Friday, December 18, 2015

മുശൈരിബ്‌ സ്‌മരണകള്‍

മുശൈരിബ്‌ സ്‌മരണകള്‍
1980/90 കളിലെ ഖത്തര്‍ ഓര്‍‌മ്മകളുമായി ബന്ധപ്പെട്ട ചില വിശേഷങ്ങളാണ്‌ പങ്കു വെക്കുന്നത്‌.ദോഹയിലെ മുശേരിബ്‌ പ്രദേശത്തെ രണ്ട്‌ തെരുവുകളായിരുന്നു ശാര  കഹറബയും ശാര ദിവാനും.ഖത്തറിന്റെ വൈദ്യതി മന്ത്രാലയത്തിന്റെ മുഖ്യ കേന്ദ്രവും ഭരണാധികാരിയുടെ ദിവാന്‍ കാര്യാലയവും പ്രസ്‌തുത പരിസരത്ത്‌ സ്ഥിതി ചെയ്‌തിരുന്നതിനാലായിരിക്കാം തെരുവുകള്‍‌ക്ക്‌ യഥാക്രമം ഈ പേരുകള്‍ നല്‍‌കപ്പെടാന്‍ കാരണം. റയാന്‍ പാതയില്‍ നിന്നും തുടങ്ങി പഴയ ടലികമ്മ്യൂണിക്കേഷന്‍ കവലയില്‍ വന്നവസാനിച്ചിരുന്ന   തെരുവുകള്‍ പ്രസിദ്ധിയാര്‍‌ജിച്ച പഴയകാല  വിപണനന കേന്ദ്രങ്ങളായിരുന്നു.

ഇലക്‌ട്രോണിക് ഉല്‍‌പന്നങ്ങളുടെ കച്ചവടത്തില്‍ ഒന്നാം നിരക്കാരായ നാഷണല്‍,അത്യാധുനികതയുടെ പേരും പൊരുളുമുള്ള മോഡേണ്‍ ഹോം,സമയ നിഷ്‌ടയുടെ രാജകീയ അടയാളങ്ങളായ റാഡൊ റോളക്‌സ്,പലവ്യഞ്ജനങ്ങളുടെ പഴമക്കാരായ സൈദ,തുണിത്തരങ്ങളില്‍ കേമന്മാരായ അല്‍‌ സഹ്‌റയും ബോം‌ബെ സില്‍‌ക്‌സും,പുതു പുത്തന്‍ ഗാനോപഹാരങ്ങളും ചല ചിത്രങ്ങളും വിതരണം ചെയ്‌തിരുന്ന സ്റ്റാര്‍ വേള്‍‌ഡ്‌,ഫാസ്റ്റ് ഫുഡ്‌ ശൃംഘലകള്‍‌ക്ക്‌ ദോഹയില്‍ തുടക്കം കുറിച്ച സ്റ്റര്‍‌ലിങ്,ട്രാവല്‍ ഏജന്‍‌സികളുടെ പാരമ്പര്യക്കാരായ ഏഷ്യന്‍ ട്രാവല്‍‌സും ക്ലിയൊ പാട്രയും,വാടക വാഹനങ്ങള്‍ ആദ്യമായി നിരത്തിലിറക്കിയ അല്‍‌മുഫ്‌താഹ്‌,പാത രക്ഷകളില്‍ മുന്‍‌പന്തിയില്‍ നില്‍‌ക്കുന്ന തമീമ,സ്വര്‍‌ണ്ണാഭരണങ്ങള്‍ പണിതു നല്‍‌കിയിരുന്ന കനറ,മധേഷ്യയിലെ പ്രാതല്‍ വിഭവങ്ങളില്‍ പ്രചുര പ്രചാരമുള്ള ഹമ്മുസ്‌ വിളമ്പുന്ന ബൈറൂത്ത്‌ റസ്റ്റോറന്റ്‌,ഇന്ത്യയില്‍ വിശിഷ്യാ തെന്നിന്ത്യക്കാരുടെ ഇഷ്‌ട രുചിയായ മസാല ദോശ ലഭിക്കുന്ന വെല്‍‌കം റസ്റ്റോറന്റ്‌, തുടങ്ങിയ സ്ഥാപനങ്ങള്‍ എടുത്ത്‌ പറയേണ്ടവയാണ്‌.

