Sunday, January 22, 2017

വാടാത്ത പുഞ്ചിരി

തിളങ്ങുന്ന പഴങ്കഥകളില്‍ ഒളിഞ്ഞിരിക്കുന്ന നര്‍‌മ്മ വര്‍ത്തമാനങ്ങളിലെ പ്രസന്ന വദനന്‍ ഇനി ഓര്‍‌മ്മ മാത്രം.പൈങ്കണ്ണിയൂരിലെ  ഉമറലി പുളിക്കല്‍, സഹൃദയരുടെയൊക്കെ ഉമറലിക്ക അല്ലാഹുവിലേയ്‌ക്ക്‌ യാത്രയായി.

ഉദയം പഠനവേദിയുടെ പഴയ കാല ഏടുകളിലെ എ.വി ഹം‌സ,എന്‍.കെ മുഹിയദ്ധീന്‍,ആര്‍.വി അബ്‌ദുല്‍ മജീദ്,എം.എന്‍ മുഹമ്മദ്,എന്‍.പി്‌ അഷറഫ്,വി.വി്‌ അബ്‌ദുല്‍ ജലീല്‍,എം.എ അക്‌ബര്‍,കെ.കെ ഹുസൈന്‍,പി.എ നൗഷാദ്,കെ.എച്‌ കുഞ്ഞു മുഹമ്മദ്‌,എം.എം അബ്‌ദുല്‍ ജലീല്‍, തുടങ്ങിയ സഹ പ്രവര്‍‌ത്തകര്‍ക്കിടയിലെ സരസന്‍ ഓര്‍‌മ്മയായി.
ഉദയം പഠനവേദിയുടെ ശിഖിരത്തില്‍ പ്രവാസ കാലത്ത്‌ കൂടു കൂട്ടിയവര്‍ നിരവധിയത്രെ.പിന്നീട്‌ മറ്റു ചില ശാഖകളിലേയ്‌ക്കും ചില്ലകളിലേയ്‌ക്കും കൂടുമാറിയവരും.പുതിയ ചില്ലകളില്‍ കൂടൊരുക്കി കൊത്തിക്കൊറിച്ചും ചിറകടിച്ചും കലപില കൂട്ടിയും തങ്ങളുടെ സങ്കല്‍‌പങ്ങളുടെ മാനത്ത് പറന്നു തുടങ്ങുമ്പോള്‍ പക്ഷം തളര്‍‌ന്നു വീഴുകയാണ്‌ പലരും.സഹൃദയനായ അബൂബക്കര്‍ക്കയുടെ പിന്നാലെ ഇതാ വാടാത്ത പുഞ്ചിരിയുടെ ആള്‍‌ രൂപം ഉമറലിക്കയും പറന്നകന്നിരിക്കുന്നു.

തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും മറ്റും ഉദയം ഗ്രൂപ്പില്‍ കൊടുത്ത വാര്‍‌ത്ത ജനുവരി 21 ന്‌  കാലത്ത്‌  ഉമ്മറലിക്കാടെ ഫോണില്‍ വായിക്കപ്പെട്ടിട്ടുണ്ട്‌.പ്രസ്ഥാനത്തിന്റെ സമ്മേളന നഗരിയിലേയ്‌ക്ക്‌ കണ്ണും കാതും കൂര്‍‌പ്പിച്ചിരിക്കേ മഹാ സമ്മേളനത്തിലേയ്‌ക്ക് അദ്ധേഹം യാത്രയായിരിക്കുന്നു.ഓര്‍‌ത്തിരിക്കാത്തപ്പോള്‍ ഓടിയെത്തുന്ന മരണത്തിനു മായ്‌ക്കാന്‍ കഴിയാത്ത ഓര്‍‌മ്മകളുമായി ഉമ്മറലിക്ക വിട പറഞ്ഞിരിക്കുന്നു.

