമാണ് കുരുന്നുകളുടെ ബാഹുല്യം കൊണ്ട് ചരിത്രം കുറിച്ചത്‌. ബാല മനസ്സുകളിലെ സങ്കല്‍പങ്ങളെ സാക്ഷാല്‍കരിക്കുന്ന കര്‍മ്മത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഈ മഹദ്‌ സംരംഭത്തിന്റെ പ്രായോജകരാകാന്‍ സന്നദ്ധരായ മലബാര്‍ ഗോള്‍ഡിന്റെ സാരഥികള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ഖത്തറിലെ പ്രഗൽഭരായ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള ജൂറിയുടെ  വിലയിരുത്തലിനു ശേഷം രണ്ടാഴ്ചക്കുള്ളിൽ ഫല പ്രഖ്യാപനം നടത്തും. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സ്വർണ നാണയങ്ങളും, ട്രോഫിയും, സർട്ടിഫികറ്റും, ഓരോ വിഭാഗത്തിലും  അടുത്ത ഇരുപത്  സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ട്രോഫിയും, സർട്ടിഫികറ്റും പ്രൌഡഗംഭീരമായ സദസ്സിൽ വെച്ച് വിതരണം ചെയ്യും.    ഖത്തറിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഈ സംരംഭവുമായി സഹകരിച്ചതിനാലാണ്‌ മലര്‍വാടിയുടെ ചിത്രരചനാ മത്സരം മണലാരണ്യത്തിലെ മഹോത്സവമാക്കി മാറ്റാന്‍ കളമൊരുക്കിയത്‌.

മത്സരം  നടന്ന അല്‍ അറബി സ്പോര്‍ട്സ് ക്ളബും പരിസരവും മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും കൊണ്ട് വീര്‍പ്പുമുട്ടി.  മത്സരങ്ങള്‍ അരങ്ങേറിയ ദിവസം രാവിലെ ഏഴു  മണി മുതല്‍ വൈകുന്നേരം മത്സരം അവസാനിക്കുന്നതുവരെ വേദിയും പരിസരവും ജനനിബിഡമായിരുന്നു. ഓരോ ബാച്ച് മത്സരം കഴിഞ്ഞ് പോകുമ്പോഴേക്കും അടുത്ത ബാച്ചില്‍ മത്സരിക്കുന്ന കുട്ടികളെയും കൊണ്ട് രക്ഷിതാക്കള്‍ എത്തിക്കൊണ്ടിരുന്നു.

മലയാളി മലര്‍വാടിയെന്നതിനപ്പുറം ഒരു ഭാരതീയ പൂങ്കാവനം എന്ന തലത്തിലേയ്‌ക്ക്‌ ഉയരാന്‍ സാധിക്കും വിധം മറ്റു സംസ്ഥാനങ്ങളുടെ പ്രാധിനിത്യം അടയാളപ്പെടുത്തപ്പെട്ടിരുന്നു. നാല് ഷിഫ്റ്റുകളില്‍ നാല് ബാച്ചുകളിലായി തിരിച്ചായിരുന്നു മത്സരം. മത്സരം സുഗമമായി നടത്താനും കുട്ടികളെ രക്ഷിതാക്കളെ ഏല്‍പ്പിക്കാനുമായി സ്ത്രീകളടക്കം ഇരുനൂറോളം വളണ്ടിയര്‍മാര്‍ കഠിനാധ്വാനം ചെയ്തു. കെ. ജി. മുതൽ എഴാംതരം വരെ പഠിക്കുന്ന കുട്ടികളെ കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളായി തരംതിരിച്ചാണ് മത്സരങ്ങള്‍ നടന്നത്. ക്ളബിലെ പ്രധാന ഹാളിനെ നാല് ഭാഗങ്ങളായി തിരിച്ച് ഓരോ ഹാളിലേക്കും പ്രത്യകം കവാടം വഴിയാണ് പ്രവേശനമനുവദിച്ചത്.

അല്‍ ഖോറിലെ അല്‍ മിസ്നദ് സ്കൂളിലും മല്‍സരം നടന്നു. ഉച്ചക്ക് രണ്ട് മണി മുതലായിരുന്നു അല്‍ഖോറിലെ മത്സരം.

വിശാലമായ ഇന്‍േറാര്‍ സ്‌റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ വേദികളിലായി വ്യത്യസ്ത വിഭാഗങ്ങള്‍ക്കായുളള മത്സരങ്ങള്‍ ആരംഭിച്ചു. സംഘാടകരുടെ മികച്ച ആസൂത്രണവും രക്ഷിതാക്കളുടെ സാന്നിധ്യവും മത്സരത്തിന്‌ മാറ്റ്കൂട്ടി. കുട്ടികള്‍ക്ക് ആവേശവും രക്ഷിതാക്കളില്‍ ആഹ്ളാദവും പകരുന്ന ചിത്ര രചനാ മത്സരങ്ങളുടെ ഭാവവും ഭാവനയും മറക്കാനാകാത്ത അനുഭവമാക്കി മാറ്റാന്‍ മലര്‍വാടി മത്സരക്കളരിയ്‌ക്ക്‌ സാധിച്ചു,

