Saturday, January 10, 2015

മനോരോഗികള്‍

തങ്ങളുടെ താല്‍‌പര്യങ്ങള്‍‌ക്കു മുകളില്‍ അടയിട്ടിരിക്കുന്ന ചില മനോരോഗികളുണ്ട്.അവരോട്‌ എന്തു ചോദിച്ചാലും പറഞ്ഞാലും തങ്ങളുടെ സ്വപ്‌നങ്ങള്‍ ചേര്‍‌ത്തുവെച്ചു മാത്രമേ അവര്‍‌ക്ക്‌ പ്രതികരിക്കാനാവുകയുള്ളൂ.

ഗോക്കളെ മേച്ചു നില്‍‌ക്കുന്ന ഒരു വയോധികനോട്‌ വഴിപോക്കന്‍ പ്രദേശത്തുള്ള ഒരാളുടെ വിലാസം തിരക്കി.വൃദ്ധന്‍ പറഞ്ഞു തുടങ്ങി.'ഈ പശുവിനെയും കിടാവിനെയുമാണ്‌ ഇപ്പോള്‍ വില്‍‌ക്കാനുദ്ധേശിക്കുന്നത്.രണ്ടു നേരവും കറക്കും മോശമല്ലാത്ത അളവില്‍ പാലും ലഭിക്കുന്നുണ്ട്'.വൃദ്ധന്റെ അസ്വാഭാവികമായ പ്രതികരണം തുടര്‍‌ന്നപ്പോള്‍ വീണ്ടും വഴിപോക്കന്‍ പറഞ്ഞു.'എന്റെ ചോദ്യത്തിനുള്ള മറുപടിയല്ല നിങ്ങള്‍ തരുന്നത്.എനിക്ക്‌ പശുവിനെയും കിടാവിനെയും ഒന്നും വേണ്ട'.അപ്പോഴും വയോധികന്‍ പഴയ പല്ലവി ആവര്‍‌ത്തിച്ചു.സഹികെട്ട വഴിപോക്കന്‍ ഒടുവില്‍ വൃദ്ധനോടൊപ്പം അയാളുടെ വീട്ടിലേയ്‌ക്ക്‌ തിരിച്ചു.വീട്ടു വരാന്തയില്‍ ഒരു യുവതി നില്‍‌പുണ്ടായിരുന്നു.നടന്ന കാര്യങ്ങള്‍ യുവതിയെ ധരിപ്പിക്കാമെന്നു കരുതി ഒന്നൊന്നായി പറഞ്ഞു കൊടുത്തു.എന്നിട്ട് ചോദിച്ചു'മോള്‍ക്കറിയുമോ ഈ വിലാസം' നാണത്തോടെ അവള്‍ അകത്തേക്ക്‌ കടന്നു.വാതില്‍ പൊളി പതുക്കെ ചാരിക്കൊണ്ട്‌ പറഞ്ഞു.'വീട്ടുകാര്‍ക്കൊക്കെ വിരോധമില്ലെങ്കില്‍ പിന്നെ ഞാനെന്തു പറയാനാ....വഴിപോക്കനു തല കറങ്ങുന്നത് പോലെ അനുഭവപ്പെട്ടു.