മലയാളികളായ പണ്ഡിത കേസരികളുടെ വിജ്ഞാന വിരുന്നുകള്‍‌ക്കും ആഴ്‌ച ക്ലാസുകള്‍‌ക്കും സാക്ഷ്യം വഹിച്ച മസ്‌ജിദ്‌ ഗാനവും മസ്‌ജിദ്‌ ഖലീഫയും ഈ പരിസരത്തായിരുന്നു.ഗാര്‍ഡന്‍  റസ്റ്റോറന്റിന്റെ എതിര്‍‌ വശത്തെ മസ്‌ജിദ്‌ ഖലീഫയുടെ ഒഴിഞ്ഞ ഇടമായിരുന്നു പ്രദേശത്തെ വാഹന പാര്‍‌കിങ് കേന്ദ്രം.പഠാണികളും ബലൂചികളും കായികാധ്വാനമുള്ള പണികള്‍‌ക്കിറങ്ങാന്‍ ഒത്തു കൂടിയിരുന്നതും ഇവിടെയായിരുന്നു.ദൃശ്യ ശ്രാവ്യ പ്രസാരണ മാധ്യമങ്ങള്‍ വര്‍‌ത്തമാനാവസ്ഥപോലെ പുരോഗമിച്ചിട്ടില്ലാതിരുന്നതിനാല്‍ ലൈബ്രറികള്‍ വഴിയായിരുന്നു ആസ്വാദകര്‍ തങ്ങളുടെ അഭിരുചികള്‍‌ക്ക്‌ പരിഹാരം കണ്ടെത്തിയിരുന്നത്.പുതിയ പ്രഭാഷണങ്ങള്‍ സം‌ഗീത സമാഹാരങ്ങള്‍ ചലചിത്രങ്ങള്‍ എന്നിവയുടെ റെക്കാഡുകള്‍ സമയാസമയങ്ങളില്‍ വിതരണം ചെയ്‌തിരുന്ന പ്രശസ്‌തമായ സ്ഥാപനങ്ങള്‍ അധികവും ഈ ഭാഗങ്ങളില്‍ തന്നെയായിരുന്നു.സര്‍‌ക്കാര്‍ അര്‍‌ധ സര്‍‌ക്കാര്‍ എണ്ണ ഊര്‍‌ജ കമ്പനികള്‍ തുടങ്ങിയവയില്‍ ജോലിയുള്ള സമ്പന്ന ഇന്ത്യന്‍ കുടും‌ബങ്ങളുടെ വിശിഷ്‌ട ഭോജന ശാലകളും ദോഹയുടെ ഹൃദയ ഭാഗത്തു തന്നെയായിരുന്നു.

എല്ലാ വ്യാഴാഴ്‌ചകളിലും ശഹാനിയയില്‍ നിന്നും ഒരു ബദവി സുഹൃത്ത്‌ ഞാന്‍ ജോലി ചെയ്‌തിരുന്ന സ്ഥാപനത്തില്‍ വരുമായിരുന്നു.ആഴ്‌ചയിലൊരിക്കല്‍ ഞങ്ങളൊരുമിച്ചായിരുന്നു പ്രാതല്‍ കഴിച്ചിരുന്നത്.തെന്നിന്ത്യന്‍ ഭോജനശാലയില്‍ നിന്നുള്ള മസാല ദോശ ഇദ്ധേഹത്തിന്റെ ഇഷ്‌ട വിഭവമായിരുന്നു.വാരാന്ത്യത്തില്‍ ഒരു മലബാരിയുമൊത്ത്‌ ഇഫ്‌ത്വാര്‍ എന്നതില്‍ ഈ ആദിവാസി അറബി കവിക്ക്‌ ശാഠ്യമുണ്ടായിരുന്നു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.മലബാരികളോട്‌ നല്ല അലിവും ആദരവും  വെച്ചു പുലര്‍‌ത്തിയിരുന്ന ഇദ്ധേഹം ഇന്ത്യന്‍ ഗാനങ്ങളുടെ വിശിഷ്യ മാപ്പിള പാട്ടുകളുടെ ആസ്വാദകനുമായിരുന്നു.ചെറുകിട മലബാരികളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും നന്നായി മനസ്സിലാക്കിയ ഈ സരസന്‍ ഒരോ ആഴ്‌ചയും   മലബാരിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഫലിതം വിളമ്പുമായിരുന്നു.അതിലൊന്നു മാത്രം ഇവിടെ പങ്കുവെക്കാം.'വ്യാഴം വെള്ളി മാര്‍‌ക്കറ്റില്‍' വില്‍‌പനക്കാര്‍ സാധനങ്ങളുടെ വില പ്രത്യേകം വിളിച്ചു പറയുന്ന ശീലമുണ്ടായിരുന്നു..ഒരിക്കല്‍ ഒരു മലബാരി പച്ചക്കറിയുടെ വില വിളിച്ചു പറഞ്ഞതിങ്ങനെയായിരുന്നത്രെ.''അശ്‌രീന്‍ റിയാല്‍....പത്തു റിയാല്‍..."അറബിയില്‍ പറയുന്നതിന്റെ തര്‍‌ജമയെന്നു തോന്നിപ്പിക്കുന്ന വിധം എന്നാല്‍ മലബാരിക്ക്‌ നേര്‍‌ പകുതി വില.സത്യത്തില്‍ ഇതിലൊരു കാപട്യമുണ്ടെങ്കിലും തങ്ങളുടെ നാട്ടുകാരോട്‌കാണിക്കുന്ന മുഹബ്ബത്തില്‍ ഈ സഹൃദയന്‌ വലിയ മതിപ്പുണ്ടായിരുന്നു.

