Sunday, January 1, 2017

പുതിയ പുലരി

സംസ്‌കൃതമായ സമൂഹത്തില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ സ്വാഗതാര്‍ഹമാണ്‌.എന്നാല്‍ ഒറ്റപ്പെട്ട ചര്‍ച്ചകളില്‍ പോലും അപരനെ തോല്‍പ്പിക്കുക എന്ന തരത്തിലാണ്‌ സംഭാഷണങ്ങള്‍ നടക്കുന്നത്‌.ഇതു ഗുണത്തേക്കാള്‍ ദോഷം മാത്രമേ ജനിപ്പിക്കുകയുള്ളൂ.ഗ്രാമീണ പ്രാദേശിക സംവിധാനം ദുര്‍ബലപ്പെടരുതെന്ന ഉറച്ച ബോധ്യവും ബോധവും നമുക്കുണ്ടായിരിക്കണം.വീക്ഷണ വൈകൃതങ്ങള്‍ എന്ന സങ്കല്‍പത്തിനു പകരം വീക്ഷണ വൈവിധ്യങ്ങള്‍ എന്ന ഉയര്‍ന്ന വിതാനം കാത്തു സൂക്ഷിക്കുമ്പോള്‍ മാത്രമേ ആരോഗ്യകരമായി സംവാദം സാധ്യമാകുകയുള്ളൂ.

നാട്ടിലും പ്രവാസത്തിലും ഗ്രാമവും ഗ്രാമീണരുമായും ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളില്‍ ഇടപഴകാനും ഇടപെടാനും അവസരമുണ്ടായിട്ടുണ്ട്‌.എന്റെ വീക്ഷണ വ്യത്യാസങ്ങള്‍ ഒരിക്കലും ഇത്തരം സംരംഭങ്ങളില്‍ സജീവമാകുന്നതിനു തടസ്സമായിട്ടില്ല.ഒരു വേള തെറ്റിദ്ധരിക്കപ്പെട്ട്‌ അവഗണിക്കപ്പെട്ട സാഹചര്യങ്ങളിലും സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.

വീക്ഷണ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്‌.ഐക്യവും ഏകോപനവും സങ്കല്‍പവും.വീക്ഷണ വ്യത്യാസം എന്ന യാഥാര്‍ഥ്യത്തെ സങ്കല്‍പമായും ഏകോപനം എന്ന സങ്കല്‍പത്തെ യാഥാര്‍ഥ്യമായും കാണുന്ന അവസ്ഥ ആദ്യം മാറണം.

ഗ്രാമീണ കൂട്ടായ്‌മ സംവിധാനം ഏറെ ശക്തമാകുക തന്നെവേണം.നാടിന്റെ പൊതു കാര്യങ്ങളില്‍ ബുദ്ധിപൂര്‍വകമായ തിരുമാനങ്ങളെടുക്കാന്‍ പ്രാപ്‌തരായ ഒരു സമിതി ഉണ്ടായിരിക്കണം.സാമൂഹിക രാഷ്‌ട്രീയ മതബോധമുള്ള എല്ലാ ആശയക്കാരും ഉള്‍കൊള്ളുന്ന വ്യക്തിത്വങ്ങള്‍ ഈ സംവിധാനത്തെ നയിക്കുന്ന അവസ്ഥയും സംജാതമാകണം.ഇത്തരം ചുവടുവെപ്പുകള്‍ക്ക്‌ ഇനിയും താമസിക്കരുതെന്നാണ്‌ വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്‌.'ആരാന്റെമ്മയ്‌ക്ക്‌ പിരാന്തുണ്ടായാല്‍ കാണാന്‍ നല്ല ശേലിന്‌' വിരാമമിടുക തന്നെ വേണം.

സമൂഹത്തില്‍ അരക്ഷിതാവസ്ഥയും അസ്വാരസ്യങ്ങളും പുകയ്‌ക്കുന്ന പ്രക്രിയകളില്‍ നിന്നും വിട്ടു നില്‍‌ക്കുക.ആവേശത്താല്‍ കത്തിപ്പടരാതെ അവധാനതയോടെയുള്ള സമീപനങ്ങളിലേയ്‌ക്ക്‌ ചുവടുകള്‍ മാറ്റുക.നന്മയിലേക്കൊഴുകാന്‍ പ്രതിജ്ഞാ ബദ്ധരാകുക.നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.
ആശം‌സകളോടെ..

അസീസ്‌ മഞ്ഞിയില്‍