Saturday, November 28, 2015

സെല്‍‌ഫോണ്‍ കാലത്തെ സ്വൈര്യക്കേടുകള്‍

സെല്‍‌ഫോണ്‍ കാലത്തെ സ്വൈര്യക്കേടുകള്‍
ടലഫോണ്‍ സം‌ഭാഷണത്തിലേര്‍‌പെട്ടുകഴിഞ്ഞാല്‍ പരിസരം മറന്നു പോകുന്നവരത്രെ ബഹുഭൂരിപക്ഷം പേരും.ഒരു കാലത്ത് അകത്തളങ്ങളിലൊതുങ്ങി നിന്നിരുന്ന ഇത്തരം സം‌ഭാഷണ കൗതുകം സെല്‍ഫോണ്‍ യുഗത്തില്‍ പൊതു ഇടങ്ങളിലും സ്വൈര്യം നഷ്‌ടപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.സം‌ഭാഷണം തുടങ്ങി കഴിഞ്ഞാല്‍ ഈ ലോകത്ത് തങ്ങളിരുപേരും മാത്രം എന്ന വിധമായിരിക്കും പല പങ്കുവെക്കലുകളും.സ്വകാര്യങ്ങള്‍ എന്നതിലുപരി ചില രഹസ്യ നീക്കങ്ങള്‍ വരെ പൊതു ഇടങ്ങളില്‍ പങ്കു വെച്ചെന്നു വരും.തന്റെ സഹ ധര്‍‌മ്മിണിയില്‍ നിന്നു പോലും രഹസ്യമായി സൂക്ഷിച്ച വിവരം നല്ല പാതിയുടെ സാന്നിധ്യത്തില്‍ ടലഫോണില്‍ പങ്കു വെച്ച് പുലിവാലു പിടിച്ച പമ്പര വിഡ്ഡികളുടെ കുപ്രസിദ്ധ കഥകള്‍ പോലും സെല്‍ഫോണ്‍ യുഗത്തിലെ വിശേഷമത്രെ.അതു പോലെ മറ്റൊരു വമ്പന്‍ സ്വൈര്യക്കേടായി മാറിയിരിക്കുകയാണ്‌ വാട്ട്‌സാപ്പ്‌.അമ്പതും നൂറും ഒക്കെ അം‌ഗങ്ങളുള്ള ഗ്രൂപ്പില്‍ ചിലര്‍ കയറി ഏതെങ്കിലും ഒരു വ്യക്തിയുമായുള്ള മുഖാമുഖം നടത്തുന്നത് കാണാം.ഓരോ ചര്‍‌ച്ചാ ശകലങ്ങളും മറ്റുള്ള ഗ്രൂപ്പ്‌ അംഗങ്ങളുടെ ഫോണിലും 'ടുടു' ശബ്‌ദിക്കുന്നുണ്ടെന്നു കാര്യം മറന്നു കളയുന്നു.വ്യക്തിഗത ചാറ്റിങ് ഗ്രൂപ്പിലുള്ളവരെ മുഴുവന്‍ സ്വൈര്യം കെടുത്തും എന്നു പറയേണ്ടതില്ലല്ലൊ.

കൗതുകകരമായ ഒരു യാത്രാ വിശേഷം വായനക്കാരുമായി പങ്കു വെയ്‌ക്കട്ടെ.തൊട്ടടുത്ത നഗരത്തില്‍ നിന്നും വീട്ടിലേക്കുള്ള യാത്ര.ബസ്‌റ്റാന്റിലെ വലിയ തിരക്കില്ലാത്ത ഒരു ബസില്‍ ഇടം പിടിച്ചു.യാത്ര തുടങ്ങി.താമസിയാതെ ഒരു മധ്യവയസ്‌കന്റെ സെല്‍ഫോണ്‍ ശബ്‌ദിച്ചു.യാത്രയില്‍ സ്വാഭാവികമായ പരിധി നഷ്‌ടമാകുന്ന പ്രശ്‌നവും സ്വതസിദ്ധമായിതന്നെ വലിയ ശബ്‌ദത്തിന്റെ ഉടമയുമായ വ്യക്തി യാത്രക്കാരെ അമ്പരപ്പിക്കും വിധം സഭാഷണം തുടര്‍‌ന്നു.ആളുകള്‍ പരസ്‌പരം നോക്കി അനിഷ്‌ടം പങ്കു വെച്ചു.ചിലര്‍ നെറ്റി ചുളിച്ചും മൂക്ക്‌ വിറപ്പിച്ചും തങ്ങളുടെ പ്രതിഷേധം പ്രകടമാക്കി കൊണ്ടിരുന്നു.ഏകദേശം കാല്‍ മണിക്കൂര്‍ നീണ്ട സം‌ഭാഷണ വൈകൃതം അവസാനിക്കുമ്പോഴേക്കും വാഹനം അമല നഗര്‍ എത്തിയിരുന്നു.പട്ടണം വിട്ടതിന്റെ ആശ്വാസവും സെല്‍ഫോണ്‍ സം‌ഭാഷണം അവസാനിച്ചതിന്റെ സന്തോഷവും യാത്രക്കാരുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു.

ബസ്സിലുള്ളവരുടെ ദീര്‍‌ഘ നിശ്വാസം അവസാനിക്കും മുമ്പ്‌ വീണ്ടും ഫോണ്‍ മുഴങ്ങി.ഇത്തവണ ഒറ്റവാക്കില്‍ മറുപടി 'ഇല്ലന്നേ ഞാനിതാ കോട്ടപ്പടിയിലെത്തി' ഇതും പറഞ്ഞ്‌ സം‌ഭാഷണം അവസാനിപ്പിച്ചിരുന്നു.എന്നാല്‍ യാത്രക്കാരുടെ കൂട്ടച്ചിരി അവസാനിച്ചിരുന്നില്ല.തൃശൂര്‍ നഗരത്തിനടുത്തുള്ള അമല നഗറും കുന്നം കുളം ഗുരുവായൂര്‍ പാതയിലെ കോട്ടപ്പടിയും അറിയാവുന്ന വായനക്കാര്‍‌ക്കും ഈ ചിരിയില്‍ പങ്കു ചേരാം.