Tuesday, July 7, 2015

ഉമ്മ ഉണര്‍‌ന്നെണീറ്റിരിക്കുന്നു

പ്രിയപ്പെട്ട ഉമ്മയുടെ ഹൃദയം വളരെ ചെറിയ ശതമാനം പ്രവര്‍‌ത്തിച്ചിരുന്നുള്ളൂ.കിഡ്നിയുടെ പ്രവര്‍‌ത്തനവും പരിതാപകരമായിരുന്നു.പ്രത്യേക ട്യൂബ്‌വഴിയാണ്‌ മൂത്രം എടുത്തിരുന്നത്‌.ആമാശയത്തിലെ വ്രണം ഭീതിതമായ അവസ്ഥയിലും.തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും മടക്കി ഉമ്മയെ കൊണ്ടു വരുന്ന വാര്‍‌ത്ത കാട്ടുതീ പോലെ പടര്‍‌ന്നു.തൊട്ടടുത്ത സ്‌ക്കൂള്‍ ഗ്രൗണ്ടും വീടിനു തൊട്ടടുത്തെ പറമ്പും പ്രത്യേക പാര്‍‌ക്കിങ് സൗകര്യളൊരുങ്ങിക്കഴിഞ്ഞിരുന്നു.ഖബറൊരുക്കാനുള്ള സ്ഥലം തിട്ടപ്പെടുത്താന്‍ കാരണവന്മാര്‍ ആളുകളെ നിയോഗിച്ചു.ഒരാഴ്‌ചയോളം മരണ വീടിന്റെ പ്രതീതി.ബന്ധുക്കളും പരിസരവാസികളും പ്രദേശത്തു കാരും മുല്ലശ്ശേരി അബ്‌സ്വാര്‍ കോര്‍‌ണറിലേയ്‌ക്ക്‌ ഒഴുകിയെത്തി.
ദൈവത്തിനു സ്തുതി.മരണശയ്യയില്‍ നിന്നും ഉമ്മ ഉണര്‍‌ന്നെണീറ്റിരിക്കുന്നു.ഭിഷഗ്വരന്മാരുടെ കണക്കുകളെ തോല്‍‌പ്പിച്ച്‌ നാല്‍‌പെത്തിയെട്ടാം മണിക്കൂറില്‍ ഉമ്മ ജീവിതത്തിലേയ്‌ക്ക്‌ ഉണര്‍‌ന്നിരിക്കുന്നു.എന്നെ കണ്ടപ്പോള്‍ ഉമ്മ പറഞ്ഞു.'ഇനി മരിച്ചോട്ടെ ഉമ്മാക്ക്‌ മരിക്കാന്‍ ഒരു പേടിയും തോന്നുന്നില്ല.ഞാന്‍ പറഞ്ഞു.അതേ ഉമ്മാ എനിക്കും മരണത്തെ പേടിയില്ല.എന്നാല്‍ ഉമ്മയില്ലാത്ത ലോകത്ത്‌ ജീവിക്കാന്‍ പേടിയുണ്ട്.മരണത്തെ ഭയക്കുന്നതിനു പകരം പരലോക മോക്ഷത്തിനുള്ള വഴിയില്‍ ജീവിതം ചിട്ടപ്പെടുത്തുകയാണ്‌ വേണ്ടത്.അവസാന ശ്വാസം പ്രത്യേക പരിചരണ വിഭാഗത്തില്‍ വേണ്ട എന്ന ദൃഢമായ തിരുമാനത്തില്‍ ഉമ്മയെ വീട്ടിലേയ്‌ക്ക്‌ കൊണ്ടു പോന്നു.യാന്ത്രികതയുടെ കൈകളില്‍ നിന്നും ശുദ്ധ പ്രകൃതിയുടെ പരിചരണത്തില്‍ ഉമ്മ ആശ്വാസം കണ്ടെത്തിയിരിക്കുന്നു.പ്രാര്‍‌ഥന നിരതമായ മനസ്സോടുകൂടെ പ്രതികരിച്ചവര്‍‌ക്കെല്ലാം നന്ദി.ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