ശ്വാസകോശ സം‌ബന്ധമായ പ്രയാസങ്ങള്‍ ദീര്‍‌ഘകാലമായി അദ്ധേഹത്തെ അലട്ടിയിരുന്നു.പ്രയാസങ്ങള്‍ ഏറിയും കുറഞ്ഞും എങ്കിലും പറയത്തക്ക ശാരീരികാസ്വസ്ഥതകളില്‍ നിന്നും മുക്തനായി കഴിയുകയായിരുന്നു.ദേഹാസ്വസ്ഥത്തെ തുടര്‍ന്ന്‌ ജനുവരി 21 കാലത്ത്‌ തൃശൂര്‍ അമലയിലേക്ക്‌ കൊണ്ടു പോകുമ്പോള്‍ വഴി മധ്യേ ആയിരുന്നു അന്ത്യം സം‌ഭവിച്ചത്‌ എന്നാണ്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞത്‌.

ആരോടും പുഞ്ചിരിയോടെ മാത്രം സമീപിക്കുന്ന സഹൃദയൻ.പരിചയപ്പെട്ടവർക്ക് ആർക്കും മറക്കാൻ കഴിയാത്ത വ്യക്‌തിത്വം.ഇങ്ങനെ വാടാത്ത പുഞ്ചിരിയുടെ ഉടമയായിരുന്നെന്നു എല്ലാവരും തങ്ങളുടെ സന്ദേശങ്ങളില്‍ ഓര്‍‌മ്മിക്കുന്നു.അവധി കഴിഞ്ഞു യാത്ര പറഞ്ഞു പോരുമ്പോള്‍ അവസാനത്തെ യാത്ര പറിച്ചിലാണെന്നു ആരും നിനച്ചില്ല.

സുഹൃത്തുക്കളും പ്രവര്‍‌ത്തകരും സങ്കടത്തോടെയാണ്‌ സഹൃദയന്റെ വിയോഗ വാര്‍‌ത്ത വായിച്ചതും കേട്ടതും.പഴയ ഉദയം അന്തേവാസികളായിരുന്ന മൊയ്‌തീന്‍ മാഷ്‌ ചെര്‍‌പളശ്ശേരി അബ്‌ദുല്‍ കരീം പേരാമ്പ്ര,അഷറഫ്‌ എന്‍.പി,കുഞ്ഞു മുഹമ്മദ്‌ പാടൂര്‍, ഇഖ്‌ബാല്‍ ചേറ്റുവ,സലീം ഹൈകി തുടങ്ങിയവര്‍ തങ്ങളുടെ ദുഖം പങ്കു വെച്ചു.ഒരുമിച്ച്‌ സേവന സം‌രം‌ഭങ്ങളില്‍ പ്രവര്‍‌ത്തിച്ച അക്‌ബര്‍ എം.എ, അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,റഷിദ്‌ പാവറട്ടി എന്നിവര്‍ തങ്ങളുടെ തൂലികകളിലൂടെ വാചാലരായി.

രണ്ട്‌ വ്യാഴവട്ടത്തിലധികമായി പ്രവാസം മതിയാക്കി നാട്ടിലെത്തിയിട്ട്‌.ചെറിയ രീതിയില്‍ ഒരു കച്ചവടമൊക്കെയായി കഴിയുകയായിരുന്നു.പ്രവാസ കാലത്ത്‌ ഉദയം പഠന വേദി ആസ്ഥാനത്തായിരുന്നു താമസിച്ചിരുന്നത്‌.ഉദയം പഠന വേദിയുടെ രൂപീകരണം മുതല്‍ അതിന്റെ സഹകാരിയും സഹചാരിയുമായിരുന്നു.നാട്ടില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പാവറട്ടി ഹല്‍‌ഖയിലും അനുബന്ധ സാമുഹിക സേവന സം‌വിധാനങ്ങളിലും ആവും വിധം സജീവമായി പ്രവര്‍‌ത്തന രം‌ഗത്തുണ്ടായിരുന്നു.പാവറട്ടി കേന്ദ്രമായി പ്രവര്‍‌ത്തിക്കുന്ന ഖുബ ട്രസ്റ്റിന്റെ അം‌ഗമായിരുന്നു.നൂര്‍‌ജഹാനാണ്‌ ഭാര്യ.മക്കള്‍:-ലിനി, ലിജി, ഫജർ, ഫർഹ മരുമക്കള്‍:-ഷൗക്കത്, ബിലാൽ.
പരേതന്‌ അല്ലാഹു പരലോക സൗഖ്യം നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ.