Saturday, July 4, 2015

പൊന്നുമ്മ വിശ്രമിക്കുകയാണ്‌

പത്തുമക്കളുടെ ഉമ്മ പേരമക്കളും മക്കളും അവരുടെ മക്കളും ഒക്കെയായി 139 പേരുടെ ഉമ്മമ്മ.ആശുപത്രി വിട്ട്‌ വീട്ടില്‍ വിശ്രമിക്കുകയാണ്‌.ശാന്തമായ മയക്കത്തിലും എല്ലാം കൃത്യമായി ഓര്‍‌മ്മിക്കാനും ഓര്‍‌ത്തെടുക്കാനും ശ്രമിച്ചു കൊണ്ട്‌.ശാശ്വതമായ ജീവിതത്തെ ബോധ്യപ്പെട്ടുകൊണ്ടും ബോധ്യപ്പെടുത്തികൊണ്ടും തികഞ്ഞ ശുഭ പ്രതീക്ഷയില്‍.ദൈവവും ദൂതനും കഴിഞ്ഞാല്‍ ഉമ്മയാണ്‌ എന്റെ എല്ലാം.

ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ അഞ്ചാം ക്ലാസ്സുകാരിയായ പുന്നാര മോള്‍ ഹാജി കുഞ്ഞു ബാവു വൈദ്യരുടെ പ്രിയപ്പെട്ട പെങ്ങള്‍.രായം മരക്കാര്‍ വിട്ടില്‍ മഞ്ഞിയില്‍ ബാപ്പുട്ടിയുടെ മകന്‍ ഖാദര്‍ സാഹിബിന്റെ ഭാര്യ.കൃത്യമായി പറഞ്ഞാല്‍ നൂറോടടുത്തതിന്റെ അടയാളങ്ങളൊന്നു പോലും ആര്‍‌ക്കും പിടികൊടുക്കാത്ത സ്‌നേഹ നിധിയായ പൊന്നുമ്മ.

പത്രവായന ശീലമാക്കിയ തനി നാട്ടിന്‍ പുറത്തുകാരി.കേട്ടറിവിനേക്കാള്‍ വായിച്ചറിവിന്‌ പ്രധാന്യമുണ്ടെന്നു പറയുകയും അതിനനുസ്രതമായി തര്‍‌ജമകളും വാരികകളും വായിക്കാന്‍ സമയം നീക്കിവിക്കുകയും ചെയ്‌ത മാതൃകയുടെ തനി രൂപം.വര്‍‌ത്തമാനകാല അമ്മായിയമ്മമാര്‍‌ മൂക്കത്ത്‌ വിരല്‍വെച്ചുപോകുന്ന പുന്നാര ഉമ്മ.മരുമക്കള്‍ എന്ന പ്രയോഗം പോലും ഇല്ലെന്നതത്രെ ഐസ എന്ന ഐഷയുടെ വിഭാവന.സ്‌ത്രീകളുടെ പള്ളി സന്ദര്‍‌ശനങ്ങള്‍ വിലക്കപ്പെടേണ്ടതല്ല എന്ന്‌ തുറന്നു പറയുന്ന ഉമ്മ.ശാരീരികമായി പ്രയാസങ്ങളില്ലെങ്കില്‍ വെള്ളിയാഴ്‌ചകളില്‍ പ്രാര്‍ഥനക്കിറങ്ങുന്ന ബുദ്ധിമതിയായ ഉമ്മ.ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരി.മുതുവട്ടൂര്‍ ഖത്വീബ്‌ സുലൈമാന്‍ അസ്ഹരിയുടെ പ്രഭാഷണം ഏറെ ഇഷ്‌ടമാണെന്ന വിവിരം അദ്ധേഹത്തെ അറിയിക്കണമെന്നു ശാഠ്യമുള്ള നാടന്‍ വൃദ്ധ. 

മുല്ലശ്ശേരിയിലെ അബ്‌സ്വാര്‍ കോര്‍‌ണര്‍ രണ്ട്‌ ദിവസമായി രാപകലില്ലാത്ത സന്ദര്‍‌ശക പ്രവാഹമാണ്‌.ഓരോരുത്തരോടും അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും കുശലം അന്വേഷിച്ച്‌ കണ്ണടച്ചു കിടക്കുന്നു.
ശുദ്ധ പ്രകൃതയായ എന്റെ ഉമ്മാക്ക്‌ ശുദ്ധജലവും തേന്‍‌തുള്ളികളും മാത്രമാണ്‌ ഇപ്പോള്‍ ആഹാരം.ശാരീരികമായി അവര്‍ മയക്കത്തിലും ക്ഷീണത്തിലും ആയിരിക്കാം മാനസീകമായി എല്ലാ അര്‍‌ഥത്തിലും ശക്തിയുള്ള പൊന്നുമ്മ.

പ്രാര്‍‌ഥിക്കാന്‍ അഭ്യര്‍‌ഥിച്ചു കൊണ്ട്.പ്രിയപ്പെട്ട മകന്‍.