Monday, April 7, 2014

സ്വതന്ത്ര നിരീക്ഷണങ്ങള്‍ 

1992 ഡിസംബര്‍ 6 ജനാധിപത്യ ഇന്ത്യയുടെ കറുത്ത ദിനമായിരുന്നു.ഭൂരിപക്ഷ സമുദായത്തിലെ ഫാഷിസ്റ്റു പരിവാരങ്ങള്‍ക്ക്‌ മുന്നില്‍ ന്യൂനപക്ഷത്തെ കൈകൂപ്പിച്ച്‌ നിര്‍ത്താന്‍ തക്ക ഊര്‍ജം പൂര്‍ണ്ണമായും ലഭിച്ച ദിവസം .ഇന്ത്യന്‍ ദേശീതയുടെ കുലപതികളും വിധ്വംസക സംഘങ്ങളിലെ കൊലവിളിക്കാരും അണിയറയില്‍ ഒരുക്കിയ നാടകം അരങ്ങു തകര്‍ത്തദിവസം .ന്യൂന പക്ഷ സമൂഹം അക്ഷരാര്‍ഥത്തില്‍ അരക്ഷിതരായ ദിവസം .ഈ നെറികേടിന്റെ പ്രായോജകരും ,സംവിധായകരും ,അഭിനേതാക്കാളും ,പ്രേക്ഷകരും ആരൊക്കെയെന്നതു മറയില്ലാത്തവിധം  വ്യക്തമായിരുന്നു.ഈ സത്യം തുറന്നു പറയാന്‍ ശ്രമിച്ചവരെ ഭീകരവാദ മുദ്രചാര്‍ത്തി കാരാഗ്രഹത്തിലടക്കുന്ന ഹീന തന്ത്രത്തിനും ജനാധിപത്യ ഇന്ത്യ സാക്ഷിയായി.ഭരണകൂട ഭീകരതയുടെ തേരോട്ടമായിരുന്നു ശേഷം അരങ്ങേറിയതെല്ലാം .അധികാരികളുടെ ഈ 'കള്ളനും പോലീസും കളി' അവസാനിപ്പിക്കാനുള്ള രാഷ്‌ട്രീയ കാലാവസ്ഥ സംജാതമാകാത്തിടത്തോളം ജനാധിപത്യ പ്രക്രിയ പൂര്‍ണ്ണമാകുമെന്ന്‌ ഒരുദേശ സ്‌നേഹിക്ക്‌ വിശ്വസിക്കാന്‍ സാധ്യമല്ല .
......................

ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്‌തകത്തിന്നെതിരെ അക്ഷരവിരോധികളുടെ അക്രോശം സൈബര്‍ലോകത്തും പ്രകടമായിരുന്നു.

മതമാഫിയകളുടെ മാന്ത്രികലോകത്തെ കുതന്ത്രങ്ങള്‍ക്കെതിരെ ശബ്‌ദിക്കാന്‍ രാഷ്‌ട്രീയക്കാര്‍ക്ക്‌ ഭയമാണ്‌.സാംസ്‌കാരിക നായകന്മാര്‍ക്കും .പ്രസാധകന്റെ വീട്‌ സംഘ്‌ പരിവാരങ്ങളാല്‍ അക്രമിക്കപ്പെട്ടു.മര്‍ദനങ്ങള്‍ക്കിരയായ ഒരു സന്ന്യാസി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

എന്നിട്ടും  അധാര്‍മികതയുടെ കോട്ടകൊത്തളങ്ങള്‍ക്കു മുന്നില്‍ അടിപതറി നില്‍ക്കുകയാണ്‌ അധികാരികളും പാദസേവകരും . 

