Saturday, January 2, 2010

മിഠായി നുണയുന്ന നോമ്പോര്‍മ്മ

മിഠായി നുണയുന്ന നോമ്പോര്‍മ്മ ...
കുട്ടിക്കാലത്തെ നോമ്പനുഭവം ഓര്‍‌ക്കാന്‍ ശ്രമിക്കുമ്പോഴേക്കും ഭൂതകാലത്തേയ്‌ക്ക്‌ മനസ്സ്‌ പാഞ്ഞുപോയി.മഞ്ഞിയില്‍ പള്ളിപ്പരിസരം തെളിഞ്ഞുവരാത്ത ബാല്യകാലാനുഭവം ഇല്ലന്നതത്രെ സത്യം ഒരേ വളപ്പില്‍ തന്നെയാണ്‌ പള്ളിയും വീടും .ദുഹര്‍ നമസ്‌കാരത്തിന്‌ മുമ്പ്‌ ഹൌദിന്‍ കരയിലിരുന്ന്‌ തുടരെത്തുടരെ മുഖം കഴുകിക്കൊണ്ടിരിയ്‌ക്കുമ്പോള്‍ ഉസ്‌താദ്‌ പറയും " ഇക്കോലത്തില്‍ വുദു എടുക്കുകയാണെങ്കില്‍ നോമ്പ്‌ നോമ്പിന്റെ പാട്ടിന്‌ പോകും ".അസ്വര്‍ നമസ്‌കാരം കഴിഞ്ഞാല്‍ പള്ളിക്കോലായയിലാണ്‌ ഞങ്ങളുടെ വിഹാരം.

അല്‍പം മുതിര്‍ന്നവര്‍ പള്ളിമുറ്റത്ത്‌ ചായയും തരിക്കഞ്ഞിയും ഒരുക്കുന്ന തിരക്കിലായിരിയ്‌ക്കും .തുമ്പോലയും കൊതുമ്പും ചിരട്ടയും ഒക്കെ ശേഖരിക്കുന്ന പണികളൊക്കെ കുട്ടിക്കുറുമ്പന്മാരുടെ ചുമതലയായിരുന്നു. മണ്‍കൂജയില്‍ വെള്ളം ശേഖരിക്കുന്ന പണി  ഈയുള്ളവന്റെ മാത്രം ഉത്തരവാദിത്തമായിരുന്നു.

കിണറ്റിന്‍ കരയില്‍ പോയി വെള്ളം ശേഖരിച്ച്‌ പള്ളിത്തിണ്ണയിലെ നനഞ്ഞ ചാക്കിന്‍ തെരികയില്‍ കൊണ്ടുവന്ന്‌ വെച്ച്‌ കുറച്ച്‌ നേരം അവിടെത്തന്നെ നില്‍ക്കും . കാരണവന്മാര്‍ ആരെങ്കിലും എന്തെങ്കിലും ഒന്ന്‌ പറയണം .അത്രേ ഉള്ളൂ.ആഹ്‌ളാദഭരിതനായി വീട്ടിലേയ്‌ക്ക്‌ ഓടാനൊരുങ്ങുമ്പോഴേയ്‌ക്കും കുശുമ്പന്മാര്‍ വെടിപൊട്ടിച്ചിരിയ്‌ക്കും .അവന്റെ ദാഹമൊക്കെ നല്ലോണം തീര്‍ത്തിട്ടാ ഈ സേവന പരിപാടി "

