Sunday, June 10, 2018

വിശുദ്ധ ഗ്രന്ഥം വായിക്കുക

നിരക്ഷരനായ പ്രവാചകന്‍ സാധിച്ചെടുത്ത ഉദാത്തമായ സാമൂഹ്യ വിപ്‌ളവത്തിന്റെ സമാനതകളില്ലാത്ത ചരിത്ര സത്യത്തിന്‌ നിതാനമായത് വിശുദ്ധ ഖുര്‍‌ആന്‍ ആയിരുന്നു.ജീവല്‍ സ്‌പര്‍‌ശിയായ ദിവ്യവചനങ്ങളാല്‍ സമ്പന്നമായ ഈ വേദത്തിന്റെ ഭാഷയും ഭാഷ്യവും നിരാകരിക്കാനാകാത്തവിധം സജീവമാണ്‌.അടുക്കള കാര്യം മുതല്‍ അന്താരാഷ്‌ട്ര വിചാരം വരെ പ്രതിപാദിച്ചു കൊണ്ടിരിക്കുന്ന ഖുര്‍‌ആന്‍ നടത്തിയ വെല്ലുവിളിയിലൂടെ ഈ ഗ്രന്ഥത്തിന്റെ ദൈവീകതയെയാണ്‌ കാലത്തിനു മുമ്പില്‍ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നത്.ആറാം നൂറ്റാണ്ടില്‍ വായനാ സമൂഹം പിറന്നു വീഴുന്നതിന്റെ ചരിത്ര പശ്ചാത്തലത്തെ തൊട്ടുണര്‍ത്തിയ പ്രഖ്യാപനവും പ്രഘോഷണവും നടത്തിയത് വിശുദ്ധ വചന സുധയുടെ പ്രഥമ സൂക്തമായിരുന്നു.സക്കീര്‍ ഹുസ്സൈന്‍ തുവ്വൂര്‍ പറഞ്ഞു.

ഖത്തര്‍ ഖൈരിയ്യയും എഫ്‌.സി.സിയുമായി സഹകരിച്ച്‌ ഡയലോഗ്‌ സെന്റര്‍ സം‌ഘടിപ്പിച്ച ഖുര്‍‌ആന്‍ വാട്ട്‌സാപ്പ്‌ പ്രശ്‌നോത്തരി സമാപന സം‌ഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു കുവൈറ്റ്‌ കെ.ഐ.ജി പ്രസിഡണ്ട്‌ സക്കീര്‍ ഹുസ്സൈന്‍.ചിട്ടപ്പെടുത്തിയ ചില അനുഷ്‌ഠാനമുറകളും തന്ത്ര മന്ത്രങ്ങളും പഠിപ്പിക്കുന്ന കേവല ആത്മിയതയെയല്ല.ചുവടൊപ്പിച്ച് മുന്നേറേണ്ട ദൈനം ദിന ജീവിത വ്യവഹാരങ്ങള്‍‌ക്ക്‌ വെളിച്ചവും തെളിച്ചവും നല്‍‌കുകയാണ്‌ ഖുര്‍‌ആന്‍.മുന്‍ വിധിയില്ലാതെ ഈ വേദ ഗ്രന്ഥത്തെ പഠന മനനങ്ങള്‍‌ക്ക്‌ വിധേയമാക്കാന്‍ സാക്ഷര സം‌സ്‌കൃത സമൂഹത്തിന്‌ ബാധ്യതയുണ്ട്‌.സക്കീര്‍ ഹുസ്സൈന്‍ വിശദീകരിച്ചു.

വിശുദ്ധ ഖുര്‍‌ആന്‍ മനുഷ്യ സമൂഹത്തിന്റെ പൊതു സ്വത്താണ്‌.മാനവ കുലത്തിനുള്ള വിളക്കും വെളിച്ചവുമാണ്‌.സം‌ഹാരാത്മകമായ ജീര്‍‌ണ്ണിച്ച ലോകത്ത് സംവാദാത്മകതയുടെ പുഷ്‌കലമായ നാളുകളാണ്‌ നമ്മുടെ വിഭാവന.തലയോട്ടികള്‍ തമ്മിലുള്ള സം‌ഘട്ടനമല്ല.തലച്ചോറുകള്‍ തമ്മിലുള്ള ആശയ വിനിമയത്തെ കുറിച്ചുള്ള സാധ്യതയാണ്‌ നമ്മുടെ സാധന.പ്രഭാഷകര്‍ ഓര്‍‌മ്മപ്പെടുത്തി.

