Saturday, August 26, 2017

മഴവില്ല്‌ പൂത്ത കണ്ണുകള്‍

എത്ര ആകസ്‌മികമായിരുന്നെന്നോ ആ സമാഗമം.സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഓഫീസില്‍ കടന്നു വന്നു.സ്വയം പരിചയപ്പെടുത്തി.ശിവ പ്രകാശ്‌.ഏറെ ഭവ്യതയോടെ ചില കാര്യങ്ങള്‍ തിരക്കി.കാത്തിരിക്കാന്‍ നിര്‍‌ദേശിച്ചു.പുതിയ ഒരു കമ്പനി രൂപീകരണവും അതുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിന്റെയും പ്രഥമ സിറ്റിങിനായിരുന്നു അയാള്‍ വന്നത്.ഏകദേശം അരമണിക്കൂറിനു ശേഷം നടക്കാനിരിക്കുന്ന മീറ്റിങിനു നേരത്തെ തന്നെ വന്നിരിക്കുന്നു.പ്രസ്‌തുത മീറ്റിങില്‍ ഞാനും പങ്കു കൊള്ളേണ്ടതുണ്ടെന്നു പിന്നീടായിരുന്നു അറിഞ്ഞത്.

രൂപ കല്‍‌പന ചെയ്യപ്പെട്ട പ്രോഗ്രാം അതിന്റെ വിവിധ വശങ്ങള്‍ ഒരോന്നായി വിശദികരിക്കപ്പെട്ടു.പുതിയ കമ്പനിയുടെ മാനേജര്‍,സെക്രട്ടറി,എക്കൗണ്ടന്റ്,സെയില്‍‌സ്‌ എക്‌സിക്യൂട്ടീവ്  മാഫ്‌കൊ പ്രതിനിധിയായി ഞാനും ഹാജറുണ്ടായിരുന്നു.വിശദികരണങ്ങള്‍ അന്വേഷണങ്ങള്‍ ചര്‍‌ച്ച എല്ലാം ഇം‌ഗ്ലീഷ്‌ ഭാഷയിലായിരുന്നു.അറബി വം‌ശജനായ മാനേജര്‍ ഇടക്ക്‌ അറബിയില്‍ എന്നോട്‌ സംസാരിച്ചിരുന്നതൊഴിച്ച് പൂര്‍‌ണ്ണമായും ഇം‌ഗ്‌ളീഷില്‍ തന്നെയായിരുന്നു.

ഏകദേശം രണ്ട്‌ മണിക്കൂര്‍ നീണ്ട യോഗത്തിനു ശേഷം ഞാന്‍ ഓഫിസിലേയ്‌ക്ക്‌ പോയി.അധികം താമസിയാതെ ശിവ പ്രകാശ്‌ ഓഫീസില്‍ കടന്നു വന്നു.കൂടുതല്‍ പരിചയപ്പെടാന്‍ താല്‍‌പര്യം പ്രകടിപ്പിച്ചു.അങ്ങിനെ തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരിക്കാരനായ ഈയുള്ളവനും കേരളത്തിലെ പാലക്കാട്‌ വേരുകളുള്ള തമിള്‍ നാട്ടുകാരനായ ശിവ പ്രകാശും കൂടുതല്‍ അടുത്തറിഞ്ഞു.അറബി ഭാഷ ഏറെ ഹൃദ്യമാണെന്നും അതു പഠിക്കണമെന്ന നല്ല ആഗ്രഹം സൂക്ഷിക്കുന്ന ആളാണ്‌ താനെന്നും ശിവ പ്രകാശ്‌ പറഞ്ഞു .ഇന്ത്യക്കാരായ പലരും അറബികളുമായി സംസാരിക്കുന്നത്‌ കേട്ടിട്ടുണ്ട്.എന്നാല്‍ അതില്‍ നിന്നൊക്കെ ഏറെ ഭിഹ്നമായിട്ടായിരുന്നുവത്രെ എന്റെ സം‌സാരം അയാള്‍‌ക്ക്‌ അനുഭവപ്പെട്ടത്. 

ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ്‌ വന്ന ഉടനെയായിരുന്നു ഇതെല്ലാം.ഒടുവില്‍ എല്ലാ ആഴ്‌ചകളിലും ശനിയാഴ്‌ച കാലത്ത്‌ 09.30 മുതല്‍ 10.30 വരെ ശിവ പ്രകാശ്‌ എന്റെ താമസ സ്ഥലത്ത്‌ കൃത്യമായി എത്താന്‍ തുടങ്ങി.ഇന്ന്‌ ആഗസ്റ്റ് 26 ശനിയാഴ്‌ചയും അയാള്‍ എത്തി.സാധാരണയില്‍ കവിഞ്ഞ സമയം ഞങ്ങള്‍ പരസ്‌പരം പങ്കു വെക്കലുകളും പഠനങ്ങളും നടന്നു.ഒടുവില്‍ പിരിയുമ്പോള്‍ ഒരു നേര്‍‌ത്ത വേദന ഇരുവര്‍ക്കും അനുഭവപ്പെട്ടു.വരും ദിവസങ്ങളില്‍ ഈയുള്ളവന്‍ നാട്ടിലേയ്‌ക്ക്‌ തിരിയ്‌ക്കും.അതിനാല്‍ ശനിയാഴ്‌ചകളിലെ പഠന സദസ്സ്‌ തുടരാന്‍ കഴിയില്ല.ഇതായിരുന്നു ഈ നൊമ്പരപ്പെടലിന്നു കാരണം.