06.07.2015

അലോപതി ചികിത്സയിലെ ചില തിക്താനുഭവങ്ങള്‍ വായനക്കാരുടെ അറിവിലേക്കായി പങ്കുവെക്കുന്നു.ഏകദേശം എട്ടു വര്‍‌ഷത്തിലധികമായി പ്രമേഹം രക്ത സമ്മര്‍‌ദ്ധം തുടങ്ങിയ വര്‍‌ത്തമാനകാലത്തെ പ്രൈമറി മരുന്നുകള്‍ എന്റെ ഉമ്മ കഴിച്ചുപോരുകയായിരുന്നു.കഴിഞ്ഞ അഞ്ചു വര്‍‌ഷമായി അനിയന്ത്രിതമായി പനി ഗുളികകള്‍ ഉപയോഗിച്ചതിനെ തുടര്‍‌ന്നു ആന്തരികാവയവങ്ങളിലേറ്റ ക്ഷതങ്ങള്‍‌ക്ക്‌ പരിഹാരമായ മരുന്നുകളും കഴിച്ചു പോരുന്നു.അലോപതിക്കാരുടെ മറിമായങ്ങളും പ്രസ്‌തുത ചികിത്സയിലെ  അശാസ്‌ത്രീയതയും സ്വന്തം അനുഭവത്തില്‍ നിന്നും അന്വേഷണ പരമായ വായനയില്‍ നിന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മയുടെ മരുന്നു തീറ്റ അവസാനിപ്പിക്കാന്‍ എളിയ ശ്രമ നടത്തിയിരുന്നെങ്കിലും വിഫലമായി.വളരെ നിബന്ധനകളുള്ള ഭക്ഷണ ക്രമവും ഭാരിച്ച ഗുളികകളും ഉമ്മയെ സംബന്ധിച്ച്‌ അഭികാമ്യമല്ലെന്നു അറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥ പ്രയാസമുണ്ടാക്കിയിരുന്നു.

2015 ജൂണ്‍ അവസാനത്തില്‍ ശാരീരികമായ അസ്വസ്ഥതകളെ തുടര്‍‌ന്നു ഉമ്മയെ പട്ടണത്തിലെ ഒരു ആതുരാലയത്തില്‍ പ്രവേശിപ്പിച്ചു.93 കാരിയായ ഉമ്മയെ എല്ലാ വിധ പരിശോധനകള്‍‌ക്കും വിധേയമാക്കി.പ്രായാധിക്യവും രോഗമൂര്‍‌ഛയും കണക്കിലെടുത്താല്‍ ഊഹിക്കാവുന്ന ഒരു ഫൈനല്‍ സമയവും പ്രഖ്യാപിക്കപ്പെട്ടു.സ്ഥലത്തില്ലാതിരുന്ന ഞാന്‍ പറന്നെത്തി.ഉറങ്ങാനും ഉണരാനും കിടക്കാനും ഇരിക്കാനും ഏറെ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഉമ്മയെ കണ്ടപ്പോള്‍ ഹൃദയം നൊന്തു.പരിശോധനകളുടെ ഒരു കെട്ട്‌ തൊട്ടടുത്ത ടാബിളില്‍ ഉണ്ട്.മൂന്നു ദിവസമായത്രെ ഉറങ്ങിയിട്ട്‌.കഞ്ഞി വെള്ളം തുള്ളി തുള്ളിയായി കുടിക്കാന്‍ പോലും പ്രയാസം അനുഭവിക്കുന്ന രോഗിക്ക്‌ തൊള്ളയിലും പള്ളയിലും ഒതുങ്ങാത്ത ഭീമന്‍ ഗുളികകള്‍ കൊടുക്കുന്നതില്‍ രോഗിയെ പരിചരിക്കുന്ന നഴ്‌സുമാര്‍ ഏറെ ശുഷ്‌കാന്തി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.പരിഹരിക്കപ്പെടാത്ത രോഗിയുടെ അസ്വസ്ഥത സൂചിപ്പിക്കപ്പെട്ടപ്പോള്‍ പ്രത്യേക പരിചരണ വിഭാഗത്തിലേക്ക്‌ മാറ്റാം എന്നായിരുന്നു മറുപടി.ഉമ്മയെ വീട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള  തിരുമാനം ബന്ധപ്പെട്ടവരെ അറിയിച്ചു.ആദ്യം നിരുത്സാഹപ്പെടുത്തി. ദൃഢമായ ആവശ്യം ഒടുവില്‍ പരിഗണിക്കപ്പെട്ടു.

