Friday, February 26, 2016

മെമ്മറികള്‍ നഷ്‌ടപ്പെടുന്ന കാലം

സോഷ്യല്‍ മീഡിയാ വിശിഷ്യാ വാട്ട്‌സാപ്പ്‌ ഷയറിങ് മാരക രോഗമായി പരിഗണിക്കപ്പെടാവുന്ന തരത്തിലേയ്‌ക്ക്‌ വളര്‍‌ന്നിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം.തനിക്ക്‌ അയച്ചു കിട്ടിയത്‌ മറ്റൊരു വ്യക്തിയ്‌ക്കോ ഗ്രൂപ്പിനൊ കൈമാറണമെന്ന കലശലായ ആഗ്രഹം ഇതത്രെ ഈ രോഗത്തിന്റെ പ്രകടമായ ലക്ഷണം.
കൂട്ടുങ്ങലങ്ങാടിയില്‍ കാണായതായ കുട്ടിയെ ചൊല്ലി കടലിനിക്കരെയുള്ളവര്‍ തെരച്ചില്‍ ഊര്‍‌ജ്ജസ്വലമാക്കുന്ന ഷയറിങ്ങുകളും മണ്‍ല്‍ കാട്ടിലെവിടെയൊ വീണു പോയ ഐഡി മലയാളക്കരയില്‍ തെരയുന്നതും ഈ രോഗത്തിന്റെ മൂര്‍‌ച്ച സൂചിപ്പിക്കുന്നു.കാലാവസ്ഥാ പ്രവചനങ്ങളും ഉത്സവ വാര്‍ത്തകളും എന്തിനേറെ മരണ വിവരങ്ങള്‍ പോലും സ്ഥലകാല സമയ പരിമിതികളും വിട്ട്‌ ചിലപ്പോള്‍ പ്രവഹിക്കുന്നതു കാണാം.
കേരളത്തിലെ പ്രസിദ്ധനായ ഒരെഴുത്തുകാരന്റെ നല്ല പാതിയുടെ 2015 ലെ മരണം ഇപ്പോള്‍ ഒഴുകി നടക്കുന്നുണ്ട്‌.മാത്രമല്ല പല ഗ്രൂപ്പുകളിലും വേര്‍‌പാടിന്റെ വിവരം അറിഞ്ഞു അനുശോചനം കുമിഞ്ഞു കൂടുകയും ചെയ്യുന്നു.
നമ്മുടെ ഓര്‍മ്മകള്‍ (മെമ്മറികള്‍) പോലും മരവിച്ചിരിക്കുന്നു.ആധുനിക ഇലക്‌ട്രോണിക് സം‌വിധാനങ്ങളിലെ മെമ്മറികളിലാണ്‌ ചര്‍‌ച്ചകള്‍ കെട്ടുപിണയുന്നതും പുരോഗമിക്കുന്നതും.അഥവാ സാക്ഷാല്‍ മെമ്മറികള്‍ നഷ്‌ടപ്പെടുന്ന കാലം.