Thursday, July 20, 2017

ഭാഷ ഒരു മുഖവുര

കലാലയ വിദ്യഭ്യാസം പൂര്‍‌ണ്ണമാവുന്നതിനു മുമ്പു പ്രവാസിയാകാന്‍ വിധിക്കപ്പെടുകയും വിദൂര വിദ്യാഭ്യാസം വഴി പൂര്‍ത്തീകരിക്കപ്പെടുകയുമായിരുന്നു.മദ്രസ്സ പഠനത്തിനു ശേഷം ഏകദേശം രണ്ട്‌ വര്‍ഷത്തെ ദര്‍സ്സ്‌ വിദ്യാഭ്യാസമായിരുന്നു മത പഠന മേഖലയിലെ ചരിതം.കൗമാരക്കാലം മുതലുള്ള വായന തന്നെയായിരിയ്‌ക്കാം ഒരു പക്ഷെ ജിവിതത്തെ കുറെയൊക്കെ സാര്‍‌ഥകമാക്കാന്‍ സഹായിച്ച പ്രധാന ഘടകം.അറബി ഭാഷയില്‍ വലിയ പ്രാവീണ്യമില്ലെങ്കിലും കുറെയൊക്കെ സ്വായത്തമാക്കാന്‍ സാധിച്ചിട്ടുണ്ട്‌.പ്രാഥമികമായ അറബി പഠനം നടത്തിയിട്ടുള്ളവരെ സം‌ബന്ധിച്ചിടത്തോളം ആത്മാര്‍ഥമായ ഒരു ശ്രമം നടത്തിയാല്‍ അനായാസം സാധിക്കുന്നതത്രെ അറബി പഠനം.ഖുര്‍‌ആന്‍ പരായണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍തന്നെ തര്‍‌ജ്ജമ വായിക്കാന്‍ സമയം കണ്ടെത്തുകയും,ആശയങ്ങളെ വ്യന്യസിപ്പിച്ച രീതി പഠന മനസ്സോടെ നിരീക്ഷണം നടത്തുകയും ചെയ്‌താല്‍ പോലും അറബി ഭാഷാ പഠനം പുരോഗമിപ്പിക്കാനാകും.അഥവാ ഇങ്ങനെയായിരുന്നു എന്റെ അറബി ഭാഷാ പഠന ചരിതം. കൂടാതെ മദീന ഓണ്‍ലൈന്‍ അറബിക് പഠന സഹായിയും ഏറെ ഫലപ്രദമാണെന്നാണ്‌ അനുഭവം.ഭാഷാ പഠനത്തിനു പ്രേരമാകാന്‍ സാധ്യയുള്ള ഒരു മുഖവുര ഇവിടെ കുറിക്കട്ടെ.

അറബിയില്‍ ഇരുപത്തിയൊമ്പത് അല്‍‌ഫബറ്റ് അക്ഷരങ്ങളാണുള്ളത്.ഇം‌ഗ്‌ളീഷില്‍ സം‌ഭാഷണത്തിന്റെ  ഭാഗമായി (നൗണ്‍,പ്രൊ-നൗണ്‍,വെര്‍‌ബ്‌, അഡ്‌ജക്‌ടീവ്,ആഡ്‌-വെര്‍‌ബ്‌,പ്രിപോസിഷന്‍,കണ്‍ജക്‌ഷന്‍,ഇന്റര്‍ജക്‌ഷന്‍.) എന്നിങ്ങനെ 8 വിഭാഗമുള്ളപ്പോള്‍ അറബിയില്‍ 3 വിഭാഗമേ ഉള്ളൂ.(നൗണ്‍,വെര്‍ബ്,പാര്‍‌ടിക്കല്‍) നൗണിന്റെ അനുബന്ധമായി അഡ്‌ജക്‌ടീവ്,ആഡ്‌-വെര്‍‌ബ്‌,പ്രിപോസിഷന്‍,കണ്‍ജക്‌ഷന്‍,ഇന്റര്‍ജക്‌ഷന്‍ എന്നിവ കൂടെ ഉള്‍‌പെടുന്നു എന്നതണീ വ്യത്യാസത്തിനു കാരണം.ദമ്മ ഫതഹ കസറ എന്നീ മൂന്നു വവല്‍ അക്ഷരങ്ങളാണെന്നും ഓര്‍ക്കുക.നാമങ്ങളുടെ ഒടുക്കത്തില്‍ വരുന്ന വവലുകളായ ദമ്മയും ഫതഹും കസറയും മാറി മാറി വരുന്നതിലൂടെ വാചകത്തിലെ ആശയങ്ങള്‍‌ക്ക്‌ മാറ്റം വരുന്നു.

