Thursday, December 4, 2014

പ്രകൃതിയിലേയ്‌ക്ക്‌

പ്രകൃതിയിലേയ്‌ക്ക്‌
എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളാണ് ദൈവം നമുക്ക് നല്കിയയിട്ടുള്ളത്."ദൈവാനുഗ്രഹങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധ്യമല്ല."
അനുഗ്രഹങ്ങളില്‍ ഏറ്റവും വലിയ ഒന്നാണ് ആയുരാരോഗ്യ സൌഖ്യം .
ശാരീരികാരോഗ്യം പോലെ തന്നെയാണ് ജീവിത വിശുദ്ധിയും. മ്‌ളേഛത അനാരോഗ്യം പോലെയും.

ഏറെക്കാലമായി വിവിധങ്ങളായ ആരോഗ്യപ്രശ്‌നങ്ങളാല്‍ പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുന്നു.

2011 ല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ കണ്ണിന്റെ കാഴ്‌ച ക്രമേണ മങ്ങുന്നതായി അനുഭവപ്പെട്ടു.അലോപ്പതിക്കാര്‍ കൈമലര്‍ത്തിയപ്പോള്‍ ആയുര്‍വേദത്തില്‍ അഭയം തേടി.  സിദ്ധാര്‍ഥ ശങ്കര്‍ എന്ന ഭിഷഗ്വരന്റെ നേതൃത്വത്തിലുള്ള ആയുര്‍വേദചികിത്സയിലൂടെ ദൈവാനുഗ്രഹത്താല്‍ അത്ഭുതകരമെന്നോണം പ്രകാശം തിരിച്ചു കിട്ടി.എന്നാല്‍ ഈ പരിചരണത്തിന്റെ പാര്‍ശ്വഫലമെന്നോണം പ്രത്യേകതരം അലര്‍ജി ബാധിച്ചു.പെട്ടെന്നുള്ള ആശ്വാസം മോഹിച്ച്‌ അലോപ്പതി ചികിത്സകളിലേയ്‌ക്ക്‌ വീണ്ടും മടങ്ങി.പക്ഷെ അത്‌ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്‌ടിച്ചു കൊണ്ടിരുന്നു.

പ്രകൃതി ജീവനം വഴി ആരോഗ്യകരമായ ജീവിത ശൈലിയിലേയ്‌ക്ക്‌ തിരിച്ച്‌വരണമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ 2014 നവംബര്‍ രണ്ടാം വാരത്തില്‍ ഡോ.അബ്‌ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള ബാപ്പുജി പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു.

പ്രകൃതി ജീവനവുമായി ബന്ധപ്പെട്ട ചില രചനകളും ആദരണീയനായ ഗുരുനാഥന്‍ എവി ഹംസ സാഹിബുമാണ്‌ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രചോദനം നല്‍കിയത്‌.

ആതുരാലയത്തിലെ ഒരു ദിവസം
പുലരും മുമ്പ്‌ ഉണര്‍ന്ന്‌ ദിന ചര്യകള്‍ക്കും പ്രഭാത കൃത്യങ്ങള്‍ക്കും ശേഷം വായന ഇലക്‌ട്രോണിക് മീഡിയ.ഒരു മണിക്കൂര്‍ യോഗ.വിശ്രമാനന്തരം ഒരു കോപ്പ പച്ചിലച്ചാര്‍ അതിനുശേഷം ഒരു മണിക്കൂര്‍ നടത്തം .കുറച്ച്‌ വിശ്രമിച്ചതിനു ശേഷം പോഷകമൂല്യമുള്ള പ്രാതല്‍ സണ്‍ ബാത്ത്‌.വിശ്രമം.പത്ര വായന.

ശുദ്ധജലത്തില്‍ കണ്ണ്‌കഴുകല്‍, മൂക്ക്‌ വൃത്തിയാക്കല്‍, കളിമണ്‍ പാക്ക്‌, സ്പൈനല്‍ ബാത്ത്‌ തുടങ്ങിയ മുറകള്‍ കഴിഞ്ഞ്‌ എണ്ണ തേച്ച്‌ താളിയിട്ട്‌ കുളി കഴിയുമ്പോള്‍ ഉച്ചയാകും.ഉച്ചയ്‌ക്കുള്ള സമീകൃതാഹാരവും മറ്റു കര്‍മ്മങ്ങളും കഴിഞ്ഞാല്‍ വിശ്രമം.വൈകീട്ട്‌ കാപ്പിക്ക്‌ പകരം പച്ചിലച്ചാര്‍. ഉദര സ്‌നാനം, യോഗ, സന്ധ്യാപ്രാര്‍ഥന.

