Saturday, February 24, 2018

സന്തോഷ ദായക നിമിഷങ്ങള്‍‌

ദോഹ:സന്തോഷ ദായക നിമിഷങ്ങള്‍‌ക്കും സാഹോദര്യ സൗഹൃദാന്തരീക്ഷങ്ങള്‍ പൂത്തുലയുന്ന മുഹൂര്‍‌ത്തങ്ങള്‍‌ക്കും സാക്ഷിയായി ദോഹ ജദീദ്‌ യൂണിറ്റ് രിഹ്‌ല ധന്യമായി.മധ്യാഹ്നത്തിന്‌ ശേഷം 01.30 നായിരുന്നു യാത്രയുടെ തുടക്കം.യൂണിറ്റ് അധ്യക്ഷന്‍ ടി.കെ അബ്‌ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഏഴു വാഹനങ്ങളിലായിട്ടായിരുന്നു യാത്ര.യൂനിറ്റ്‌ അം‌ഗങ്ങളും കുടുംബാം‌ഗങ്ങളും ഉള്‍‌പ്പെട്ട യാത്രാ സം‌ഘത്തില്‍ 25 പേരുണ്ടായിരുന്നു.ഉദ്ധേശിച്ചതിലും അര മണിക്കൂര്‍ വൈകി 03.30 ന്‌ ദഖീറ കടലോരത്ത് എത്തിച്ചേര്‍‌ന്നു.

പത്ത്‌ പതിനഞ്ച്‌ വര്‍‌ഷത്തിനിടയില്‍ ഖത്തര്‍ എന്ന കൊച്ചു രാജ്യത്തിന്റെ വികസനം അമ്പരപ്പിക്കുന്നത്‌ തന്നെ എന്ന്‌ യാത്രയിലുടനീളം ബോധ്യമാകുന്നുണ്ടായിരുന്നു.

ഖത്തറിന്റെ ചിര പുരാതന ചരിത്രത്തിലെ ഒട്ടേറെ അടയാളപ്പെടുത്തലുകളാല്‍ അനുഗ്രഹീതമായ ഖോര്‍ എന്ന കൊച്ചു പട്ടണത്തില്‍ നിന്നും ഏറെയൊന്നും ദൂരമല്ലാത്ത ഒരിടമാണ്‌ ദഖീറ.ഇട തൂര്‍‌ന്ന്‌ നില്‍‌ക്കുന്ന കണ്ടല്‍ കാടുകളാല്‍ മനോഹരമായ ശാന്ത സുന്ദരമായ കടലോരം.കേരളത്തിലെ ചില കായല്‍ പ്രദേശത്തെത്തിയ പ്രതീതി ജനിപ്പിക്കുന്ന പരിസരം.സ്വദേശികളും വിദേശികളും ചെറിയ സം‌ഘങ്ങളായും അല്ലാതെയും ഈ പ്രദേശത്തിന്റെ പല ഭാഗങ്ങളിലും തമ്പടിക്കുന്നുണ്ട്‌.വേട്ടാക്കാരും മത്സ്യ ബന്ധനം നടത്തുന്നവരും കളിക്കുന്നവരും കടലിലിറങ്ങുന്നവരും ഒക്കെയുണ്ട്‌.  

സായാഹ്ന പ്രാര്‍‌ഥനയ്‌ക്ക്‌ ശേഷം  പരിപാടികളിലേയ്‌ക്ക്‌ നീങ്ങാമെന്ന്‌ യാത്രാ അമീര്‍ നിര്‍ദേശിച്ചു.അപ്പോഴേക്കും സന്നദ്ധ സം‌ഘാം‌ഗങ്ങള്‍  നമസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ മിനിറ്റുകള്‍‌ക്കകം തന്നെ ഒരുക്കി.വാഹനങ്ങള്‍ കൊണ്ട്‌ ഒരു സുരക്ഷാ കവചവും തീര്‍‌ത്തു.ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ്‌ എന്ന പ്രസ്ഥാന അജണ്ടയുടെ ഭാഗമാണ്‌ ഈയാത്ര.നമ്മുടെ രചനാത്മകമായ ഉദ്ധേശ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടട്ടെ എന്ന ആഹ്വാനത്തോടെയായിരുന്നു തുടക്കം.ശേഷം അമീറിന്റെ നേതൃത്വത്തില്‍ പ്രാര്‍‌ഥന നിര്‍വഹിച്ചു.പ്രാര്‍‌ഥനാനന്തരം ഇതര അജണ്ടകളിലേയ്‌ക്ക്‌ കടന്നു.

