Saturday, October 28, 2017

ആവശ്യം

മരണാനന്തര ചടങ്ങുകള്‍ പരേതന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനുള്ള അവസരങ്ങളാകുന്നു. മൂന്നു ദിവസത്തെ തഅ്‌സിയത്തിന് ഇസ്‌ലാമില്‍ത്തന്നെ കൃത്യമായ വിധിയുണ്ട്. ദുഃഖാചരണം എന്നതിലുപരി അതും ആശ്വസിപ്പിക്കലിനാണ് പരിഗണന നല്‍കുന്നത്. അതേയവസരം ദിവസങ്ങള്‍ എണ്ണിയുള്ള ദിനാചരണങ്ങള്‍‌ക്ക്‌ വ്യക്തമായ പ്രാധാന്യമൊന്നും കല്‍‌പിക്കപ്പെട്ടിട്ടില്ല. ഈ ദിനങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് അനാചാരങ്ങളുടെ വേര് ഇവിടുത്തെ ഇതര സമൂഹത്തില്‍ നില കൊള്ളുന്നവയുമാണ്‌.

ഇതിനോട്‌ സമരസപ്പെടുന്ന തീര്‍ത്തും അനാവശ്യവും അനാശാസ്യവും ഇസ്‌ലാമിക വിരുദ്ധവുമായ പല കാര്യങ്ങളും മരണാനന്തരാചരങ്ങളോടനുബന്ധിച്ച് നടക്കാറുണ്ട്.വിപുലമായ സദ്യയും വെടിവട്ടവും കോലാഹലവുമായി ആചാരങ്ങള്‍ തരം താണു പോയിട്ടും ഉണ്ട്. രക്ത ബന്ധത്തില്‍ പെട്ടവരുടെ വിയോഗാനന്തരം അവരുടെ റൂഹ്‌/ചാവ്‌ കുടും‌ബത്ത് ചുറ്റിത്തിരിയുമെന്നും പ്രസ്‌തുത ചാവ്‌ ഒഴിച്ചു കളയാന്‍ മൗലിദ്‌ പാരായണ കര്‍‌മ്മത്തോട്‌ കൂടിയ അടിയന്തിരം അനിവാര്യമാണെന്നുമുള്ള വിശ്വാസം പൊതു മുസ്‌ലിം സമൂഹത്തില്‍ വ്യാപകമാണ്‌.അനിസ്‌ലാമികമായ ഈ ധാരണ തിരുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നില്ല എന്നതത്രെ ഏറെ ഖേദകരം.

ഒമ്പതാം നൂറ്റാണ്ടില്‍ മഖ്‌ദൂം ഒന്നമനാല്‍ രചിക്കപ്പെട്ട മൗലിദ്‌ ഭാവനാ നിര്‍‌ഭരമായ ഒരു സാഹിത്യ സൃഷ്‌ടിയാണ്‌.സത്യവും മിഥ്യയും അര്‍‌ധ സത്യങ്ങളും നിറഞ്ഞ ഹൃദയഹാരിയായ കവ്യാവിഷ്‌കാരം.അല്ലാഹുവിലുള്ള വിശ്വാസം നാവിന്‍ തുമ്പില്‍ മാത്രം ഒതുങ്ങുന്നവര്‍‌ക്ക്‌ വിശുദ്ധ ഖുര്‍‌ആനും തിരു സുന്നത്തും എവ്വിധമൊക്കെ ധരിപ്പിച്ചാലും ഏശിക്കൊള്ളണമെന്നില്ല.പച്ച മലയാളത്തില്‍ പറഞ്ഞാല്‍ തട്ടാന്റെ വളപ്പിലെ മുയലുകളെപ്പോലെ ഞെട്ടി ഞെട്ടി ജീവിക്കാനായിരിയ്‌ക്കും ഇക്കൂട്ടരുടെ യോഗം.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

ഉമ്മ യാത്രയായിട്ട്‌ ആഴ്‌ചകള്‍ പിന്നിട്ടിരിക്കുന്നു.നാട്ടുകാരില്‍ ഒരാള്‍ ചോദിച്ചു.'ഉമ്മയുടെ ആവശ്യം കഴിഞ്ഞോ?'ഇല്ല.കഴിഞ്ഞിട്ടില്ല.കഴിയുകയും ഇല്ല.ഞാന്‍ പ്രതിവചിച്ചു.'അതെന്താ അങ്ങനെ അയാള്‍ വീണ്ടും സം‌ശയമുയര്‍‌ത്തി.എന്നുമെന്നും ഉമ്മയെ ആവശ്യമുള്ളതിനാല്‍..എന്ന മറുപടിയില്‍ എല്ലാം ചുരുക്കി സം‌ഭാഷണത്തിനു വിരാമമിട്ടു.