അത്താഴം പഴങ്ങള്‍ മാത്രമായിരിക്കും.രാത്രി നമസ്‌കാരവും,പാരായണവും മറ്റു കര്‍മ്മങ്ങള്‍ക്കും ശേഷം ഹെര്‍ബല്‍. ഡ്രിങ്സ്‌ കഴിച്ച്‌ 9 മണിയ്‌ക്ക്‌ ഉറങ്ങും.

ഉപവാസം 

ഒരാഴ്‌ചത്തെ സമീകൃതാഹാരക്രമത്തിന്‌ ശേഷം ഉപവാസം തുടങ്ങി.മതപരമായ അനുഷ്ടാനമായും രോഗചികിൽസക്കായും, ആരോഗ്യപരിപാലനത്തിനായും ആളുകൾ ഉപവാസം അനുഷ്ടിച്ചുവരുന്നു.ഒരാഴ്‌ച നീണ്ടുനിന്ന ഉപവാസം ജിവിതത്തില്‍ ലഭിച്ച വിലപ്പെട്ട അനുഭവമായിരുന്നു.രണ്ട്‌ നേരം തേന്‍ ശര്‍ബത്തും ഒരു നേരം കരിക്കിന്‍ വെള്ളവും ആവശ്യാനുസാരം ശുദ്ധജലവും ഇതായിരുന്നു ഉപവാസകാലത്തെ ആഹാര രീതി.തളര്‍ന്നു പോകുമെന്ന ഭീതിയായിരുന്നുവെങ്കിലും എല്ലാ മുന്‍ ധാരണകളേയും ഇളക്കി മറിച്ചിടുകയായിരുന്നു.ദിവസം ചെല്ലുന്തോറും കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരിക്കാനാകുന്നതില്‍ അക്ഷരാര്‍ഥത്തില്‍ അത്ഭുതം തോന്നി.ശരീരത്തിലെ സകല അശുദ്ധികളും നിര്‍മാര്‍ജനം ചെയ്യപ്പെട്ടപ്പോള്‍ വിശപ്പിളകാന്‍ തുടങ്ങി.അങ്ങനെ ഒരാഴ്‌ച നീണ്ടുനിന്ന ഉപവാസത്തിന്‌ വിരാമമായി.


ചപലമായ മനസിനെ ഇച്ഛാശക്തികൊണ്ട്‌ വിജയിക്കുന്നവര്‍ക്ക്‌ മാത്രമേ ലോകത്തെ മാറ്റിമറിക്കാന്‍ കഴിയൂ. ഇച്ഛാശക്തിയുള്ള വരുടെ വിരല്‍തുമ്പിലാണ്‌ ലോകം തിരിയുന്നത്‌ എന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌.

മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ ജീവിത വിജയം നേടാനാകു. അതിനുള്ള ഉപാധിയാണ്‌ ഉപവാസവും പ്രാര്‍ത്ഥനയും. പ്രലോഭനങ്ങളെ അതിജീവിച്ച്‌ മനസിനെ മെരുക്കി എടുക്കാനുള്ള പാഠമാണ്‌ ഉപവാസങ്ങളിലൂടെ നേടുന്നത്‌.

പ്രതിജ്ഞ

ശിശ്രൂഷാനന്തരം വീട്ടില്‍ തിരിച്ചെത്തിയാലും സമീകൃതാഹാര രീതി തുടരും.ആതുരാലയത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ദിവസം മുതല്‍ ഇതുവരെ പാകം ചെയ്‌ത ഒന്നും ഭക്ഷിച്ചിട്ടില്ല.വിധിപ്രകാരം 40 ദിവസം ഇതേരീതി തുടരേണ്ടിവരും .അഥവ ഇതൊന്നും സാധ്യമാകാത്ത കാര്യങ്ങളല്ലെന്ന്‌ ചുരുക്കം. നല്ലരിക്കാ കാലം കഴിഞ്ഞ്‌ സാധാരണ ശീലങ്ങളിലെത്തിയാലും അത്താഴം പഴങ്ങളില്‍ പരിമിതപ്പെടുത്തും .രാത്രിയെ വിശ്രമമാക്കി അനുവദിച്ചിരിക്കുന്നുവെന്നതത്രെ ഖുര്‍ആനികാധ്യാപനം .ഉറങ്ങുമ്പോഴുള്ള വിശ്രമ വേളയിലാണ്‌ ആന്തരീകാവയവങ്ങളിലെ പരിചരണക്രിയ നടക്കുന്നത്. പക്ഷെ നമ്മുടെ അശാസ്‌ത്രീയമായ ആഹാര രീതി ഈ പ്രകൃതിനിയമത്തെ തടസ്സപ്പെടുത്തുന്നു.ഇതിന്റെ ഫലമായി രോഗങ്ങളുണ്ടാകുകയും ചെയ്യുന്നു.നിത്യ ജീവിതത്തിലെ ആഹാര രീതികളില്‍ ഒരു പക്ഷെ സംഭവിക്കാനിടയുള്ള ന്യൂനതകള്‍ ആഴ്‌ചയിലൊരിക്കല്‍ വ്രത വിശുദ്ധിയിലൂടെ പരിഹരിക്കപ്പെടും എന്നതില്‍ ലവലേശം ശങ്കയില്ല .പഴങ്ങള്‍ കൊണ്ട്‌ തുടങ്ങുകയും പഴങ്ങള്‍ കൊണ്ട്‌ തന്നെ പൂര്‍ത്തിയാക്കപ്പെടുകയും ചെയ്യുന്ന വ്രതം എല്ലാ അര്‍ഥത്തിലും സുഖം പകരുമെന്നതിനാല്‍ അതിനെ സുമനസ്സോടെ സ്വീകരിക്കുകയും ചെയ്യുന്നു.