ഏഴ്‌ സിറ്റിങിലൂടെ അറബി ആല്‍‌ഫബെറ്റും അതിന്റെ ഏകദേശ ഉഛാരണവും അയാള്‍ പഠിച്ചു.ഭാഷയിലെ അകാര ഉകാര ഇകാര ശബ്‌ദങ്ങളുടെ കാര്യ കാരണങ്ങളും മനസ്സിലാക്കി.നാമം,ഉപനാമം, സര്‍വ്വ നാമം, ക്രിയ ക്രിയാ വിശേഷണം,ഫസ്റ്റ് പേര്‍സന്‍,സെക്കന്റ് പേര്‍സന്‍,തേര്‍‌ഡ്‌ പേര്‍സന്‍ എന്നീ പ്രയോഗങ്ങള്‍ തുടങ്ങിയവയും മോശമില്ലാത്ത രിതിയില്‍ മനസ്സിലാക്കി.അറബി ഭാഷയിലെ വളരെ പ്രാഥമികമായ കാര്യങ്ങള്‍ ശിവ പ്രകാശ്‌ പഠിച്ചിരിക്കുന്നു.ഇനിയും നന്നായി പഠിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

വൈജ്ഞാനികമായ ഒരു നുറുങു വെട്ടത്തിന്റെ പ്രകാശത്തിലായിരുന്നു പഠനം പുരോഗമിച്ചു കൊണ്ടിരുന്നത്.ചളി പുരണ്ട മനുഷ്യനെ ഒളിവ്‌ നല്‍‌കി ഉത്തമനാക്കാന്‍ ദൈവം ആഗ്രഹിക്കുന്നു.പ്രപഞ്ചം മുഴുവന്‍ ചൂഴ്ന്നു നില്‍‌ക്കുന്ന ഒളിയെ ചളി പുരട്ടി വികൃതമാക്കാനുള്ള മനുഷ്യന്റെ കുതന്ത്രം മറു വശത്തും.എത്ര വികൃതവും നികൃഷ്ടവുമാണീ മനുഷ്യ ചെയ്‌തികള്‍.

പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍‌ക്കുന്ന ശക്തി വിശേഷമാണ്‌ ദൈവം.പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാര്‍ വഴിയാണ്‌ ദൈവം മനുഷ്യനെ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേയ്‌ക്ക്‌ വഴി നടത്തുന്നത്.എന്നാല്‍ പ്രപഞ്ച സ്രഷ്‌ടാവായ ദൈവത്തിനു വിളക്കും വെളിച്ചവും പകരാനുള്ള വിചിത്രവും വിഫലവുമായ ശ്രമത്തിലാണ്‌ വിഡ്ഢികളായ മനുഷ്യര്‍.


പ്രകൃതിയിലേയ്‌ക്ക്‌ സദാ നിരീക്ഷണം ചെയ്‌തു കൊണ്ടിരിക്കണം.പ്രകൃതിയെപ്പോലെയായിരിക്കണം നമ്മുടെ പ്രകൃതം.പ്രകൃതിയുടെ നീതിയില്‍ പക്ഷ ഭേദമില്ല.അം‌ഗീകരിക്കുന്നവനും അം‌ഗീകരിക്കാത്തവനും ഒരു പോലെ പരിഗണിക്കപ്പെടും.പ്രഭാതവും പ്രദോഷവും തേന്‍ നിലാവും തേന്മാരിയും തണലും തെന്നലും പൂങ്കാറ്റും എല്ലാം എല്ലാവര്‍ക്കും സ്വന്തം.എത്ര മനോഹരമാണീ പ്രപഞ്ചം.

വിജ്ഞാനം സത്യാന്വേഷിയുടെ കളഞ്ഞു പോയ സ്വത്താണെന്ന പ്രവാചക പ്രഭുവിന്റെ തേന്‍ മൊഴിയിലെ ധര്‍‌മ്മവും മര്‍മ്മവും വിസ്‌മൃതമായ കാലത്ത്‌ വിജ്ഞാന സമ്പാദനത്തിന്‌ കൊതി സൂക്ഷിക്കുന്നവര്‍ എത്ര സൗഭാഗ്യവാന്മാര്‍.പരസ്‌പരം ആലിംഗനം ചെയ്‌ത് സ്നേഹദരവുകളോടെ അഭിവാദ്യങ്ങള്‍ പറഞ്ഞ്‌ പിരിയുമ്പോള്‍ അയാളുടെ നിറഞ്ഞ കണ്ണുകളില്‍ മഴവില്ല്‌ പൂക്കുന്നുണ്ടായിരുന്നു.പീലി വിടര്‍ത്തിയ മയൂരമെന്നോണം എന്റെ കണ്ണുകളും.