Sunday, June 19, 2016

അബൂബക്കര്‍ക്ക ഉദയത്തില്‍ ഒരധ്യായം കഴിഞ്ഞു

ജൂണ്‍ 18 ന്‌ വൈകുന്നേരം ഒരു ഇഫ്‌ത്വാര്‍ സം‌ഗമം കഴിഞ്ഞ്‌ ഞാനും എ.വി ഷാജഹാനും തിരിച്ചു വരുമ്പോള്‍ മൊബൈല്‍ റിങ് ചെയ്‌തു.സ്‌ക്രീനില്‍ തെളിഞ്ഞത് ഉസ്‌മാന്‍ കുറുപ്പാക്ക.പടച്ചോനെ എന്തായിരിയ്‌ക്കും ഈ സമയത്തൊരു വിളി.എന്തുകൊണ്ടോ മനസ്സിലൊരു ഭയം കടന്നുവന്നു.ഒറ്റ ശ്വാസത്തില്‍ ഉസ്‌മാന്‍ക്ക കാര്യം പറഞ്ഞു.'അബൂബക്കര്‍‌ക്ക ....'വിവരം ഷാജഹാനുമായി പങ്കു വെച്ചു.എ.വി ഹം‌സക്കയുടെ സഹോദരന്‍ എന്നു പറയുന്നതു വരെ ഷാജഹാന്‌ ആരാണെന്നു മനസ്സിലായിരുന്നില്ല.ജൈദ കോര്‍‌ണറില്‍ എത്തും വരെ ഒട്ടേറെ ചിത്രങ്ങള്‍ മനസ്സില്‍ ഓടിയെത്തി.കാറിറങ്ങി ഉദയത്തിലെത്തി. നേരെ കമ്പ്യൂട്ടറിന്റെ മുന്നില്‍.വാര്‍ത്തകള്‍ തയാറാക്കി മീഡിയ ഫോറത്തിനും ജില്ലാ പ്രാദേശിക ഗ്രൂപ്പുകളിലും നല്‍‌കി.

ഉദയം പഠനവേദിയുടെ ആദ്യകാല പ്രവര്‍‌ത്തകനും സജീവ പങ്കാളിയുമായിരുന്നു.നല്ല ഒരു വായനക്കാരനും ആസ്വാദകനുമായിരുന്നു.ഖത്തര്‍ പെട്രോളിയത്തിലെ അപൂര്‍വ്വം ഇന്ത്യക്കാരില്‍ വിശിഷ്യാ കേരളക്കാരില്‍ ഒരാളായിരുന്നു അബൂബക്കര്‍ അമ്പലത്തു വീട്ടില്‍.

കുടും‌ബം ദോഹ വിട്ടതിനു ശേഷം 2000 ത്തിലാണ്‌ ഞാന്‍ ഉദയം റസിഡന്‍‌സില്‍ എത്തുന്നത്.അന്നു ഉദയത്തില്‍ ഉണ്ടായിരുന്നത് അബൂബക്കര്‍ക്ക,.ഹംസ എ.വി,റഫീഖ്‌ വി.എം,കുഞ്ഞു മുഹമ്മദ്‌ കെ.എച്,ഉമറലി എന്‍.പി,അഷറഫ്‌ എന്‍.പി,ഷം‌സു വി.പി,ഇഖ്‌ബാല്‍ ചേറ്റുവ,മൊയ്‌തീന്‍ മാഷ്‌,അബ്‌ദുല്‍ കരീം,മുഹമ്മദ്‌ സലീം തുടങ്ങിയവരായിരുന്നു.പിന്നീട്‌ അബൂബക്കര്‍ മാഷ്‌, റഊഫ്‌,നിഷാദ്‌,നവാസ്‌,ഉസ്‌മാന്‍,ബുര്‍‌ഹാന്‍,അബ്ബാസ്,മുസ്‌തഫ കണ്ണൂര്‍,ഇഖ്‌ബാല്‍ സാര്‍ തുടങ്ങി പലരും ഉദയം അന്തേവാസികളായി മാറി മാറി വന്നിരുന്നു.ഒരു കുടും‌ബ പശ്ചാത്തലം തന്നെയാണ്‌ ഉദയം റസിഡന്‍‌സ്.അന്നും ഇന്നും.എന്നിരുന്നാലും പഴയകാല രസവും രുചിയും മധുരവും ഒരു പണത്തൂക്കം മുന്നില്‍ തന്നെയായിരുന്നു.

രസങ്ങളുടെ കെട്ടഴിഞ്ഞു വിഴുന്നത്‌ പലപ്പോഴും തീന്‍ മേശയിലായിരുന്നു.രസച്ചരടിനു തിരികൊളുത്തുന്നത് അധികവും ഇഖ്‌ബാല്‍ ചേറ്റുവയായിരിയ്‌ക്കും.പിന്താങ്ങാന്‍ അബൂബക്കര്‍ക്കയും.ഒരിക്കല്‍ ഇഖ്‌ബാല്‍ തീന്‍ മേശയില്‍ പൊട്ടിച്ചത് ഒരു പ്രബോധക സംഘത്തിന്റെ ഔചിത്യമില്ലാത്ത ഇടപെടലിനെ കുറിച്ചായിരുന്നു.പള്ളിയില്‍ നിന്നിറങ്ങിയ തന്നെ പൊതിഞ്ഞു നിന്നു പ്രാര്‍‌ഥനയുടെ പ്രാധാന്യം പറഞ്ഞു വാചാലനായ മുല്ലയോട്‌ തര്‍ക്കിച്ച സം‌ഭവം തൊങ്ങും പൊടിപ്പും വെച്ച് അവതരിപ്പിക്കപ്പെട്ടു.അപ്പോള്‍ അബൂബക്കര്‍‌ക്ക പറഞ്ഞു.'ന്റെ  പൊന്നേ അനക്ക്‌ പറഞ്ഞൂടേ ഞാന്‍ എ.വി.ഹംസ മൗലവിയുടെ സഹ മുറിയാനാണെന്ന്.'