വിശുദ്ധ വേദ ഗ്രന്ഥമായ ഖുര്‍‌ആന്‍ അവതീര്‍‌ണ്ണമായ മാസത്തില്‍ ഖുര്‍‌ആനിനെ കുറിച്ച് സഹോദര സമുദായാം‌ഗങ്ങള്‍ക്ക്‌ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ട ഖുര്‍‌ആന്‍ വാട്‌സാപ്പ്‌ ക്വിസ്സ് പരിപാടിയില്‍ നൂറുകണക്കിന്‌ പേര്‍ റജിസ്റ്റര്‍ ചെയ്‌ത് മത്സരത്തില്‍ പങ്കെടുത്തിരുന്നു.ഡയലോഗ്‌ സെന്ററിന്റെ ദോഹ,റയ്യാന്‍,വക്‌റ,മദീന ഖലീഫ എന്നീ നാല്‌ സോണുകള്‍ വഴിയായിരുന്നു മത്സരാര്‍ഥികള്‍ റജ്സ്റ്റര്‍ ചെയ്യപ്പെട്ടത്.റമദാന്‍ ആദ്യ ദിവസം മുതല്‍ പതിനഞ്ച്‌ ദിവസം മൂന്നു വീതം ചോദ്യങ്ങള്‍ ബ്രോഡ്‌കാസ്റ്റ് ചെയ്‌തുകൊണ്ടായിരുന്നു മത്സരം നടന്നത്.

സോണല്‍ അടിസ്ഥാനത്തില്‍ മത്സരാര്‍‌ഥികളില്‍ നല്‍‌കപ്പെട്ട 45 ചോദ്യങ്ങള്‍‌ക്കും ശരിയുത്തരം നല്‍‌കിയവരെ പ്രത്യേകം പ്രത്യേകം നറുക്കിട്ട്‌ ഒന്നും രണ്ടും മൂന്നും വിജയികളെ പ്രഖ്യാപിച്ചു.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍‌ക്കുള്ള സ്വര്‍‌ണ്ണപ്പതക്കങ്ങളില്‍ ദോഹ സോണില്‍ നിന്നും ഒന്നാം സമ്മാനമായ ഒരു പവന്‍ സ്വര്‍‌ണ്ണപ്പതക്കത്തിന്‌ ശ്രീമതി നിസി അര്‍ഹയായി.രണ്ടാം സ്ഥാനത്തിന്‌ ശ്രീമതി അജിതയും മൂന്നാം സ്ഥാനത്തിന്‌ ശ്രീ അനുമോനും അര്‍ഹരായി.

മദീന ഖലീഫ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന്‌ ശ്രീമതി സ്‌മിത ആദര്‍‌ശ്‌ അര്‍‌ഹയായി.രണ്ടും മൂന്നും സ്ഥാനത്തിന്‌ ശ്രീമതി സ്‌മിത ഷൈന്‍,ശ്രീമതി സ്‌മിത ജയകുമാര്‍ എന്നിവര്‍ അര്‍ഹത നേടി.

റയ്യാന്‍ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന്‌ ശ്രീ നോബിള്‍ അലക്‌സ്‌ അര്‍‌ഹനായി.രണ്ടും മൂന്നും സ്ഥാനത്തിന്‌ ശ്രീ ജില്‍‌സന്‍ ജോസഫ്, ശീമതി ശ്രേയ കൃഷ്‌ണ എന്നിവര്‍ അര്‍ഹത നേടി.