മാസാന്ത്യങ്ങളില്‍ ഈ ഭാഗത്ത്‌ ഒരു വൃദ്ധന്‍ പ്രത്യക്ഷപ്പെടും.താടിയും തലയും പുരികവും നരച്ച പടു കിഴവന്‍.ചുക്കിച്ചുളിഞ്ഞ കുപ്പായവും ജീന്‍‌സ്‌പാന്റുമാണ്‌ വേഷം.പ്രയാസപ്പെട്ടാണ്‌ നടക്കുന്നതെങ്കിലും തനിക്കൊരു പ്രയാസവും ഇല്ലെന്ന ഭാവം മുഖത്ത് കാണാം.കരി ഓയില്‍ നിറച്ച പഴയ ഒരു ടിന്‍ കയ്യിലുണ്ടാകും.പന്തം ചുറ്റിയ ഒരു വടിയും.കുറച്ചു പഴന്തുണികളും.ഇറാനിയാണ്‌. ഓരോ കടയുടേയും ഷട്ടര്‍ റെയിലിലുള്ള മണ്ണും പൊടിയും ആദ്യം വൃത്തിയാക്കും.പിന്നീട്‌ പന്തം ചുറ്റിയ വടിയില്‍ ഓയില്‍ മുക്കി തേച്ചു കൊടുക്കും.തന്റെ പണി കഴിഞ്ഞാല്‍ സലാം പറഞ്ഞു ഇറങ്ങും.ഉടനെ സ്ഥാപനത്തിലുള്ളവര്‍ ആരെങ്കിലും ഇറങ്ങി വന്ന്‌ ചില്ലറ റിയാലുകള്‍ കയ്യില്‍ കൊടുക്കും.ഒരു പീടിക കഴിഞ്ഞാല്‍ തൊട്ടടുത്തത്.ആരോടും സമ്മതം ചോദിച്ചിട്ടായിരുന്നില്ല ഈ വൃദ്ധന്‍ തന്റെ പണി ആരം‌ഭിച്ചിരുന്നത്.കിട്ടുന്ന വിഹിതം തുറന്നു പോലും നോക്കാതെ പോക്കറ്റില്‍ വെക്കുകയും ചെയ്യുമായിരുന്നു.ഒരിടം കഴിഞ്ഞാല്‍ മറ്റൊരിടം എന്ന മട്ടില്‍ അയാള്‍ നഗരം ചുറ്റുന്നുണ്ടായിരിക്കാം.ആരോടും അന്വേഷിക്കാതെ ജോലി ചെയ്യുന്ന ഈ കിഴവന്‌ ആരാലും പ്രതിഫലം നിഷേധിക്കപ്പെട്ടിരുന്നില്ല.അഥവാ ആരെങ്കിലും അതിനു മുതിര്‍‌ന്നാല്‍ ദുര്‍‌ബലനായ വൃദ്ധന്‌ ഒന്നും ചെയ്യാനും കഴിയുമായിരുന്നില്ല.

അധികമൊന്നും സൗന്ദര്യവത്കരിക്കപ്പെട്ടിട്ടില്ലായിരുന്ന പഴയകാലത്തെ നഗരത്തെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓര്‍‌മ്മകളില്‍ ഏറെ ഹൃദ്യമായ അനുഭവങ്ങള്‍ സുലഭമായിന്നു.എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന പുതിയ പട്ടണ സം‌സ്‌കാരത്തില്‍ കണ്ണ്‌ കഴക്കുന്ന വര്‍‌ണ്ണ മഴയുണ്ടെങ്കിലും കരളില്‍ പതിയുന്ന കാഴ്‌ചകള്‍ വിരളമത്രെ.
മാധ്യമം