ജീവിച്ചിരിക്കുമ്പോള്‍ പൊന്നുമ്മയുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും പൂര്‍‌ത്തീകരിച്ചുകൊടുക്കാന്‍ ഭാഗ്യം കിട്ടിയിരുന്നു.ജീവിതത്തോട്‌ വിട പറഞ്ഞപ്പോള്‍ അവരുടെ പരലോക മോക്ഷത്തിന്‌ വിശ്വാസികള്‍‌ക്ക്‌ അനുവദനീയമായതും,അഭിലഷണീയമായതും ചെയ്യാനും  പ്രേരിപ്പിക്കാനും ദൈവ ഹിതത്താല്‍ സാധിച്ചിട്ടുമുണ്ട്.മാതാപിതാക്കളോടുള്ള മക്കളുടെ ബാദ്ധ്യത ജീവിച്ചിരിക്കുമ്പോഴും കാല ശേഷവും തീരുന്നില്ല.ബാല്യത്തില്‍ പോറ്റി വളര്‍‌ത്തിയ മാതാപിതാക്കള്‍‌ക്ക്‌ സൗഭാഗ്യം നല്‍‌കി അനുഗ്രഹിക്കണേ..എന്ന പ്രവാചക പാഠത്തിലെ പ്രാര്‍‌ഥന പ്രസിദ്ധമത്രെ.

അവിശ്വാസികളും ബഹുദൈവ വിശ്വാസികളിലും പെട്ട ഒരു വിഭാഗം തങ്ങളില്‍ നിന്നും ആരെങ്കിലും മരണപ്പെട്ടുപോയാല്‍ സത്തുപോയി എന്നായിരുന്നു പറഞ്ഞിരുന്നത്.കാലക്രമേണ ഈ പ്രയോഗം ചത്തു പോയി എന്നായി മാറി.അവരുടെ വികലമായ വിശ്വാസാചാര പ്രകാരം ചത്തുപോയവരുടെ ആത്മാവ്‌ കുടിയിറങ്ങിപ്പോകാന്‍ ചാവടിയന്തിരമെന്ന കര്‍മ്മം കഴിയേണ്ടതുണ്ട്.പുല കുളി ആചാര കര്‍‌മ്മാധികളോടെയാണ്‌ ഹരിജന ഗിരിജനങ്ങളുടെ ചാവടിയന്തിരം.

ഇത്തരം ആചാരങ്ങളുമായി വിശ്വാസി സമൂഹം വിശിഷ്യാ കേരളീയ വിശ്വാസി സമൂഹം കെട്ടു പിണഞ്ഞുപോയി എന്നതത്രെ ഏറെ ഖേദകരം.പഴയകാലങ്ങളില്‍ ചാവില്‍ പോക്കും അടിയന്തിരവും ഒക്കെ തന്നെയായിരുന്നു പ്രവാചകാനുയായികളുടെ വിലാസം പേറുന്നവരിലും പ്രചാരം.കാലം കുറെ പിന്നിട്ടപ്പോള്‍;പ്രസ്‌തുത ആചാരത്തിന്റെ പേരില്‍ തന്നെ അതിന്റെ അന്തസ്സിലായ്‌മ ഉണ്ടെന്ന്‌ ബോധ്യം വന്നപ്പോളായിരിക്കണം ആവശ്യം എന്ന ഓമനപ്പേരിലേയ്‌ക്ക്‌ ഈ ദുരാചാരം മാറ്റിസ്ഥാപിച്ചത്.ഇവ്വിഷയത്തിലെ അനാവശ്യവും അനൗചിത്യവും ബോധ്യപ്പെടുത്തേണ്ടവര്‍ അപകടകരമായ മൗനം പാലിച്ചു കൊണ്ടേയിരിക്കുന്നു.

ഖബര്‍ തിരിച്ചറിയാനായി ശിലകള്‍ പാകുന്നതുപോലും ചടങ്ങും വിശേഷപ്പെട്ടകര്‍‌മ്മവും എന്ന മട്ടില്‍ ആചരിക്കുന്നതിലെ വൈകൃതവും, മരണ നാളുകളെ പ്രത്യേകം എണ്ണിത്തിട്ടപ്പെടുത്തിയ നേര്‍‌ച്ചപ്പാട്ടു പാരായണങ്ങളിലെ അനഭലഷണീയതയും അനിസ്‌ലാമികതയും തിരിച്ചറിയാനാകാത്ത പാവങ്ങളെക്കുറിച്ച്‌ സഹതപിക്കുകയല്ലാതെ എന്തു ചെയ്യാന്‍.

മനുഷ്യന്‍ എന്ന സൃഷ്‌ടി, അവന്റെ സ്രഷ്‌ടാവ്‌,മനുഷ്യന്റെ ആത്മാവ്‌,ജനനം,മരണം,പരേതര്‍‌ക്ക്‌ വേണ്ടിയുള്ള പ്രാര്‍‌ഥന പരേതരുടെ പരലോക മോക്ഷത്തിന്‌ സാധ്യതയും സാധുതയുമുള്ള ദാന ധര്‍‌മ്മങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ എന്നല്ല ഒരുകാര്യത്തിലും ഇരുട്ടില്‍ തപ്പിത്തടയേണ്ടവരല്ല വിശ്വാസികള്‍.ഏറെ സര്‍‌ഗാത്മകവും അതിലുപരി സൗന്ദര്യവുമുള്ള ഒരു സംസ്‌കാരത്തിന്റെ വാഹകര്‍ വികലമായ ഇതര സംസ്‌കാരങ്ങള്‍ കടം കൊള്ളേണ്ട ഒരു അവസ്ഥയും ഇല്ല തന്നെ.ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

മഞ്ഞിയില്‍.