Sunday, October 29, 2017

ഉമ്മയുടെ വിയോഗാനന്തരം

ഉമ്മയുടെ വിയോഗാനന്തരം പ്രിയപ്പെട്ടവര്‍ പലരും പ്രതികരിക്കുകയും സമാശ്വസിപ്പിക്കുകയും പ്രാര്‍‌ഥിക്കുകയും സന്ദേശങ്ങള്‍ അറിയിക്കുകയും ചെയ്‌തിരുന്നു.എന്റെ പ്രിയ സുഹൃത്ത് കെ.വി നിസാര്‍ സാഹിബ്‌ അയച്ച സന്ദേശം മാത്രം ഇവിടെ പങ്കു വെയ്‌ക്കുന്നു.

ഉമ്മ ഉറങ്ങുന്ന വീടും ഉമ്മ ഇറങ്ങിപ്പോയവീടും , തീർത്തും വ്യത്യസ്തമായ രണ്ടു അവസ്ഥകളാണ് . ഉറങ്ങുന്ന ഉമ്മയുള്ള വീടു പോലും ഉണർന്നിരിക്കുന്നവർക്ക് ആശ്വാസകരവും നിർഭയത്വം നൽകുന്നതുമാണ് . തൻ്റെ ഉറക്കത്തിലും, ഉണർന്നും ഉറങ്ങിയുമിരിക്കുന്ന മക്കൾക്ക് ഉയിരും ഊർജവും നൽകാൻ സാധിക്കുന്നു എന്നതാണ് ഉമ്മ എന്ന അത്ഭുത പ്രതിഭാസത്തിനു മാത്രമുള്ള കഴിവ് .തൻ്റെ മക്കൾക്ക്  മാത്രമല്ല മക്കളായ ചുറ്റുമുള്ള മുഴുവൻ മനുഷ്യ മക്കൾക്കും തൻ്റെ "ഉമ്മത്വം" (മാതൃത്വം ) ഏറിയും കുറഞ്ഞും നൽകാൻ ഉമ്മമാർക്കു മാത്രം കഴിയുന്നു . അങ്ങിനെയുള്ള ഒരു ഉമ്മ ഇറങ്ങിപ്പോയ വീട്ടിലുള്ള അസീസ്‌ സാഹിബിനോട് "ഉമ്മ ഇറങ്ങിപ്പോയവീടിനെകുറിച്ചു" എന്റെ ഓരോ വാക്കും എന്റെ കൂടി വ്യഥകളായിരിക്കും .നിങ്ങളുടെ ,കുടുംബത്തിന്റെ വ്യസനത്തിൽ പങ്കു ചേരുന്നു എന്ന് മാത്രം കുറിക്കട്ടെ .

അസീസ് സാഹിബ് താങ്കൾ മഹാഭാഗ്യവാനായാണ് . 92 വർഷം ഉമ്മയെ ലഭിച്ച മഹാ ഭാഗ്യശാലി. ശാന്തമായി ,സംതൃപ്തി നിറഞ്ഞ മനസ്സുമായി നാഥനെ കണ്ടുമുട്ടാൻ  ഉമ്മ പോകുമ്പോൾ അതിനു സാക്ഷിയാവാൻ താങ്കള്‍‌ക്കും കുടുംബത്തിനും സാധിച്ചു അൽഹംദുലില്ലാഹ് . ഒരു തവണമാത്രമേ ആ ഉമ്മയെ കാണാൻ എനിക്കും കുടുംബത്തിനും സാധിച്ചുള്ളൂ. ഉമ്മയെ കുറിച്ച് നിങ്ങൾ പറയുമ്പോഴൊക്കെ കാണണം എന്ന് അതിയായി ആഗ്രഹിച്ചു.  ഇത്തവണത്തെ യാത്രയിൽ അതിനു സാധിച്ചപ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്ന കൂടിക്കാഴ്ചയായി അത് മാറി . കുളിരേകുന്ന കാഴ്ചകൾ നിറഞ്ഞ യുഗം തീർത്ത്‌, നാഥൻറെ മാർഗത്തിൽ പണിയെടുക്കുന്ന മക്കളെയും പേരമക്കളെയും ബാക്കിയാക്കി യാത്രയായ താങ്കളുടെ ഉമ്മാക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ . ഉമ്മയുടെ വിരഹം താങ്ങാനും സഹിക്കാനുമുള്ള ഹൃദയ വിശാലതയും മനക്കരുത്തും നൽകി അല്ലാഹു താങ്കളേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

ഫിർദൗസിന്റെ കവാടങ്ങൾ താങ്കളുടെ ഉമ്മാക്ക് വേണ്ടി തുറക്കാതിരിക്കില്ല.ഹൗദുൽ കൗസറിൽ മുത്തു നബിയുടെ തിരുകരം താങ്കളുടെ പ്രിയപ്പെട്ട ഉമ്മയെ തേടി എത്താതിരിക്കില്ല.ഒരിക്കലും മരിക്കാത്ത ഓർമകളിൽ ജീവിക്കുന്ന താങ്കളുടെയും കുടുംബത്തിന്റെയും വ്യസനത്തിൽ പങ്കുചേർന്നുകൊണ്ട് , പ്രാത്ഥനയോടെ.
താങ്കളുടെ സഹോദരൻ ,

നിസാർ കെ വി