Thursday, March 22, 2018

നെല്ലിക്ക പോലെ അനുഭവങ്ങള്‍

കോളിങ് ബല്‍ ശബ്‌ദിച്ചു.അബ്‌ദുല്‍ റഹ്‌മാന്‍ സാഹിബായിരിയ്‌ക്കും ഞാന്‍ സുഹൃത്തിനോട്‌ പറഞ്ഞു.ശരിയാണ്‌ മൂന്നു സാഹിബുമാര്‍.അബ്‌ദുല്‍ റഹ്‌മന്‍,അബൂബക്കര്‍ സിദ്ധീഖ്‌,മുഈന്‍ മാഷ്‌.

ദോഹ പട്ടണ പ്രദേശത്ത് ക്രേസി സിഗ്‌നലിന്നടുത്തുള്ള ഞങ്ങളുടെ പുതിയ താമസ സ്ഥലം പൂര്‍‌ണ്ണമായും ക്രമപ്പെട്ടു വരുന്നതേയുള്ളൂ.അതിനാല്‍ എന്റെ കട്ടിലിന്നടുത്ത്‌ ഇരിപ്പിടങ്ങളില്‍ എല്ലാവരും വട്ടമിട്ടിരുന്നു.ഇഷാ നമസ്‌കാരം കഴിഞ്ഞ്‌ വരാമെന്ന്‌ കഴിഞ്ഞാഴ്‌ച തന്നെ സൂചിപ്പിക്കപ്പെട്ടിരുന്നു.

അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട്‌ ധന്യമായ ആത്മബന്ധുക്കളുടെ സന്തോഷദായകമായ മുഹൂര്‍‌ത്തങ്ങള്‍‌ക്ക്‌ ഉദയം പഠന വേദിയുടെ പുതിയ ആസ്ഥാനം സാക്ഷിയായി.കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ പലരും രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ഇഷാ നമസ്‌കാരത്തിനു മുമ്പ്‌ എന്ന എന്റെ രീതി പരമാവധി പാലിക്കുന്ന പതിവ്‌ അന്നും തെറ്റിയിട്ടുണ്ടായിരുന്നില്ല.

അത്താഴം കഴിക്കാനുള്ള സാന്ദര്‍‌ഭികമായ ക്ഷണം ഉണ്ടായപ്പോള്‍ ഭക്ഷണമൊക്കെ പിന്നെയാവാം നാം ഒത്തു കൂടിയത് നടക്കട്ടെ എന്നര്‍‌ഥത്തില്‍ അബ്‌ദുല്‍ റഹിമാന്‍ സാഹിബ്‌ തന്നെ തുടക്കമിട്ടു.എല്ലാ അര്‍‌ഥത്തിലും യോഗ്യരായ നിഷ്‌കളങ്കരായ നിസ്വാര്‍‌ഥരായ ഒരു നിരയെ പടുത്തുയര്‍‌ത്താന്‍ പ്രസ്ഥാനം ഒരുക്കിക്കൊണ്ടിരിക്കുന്ന വിവിധോദ്ധേശ പദ്ധതികള്‍ ആസൂത്രണങ്ങള്‍ കര്‍‌മ്മ സരണികള്‍..അതെ നാം അനുഗ്രഹീതരത്രെ..

ഇളം പ്രായത്തില്‍ ഖത്തറിലെത്തി പ്രയാസങ്ങളോടെ തുടങ്ങി.ക്രമേണയുണ്ടായ അഭിവൃദ്ധി.പ്രവാസത്തിന്റെ തുടക്കത്തില്‍തന്നെ ഖത്തറില്‍ വേരോട്ടം പിടിച്ചു കൊണ്ടിരുന്ന പ്രസ്ഥാന സംവിധാനത്തോടൊപ്പം നില്‍‌ക്കാന്‍ സാധിച്ചതിലുള്ള ആത്മ സം‌തൃപ്‌തി.എല്ലാം എല്ലാം അബ്‌ദുല്‍ റഹ്‌മാന്‍ സാഹിബ്‌ വിശദീകരിച്ചു.കണ്ണൂര്‍‌ക്കാരനായ സാഹിബ്‌ മലപ്പുറത്തുകരിയെ ഇണയാക്കിയ സാഹചര്യവും അതിന്‌ കളമൊരുക്കിയ സുഹൃദ്‌വലയവും സ്‌മരിച്ചുകൊണ്ടുള്ള വാചാലതയില്‍ ഉപ്പൂപ്പയുടെ കഥകേട്ടിരിക്കുന്ന പൈതങ്ങളെപ്പോലെ ഞങ്ങള്‍ തലയാട്ടിക്കൊണ്ടിരുന്നു.