നന്മക്കെതിരെ കുബുദ്ധികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ശബ്‌ദിച്ചാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ധ്വജവാഹകരാകുകയും തിന്മക്കെതിരെയുള്ള വെളിപ്പെടുത്തലുകളില്‍ അസഹിഷ്‌ണുക്കാളായ ദുശ്ശക്തികള്‍ നടത്തുന്ന ഉറഞ്ഞാട്ടത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന പുരോഗമന പക്ഷക്കാര്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്‌ അപമാനമത്രെ.   
......................
സമസ്തകളുടെ സമസ്‌ത മേഖലയില്‍ നിന്നും ഏറെ വിമര്‍ശന ശരങ്ങളാണ്‌ പുതുതായി പിറവിയെടുത്ത ഒരു രാഷ്‌ട്രീയ സംവിധാനത്തിന്റെ മേല്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നത്‌.കുത്തുവാക്കുകളും പരിഹാസച്ചുവയുള്ള പോസ്റ്റുകളും ഭീകര തിവ്രവാദാരോപണങ്ങളും മുറയ്‌ക്ക്‌ നടത്തിക്കൊണ്ടിരിക്കുന്നു.

ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ രാഷ്‌ട്രീയമുണ്ടെന്നായിരുന്നു പണ്ടുകാലങ്ങളിലെ ആരോപണം .രാഷ്‌ട്രീയമില്ലാത്തവര്‍ രാഷ്‌ട്രീയത്തിലിറങ്ങിയെന്നപോലെയാണ്‌ പുതിയ ആരോപണ ശരങ്ങള്‍ .  

സമസ്തയുടെ നേതൃ നിരയിലുള്ളവരില്‍ പ്രമുഖരുടെ ഹരിത രാഷ്‌ട്രീയം പകല്‍ പോലെ വെളിപ്പെടുത്തുകയും വെളിപാടുകള്‍ വിളംബരം നടത്തുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. സമസ്‌ത ഭാരതീയ വിഭാകമാകട്ടെ അധികാര രാഷ്‌ട്രീയച്ചരുവില്‍ വിരിയെച്ചെടുക്കാനുള്ളതെല്ലാം സൂക്ഷിപ്പു കേന്ദ്രങ്ങളില്‍ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു.ഏതു രാഷ്‌ട്രീയ കാലാവസ്ഥയിലും തങ്ങളുടെ കുഞ്ഞുങ്ങള്‍ വിരിഞ്ഞുവരുമെന്നുറപ്പാക്കി തലപ്പാവും മുറുക്കി ശംഖുനാദവും മുഴക്കി ദിവാസ്വപ്‌നരഥത്തില്‍ സസുഖം വാഴുന്നു.എന്നിട്ടും ഈ വിടുവായിത്തം ജനങ്ങള്‍ മനസ്സിലാക്കുകയില്ലന്നാണോ ഇവരുടെയൊക്കെ വിചാരം.
......................
തെരഞ്ഞെടുപ്പ്‌ ബഹളങ്ങള്‍ കെട്ടടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.വോട്ടു പിടുത്തവുമായി ബന്ധപ്പെട്ട്‌ സ്ഥാനാര്‍ഥികള്‍ ജാതിമതഭേദമേന്യ ദര്‍ഗകളും മന്ദിരങ്ങളും സന്ദര്‍ശിക്കുന്നതും പ്രാര്‍ഥിക്കുന്നതും ഒക്കെ ഒട്ടേറെ ലൈക്കുകളുടെ അകമ്പടിയുമായി ഒഴുകി നടക്കുന്നു.ബഹുദൈവാരാധനയ്‌ക്കും ആരാധകര്‍ക്കും ഒരേമുഖമെന്നു ചുരുക്കം .   

ഒരു ശക്തിയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സംസ്‌കാരം മനുഷ്യ സഹജമാണ്‌. വ്യക്തമായ ശിക്ഷണങ്ങളുടെ അഭാവത്തില്‍ എല്ലാ അത്ഭുതങ്ങളേയും ആദരിക്കാനും ഒരുവേള ആരാധിക്കാനും തുടങ്ങുമ്പോഴാണ്‌ സംസ്‌കാരം നഷ്‌ടപ്പെടുന്നത്‌.