വീട്ടില്‍ ചെന്ന്‌ സങ്കടം പറയുമ്പോള്‍ ഉമ്മ പറയും ഇനി ബാങ്ക്‌ കൊടുക്കുമ്പോള്‍ പോയാല്‍ മതി .നോമ്പെടുക്കുന്നതിന്റെ പേരിലുള്ള പ്രത്യേക പാരിതോഷികമായി ഉപ്പയില്‍ നിന്ന്‌ ലഭിക്കുന്ന കപ്പലണ്ടി മിഠായിയും തേന്‍നിലാവും പൊതിയഴിച്ച്‌ തിരിച്ചും മറിച്ചും നോക്കി പൂമുഖത്തിണ്ണയിലിരിയ്‌ക്കുമ്പോള്‍ വെല്ലിത്ത ചിരിച്ച്‌ കൊണ്ട്‌ പറയും " അതിങ്ങനെ നോക്കിയിരിയ്‌ക്കണ്ട നോമ്പ്‌ മുറിയും " പിറു പിറുത്തുകൊണ്ട്‌ പള്ളിയിലേയ്‌ക്ക്‌ തന്നെ വീണ്ടും ഓടും .ബാങ്ക്‌ വിളിക്കുന്നതിന്റെ പത്ത്‌ മിനിറ്റ്‌ മുമ്പ്‌ തന്നെ കാരക്കച്ചീളുകള്‍ വിതരണം ചെയ്‌തിരിയ്‌ക്കും .ഒരു കപ്പ്‌ ചായയും ഒരു പൊന്തപ്പത്തിന്റെ പകുതിയും.നിസ്‌കരിച്ച്‌ കഴിഞ്ഞാല്‍ തരിക്കഞ്ഞിയും .ഇതായിരുന്നു പതിവ്‌ .

തറാവീഹിന്‌ വരുന്നവര്‍ക്ക്‌ ജീരകക്കഞ്ഞി വിളമ്പും .പലരും മുടങ്ങാതെ പള്ളിയില്‍ വരുന്നത്‌ പോലും കഞ്ഞികുടിക്കാനായിരുന്നു.മണ്‍ പാത്രത്തിലായിരുന്നു കഞ്ഞി വിളമ്പിയിരുന്നത്‌.ചിരട്ടക്കയിലുണ്ടായാലും അധികപേരും മോന്തിക്കുടിക്കാനാണ്‌ ഇഷ്‌ടപ്പെട്ടിരുന്നത്.

വ്യാഴാഴ്‌ചകളിലെ നോമ്പ്‌ തുറ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച്‌ ചില പ്രത്യേകതകളൊക്കെയുണ്ടാകും .ഏതെങ്കിലും ഇനത്തിലുള്ള പഴങ്ങള്‍ ആവിയില്‍ വേവിച്ച അട ശര്‍ക്കരചേര്‍ത്ത അരിയുണ്ട തുടങ്ങിയ വിശേഷ വിഭവങ്ങള്‍ വെള്ളിയാഴ്‌ചരാവില്‍ മാത്രം വിളമ്പുന്ന പലഹാരങ്ങളായിരുന്നു.ഈ ദിവസങ്ങളില്‍ നോമ്പ്‌ തുറക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവ്‌ ഉണ്ടാകും .

ഉച്ചവരെ നോമ്പെടുക്കുന്ന ദിവസങ്ങളും അസ്വര്‍ വരെ എത്തുന്ന ദിവസങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്‌. എന്നാല്‍ വ്യാഴാഴ്‌ചകളിലെ നോമ്പില്‍ ഇത്തരം ഇളവുകളൊന്നും അനുവദിച്ച്‌ കിട്ടുമായിരുന്നില്ല.

റമദാനിന്റെ ആദ്യദിവസങ്ങളിലുള്ള അത്യാവേശം പിന്നീടുള്ള ദിവസങ്ങളില്‍ ഉണ്ടാകാറില്ല.കൃത്യമായിപ്പറഞ്ഞാല്‍ റമദാന്‍ 17 കഴിയുന്നതോടെ രാത്രി നമസ്‌കാരത്തിനെത്തുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിയ്‌ക്കും .ഇരുപത്തിയേഴാം രാവില്‍ വീണ്ടും പള്ളി നിറഞ്ഞുകവിയും .നേര്‍ച്ചയായി അപ്പങ്ങളും വറവുകളും ചിലര്‍ കൊണ്ട്‌ വരും പിന്നീടുള്ള ദിവസങ്ങളില്‍ തറാവീഹിന്‌ ശേഷവും കുറെ നേരം ആളുകള്‍ പള്ളിയിലുണ്ടാകും.നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ചര്‍ച്ചാവിഷയമാകും  മാസപ്പിറവിയുടെ വിദൂര സാധ്യതകളും.

ഈദുല്‍ ഫിത്വര്‍ ഒന്നും രണ്ടും മൂന്നും കഴിയുന്നതോടെ പള്ളിയും പരിസരവും ശാന്തമാകും.ആട്ടം കഴിഞ്ഞ അരങ്ങുപോലെ.

മാധ്യമം പ്രസിദ്ധീകരിച്ചത്