പ്രത്യേക വാഹനത്തില്‍ ഉമ്മയെ വീട്ടിലെത്തിച്ചു.ശുദ്ധ വെള്ളത്തില്‍ കുളിപ്പിച്ചു.അലോപതി മരുന്നുകള്‍ തീര്‍‌ത്തും മാറ്റിവെച്ചു.കരിക്കിന്‍ വെള്ളം തേന്‍ വെള്ളം ഓറഞ്ചു നീര്‍ എന്നിവ മാത്രം അല്‍‌പാല്‍‌പം കൊടുത്തു തുടങ്ങി.അന്നു രാത്രി ഉമ്മ സുഖമായി ഉറങ്ങി.ക്രമേണ ദ്രാവകങ്ങള്‍ അധികം കുടിക്കാന്‍ തുടങ്ങി.കൃത്യമായ വിശ്രമം ഉറക്കിലൂടെയും ലഭിച്ചപ്പോള്‍ ആരോഗ്യസ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടു.പിന്നെ ഉമ്മ പറഞ്ഞു.ഇഗ്‌ളീഷ്‌ മരുന്നുകള്‍ ഉമ്മാക്ക്‌ വേണ്ട മോനേ.മരുന്നു വേണ്ട എന്ന മാനസീകമായ തയ്യാറെടുപ്പുകൂടെ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടെ പുരോഗമിച്ചു.ഭക്ഷണമില്ലാത്ത ശരിരത്തിലേക്ക്‌ അമിതമായി പ്രവഹിക്കപ്പെട്ട മരുന്നുണ്ടാക്കിയ വയര്‍ സ്തംഭം ഒഴിവാക്കാനായിരുന്നു പിന്നീട്‌ ശ്രമിച്ചത്.പ്രകൃതി ശിശ്രൂഷാ കേന്ദ്രത്തിലെ ഭിഷഗ്വരന്റെ നിര്‍‌ദേശാനുസാരം ചില പച്ചില നീരുകള്‍ തേന്‍ ചേര്‍‌ത്തു കൊടുത്തപ്പോള്‍ വയര്‍ ശുദ്ധിയായി.

അലോപതി മരുന്നുകള്‍ കഴിക്കുമ്പോള്‍ വിലക്കപ്പെട്ടിരുന്ന എല്ലാ കനികളും പഴങ്ങളും ഉമ്മയുടെ മുഖ്യാഹാരമായി.സന്ധ്യക്ക്‌ ശേഷം പാകം ചെയ്‌ത ഭക്ഷണശീലം മാറ്റുന്നതിലൂടെയും അമിതാഹാരം ഒഴിവാക്കുന്നതിലൂടെയും ഒരു വക മരുന്നും ആവശ്യമില്ലന്നതത്രെ പരമാര്‍‌ഥം.ഇടക്കിടെയുള്ള ചായ കാപ്പി ശീലങ്ങള്‍‌ക്ക്‌ പകരം തേന്‍ വെള്ളമാണ്‌ ഉപയോഗിക്കുന്നത്.

ആഴ്‌ച തോറും ഭീമമായ തുകയ്‌ക്കുള്ള മരുന്നുകള്‍ കഴിച്ചിരുന്ന ഉമ്മ ഒരു ചില്ലിയുടെ മരുന്നു പോലും ഇല്ലാതെ സുഖമായി കഴിയുന്നു.പ്രായാധിക്യത്തിന്റെ ക്ഷീണമല്ലാതെ മറ്റൊന്നും ഒന്നും ഉമ്മയെ അലട്ടുന്നില്ല.
27.07.2015