ഒരിക്കല്‍ മകന്‍ മുജീബ്‌ പ്രദേശത്തുകാരനായ ഒരാളെ കണ്ടുമുട്ടിയ വിവരം അവതരിപ്പിച്ചു.ഇവിടേയും ചേറ്റുവ പൊട്ടിച്ചു.മുജ്യേ അബോക്കര്‍‌ക്കാടെ മോനാണെന്നു പറഞ്ഞാലൊന്നും ആരും നിന്നെ അറിയില്ല എ.വിയുടെ ഇക്കാടെ മോനാണെന്നു പറഞ്ഞാല്‍ മതി.ഇവിടെ ചിരിയുടെ പൂരം.അപ്പോള്‍ അബോക്കര്‍‌ക്കാടെ വക മറ്റൊരു പൂത്തിരി.'ഞാന്‍ പൊന്നേങ്കുളത്തിന്നടുത്ത് നിക്കുമ്പോള്‍ സൂറാടെ വീടന്വേഷിച്ചിട്ട്‌ ഒരാള്‍...'പിന്നെ ആര്‍ക്കും ചിരിക്കതിരിക്കാന്‍ കഴിയുമായിരുന്നില്ല. (അബൂബക്കര്‍‌ക്കാടെ വീടിന്റെ തൊട്ടടുത്താണ്‌ പൊന്നാങ്കുളം.ഭാര്യയുടെ പേര്‍ സുഹറ)

അധികപേര്‍‌ക്കും രണ്ട്‌ നേരം ജോലിയുള്ളവരായിരുന്നു.അതിനാല്‍ ഉച്ച ഭക്ഷണത്തിനു എല്ലാവരും എത്തും.വളരെ വൈകിയെത്തുന്നത് അബൂബക്കര്‍‌ക്കയായിരിക്കും.എന്നാല്‍ ഒഴിവു ദിവസമായ ശനിയാഴ്‌ച ആദ്യം ഉച്ച ഭക്ഷണത്തിനിരിക്കുന്നത് അബൂബക്കര്‍ക്കയാകും.എന്നിട്ട് പറയും.'ഞെളിഞ്ഞ പപ്പടത്തില്‍ നിന്നും ചട്ടിയിലടിഞ്ഞ കറിയില്‍ നിന്നും ഇന്നാണ്‌ മോചനം.എന്നും നിങ്ങളുടെ ഒക്കെ ബാക്കിയാണെനിക്ക്‌ ഇന്നു എന്റെ ബാക്കിയാണ്‌ നിങ്ങള്‍‌ക്ക്‌...'

ഭാഷയോടുള്ള എന്റെ താല്‍‌പര്യത്തെ ഏറെ പ്രശംസിക്കുമായിരുന്നു.ഒരിക്കല്‍ ഐ.സി.ആര്‍‌.സിയില്‍ അബ്‌സാറിന്റെ പുസ്‌തക പ്രകാശനം നടക്കാനിരിക്കുന്ന ഒരു ചടങ്ങില്‍ ഇതര ഭാഷക്കാരും എം‌ബസി ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നതിനാല്‍ ഇം‌ഗ്ലീഷിലായിരുന്നു പ്രസം‌ഗിക്കേണ്ടിയിരുന്നത്.വളരെ ഭം‌ഗിയായി അതിന്റെ നോട്ട്‌സുകള്‍ തയാറാക്കി അതിന്റെ അവതരണ രീതിയെ കൃത്യമായി പഠിപ്പിച്ചു തരികയും ചെയ്‌തതു ഇന്നലെ കഴിഞ്ഞതു പോലെ ഓര്‍‌മ്മയില്‍ ഓടിയെത്തുന്നു.

മാസങ്ങള്‍‌ക്കു മുമ്പ്‌ ദീര്‍ഘ നേരം വീട്ടു വരാന്തയില്‍ സംസാരിച്ചിരുന്നപ്പോളും പഴങ്കഥകള്‍ പലതും ഓര്‍‌മ്മിച്ചെടുത്തിരുന്നു.ചില ചികിത്സാ രീതികളെ കുറിച്ച്‌ അഭിപ്രായപ്പെട്ടപ്പോള്‍ എല്ലാ പരീക്ഷണവും കഴിഞ്ഞിരിക്കുന്നു.ഇനിയൊന്നും വേണ്ട'എന്നായിരുന്നു മറുപടി.

സരസനും സഹൃദയനുമായ അബൂബക്കര്‍ അമ്പലത്ത്‌ യാത്രയായിരിക്കുന്നു.പരിശുദ്ധ റമദാനിന്റെ മഹനീയമായ ദിനങ്ങളില്‍ അല്ലാഹു അദ്ധേഹത്തെ അനുഗ്രഹിച്ചിരിക്കുന്നു.ദീര്‍‌ഘ നാളത്തെ രോഗ പീഡയും ആത്മ സം‌ഘര്‍‌ഷവും പാപമോചനത്തിനു കാരണമാകുമാറാകട്ടെ.അല്ലാഹു പരേതന്റെ പരലോകം ശാന്തി പൂര്‍‌ണ്ണമാക്കിക്കൊടുക്കുമാറാകട്ടെ.

അസീസ്‌ മഞ്ഞിയില്‍