Monday, September 28, 2015

ജീവിതം തള്ളിനീക്കുന്ന ഇണകള്‍

സന്ധ്യാ സമയം പ്രാര്‍ഥന കഴിഞ്ഞ്‌ ഉമ്മറത്തെ ചാരുകസേരയില്‍ വിശ്രമിക്കുകയായിരുന്നു സാദിഖ്‌ മാഷ്‌.പെട്ടെന്നു അടുക്കള മുറ്റത്തു നിന്നു ഒരു നിലവിളി.മാഷ്‌ പെട്ടെന്നു മുറ്റത്തേക്ക്‌ ഓടി.സാറ ടീച്ചര്‍ വീണു കിടക്കുന്നു.വിളിച്ചു നോക്കിയിട്ടും തൊട്ടു നോക്കിയിട്ടും ഒരു അനക്കവുമില്ല.സാറാക്ക്‌ എന്തു പറ്റി.സാദിഖ്‌ ഉറക്കെ കരയാന്‍ തുടങ്ങി.നിമിഷ നേരം കൊണ്ട്‌ അയല്‍‌പക്കക്കാരെല്ലാം ഓടിയെത്തി.ഇഴ ജന്തുക്കള്‍ വല്ലതും എന്നു ആരോ പറഞ്ഞു നിര്‍‌ത്തി.അധികം താമസിച്ചില്ല തൊട്ടടുത്തുള്ള വിഷ ചികിത്സാ കേന്ദ്രത്തിലേക്ക്‌ കൊണ്ടു പോയി.ഫലം ഒന്നും ഉണ്ടായില്ല.സം‌ഭവിച്ച ഉടനെ കടിയേറ്റതിന്റെ തൊട്ടു മുകളില്‍ ഒരു കെട്ടു കെട്ടിയിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു.ഇനി ഒന്നും ചെയ്യാനില്ല.വൈദ്യന്‍ തീര്‍‌ത്തു പറഞ്ഞു.

ജഢം വീട്ടിലേയ്‌ക്ക്‌ കൊണ്ടു പോന്നു.അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചു.പാമ്പു കടിയേറ്റു മരണമടഞ്ഞ സാറ ടീച്ചര്‍ ഗ്രാമീണരുടെ നൊമ്പരമായി.ഗ്രാമത്തിന്റെയും.സംസ്‌കാരച്ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ജനാസ ഖബറടക്കത്തിനായി തൊട്ടടുത്തുള്ള പള്ളി ഖബര്‍‌സ്ഥാനിലേക്ക്‌ നീങ്ങി.ഉറക്കെ ദിക്കര്‍ ചൊല്ലി മയ്യിത്തു കട്ടില്‍ ചുമലിലേറ്റി നടക്കുന്നതിന്നിടയില്‍ ഒരാള്‍ കാല്‍‌വഴുതി വീണു.ഒപ്പം മറ്റുള്ളവരും.അപ്പോഴേക്കും കട്ടിലിനുള്ളില്‍ നിന്നും ഒരു അനക്കം.അഥവ മരിച്ചെന്നു കരുതിയ സാറ ടീച്ചര്‍ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നിരിക്കുന്നു.കാട്ടു തീ പോലെ വാര്‍‌ത്ത പരന്നു.

മാഷും ടീച്ചറും ഇണങ്ങിയും പിണങ്ങിയും പിന്നെയും ജീവിതം തള്ളി നീക്കി.ഒരു ദിവസം പരസ്‌പരം കലഹിക്കുന്നതിനിടയില്‍ ടീച്ചര്‍ കുഴഞ്ഞു വീണു.ഉടനെ താങ്ങിയെടുത്തു.അയല്‍ക്കാരുടെ സഹായത്താല്‍ ആതുരാലയത്തിലെത്തിച്ചു.ദൗര്‍‌ഭാഗ്യകരം ടീച്ചര്‍ അന്ത്യശ്വ്വാസം വലിച്ചു കഴിഞ്ഞിരുന്നു.മരണം ഉറപ്പാക്കിയ ശേഷം വീട്ടിലെത്തിച്ചു.സം‌സ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞു.മയ്യിത്ത്‌ കട്ടില്‍ ചുമലിലേറ്റാന്‍ സന്നദ്ധരായി ചെറുപ്പക്കാര്‍ ഒരുങ്ങി നില്‍‌പുണ്ടായിരുന്നു.പുറപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ മാഷ്‌ പറഞ്ഞു.മക്കളെ ഒരു കാര്യം മാഷിനു പറയാനുണ്ട്.ഒരു നിമിഷം എല്ലാവരും നിശബ്‌ദരായി.'നമ്മുടെ വഴികളൊന്നും അത്ര സുഖമുള്ളതല്ല.അതിനാല്‍ കുണ്ടും കുഴിയും ഒക്കെ ശ്രദ്ധിച്ചു കൊണ്ടു പോകണം.'ദിക്കറിന്റെ ശബ്‌ദ ഘോഷത്തില്‍ സാദിഖ്‌ മാഷിന്റെ ദീര്‍‌ഘ നിശ്വാസം അലിഞ്ഞില്ലാതായി.