Tuesday, February 21, 2017

ഒരു ദുസ്വപ്‌നം കണ്ടുണര്‍ന്നപ്പോള്‍

1980 മുതല്‍ ജലകണം എന്നര്‍ഥമുള്ള ഈ മനോഹരമായ ഉപദ്വീപില്‍ എത്തിയ ഒരാളാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌.2000 വരെ കുടും‌ബം ഇവിടെ ഉണ്ടായിരുന്നു.കുടും‌ബം നാട്ടിലേയ്‌ക്ക്‌ കൂടുമാറിയതു മുതല്‍ ഈയുള്ളവനടക്കമുള്ള സുഹൃത്തുക്കള്‍ ഈ രാജ്യത്തിന്റെ ഹൃദയം എന്നറിയപ്പെടുന്ന സ്ഥലത്താണ്‌ താമസം.ആദ്യമൊക്കെ കൂടെ ഉണ്ടായിരുന്ന പലരും നാടു പിടിച്ചു.ഇക്കഴിഞ്ഞ വര്‍‌ഷങ്ങളില്‍ പ്രസ്‌തുത പ്രദേശം കിഴക്കനേഷ്യന്‍ രാജ്യക്കാരുടെ വലിയ താവളമായി മാറിയിട്ടുണ്ട്‌.മാന്യമായി സ്വൈര്യമായി ഒരു വേള ശുദ്ധിയും ശുചിത്വവും ഒക്കെ ഉള്ള സം‌സ്‌കാര സമ്പന്നര്‍‌ക്ക്‌ യോജിച്ച ഇടമല്ലാതായി ഈ പദ്ധതി പ്രദേശം എന്നതാണ്‌ സത്യം.ഞങ്ങള്‍ പഴയ താമസക്കാര്‍ പുതിയ സ്ഥലവും സങ്കേതവും ലഭിക്കുന്ന മുറയ്‌ക്ക്‌ താമസം മാറ്റുകയും ചെയ്യും.ഇന്‍‌ശാ അല്ലാഹ്.ഇനി കഥയിലേയ്‌ക്ക്‌ കടക്കാം.

2017 മെയ്‌ 23 ജിവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അര്‍ദ്ധ രാത്രിയായിരുന്നു.ഫ്ലാറ്റിലെ മൂന്നു റൂമുകളിലായി പത്തംഗങ്ങള്‍ ഉണ്ട്‌.ഞങ്ങള്‍ എല്ലാവരും ഉറങ്ങുകയായിരുന്നു.കൂട്ടത്തില്‍ ഒരു സീനിയര്‍ സിറ്റിങ് റൂമിലാണ്‌ രാത്രി വിശ്രമം.ഫ്ലാറ്റിലെ മെയിന്‍ വാതിലില്‍ ശക്തിയായി പ്രഹരിക്കുന്ന ശബ്‌ദം കേട്ട്‌ ഇദ്ധേഹം ഉണര്‍‌ന്നു ഉച്ചത്തില്‍ നിലവിളിച്ചു. വാതില്‍ ചവിട്ടിപ്പൊളിച്ച്‌ രണ്ട്‌ മൂന്നു യൂനിഫോം ധാരികളും കൂട്ടത്തില്‍ 2 കിഴക്കനേഷ്യക്കാരും അനധികൃതമായി അകത്തേയ്‌ക്ക്‌ പ്രവേശിക്കുകയായിരുന്നു.വന്നവരില്‍ സീനിയര്‍ ആയിരിക്കണം അക്രോശത്തോടെ ഐ.ഡി ചോദിച്ചു.മാത്രമല്ല ഒന്നും പ്രതികരിച്ച് സംസാരിക്കരുതെന്ന തരത്തിലായിരുന്നു പിന്നെയുള്ള ഇടപെടല്‍.ഓരോ റൂമിലും കയറി കയര്‍‌ക്കുകയും ഒച്ച വെയ്‌ക്കുകയും ചെയ്‌തു കൊണ്ടിരുന്നു.എല്ലാവരേയും റൂമിന്റെ മെയിന്‍ കാവാടത്തിനടുത്തേയ്‌ക്ക്‌ വിളിച്ചു വരിയായി നിര്‍ത്തി ഒരോരുത്തരുടെയും ഐ.ഡി പരിശോധിച്ചു.ചവിട്ടിപ്പൊളിച്ച വാതില്‍ കണ്ട്‌ അന്തം വിട്ട്‌ നില്‍‌ക്കാനല്ലാതെ ഒന്നിനും ഞങ്ങള്‍‌ക്കാകുമായിരുന്നില്ല.അന്തസ്സോടെ ജോലിയൊക്കെയായി താമസിക്കുന്നവരാണ്‌ ഞങ്ങള്‍ എന്നു ശാന്തമായി ഞാന്‍ പറയാന്‍ ശ്രമിച്ചു.

നിയമ പാലകര്‍‌ക്ക്‌ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനെ നമുക്ക്‌ അംഗീകരിക്കാം.പക്ഷെ തികച്ചും അന്യായമായ രീതിയില്‍ ഭീതി വിതച്ചു കൊണ്ട് നടത്തപ്പെട്ടതിന്റെ നടുക്കത്തില്‍ നിന്നും ഇപ്പോഴും ഞങ്ങളാരും മുക്തരായിട്ടില്ല.

ഈ രാജ്യത്തെ മന്ത്രാലയങ്ങളിലും അറിയപ്പെടുന്ന കമ്പനികളിലും ഒക്കെ ഉത്തരവാദപ്പെട്ട ജോലികള്‍ നിര്‍വഹിക്കുന്നവരാണ്‌ ഈ ഫ്ലാറ്റില്‍ ഉള്ളവര്‍.

ഈ പ്രദേശത്തിന്റെ ദൗര്‍‌ഭാഗ്യകരമായ അവസ്ഥയില്‍ ആകെയുണ്ടായിരുന്ന ആശ്രയവും ആശ്വാസവും നിയമപാലകരിലുള്ള വിശ്വാസമായിരുന്നു.എന്നാല്‍ അവര്‍ പോലും ഇത്തരത്തിലാണെന്ന്‌ ബോധ്യപ്പെട്ട നിമിഷം മുതല്‍ സുരക്ഷിതത്വം നഷ്‌ടപ്പെട്ട അവസ്ഥയിലാണ്‌ ഞങ്ങള്‍.ഞങ്ങളാരും ഈ വിഷയം ഞങ്ങളുടെ സ്ഥാപനങ്ങളില്‍ പോലും ലജ്ജകാരണം ഇതുവരെ അറിയിച്ചിട്ടില്ല.രാജ്യത്തെ പാസ്‌പോര്‍‌ട്ട്‌ ഓഫിസ്‌ തലവന്‍ വര്‍‌ഷങ്ങളായി പരിചയമുള്ള എന്റെ വളരെ അടുത്ത സുഹൃത്താണ്‌.അദ്ധേഹത്തെ വിളിക്കുകയൊ നേരില്‍ കാണുകയൊ വേണമെന്നു പോലും നിനച്ചു.ഒടുവില്‍ വേണ്ടെന്നു വെക്കുകയായിരുന്നു.

വേലി തന്നെ വിള തിന്നാനൊരുങ്ങിയാല്‍ ഇനി എന്തുവേണം എന്ന ഉത്തരമില്ലാത്ത ചോദ്യം  പങ്കു വെച്ചു കൊണ്ട്‌ ചുരുക്കുന്നു.