വിശ്വാസികളെ സം‌ബന്ധിച്ചിടത്തോളം നിത്യേന ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചില ദികറുകള്‍ തസ്‌ബീഹുകള്‍ ഖുര്‍‌ആനിക പദങ്ങളിലെ നാമങ്ങള്‍ എന്നിവയുടെ വവലുകളിലെ മാറ്റങ്ങള്‍ നിരിക്ഷിച്ചാല്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എളുപ്പമാകും.

ഉദാഹരണത്തിനു മുഹമ്മദുന്‍,മുഹമ്മദന്‍,മുഹമ്മദിന്‍ എന്നീ മാറ്റങ്ങള്‍ എന്തു കൊണ്ടാണെന്നു പഠിക്കാന്‍ ശ്രമിക്കുന്നതിലൂടെ അറബി പഠനം രസകരമായി അനുഭവപ്പെടും.ദമ്മ:- നോമനിറ്റീവ്‌,ഫതഹ:- അക്യൂസിറ്റിവ്‌ / ഒബ്‌ജക്‌ടീവ്,കിസറ:-ജനറ്റീവ്.

മുഹമ്മദ്‌ ദൈവത്തിന്റെ ദൂതനാണ്‌,മുഹമ്മദ്‌ ദൈവത്തിന്റെ പ്രവചകനാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു,ദൈവമേ പ്രവാചകന്‍ മുഹമ്മദിനെ അനുഗ്രഹിക്കണമേ തുടങ്ങിയ പ്രയോഗങ്ങളെ അറബിയില്‍ ഒരിക്കല്‍ കൂടെ പഠന പരിവേഷത്തോടെ വായിച്ചു നോക്കൂ.മുഹമ്മദുന്‍,മുഹമ്മദന്‍,മുഹമ്മദിന്‍.
ചന്ദ്രാക്ഷരങ്ങള്‍ സുര്യാക്ഷരങ്ങള്‍ എന്നിങ്ങനെ അക്ഷരങ്ങള്‍ വേര്‍ത്തിരിക്കപ്പെട്ടിരിക്കുന്നു.അല്‍ എന്നതിനു ശേഷം സുര്യാക്ഷരങ്ങള്‍ വരുമ്പോള്‍ ലാം ഉച്ചരിക്കപ്പെടുകയില്ല.ഇതിനുള്ള ഉദാഹരണം കൂടെ ഇതോടൊപ്പം നല്‍‌കപ്പെട്ടിരിക്കുന്നു.അഷം‌സു,അര്‍‌റഹ്മാന്‍ എന്നീ ഉദാഹരണങ്ങള്‍ ചേര്‍‌ത്തുവായിക്കുക.
ചുകപ്പ്‌ നിറത്തില്‍ സുര്യാക്ഷരങ്ങളും കറുപ്പ്‌ നിറത്തില്‍ ചന്ദ്രാക്ഷരങ്ങളും നല്‍‌കിയിരിക്കുന്നു.അറബ്‌ രാജ്യങ്ങളില്‍ വര്‍‌ഷങ്ങള്‍ നീണ്ട പ്രവാസത്തിനു ശേഷവും അറബി ഭാഷയിലെ നാമങ്ങളൊ സര്‍വ്വ നാമങ്ങളൊ സിം‌ഹ ഭാഗം പേര്‍‌ക്കും അറിയില്ലെന്നാണ്‌ പറയപ്പെടുന്നത്‌.ഹുവ എന്നാല്‍ അവന്‍ ഹിയ എന്നാല്‍ അവള്‍ അന ഇന്ത ഇതു തന്നെ അറിഞ്ഞാല്‍ വളരെ കാര്യം.ഏറെ സൗകര്യത്തിനു വേണ്ടി ആംഗലേയ പ്രയോഗങ്ങളിലൂടെ സര്‍‌വ്വ നാമങ്ങളെ (അല്‍ ദമാഇറു മുന്‍‌ഫദിലതു) ചാര്‍‌ട്ട്‌ വഴി പരിചയപ്പെടുത്താം.ഫസ്റ്റ് പേര്‍സന്‍,സെക്കന്റ് പേര്‍സന്‍,തേര്‍‌ഡ്‌ പേര്‍സന്‍ എന്നീ പ്രയോഗങ്ങള്‍: അല്‍ മുതകല്ലിമു,അല്‍ മുഖാതിബു,അല്‍ ഗായിബു എന്നിങ്ങനെയാണ്‌ അറിയപ്പെടുക. 