അധ്യാപകനായ സാഹിബിന്റെതായിരുന്നു അടുത്ത ഊഴം.പഠന സദസ്സുകളിലെ സമീപനത്തില്‍ തന്നെ സിദ്ധീഖ്‌ സാഹിബ്‌ അധ്യാപകനാണെന്ന്‌ നിഷ്‌പ്രയാസം മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന  പ്രതികരണം അസ്ഥാനത്തല്ല എന്ന്‌ മറ്റുള്ളവരും സമ്മതിച്ചു.അധ്യാപക വൃത്തിയില്‍ നിന്നും അവധിയെടുത്ത് കുവൈറ്റില്‍ പോയതും തിരിച്ചെത്തിയതും പിന്നീട്‌ ഖത്തറില്‍ എത്തപ്പെട്ട സാഹചര്യവും വിശദമായി പറഞ്ഞു.പെരുമ്പിലാവിലുള്ള അന്‍‌സാര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ അധ്യാപകനായി ജോലിയിലുണ്ടായിരുന്നതും അദ്ധേഹം പങ്കുവെച്ചു.സാധാരണ കര്‍‌ഷക കുടും‌ബത്തിന്റെ കൈപ്പും മധുരവും സിദ്ധീഖ്‌ സാഹിബ്‌ അയവിറക്കി.ദാരിദ്ര്യത്തിന്റെ ദൈന്യതയിലും മക്കളെ വിദ്യാസമ്പന്നരാക്കാന്‍ രക്ഷിതാക്കള്‍ കാണിച്ച ബുദ്ധിപരമായ സമീപനത്തെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയപ്പോള്‍ കണ്ണുകള്‍ തിളങ്ങിയതും മുഖം പ്രസന്നമായതും സ്വാഭാവികം മാത്രം.പ്രവാസത്തില്‍ കൂടുതലൊന്നും കുരുങ്ങാതെ കുറച്ചൊക്കെ പ്രയാസമുണ്ടായാലും തങ്ങളുടേതായ പ്രകൃതി രമണീയമായ മലയടിവാരത്തിലൊരു കൂടൊരുക്കാനുള്ള ദൃഢ പ്രതിജ്ഞയും സിദ്ധീഖ്‌ സാഹിബ്‌ പുതുക്കാന്‍ മറന്നില്ല.

തന്റെ ഉപ്പാപ്പയുടെ പേര്‍ അനന്തരമായി കിട്ടിയ മുഈന്‍ മാഷ്‌ പതുക്കെയായിരുന്നു പറഞ്ഞു തുടങ്ങിയത്.പ്രാഥമിക വിദ്യാലയ പരിസരത്തെ മധുരമുള്ള കശുമാവിന്‍ മാങ്ങയുടെ രുചി നുണഞ്ഞു കൊണ്ടായിരുന്നു തീഷ്‌ണമായ ജീവിതാനുഭവങ്ങളുടെ കെട്ടഴിച്ചത്.വിദ്യകൊണ്ട്‌ സമ്പന്നമായിരുന്നില്ലെങ്കിലും ജിവിത യാഥാര്‍‌ഥ്യങ്ങള്‍ കൊണ്ട്‌ സം‌സ്‌കരണം സിദ്ധിച്ച ഒരു കുടും‌ബ പശ്ചാത്തലം പച്ചയായി അദ്ധേഹം വിവരിച്ചു.വിദ്യാലയത്തിലെ ബെല്ലടികള്‍ കേള്‍‌ക്കാതിരിക്കുകയും ഉപ്പ്‌മാവ്‌ പാകം ചെയ്യുന്നതിന്റെ ഗന്ധം സിരകളില്‍ അരിച്ചെത്തുകയും ചെയ്‌തിരുന്നതായി മാഷ്‌ പങ്കുവെച്ചു.വിദ്യാലയത്തില്‍ കൃത്യമായി ഹാജറാകിതിരുന്നപ്പോള്‍ സ്‌നേഹ ശാസനകളോടെ വിദ്യാലയത്തിലെത്തിക്കാന്‍ ആത്മാര്‍‌ഥമായി ശ്രമിച്ചു കൊണ്ടിരുന്ന ഗുരുനാഥനെക്കുറിച്ചും ആദരവോടെ അദ്ധേഹം ഓര്‍ത്തെടുത്തു.

ദാരിദ്ര്യത്തെ തോല്‍‌പ്പിക്കാനെന്ന മട്ടില്‍ അന്വേഷിച്ച് കണ്ടെത്തിയ വാടാനപ്പള്ളിയിലെ പഠന കേന്ദ്രത്തിലെത്തിയതുകൊണ്ടായിരുന്നു ജീവിതത്തോണി ഒരു വിധം കരക്കണഞ്ഞതെന്നു മാഷ്‌ പറഞ്ഞു നിര്‍‌ത്തി.പ്രവാസിയായി ഖത്തറില്‍ എത്തിയതും പ്രസ്ഥാനത്തോടൊപ്പം കൂടാന്‍ കഴിഞ്ഞതും സം‌തൃപ്‌തിയോടെ മുഈന്‍ മാഷ്‌ സ്‌മരിച്ചു.

അടുത്ത ഊഴം ഈയുള്ളവന്റേതായിരുന്നു.ഇവിടെ തല്‍‌ക്കാലം പങ്കുവെക്കുന്നില്ല.ഏതായാലും പങ്കുവെക്കപ്പെട്ട കഥകളിലെ രത്നച്ചുരുക്കം സന്തോഷദായകം.അഥവാ നെല്ലിക്ക പോലെ.കൈപ്പും പുളിയും ഒടുവില്‍ മധുരവും.പരസ്‌പരം അഭിവാദ്യങ്ങള്‍ മൊഴിഞ്ഞ്‌ ആലിം‌ഗനബദ്ധരായി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കൃഥാര്‍‌ത്തരായി പടിയിറങ്ങുന്ന ഭാവഭേദം മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു.