Tuesday, March 20, 2018

നമുക്കൊരുമിച്ച്‌ യാത്ര ചെയ്യാം.

മാര്‍‌ച്ച്‌ ആദ്യവാര പഠനം മുടങ്ങിയതില്‍ പ്രിയപ്പെട്ട വിദ്യാര്‍‌ഥി അസ്വസ്ഥനായിരുന്നിരിക്കണം.താമസം മാറുന്ന തിരിക്കില്‍ വേറെ നിര്‍വാഹമുണ്ടായിരുന്നില്ല.രണ്ടാം വാരം ദാഹാര്‍‌ഥനെപ്പോലെ യഥാ സമയം അയാള്‍ വന്നു.പ്രിപ്പോസിഷനുകള്‍ ഉദാഹരണ സഹിതമുള്ള പുനരവലോകനം തുടങ്ങി.വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള ഉദാഹരണങ്ങളിലെ സാങ്കേതികതകളെക്കാള്‍ അയാളെ ആകര്‍‌ഷിച്ചത് വിശുദ്ധ വചനത്തിലെ ആശയങ്ങളായിരുന്നു.

ഒന്നര മണിക്കൂര്‍ നീണ്ട പഠനം കഴിഞ്ഞിട്ടും പുറപ്പെടാനുള്ള ഭാവം ഉണ്ടായിരുന്നില്ല.സര്‍; പഠനത്തിനു വിധേയമാക്കിയ ഇന്നത്തെ ഖുര്‍‌ആന്‍ വചനങ്ങള്‍ റെക്കാര്‍‌ഡ്‌ ചെയ്യാമായിരുന്നു.ശരിയാണ്‌ അത്രത്തോളം  ഓര്‍ത്തില്ല.ഞാന്‍ പ്രതികരിച്ചു.
വിരോധമില്ലെങ്കില്‍...അര്‍‌ദ്ധോക്തിയില്‍........................അയാള്‍ നിര്‍‌ത്തി.
അങ്ങിനെ വീണ്ടും അരമണിക്കൂര്‍ പഠനം ആവര്‍‌ത്തിച്ചു.റെക്കാര്‍‌ഡ്‌ ചെയ്യാന്‍ വേണ്ടിമാത്രം.സുഖമുള്ള പാരായണം ഇതു കേട്ടു കൊണ്ടിരുന്നാല്‍ വേഗം പഠിക്കാന്‍ സാധിക്കും.

സം‌സാരത്തിനിടക്ക്‌ തിങ്കളാഴ്‌ചകളിലെ അറബി ഭാഷാ പഠന ക്ലാസ്സ്‌ ശ്രദ്ധയില്‍ പെടുത്തി.തല്‍ക്കാലം ഞാന്‍ തന്നെയാണ്‌ അധ്യാപകന്‍ എന്നും ധരിപ്പിച്ചു.ക്ലാസ്സില്‍ പങ്കെടുക്കാനുള്ള താല്‍‌പര്യവും അയാള്‍ പ്രകടിപ്പിച്ചു.മാര്‍‌ച്ച്‌ 19 തിങ്കളാഴ്‌ച കൃത്യ സമയത്ത് അയാള്‍ വന്നു.ഒരുമിച്ച്‌ അല്‍ അറബി സ്‌പോര്‍‌ട്‌സ്‌ ക്ലബ്ബിനടുത്തുള്ള ഖുര്‍‌ആന്‍ സ്റ്റഡി സെന്ററില്‍ എത്തി.അല്‍ ബഖറയിലെ 87 മുതല്‍ 93 വരെയായിരുന്നു പാഠം.

വേദം നല്‍‌കപ്പെട്ടവര്‍ അന്ത്യ പ്രവാചകനെ വിശ്വസിക്കാതിരിക്കാന്‍ നിരത്തുന്ന മുടന്ധന്‍ ന്യായങ്ങള്‍,തങ്ങള്‍‌ക്കവതരിപ്പിച്ച്‌ കിട്ടിയതിലല്ലാതെ പുതുതായി വന്നതില്‍ വിശ്വസിക്കാന്‍ ഒരുക്കമല്ലെന്ന ദാര്‍‌ഷ്‌ട്യം.തുടര്‍‌ന്ന്‌ വിശുദ്ധ ഖുര്‍‌ആന്‍ ഉയര്‍‌ത്തിയ ബുദ്ധിപരമായ സം‌വാദം.മോശയുടെ അനുയായികളായിരിക്കെ പശു ഭ്രമം ബാധിച്ച കഥകളുടെ കെട്ടഴിച്ച് വിവരിക്കുന്ന മര്‍‌മ്മം നോക്കിയുള്ള ഖുര്‍‌ആനിന്റെ പ്രഹരം.കുടിപ്പിക്കപ്പെട്ട ഗോ ഭക്തി ഹൃദായാന്തരങ്ങള്‍ എന്ന പ്രയോഗം എത്ര മാത്രം സൂക്ഷ്‌മവും ശക്തവുമാണെന്നതിന്‌ വര്‍‌ത്തമാന ഭാരതം തന്നെ സാക്ഷിയത്രെ.

അഥവാ ആവര്‍‌ത്തിക്കപ്പെടുന്ന ചരിത്ര ഗാഥകള്‍.കഥയിലൊരു മാറ്റവും ഇല്ല.കഥാ പാത്രങ്ങള്‍ മാത്രം മാറുന്ന അതി ഗം‌ഭീരമായ വര്‍‌ത്തമാനം.അതെ ഇരുട്ടിന്റെ ശക്തികളുടെ അജണ്ടയില്‍ ഒരു മാറ്റവും ഇല്ല.പാഠം ഒന്ന്‌ പ്രാര്‍‌ഥനയും രണ്ട്‌ പശുക്കിടാവും തന്നെ.

ക്ലാസ്സ്‌ കഴിഞ്ഞ്‌ വാഹനത്തില്‍ കയറിയപ്പോള്‍ അയാള്‍ പറഞ്ഞു.സര്‍; നല്ല പാഠം. വണ്ടി സ്റ്റാര്‍‌ട്ട്‌ ചെയ്‌തു.കുപ്പി തുറന്നു വെള്ളം കുടിക്കാന്‍ നിര്‍‌ദേശിച്ചു.നല്ല മധുരം അനുഭവപ്പെട്ടു...അയാള്‍ ഒഴിച്ചു തന്ന കുടിനീരിന്റെ അനിര്‍‌വചനീയമായ അനുഭൂതി വിസ്‌മൃതമാകുമെന്ന്‌ തോന്നുന്നില്ല.

ഫ്ലാറ്റിന്റെ താഴെ വണ്ടി നിര്‍‌ത്തി.കൈകളില്‍ അമര്‍‌ത്തി പിടിച്ചു.സര്‍; അടുത്തവാരവും നമുക്കൊരുമിച്ച്‌ പോകാം.അതെ ഇനി മുതല്‍ നമുക്കൊരുമിച്ച്‌ യാത്ര ചെയ്യാം....ആത്മഗദം ചെയ്‌തു.