യാത്രാ സം‌ഘത്തെ 3 വിഭാഗമായി തിരിച്ചു.അബ്‌ദുറഊഫ്‌ സാഹിബിന്റെ നേതൃത്വത്തിലും സിദ്ധീഖ്‌ സാഹിബിന്റെ നേതൃത്വത്തിലും യഥാക്രമം എ.ബി എന്നീ ഗ്രൂപ്പുകളും സഹോദരികള്‍ സി എന്ന ഗ്രൂപ്പിലും ഉള്‍‌പെടുത്തപ്പെട്ടു.

കവിതാലാപനത്തോടെയായിരുന്നു ക്വിസ്സ്‌ മാസ്‌റ്റര്‍ അസീസ്‌ മഞ്ഞിയിലിന്റെ രം‌ഗ പ്രവേശം. ക്വിസ്സ്‌ ആദ്യ റൗണ്ട്‌ കഴിഞ്ഞപ്പോള്‍ സര്‍‌ഗ സിദ്ധികളാല്‍ അനുഗ്രഹീതരായ ഷന്‍‌സാ ശുഐബ്,ഇബ്‌തിഹാല്‍  ഇര്‍‌ഫാന്‍,റിഹാം ഷാമില്‍ എന്നീ  കൊച്ചു ബാലികമാരിലേയ്‌ക്ക്‌ മൈക് കൈമാറി. ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും കുഞ്ഞുമക്കള്‍ പാടിത്തകര്‍‌ത്തു.കൂട്ടത്തില്‍ തേനീച്ചയെക്കുറിച്ചുള്ള വിജ്ഞാന നുറുങ്ങ്‌ നസറുല്ല പങ്കുവെച്ചു.അധികമാര്‍‌ക്കും അറിയാത്ത ഒരു കാര്യം അവതരിപ്പിച്ചതിന്റെ അഭിമാനം നസറുല്ലയുടെ മുഖത്ത്‌ നിന്നും വായിക്കാനാകുമായിരുന്നു.പുതിയ വിവരം എന്നതിലുപരി പുതുമയുള്ള അവതരണം എന്നും വിലയിരുത്തപ്പെട്ടു.

ക്വിസ്സ്‌ വീണ്ടും രണ്ടാമത്തെ റൗണ്ടിലേയ്‌ക്ക്‌ കടന്നു.സമയ ദൈര്‍‌ഘ്യം ഭയന്ന്‌ മൂന്നാമത്തെ റൗണ്ട്‌ ഉപേക്ഷിച്ചു.സിദ്ധീഖ്‌ സാഹിബിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും വനിതാ ഗ്രൂപ്പും ഒന്നാം സ്ഥാനം പങ്കിടുന്നതായി പ്രഖ്യാപിക്കപ്പെട്ടു.

അജണ്ടയിലെ കായിക ഇനത്തിനുള്ള ഒരുക്കങ്ങള്‍‌ക്കായി ടി.കെ വിസില്‍ മുഴക്കി.ആവേശകരമായ കളിയില്‍ മറുപടിയില്ലാത്ത ഒരു ഗോളിന്‌ ബി ഗ്രൂപ്പിനെ പരാജയപ്പെടുത്തി അബ്‌ദുറഊഫിന്റെ നേതൃത്തിലുള്ള എ ടീം വിജയം വരിച്ചു.

കളി കഴിഞ്ഞതായി വിസില്‍ മുഴങ്ങുമ്പോള്‍ സമയം അഞ്ച്‌ കഴിഞ്ഞിരുന്നു. തുടര്‍‌ന്ന്‌ ചായയുടെ ഒരുക്കങ്ങളായി.സഹോദരിമാര്‍ ഒരുക്കി കൊണ്ടുവന്ന കരിച്ചതും പൊരിച്ചതും യൂനുസിന്റെ നേതൃത്തിലുണ്ടാക്കിയ ചായയും.സ്വാദിഷ്‌ടത്തോടെ കഴിച്ചു.പരസ്‌പരം കളിച്ചും ചിരിച്ചും ഒരു വേള കലഹിച്ചും ഇടവേളയെ ഏറെ ഹൃദ്യമാക്കി.

സന്ധ്യയോടടുത്തപ്പോള്‍ കുറച്ചു പേര്‍ അം‌ഗ ശുദ്ധിവരുത്താന്‍ കടലില്‍ ഇറങ്ങി.മറ്റു ചിലര്‍ ജല ശേഖരം ഉപയോഗപ്പെടുത്തി.മുഈന്‍ മാഷിന്റെ നേതൃത്വത്തിലായിരുന്നു മഗ്‌രിബ്‌ നമസ്‌കാരം.

വീണ്ടും സദസ്സ്‌ സജീവമായി.നസറുല്ലയുടെ ഭാവാത്മകമായ ഹിന്ദി ഗാനത്തോടെ സം‌ഗീത സദസ്സിന്‌ പ്രാരം‌ഭം കുറിച്ചു.തൊണ്ട വേദനയുണ്ടായിരുന്നുവെങ്കിലും നൂറുദ്ധീന്‍ സാഹിബും ഒരു കൈ പരീക്ഷിച്ചു.

