Saturday, March 17, 2018

തനിമയാര്‍‌ന്ന ഒത്തു കൂടല്‍

ദോഹ:നമ്മുടെ സര്‍‌ഗവാസനകള്‍ പരിപോഷിപ്പിക്കാനുള്ള പ്രാസ്ഥാനിക സം‌വിധാനമാണ്‌ തനിമ.തനിമയുടെ വേദി നമുക്കും പൊതു സമൂഹത്തിനും  വേണ്ടത്ര ഗുണകരമാകും വിധം ഉപയോഗപ്പെടുത്താന്‍  എല്ലാ അം‌ഗങ്ങളും പ്രതിജ്ഞാബദ്ധരായിരിക്കണം.അബ്‌ദുല്‍ നാസര്‍ വേളം പറഞ്ഞു.സി.ഐ.സി ദോഹ സോണ്‍ തനിമ യൂണിറ്റ് പ്രതിനിധികളും വിവിധകലാ സാഹിത്യ രംഗങ്ങളില്‍ അഭിരുചിയുള്ളവരും ഒത്തു കൂടിയ യോഗത്തില്‍ തുടക്കം കുറിച്ച്‌ സം‌സാരിക്കുകയായിരുന്നു  അബ്‌ദുല്‍ നാസര്‍ സാഹിബ്‌ .തനിമ ദോഹ സോണ്‍ ഭാരവാഹികളായ തസ്‌നീം അസ്‌ഹരി,നിസ്‌താര്‍ ഗുരുവായൂര്‍ തുടങ്ങിയവര്‍ സം‌ഗമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സവിസ്‌തരം സദസ്സിനെ ധരിപ്പിച്ചു.

സി.ഐ.സിയില്‍ ഒത്തു കൂടിയ എല്ലാ അം‌ഗങ്ങളേയും അരങ്ങേറ്റത്തിനൊരുങ്ങുന്ന കലാ വിരുന്നിന്റെ സം‌ഘാടക സമിതിയില്‍ ഉള്‍‌പെടുത്തിയതായി സെക്രട്ടറി അറിയിച്ചു.അഭിനയം,സം‌ഗീതം,എഴുത്ത് എന്നിങ്ങനെ മൂന്നു വിഭാഗമായി സം‌ഘാടക സമിതി തരം തിരിക്കപ്പെടുന്നതിലൂടെ ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്ന തനിമയുടെ പരിപാടിയെ കൂടുതല്‍ സമ്പന്നമാക്കാനാകും എന്ന നിരീക്ഷണം സ്വാഗതം ചെയ്യപ്പെട്ടു.

തുടര്‍ന്ന്‌ നാടക സം‌വിധാനത്തില്‍ ഏറെ പ്രാഗത്ഭ്യം തെളിയിച്ച അനുഗ്രഹീതനായ സംവിധായകന്‍ ഉസ്‌മാന്‍ മാരാത്തിന്റെ ഊഴമായിരുന്നു.കലയും കലാസ്വാദനവും സമൂഹത്തെ വളരെ നന്നായി സ്വാധീനിക്കുന്നു എന്നിരിക്കെ ഇതിനെ അവഗണിക്കാന്‍ നമുക്ക്‌ കഴിയില്ല.എന്നു മാത്രമല്ല കാലത്തിന്റെ ഒഴുക്കിനൊപ്പം മാറി വരുന്ന സമസ്യകളും സാഹചര്യങ്ങളും കണക്കിലെടുത്ത്‌ ബുദ്ധിപൂര്‍‌വ്വവും ഗൗരവം ചോരാതേയും കലാ സാഹിത്യ പ്രവര്‍‌ത്തനങ്ങളെ വിശിഷ്യാ അഭിനയ കലയെ സമീപിക്കാന്‍ സാധിക്കണം.

സിനിമ ഒരു കലാ മാധ്യമമാണ്‌.ഒപ്പം ഒരു കച്ചവട സാധ്യതയും.ലോകമെമ്പാടും പ്രേക്ഷകരുള്ള സിനിമാമേഖല കച്ചവടവത്കരിക്കപ്പെടുന്നതിലൂടെ സം‌ഭവിച്ചേക്കാവുന്ന സകല വിധ അപജയങ്ങളും ഉള്ളപ്പോള്‍ പോലും ഈ മാധ്യമത്തെ അവഗണിക്കാന്‍ കഴിയില്ല.നാടകത്തിലും ഇത്തരം സാധ്യതകളുണ്ടെങ്കിലും സിനിമയോളം ഇല്ലെന്നതും ഒരു യാഥാര്‍‌ഥ്യമത്രെ.നാടകം എന്ന ചിരപുരാതന മാധ്യമത്തെ സിനിമയെക്കാള്‍ ഗൗരവപൂര്‍‌വ്വം നിരീക്ഷിക്കുന്ന ആസ്വാദക വൃന്ദമാണ്‌ ലോകമെമ്പാടും എന്നതും ഒരു വസ്‌തുതയത്രെ.  