വക്‌റ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന്‌ ശ്രീമതി അശ്വതി അശോക് അര്‍‌ഹയായി.രണ്ടും മൂന്നും സ്ഥാനത്തിന്‌ ശ്രീ ജയകുമാര്‍, ശീമതി ഷര്‍‌ലി വര്‍‌ഗീസ് എന്നിവര്‍ അര്‍ഹത നേടി.

ദോഹ സോണില്‍ നിന്നും 86 പേരും,മദീന ഖലീഫയില്‍ നിന്നും 112 പേരും,റയ്യാന്‍ സോണില്‍ നിന്നും 74 പേരും വക്‌റ സോണില്‍ നിന്നും 166 പേരും ക്വിസ്സ് മത്സരത്തില്‍ പങ്കെടുത്തു.നല്‍‌കപ്പെട്ട 45 ചോദ്യങ്ങള്‍‌ക്കും ശരിയുത്തരം നല്‍‌കിയവരും 41 വരെ ഉത്തരം നല്‍കിയവരും അതിനു താഴെ എത്തിയവരേയും ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന്‌ അര്‍‌ഹത നേടിയവരായി പ്രഖ്യാപിച്ചു.

ദോഹ സോണില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന്‌ യഥാക്രമം 35,27,24 മത്സരാര്‍‌ഥികളും.മദീന ഖലീഫ സോണില്‍ നിന്നും 38,37,37 പേരും,റയ്യാന്‍ സോണില്‍ നിന്നും 21,25,28 പേരും,വക്‌റ സോണില്‍ നിന്നും 64,62,40 പേരും യഥാക്രമം വിജയികളായി.വിജയികള്‍‌ക്കുള്ള ഉപഹാരങ്ങള്‍ അതതു സോണ്‍ കൗണ്ടര്‍ വഴി സോണ്‍ല്‍ കോഡിനേറ്റര്‍ മാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്‌തു.

അല്‍‌ അറബ്‌ സ്‌പോര്‍‌ട്‌സ്‌ ക്ലബ്ബില്‍ സം‌ഘടിപ്പിക്കപ്പെട്ട പരിപാടിയുടെ റജിസ്ട്രേഷന്‍ വൈകീട്ട്‌ 03.30 ന്‌ ആരം‌ഭിച്ചു.04.30 ന്‌ ബാലസം‌ഘത്തിന്റെ പ്രാര്‍‌ഥനയോടെയായിരുന്നു പരിപാടിയുടെ തുടക്കം.

വിജയികളെ പ്രഖ്യാപിച്ച്‌ ഉപഹാരങ്ങള്‍ സമ്മാനിച്ചതിന്‌ ശേഷം മത്സരാര്‍ഥികള്‍‌ക്കുള്ള അവസരത്തില്‍ പലരും മനസ്സ്‌ തുറന്നു സംവദിച്ചു.വിജ്ഞാനത്തിന്റെ ലോകത്തേക്കൊരു വാതായനം തുറന്നു കിട്ടിയ പ്രതീതിയായിരുന്നു എന്നും ഖുര്‍‌ആനിന്റെ മര്‍മ്മവും ധര്‍മ്മവും മനസ്സിലാക്കാനുള്ള പ്രചോദനമായി എന്നും വിലയിരുത്തപ്പെട്ടു.ആദ്യമൊക്കെ വലിയ ആവേശമുണ്ടായിരുന്നില്ലെങ്കിലും പിന്നീട്‌ അഭിനിവേശമായി മാറിയെന്നും ചില ചോദ്യങ്ങള്‍ പോലും ജീവിതത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍‌ക്ക്‌ പ്രേരകമായി എന്നും മത്സരാര്‍‌ഥികള്‍ സദസ്സുമായി പങ്കുവെച്ചു.ഇഫ്‌ത്വാറിന്‌ മുമ്പ്‌ തന്നെ ആദ്യ സെഷന്‍ അവസാനിച്ചു.