തുടര്‍‌ന്ന്‌ മിടുമിടുക്കികളായ ഷന്‍‌സാ ശുഐബ്,ഇബ്‌തിഹാല്‍  ഇര്‍‌ഫാന്‍,റിഹാം ഷാമില്‍ എന്നീ കുരുന്നുകള്‍ അതിശയിപ്പിക്കുന്ന സിദ്ധികളാല്‍ ആടിപ്പാടി.പാട്ടിന്റെ താളത്തിനൊത്ത്‌ ചുവടുകള്‍ വെച്ചു കുഞ്ഞോമനകള്‍ അരങ്ങ്‌ നിറഞ്ഞാടി.അസീസ്‌ മഞ്ഞിയില്‍ തന്റെ ഹൈസ്‌കൂള്‍ കാലത്തെ കവിതകളും നുറുങ്ങുകളും സദസ്സില്‍ പങ്കു വെച്ചു.ശുഐബിന്റെ ശ്രീമതി സ്‌ത്രീ പങ്കാളിത്തത്തെ ഒരേ ഒരു ഗാനാലാപനം കൊണ്ട്‌ അടയാളപ്പെടുത്തി. 

രാത്രി ഭക്ഷണം ഒരുങ്ങുന്നതിന്നിടയില്‍ സര്‍‌ഗാധനനായ അഷറഫ്‌ സാഹിബും  മുഈന്‍ മാഷും രം‌ഗ പ്രവേശം ചെയ്‌തു.അഷറഫ്‌ സാഹിബിന്റെ കുസൃതി ചോദ്യങ്ങള്‍ക്ക്‌ മണിമണിയായി മറുപടി നല്‍കിയതില്‍ മഹിളകള്‍ മുന്നിട്ട്‌ നിന്നു.ചപ്പാത്തിയും ചിക്കന്‍ ഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ന ചോദ്യത്തെ,ചപ്പാത്തി ഞങ്ങള്‍ പരത്തണം ചിക്കന്‍ ഗുനിയ കൊതുകുകളും എന്ന മഹിളകളുടെ ചുട്ട മറുപടി കൂട്ടച്ചിരിയോടെയായിരുന്നു എതിരേറ്റത്‌.മൈക്‌ കൂടെ കൂടെ കുരുന്നു പ്രതിഭകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടേയിരുന്നു.

ശുഐബും നസറുല്ലയും ഒരുക്കിയ രാത്രി ഭക്ഷണം കഴിച്ച്‌ തീരുന്നതോടെ അജണ്ടയിലെ സമയം കഴിയാറായി.പിരിയും മുമ്പുള്ള വാക്കുകള്‍‌ വൈസ്‌ പ്രസിഡണ്ട്‌ സിദ്ധീഖ്‌ സാഹിബിന്റേതായിരുന്നു.

നിര്‍‌ദേശിക്കപ്പെട്ട ഓരോ വാരാന്ത അജണ്ടയും ഘട്ടം ഘട്ടമായി പുരോഗമിച്ചതിന്റെ ആനന്ദത്തിലായിരുന്നു.ദൈവത്തിന്‌ സ്‌തുതി.അണികള്‍ പരസ്‌പരം ആത്മ ബന്ധുക്കളാകണം.കര്‍‌മ്മ രം‌ഗത്ത്‌ സജീവമായി ഇറങ്ങിപ്പുറപ്പെടുമ്പോഴക്കെ പൂര്‍‌വ സൂരികളെ ഓര്‍ക്കുകയും അവര്‍‌ക്കായി പ്രാര്‍‌ഥിക്കുകയും വേണം.സജീവതയുടെ നാള്‍‌വഴികളിലൂടെ ഈ ദര്‍‌ശനത്തെ പൂര്‍‌ണ്ണമായും ഉള്‍‌കൊള്ളാനുള്ള അഭിനിവേശം മുളപൊട്ടണം.വളര്‍‌ന്നു വരുന്ന തണല്‍ വൃക്ഷത്തെ നെഞ്ചിലേറ്റാന്‍ കര്‍‌മ്മ നിരതരാകാന്‍ ആരോഗ്യമുള്ള മനസ്സുണ്ടാകണം.ആരോഗ്യവും.നന്മയുടെ സകല അം‌ശങ്ങളും സ്വാം‌ശീകരിക്കാനും പ്രസരിപ്പിക്കാനും ഈ സം‌ഘത്തിന്‌ സാധിക്കണം.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. 

ആത്മ നിര്‍‌വൃതിയുടെ നിമിഷങ്ങള്‍‌കൊണ്ട്‌ അനുഗഹിക്കപ്പെട്ട ഒരു വാരത്തിന്‌ വിരാമം.