വിരാമം

ദൈവാനുഗ്രഹത്താല്‍ പൂര്‍ണ്ണ സംതൃപ്‌തിയോടെയാണ്‌ ആതുരാലയത്തോട്‌  താല്‍കാലികമായി വിടപറയുന്നത്‌.

പരിചരണം കഴിഞ്ഞ്‌ ഞാനും ഭാര്യയും മനസ്സും ശരീരവും പാകമാക്കിയാണ്‌ വീട്ടിലേയ്‌ക്കുള്ള മടക്കം.77 കിലോ ഗ്രാമില്‍ നിന്നും 70 കിലോ ഭാരമായി എന്റെ തൂക്കം മാറി .76  ല്‍  നിന്നും 69 കിലോ ആയി സുബൈറയുടെ ഭാരവും കുറഞ്ഞു.

ഉപവാസം സകല രോഗങ്ങള്‍ക്കും പരിഹാരമാണെന്ന്‌ ഒറ്റവാക്കില്‍ പറയാം. എല്ലാ അര്‍ഥത്തിലും പ്രകൃതിയിലേയ്‌ക്ക്‌ മടങ്ങുക എന്ന സന്ദേശം ഉറക്കെ പ്രഖ്യാപിക്കാന്‍ ഒരു സങ്കോചവും ഇപ്പോള്‍ തോന്നുന്നില്ല.


നന്ദി

സേവന സന്നദ്ധതയുള്ള ആത്മാര്‍ഥയുള്ള ഭിഷഗ്വരനും അദ്ധേഹത്തിന്റെ ദൌത്യത്തേയും കര്‍മ്മത്തേയും മനസ്സിലാക്കി സദാ സജീവരായ ജീവനക്കാരും പ്രശംസ അര്‍ഹിക്കുന്നു.
ദൈവം അനുഗ്രഹിക്കുമാറാകട്ടെ...

പ്രഭാതത്തില്‍ അനുവര്‍ത്തിച്ചു പതിവാക്കിയ യോഗാസനങ്ങള്‍ :-

പ്രാരംഭം
പ്രാര്‍ഥന
ശവാസനം

പത്മാസനത്തിലെ ശ്വസന ക്രിയ:-
പത്മാസനത്തിലിരുന്ന്‌ വലതു മൂക്കിലൂടെ ശ്വസിച്ച്‌ ഇടത്ത്‌ മൂക്കിലൂടെ നിശ്വസിക്കുക.ഇടത്‌ മൂക്കിലൂടെയും ഇതു പോലെ ആവര്‍ത്തിക്കുക.

കിടന്നു കൊണ്ടുള്ള ശ്വസനക്രിയ:-
മലര്‍ന്ന്‌ കിടന്ന്‌ ശ്വാസം ഉള്ളിലേയ്‌ക്ക്‌ എടുത്ത്‌ കൊണ്ട്‌ ഇരു കൈകളും തലയ്‌ക്ക്‌ മീതെ കൊണ്ട്‌ പോയി തളര്‍ത്തി വെയ്‌ക്കുക.ഉഛ്വസിച്ച്‌ കൊണ്ട് കൈകള്‍ പൂര്‍വ സ്ഥിതിയിലേയ്‌ക്ക്‌ കൊണ്ട്‌ വരിക.

അര്‍ദ്ധമേരു ദണ്ധാസനം
പൂര്‍ണ്ണമേരു ദണ്ധാസനം
അര്‍ദ്ധപവന മുക്താസനം
പൂര്‍ണ്ണപവന മുക്താസനം
നൌകാസനം
സൈകിളിങ്
മകരാസനം
ഭുജംഗാസനം
അര്‍ദ്ധ ശലഭാസനം
പൂര്‍ണ്ണ ശലഭാസനം
യോഗ മുദ്രകള്‍
ബദ്ധ കോണാസനം
ശവാസന നിദ്ര