Monday, September 28, 2015

അരിശപ്പെടാന്‍ കഴിയാതെ ഒരു നിമിഷം

സമൂഹത്തില്‍ വിശിഷ്യാ കുടും‌ബങ്ങളില്‍,എന്നു വെച്ചാല്‍ ഇണതുണകള്‍ തമ്മില്‍ പൊതുവെ കാണപ്പെടുന്ന അസ്വാരസ്യങ്ങളുടെ പൊരുളന്വേഷിച്ചാല്‍ പലതും പൊള്ളയാണെന്നു മനസ്സിലാകും.തന്റെ പ്രിയതമയുടെ ബധിരതയെ കുറിച്ച്‌ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന അമ്മദ്‌ക്കാടേയും ഇതൊരു വ്യാജാരോപണമാണെന്നു ആണയിടുന്ന പാത്തോമയുടേയും കഥയാണ്‌ ഇവിടെ പകര്‍‌ത്തുന്നത്.അമ്മദ്‌ക്കാടെ ആരോപണവും പാത്തോമയുടെ പ്രത്യാരോപണവും തുടര്‍‌ന്നുള്ള കലഹവും നിത്യ സം‌ഭവമായിരുന്നു.ഒടുവില്‍ അമ്മദ്‌ക്ക തൊട്ടടുത്തുള്ള ഡോകടറെ കാണാന്‍ പോയി അദ്ധേഹത്തോട്‌ തന്റെ പ്രിയതമയുടെ കേള്‍വിക്കുറവിനെ കുറിച്ച്‌ തെര്യപ്പെടുത്തി.രോഗിയെ കാണാതെ ചികിത്സിക്കാനാവില്ലെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ രോഗമുണ്ടെന്നു സമ്മതിക്കാത്തവള്‍ ഒരു ഭിഷഗ്വരന്റെ അടുത്തേക്ക്‌ എങ്ങിനെ വരുമെന്നു അമ്മദ്‌ക്ക പ്രതികരിച്ചു.വിഷയത്തിലെ അസ്വാഭാവികത മനസ്സിലാക്കിയ ഡോക്‌ടര്‍ ഒരു സൂത്രം ഉപദേശിച്ചു.ബധിരതയെ തിട്ടപ്പെടുത്താന്‍ നടത്താവുന്ന ഏറ്റവും പ്രാഥമികമായ ഒരു പരിശോധന വീട്ടില്‍ വെച്ച്‌ തന്നെ നടത്താവുന്നതാണെന്നും അതിന്റെ പ്രായോഗിക രീതികളും പറഞ്ഞു കൊടുത്തു.ഡോക്‌ടറുടെ ഉപദേശ നിര്‍‌ദേശവും കേട്ട്‌ അമ്മദ്ക്ക മടങ്ങി.വീട്ടു പടിക്കലെത്തി അകത്തേക്ക്‌ നോക്കിയപ്പോള്‍ പാത്തോമ എന്തോ പാകം ചെയ്യുകയാണെന്നു മനസ്സിലായി.'പാത്തോമാ എന്താ പാകം ചെയ്യുന്നത് ?'അമ്മദ്‌ക്ക ചോദിച്ചു.എന്നാല്‍ മറുപടി ഉണ്ടായില്ല.ഉമ്മറത്തേക്കെത്തിയപ്പോള്‍ ചോദ്യം ആവര്‍‌ത്തിച്ചു ഉത്തരമില്ല.ചോദ്യം പിന്നെയും ആവര്‍‌ത്തിച്ചു കൊണ്ടിരുന്നെങ്കിലും ഉത്തരമുണ്ടായില്ല.പിന്നെ പാത്തോമയുടെ അടുത്തെത്തിയപ്പോള്‍ അല്ല പാത്തോമാ എത്ര തവണയായി ഞാന്‍ ചോദിക്കുന്നു.നിനക്കൊരു മറുപടി പറഞ്ഞു കൂടെ ? ക്ഷണ നേരം കൊണ്ട്‌ അരിശത്തോടെ പാത്തോമ പ്രതികരിച്ചു.ഇന്റെ പുന്നാര അമ്മദ്‌ക്കാ എത്ര നേരായി ഇങ്ങളോട്‌ ഞാന്‍ പറയണ്‌ ഞാന്‍ ചപ്പാത്തിക്ക്‌ പൊടി കുഴക്കാണ്‌ ചപ്പാത്തിക്ക്‌ പൊടികുഴക്കാണ്‌ ചപ്പാത്തിക്ക്‌ പൊടികുഴക്കാണ്‌ എന്ന്‌ !അമ്മദ്‌ക്ക ജിവിതത്തില്‍ ആദ്യമായി അരിശപ്പെടാതെ ഒരു നിമിഷം നിന്നു.