താനൊരു നടനാണെന്ന ബോധം ഒരു അഭിനേതാവില്‍ നിര്‍ലീനമായിരിക്കണം.എവിടെയും ആരുടെ മുന്നിലും നിസ്സങ്കോചം പ്രഖ്യാപിക്കാനും അയാള്‍‌ക്ക്‌ സാധിക്കണം.തനിക്ക്‌ ചുറ്റും ഉള്ള സമൂഹത്തിലെ ഏതെങ്കിലും ഒരു വ്യക്തിയെ ഒരു സദസ്സിന്റെ മുന്നില്‍ നിര്‍‌ലജ്ജം അവതരിപ്പിക്കുക എന്നത്‌ ഗൗരവമുള്ള കാര്യമത്രെ.അഭിനയത്തിനൊരുങ്ങുമ്പോള്‍ അഭിനേതാവിനെ മാറ്റി കഥാ പാത്രത്തെ പ്രതിനിധീകരിക്കുന്ന ഭാവഭേദം ഏറെ സര്‍ഗാത്മകമായി നടക്കണം.നല്ല നിരീക്ഷണ പാഠവമുള്ളവര്‍‌ക്ക്‌ മാത്രമേ ഇത്തരത്തിലൊരു പ്രതിനിധാനം സദസ്സിനെ മുഷിപ്പിക്കാതെ അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.ശാരീരികക്ഷമത ഒരു നടന്റെ നടനത്തില്‍ കാര്യമായ പങ്കു വഹിക്കുന്ന ഘടകമാണ്‌.കേവല ആരോഗ്യപരിപാലനം എന്നതിലുപരിയാണ്‌ ഇതിന്റെ സ്ഥാനം.

നാടകവേദിയില്‍ വിവിധ കഥാ പാത്രങ്ങളായി വേഷമിട്ട ഒന്നിലധികം കഥാപാത്രങ്ങളുണ്ടാകാം.പ്രേക്ഷകനെ സം‌ബന്ധിച്ചിടത്തോളം അതെല്ലാം ഒരു വിഭവമാണ്‌.ഒരു ശിലയാണ്‌.ഒരു ശില്‍‌പമാണ്‌.അഥവാ ഏതെങ്കിലും ഒരു കഥാപാത്രത്തെ ബാധിക്കുന്ന ന്യൂനത അവതരിപ്പിക്കപ്പെടുന്ന കലാ ശില്‍‌പത്തെ,ആവിഷ്‌കാരത്തെ മൊത്തം ബാധിക്കും.അതിനാല്‍ സഹ നടന്മാരുടെ യഥാര്‍‌ഥ വ്യക്തിത്വവും കഥാ പാത്രത്തിന്റെ സ്വഭാവ വിശേഷങ്ങളും കൃത്യമായും സൂക്ഷ്‌മമായും പഠിച്ചിരിക്കണം.

നടനത്തില്‍ ഭാഷയും സംഭാഷണവും വഹിക്കുന്ന പങ്ക്‌ പുതിയ കാല രീതിശാസ്‌ത്രത്തിലാണ്‌ അരങ്ങിലെത്തുന്നത്.ഭാഷയുടെ ശുദ്ധതയല്ല മറിച്ച്‌ കഥാപാത്രത്തിന്റെ വിചാര വികാര ഔന്നത്യ ഭാവ വ്യത്യാസങ്ങള്‍‌ക്ക്‌ അനുഗുണമായ ശൈലിയിലായിരിക്കണം ഭാഷയും സം‌ഭാഷണവും. പ്രാദേശികതയും ജീവിത സാഹചര്യങ്ങള്‍ പോലും സം‌ഭാഷണത്തില്‍ പ്രതിഫലിക്കണം.ഭാഷാ പ്രയോഗത്തിലെ ആരോഹണ അവരോഹണ ക്രമം,താളാത്മകത,ശബ്‌ദ ഗരിമയും മധുരിമയും,സം‌ഭാഷണ ചാതുരി,സം‌ഭാഷണ സം‌വേദനത്തിലെ സമ്മിശ്രിത ഭാവം ഇതെല്ലാം അഭിനേതാക്കള്‍ സസൂക്ഷ്‌മം പഠന മനങ്ങള്‍ നടത്തി ഔചിത്യബോധത്തോടെ കൈകാര്യം ചെയ്യേണ്ടതത്രെ.  

നാടകം പ്രേക്ഷന്റെ ദൂരകാഴ്‌ചയാണ്‌.സിനിമയാകട്ടെ മുഖാമുഖ കാഴ്‌ചയും.അഭിനേതാക്കളുടെ ഭാവഭേദങ്ങള്‍ വളരെ സൂക്ഷ്‌മമായി സിനിമയില്‍ ആവശ്യമുള്ളതു പോലെ നാടകത്തില്‍ വേണ്ടിവരാറില്ല.പ്രേക്ഷകന്റെ കണ്ണില്‍ കൊള്ളും രീതിയില്‍ ചലനങ്ങളില്‍ അല്‍‌പം അസ്വാഭാവികത കാണിക്കാന്‍ നാടക നടന്‍ നിര്‍‌ബന്ധിതനായിരിയ്‌ക്കും.സാങ്കേതിക സൗകര്യങ്ങള്‍ വേണ്ടത്ര ഒന്നും ഇല്ലാതിരുന്ന കാലത്ത്‌ കഥാപാത്രങ്ങള്‍ തങ്ങളുടെ സം‌ഭാഷണം ശ്രവിപ്പിക്കാന്‍ വേണ്ടി വേദിയില്‍ കളം ചവിട്ടിക്കളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഇത്തരം കൃത്രിമ നാടകീയതകളെ അതിജയിച്ചിരിക്കുന്നു എന്നത് നാടകലോകത്തിന്റെ ഏറെ ആശ്വാസകരമായ സം‌ഭവവികാസമത്രെ.ഉസ്‌മാന്‍ മാരാത്ത്‌ വിശദീകരിച്ചു.

സര്‍‌ഗാധനരായ അം‌ഗങ്ങള്‍ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു.താമസിയാതെ തനിമ അരങ്ങേറ്റത്തിനുള്ള ഒരുക്കങ്ങള്‍‌ക്കായി വീണ്ടും സംഗമിക്കാനുള്ള തിരുമാനത്തോടെ യോഗം പിരിഞ്ഞു.

മഞ്ഞിയില്‍