രക്ഷിതാക്കളെ കാണാതെ കാത്ത് നില്‍ക്കുന്നവരെ ആശ്വസിപ്പിക്കാനും മത്സരത്തിരക്കിനടയില്‍ കാക്കമാരേയും താത്തമാരേയും കാണാതെ കണ്ണുകലങ്ങി ചിണുങ്ങി ചിണുങ്ങി കരയുന്നവരെ സമാശ്വസിപ്പിക്കാനും സേവന സന്നദ്ധരായ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഖത്തറിലെ 14 ഇന്ത്യന്‍ സ്കൂളുകള്‍ മുഖേനയാണ് ഏഴായിരത്തിലേറെ കുട്ടികള്‍ മത്സരത്തിന് രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും മത്സരങ്ങളുടെ മുഴുവൻ  വിവരങ്ങളും അടങ്ങിയ ഹാൾ ടിക്കറ്റ്‌ അതാത് സ്കൂളുകൾ വഴി നേരെത്തെ വിതരണം ചെയ്തിരുന്ന്തുകൊണ്ട് പങ്കാളിത്തം കൊണ്ട്‌ ജന ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയെ ആയാസ രഹിതമാക്കി. മത്സരാര്‍ഥികളുടെ പ്രാതിനിത്യം കൊണ്ട്‌ അതിസമ്പന്നമായ ഒരു മത്സരം ഗൾഫിൽ തന്നെ ആദ്യത്തെതായിരിക്കുമെന്നും  നിരീക്ഷിക്കപ്പെട്ടു.

ഇന്ത്യൻ ഇസ്ലാമിക്‌ അസോസിയേഷൻ പ്രസിഡന്റ്‌ കെ.സി അബ്ദുൽ ലത്തീഫ് സാഹിബിന്റെ രക്ഷാധികാരത്തില്‍  മലര്‍വാടി ബാല സംഘം ഖത്തര്‍ ഘടകത്തിന്റെ കരുത്തുറ്റ പരിപാലകരായ അബ്‌ദുല്‍ ലത്തീഫ്‌ വി.പി ജനറൽ കണ്‍വീനറും, അബ്‌ദുല്‍ ജലീല്‍ എം. എം. പ്രോഗ്രാം കണ്‍വീനറുമായ  വിപുലമായ സംഘാടക സമിതിയുടെ അക്ഷീണ ശ്രമങ്ങളാണ്‌ മലര്‍വാടി ചിത്രരചനാ മത്സരക്കളരിയെ ദൈവാനുഗ്രഹത്താല്‍ ‍   ചരിത്രമാക്കിമാറ്റിയത്‌.

മലര്‍വാടി മത്സര പ്രഖ്യാപനം നടന്നതുമുതല്‍ മത്സര പരിപാടികളുടെ സംഘാടനത്തിന്റെ വിജയം ഉറപ്പാക്കാനാവശ്യമായ ചിട്ടവട്ടങ്ങളുടെ തിരക്കിലായിരുന്നു  ഇസ്മയിൽ എടവിലത്ത്, ശംസുദ്ധീൻ കണ്ണോത്ത്, അബ്ദുൽ കാദർ എം. ബി, സിദ്ദിഖ്  പി,  എന്നിവരടങ്ങുന്ന മലര്‍വാടി ബാല സംഘം നേതൃത്വം. ഷാജിതാ നിസാർ, നദീറ അഹമദ്, ഹഫ്സത്ത്  ഉമ്മർകോയ, അസ്മ അബ്ദുള്ള, സറീന ബഷീർ, സജന നജീം  എന്നിവരുടെ നേതൃത്വത്തിലുള്ള വനിതാ സംഘം അവർക്ക് മികച്ച പിന്തുണയേകി. അഷ്‌റഫ്‌ എന്‍ . പി., ജമീല മുഹ് യദ്ധീൻ എന്നിവരുടെ നേതൃത്തത്തിൽ ഇന്ത്യൻ ഇസ്ലാമിക്‌ അസോസിയേഷൻ സേവന വിഭാഗത്തിന്റെ സേവനം ഉറപ്പ് വരുത്തിയിരുന്നു.

ഏഴായിരത്തിലധികം  മത്സരാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഒത്തുചേര്‍ന്ന മഹാ സംഗമത്തിലുണ്ടായേക്കാവുന്ന  സ്വാഭാവികമായ ചില തിരക്കുകളൊഴിച്ചാൽ അതി സൂക്ഷ്‌മമായ ആലോചനകളും ആസൂത്രണങ്ങളും നടത്തപ്പെട്ടതിന്റെ സ്വാഭാവിക പ്രതിഫലനം സംഘാടന പാഠവത്തിന്റെ മികച്ച ഉദാഹരണം എന്നൊക്കെ ആദ്യകാഴ്‌ചയില്‍ ആര്‍ക്കും വിലയിരുത്താന്‍ സാധിക്കുന്ന രചനാത്മകതയുടെ രസതന്ത്രം പറഞ്ഞ മലര്‍വാടി ചിത്രരചനാ മത്സരം അക്ഷരാര്‍ഥത്തില്‍ ഒരു സംഭവമായിരുന്നു.

മാധ്യമത്തിന്‌ വേണ്ടി