Wednesday, December 17, 2014

ഓര്‍മ്മച്ചിന്തുകള്‍ 

ഓര്‍മ്മച്ചിന്തുകള്‍
എഴുപതുകളിലെ വിദ്യാലയാന്തരീക്ഷവുമായി ബന്ധപ്പെട്ട ഓര്‍മ്മച്ചിന്തുകളില്‍ നിന്നും ചിലത്‌ പങ്കുവയ്‌ക്കുകയാണിവിടെ.മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബ്‌ മെമ്മോറിയല്‍ എന്ന വിദ്യാലയത്തിലേയ്‌ക്ക്‌ പ്രാന്ത പ്രദേശ ഗ്രാമങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ കൊച്ചു സംഘങ്ങളായി കളിച്ചുല്ലസിച്ച്‌ വന്നിരുന്ന ചിത്രം പലപ്പോഴും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാറുണ്ട്‌.അന്ന്‌ കുട്ടികള്‍ നടന്നുവന്നിരുന്ന ഇടവഴികളും ഊട്‌ വഴികളും ഇന്ന്‌ കൊട്ടിയടക്കപ്പെടുകയോ,പഞ്ചായത്ത്‌ പാതകളായി രൂപം പ്രാപിക്കുകയോ ചെയ്‌തിരിയ്‌ക്കുന്നു.വേനല്‍ കാലത്ത്‌ ഒരു കുതിപ്പിന്‌ ഓടിയെത്താന്‍ കഴിയുമായിരുന്ന വയല്‍ നിലങ്ങള്‍ പൂര്‍ണ്ണമായും നികത്തപ്പെട്ടിരിയ്‌ക്കുന്നു.പെരിങ്ങാട്‌ മുതല്‍ പൈങ്കണ്ണിയൂര്‍ വരെ വിശാലമായ പാടശേഖരങ്ങളായിരുന്നു.വര്‍ഷക്കാലത്തും വേനല്‍ക്കാലത്തും വിദ്യാര്‍ഥികള്‍ക്ക്‌ ഇടത്താവളമായിരുന്ന ചുക്കുബസാറിലെ വഴിയമ്പലം ആല്‍മരവും തറയും പഴങ്കഥയുടെ സ്‌മരണയുമായി ജീര്‍ണ്ണാവസ്ഥയിലാണെങ്കിലും ഇന്നും ബാക്കി നില്‍പുണ്ട്‌.

വീട്ടുമുറ്റത്തെ മണ്‍കുടങ്ങള്‍ ചോരുമ്പോഴും വഴിയോരങ്ങളിലെ മാവിന്‍ കൊമ്പുകളില്‍ നിന്നും മാവിലകള്‍ അമിതമായി പൊഴിയുമ്പോഴും വിദ്യാര്‍ഥി സംഘം ഉദ്ധരിക്കപ്പെടുന്നിടത്തോളം കുറുമ്പും  കുസൃതികളും കുപ്രസിദ്ധമായിരുന്നു.

പഠനത്തില്‍ വലിയ മികവ്‌ പുലര്‍ത്തിയിരുന്നില്ലെങ്കിലും വായനയില്‍ പലരും റെക്കാഡ്‌ ഭേദിച്ചവരായിരുന്നു.വെന്മേനാടുനിന്നും യാത്രാ മദ്ധ്യേയുള്ള ചുക്കുബസാറിലെ ഗ്രാമീണ വായനശാലയിലൂടെ പകര്‍ന്നുകിട്ടിയ അക്ഷര വീര്യം ഭാവി ജിവിതത്തില്‍ വലിയ മുതല്‍കൂട്ടായി മാറിയെന്നത്‌ പച്ചയായ യാഥാര്‍ഥ്യ മത്രെ.നിശ്ചിത ദിവസങ്ങള്‍ മാത്രം പുസ്തകങ്ങള്‍ വായനക്കെടുക്കാന്‍ അവസരമുണ്ടായിരുന്നുള്ളു.അതിനാല്‍ പുവ്വത്തൂരിലും കാക്കശ്ശേരിയിലുമുള്ള വായനശാലകളിലും പലരും അംഗത്വമെടുത്തിരുന്നു.1976ല്‍ പത്താം തരം കടക്കുന്നതിനു മുമ്പുതന്നെ പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്‌തകങ്ങളില്‍ നല്ലൊരു ശതമാനം വായിച്ചുകഴിഞ്ഞിരുന്നു.

ഒരിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്‌ വേണ്ടി കവിതാ രചനാമത്സരം പ്രഖ്യാപിപ്പെട്ടെങ്കിലും മത്സരാര്‍ഥികളുടെ അഭാവത്തില്‍ മത്സരം വേണ്ടെന്ന്‌വച്ചത്‌ വേദനയോടെ ഓര്‍ത്തുപോകുന്നു.പ്രസ്‌തുത മത്സരത്തിന്‌ വേണ്ടി രചിച്ച കവിത പാലക്കാട്‌ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ഗ്രാമരത്‌‌നം മാസികയില്‍ പിന്നീട്‌ വെളിച്ചം കണ്ടിരുന്നു.അതായിരുന്നു അച്ചടി മഷിപുരണ്ട ആദ്യത്തെ സൃഷ്‌ടി.

ഓര്‍ത്തെടുത്ത്‌ ചിരിക്കുന്ന ഒരു ചിന്തുകൂടെ പങ്കുവെയ്‌ക്കാം .കലോത്സവുമായി ബന്ധപ്പെട്ട്‌ ഒരു ചിത്രീകരണത്തില്‍ സ്‌ത്രീവേഷം കെട്ടാനായിരുന്നു നിയോഗം .അവസാനനിമിഷം വരെ ചിത്രീകരണം വളരെ ഭംഗിയായി അരങ്ങു തകര്‍ത്തു.പിതാവിനോട്‌ സങ്കടപ്പെടുന്ന പ്രിയപ്പെട്ട മകളുടെ വിതുമ്പലോടെയായിരുന്നു പര്യവസാനം .ഒരു നിമിഷം സ്‌ത്രീ കഥാപാത്രമാണെന്ന ഭാവം മറന്നുള്ള അഭിനയം പിന്നെ ചൂളം വിളിയുടെ നിലയ്‌ക്കാത്ത ശബ്‌ദഘോഷം.
..............
എം.എ.എസ്‌.എം വെന്മേനാട് സുവര്‍ണ്ണ ജൂബിലി (2014) സ്‌മരണികയിലേയ്‌ക്ക് വേണ്ടി ഓര്‍‌ത്തെടുത്തത്
==========
മഞ്ഞിയില്‍