Monday, December 19, 2016

മുഹമ്മദ്‌ ഫാസില്‍ ഓര്‍‌മ്മയായിരിക്കുന്നു

2016 ഡിസം‌ബറില്‍.ഉലഞ്ഞുടഞ്ഞ പൂക്കളും പൂങ്കാവനവും.സങ്കടപ്പെരുമഴയുടെ സംഗീതം കാതോര്‍‌ത്ത്‌ മരക്കൊമ്പിലമര്‍ന്നിരിക്കുന്ന പൈങ്കിളികളും.വിങ്ങിപ്പൊട്ടുന്ന സായാഹ്നം.സുധീരനായ കൗമാരക്കാരന്‍ മുഹമ്മദ്‌ ഫാസില്‍ വിടരും മുമ്പേ അടര്‍ന്നു വീണ നിമിഷങ്ങള്‍.

ആത്മവിശ്വാസത്തിന്റെയും അതിലേറെ ശുഭ പ്രതീക്ഷയുടെയും കരുത്തില്‍ വേദനയുടെ വേനലിലും കുരുത്ത്‌ നില്‍‌ക്കുകയായിരുന്നു മുഹമ്മദ്‌ ഫാസില്‍.ആശ്വസിപ്പിക്കുന്നവരുടെ സഹതാപ ധൂമത്തെ നിഷ്‌കളങ്കമായ വിശ്വാസ നൈര്‍‌മല്യം പ്രസരിപ്പിച്ച്‌ തൂത്തെറിയാന്‍ ഫാസിലിനു കഴിയുമായിരുന്നു.ആയുസ്സുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പരിഭവവും ഈ കൗമാരക്കാരനുണ്ടായിരുന്നില്ല.അല്ലാഹു തനിക്ക്‌ വിധിച്ചതെന്താണെങ്കിലും സ്വീകരിക്കാന്‍ ഫാസിലിന്റെ മനസ്സും ശരീരവും പാകപ്പെട്ടിരുന്നു.

തന്നെച്ചൊല്ലി മറ്റുള്ളവര്‍ വേദനിക്കുന്നതിലും പ്രയാസപ്പെടുന്നതിലും വല്ലാതെ അസ്വസ്ഥത മുഹമ്മദ്‌ ഫാസിലിന്റെ പ്രകൃതമായിരുന്നു.ഉമ്മയോട്‌ ഭയപ്പെടേണ്ട കാര്യമില്ലെന്നും യാത്രയാകാന്‍ നാഴികകള്‍ മാത്രമാണുള്ളതെന്നും വെള്ളിയാഴ്‌ച പകലില്‍ തന്നെ ഫാസില്‍ ഓര്‍‌മ്മപ്പെടുത്തിയിരുന്നു.ഉമ്മൂമയും ഉമ്മയും ഉണ്ണികളും സഹോദരങ്ങളും ബന്ധുമിത്രാധികളും അവസാനയാത്രയ്‌ക്ക്‌ കണ്‍‌പാര്‍‌ത്ത്‌ തനിക്ക്‌ ചുറ്റും ഉണ്ടാവണമെന്ന ശാഠ്യം പലപ്പോഴും ഹൃദയഭേദകം എന്നതിനുമപ്പുറമുള്ള മാനങ്ങള്‍ കൈവരിച്ചിരുന്നു.

അന്ത്യ നിമിഷങ്ങളില്‍ ഒരു കുതിര സവാരിക്കാരന്റെ കിതപ്പും കുതിപ്പും പ്രകടമായിരുന്നു.ഇത്‌ ബോധം നഷ്‌ടപ്പെട്ടവന്റെ ഗോഷ്‌ഠികളായിരുന്നില്ലെന്നു തിരിച്ചറിയാന്‍ ഫാസിലിന്റെ ഉമ്മൂമയ്‌ക്ക്‌ കഴിഞ്ഞിരുന്നു.ആഘോഷ മൈതാനങ്ങളില്‍ നിഷ്‌കളങ്കരായ പൈതങ്ങള്‍ ഇഷ്‌ടപ്പെട്ട കളിക്കോപ്പുകള്‍ കണ്ട്‌ കൊഞ്ചും വിധം ഉത്സാഹഭാവത്തോടെ...അവന്‍ പറന്നകലുകയായിരുന്നു.ഉമ്മൂമ പകര്‍‌ന്നു കൊടുത്ത ദാഹജലം കൊണ്ട്‌ തൊണ്ട നനച്ച്‌,സര്‍‌വലോക പരിപാലകനായ നാഥന്റെ സ്‌മരണകള്‍ കൊണ്ട്‌ ചുണ്ട്‌ നനച്ച്‌ ഫാസില്‍ ശാന്തനായി വിടപറഞ്ഞു.

പ്രകൃതിരമണീയമായ പാടൂര്‍ പള്ളി പരിസരത്ത്‌ ഒരു തണ്ണീര്‍തടത്തിന്റെ ചാരത്ത്‌ തണലിട്ട മരച്ചുവട്ടില്‍ ഒരുക്കിയ ഖബറിടത്തില്‍ ഫാസിലിന്റെ ഭൗതിക ശരീരം ഖബറടക്കിയിരിക്കുന്നു. അനശ്വരമായ സ്വര്‍‌ഗീയ വിതാനത്തില്‍ മുഹമ്മദ്‌ ഫാസില്‍ ഓര്‍‌മ്മയായിരിക്കുന്നു.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.