അറബി ഭാഷയില്‍ ഏകവചനവും ഇരട്ട വചനവും ബഹു വചനവും ബഹു വചനം സ്‌ത്രീ മാത്രം എന്ന പ്രത്യേകത കൂടെ ഉണ്ട്. ഹുവ ഹുമാ ഹും(2)ഹിയ ഹുമാ ഹുന്ന ഇങ്ങനെ വായിക്കാം.

ജുംല ഇസ്‌മിയ്യ (നാമത്താലൊ സര്‍‌വ്വ നാമത്താലൊ ആരം‌ഭിക്കുന്നവ)ജുംല ഫ‌അലിയ്യ(ക്രിയ കൊണ്ട്‌ ആരം‌ഭിക്കുന്നവ):മുഫ്‌തദയും ഖബറും(സബ്‌ജക്‌റ്റും പ്രഡിക്‌റ്റും) ചേര്‍‌ന്നാണ്‌ ജും‌ല (വാചകം) ഉണ്ടാകുന്നത്.പൂര്‍‌ണ്ണമായ വാചകത്തിനു ജും‌ല എന്നും അപൂര്‍‌ണ്ണമാണെങ്കില്‍ ഷിബു ജുംല എന്നും അറിയപ്പെടും.പ്രിപോസിഷനു ശേഷം കസറ (ഇസം മജ്‌റൂര്‍)എന്നതായിരിക്കും ഭാഷാ നിയമം.

ഡിഡ് ഫോമിനെ കുറിച്ച്‌ ഹൃസ്വമായി.എല്ലാ ക്രിയകളും മൂന്നക്ഷരങ്ങളായിരിക്കുംഅമില എന്നു പറഞ്ഞാല്‍ അവന്‍ പ്രവര്‍ത്തിച്ചു. ഹുവ എന്ന അവനെ ഈ ക്രിയയില്‍ പ്രതിനിധാനം ചെയ്യുന്നത്, അമില എന്ന ക്രിയയിലെ ഫത്തഹയാണ്‌.അമിലാ എന്നാല്‍ അവര്‍ രണ്ട്‌ പുരുഷന്മാര്‍ പ്രവര്‍ത്തിച്ചു എന്നാണര്‍‌ഥം.അഥവാ അമിലാ എന്നതിലെ ദീര്‍‌ഘ അലിഫാണ്‌ ഹുമാ (അവര്‍) രണ്ട്‌ പേര്‍ എന്നതിനെ പ്രതിനിധീകരിക്കുന്നത്‌.അമിലൂ എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചു എന്നാണര്‍ഥം.ഇവിടെ അമിലൂ എന്നതിലെ വാവ്‌ എന്നക്ഷരമാണ്‌ ഹും (അവര്‍) എന്നതിനെ പ്രതിനിധാനം ചെയ്യുന്നത്.