സന്ധ്യാ പ്രാര്‍‌ഥനയോടെ എല്ലാവരും അല്‍ഹിത്‌മി ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിലേയ്‌ക്ക്‌ മുഖാമുഖം ഇരുന്ന്‌ നോമ്പു തുറന്നു.ജാതി മത ലിം‌ഗ ഭേദമന്യെ സുമനസ്സക്കളുടെ ഒരു മഹാ സം‌ഗമം.ഒരുത്സവത്തിന്റെ - അതിലുപരി മഹനീയമായ ഒരു ആരാധനയുടെ പൂര്‍‌ണ്ണമായ സൗന്ദര്യം സഹൃദയരെ ആഹ്‌ളാദഭരിതരാക്കി.

പ്രാരം‌ഭ ഇഫ്‌ത്വാറിനു ശേഷം മഗ്‌രിബ്‌ നമസ്‌കാരാനന്തരം വളണ്ടിയര്‍ മാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക കൗണ്ടറുകളിലൂടെ ഭക്ഷണം വിളമ്പി.വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് പരസ്‌പരം കുശലാന്വേഷണവും സ്‌നേഹവും പങ്കുവെച്ച് അതിരറ്റ സന്തോഷത്തോടെയായിരുന്നു സംഗമത്തിന്‌ വിരാമമിട്ടത്.

സി.ഐ.സി പ്രസിഡണ്ട്‌ കെ.സി അബ്‌ദുല്‍ ലത്വീഫ്‌ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന സംഗമത്തില്‍ എഫ്‌.സി.സി ഡയറക്‌ടര്‍ ഹബീബു റഹ്‌മാന്‍ കീഴിശ്ശേരി, സി.ഐ.സി വൈസ്‌ പ്രസിഡണ്ട്‌മാരായ ആര്‍.എസ്‌ അബ്‌ദുല്‍ ജലീല്‍,എം.എസ്‌.എ അബ്‌ദു റസാഖ്‌,വി.ടി ഫൈസല്‍,സി.ഐ.സി ജനറല്‍  സെക്രട്ടറി അബ്‌ദുല്‍ സലാം ഹസ്സന്‍, സോണല്‍ സാരഥികളായ ഇ.എം അസൈനാര്‍, ടി.കെ ഖാസ്സിം,മുഹമ്മദലി ശാന്തപുരം,എം.മുഹമ്മദലി,യൂത്ത് ഫോറം പ്രസിഡണ്ട്‌ ജം‌ഷീദ് ഇബ്രാഹീം,വിമന്‍ ഇന്ത്യ ഖത്തര്‍ പ്രസിഡണ്ട്‌ നഫീസത്ത്‌ ബീവി തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.ഡയലോഗ്‌ സെന്റര്‍ എക്‌സിക്യൂടീവ്‌ ഡയറക്‌ടര്‍ കെ.ടി അബ്‌ദു റഹ്‌മാന്‍ അഹമ്മദ്‌ സ്വാഗതവും സെക്രട്ടറി സലാഹുദ്ദീന്‍ ചേരാവള്ളി നന്ദിയും പ്രകാശിപ്പിച്ചു.

ബഷീര്‍ അഹമ്മദ്‌,കെ.ഷബീര്‍,സാക്കിര്‍ നദ്‌വി,അലികുഞ്ഞ്‌, അബ്‌ദുല്‍ വഹദ്‌, ഫസലു റഹ്‌മാന്‍ കൊടുവള്ളി,അസീസ്‌ മഞ്ഞിയില്‍ ഷിയാസ്‌ കൊട്ടാരം, എന്‍.പി അഷറഫ്‌, അനസ്‌ ജമാല്‍ തുടങ്ങിയവര്‍ ഇഫ്‌ത്വാര്‍ സം‌ഗമത്തിന്‌ നേതൃത്വം നല്‍‌കി.

കോഡിനേറ്റര്‍ സലാഹുദ്ധീൻ ചേരാവള്ളിയുമായി സഹകരിച്ച്‌ പ്രശ്നോത്തരിയെ ആദ്യാന്തം നിയന്ത്രിച്ചത്‌ :- സബക് (ദോഹ),റഷാദ്‌ (മദിന ഖലീഫ),സുമയ്യ (റയ്യാൻ), ഷബീർ (വക്ര) വനിതാ വിഭാഗം കോഡിനേഷന്‍ നസീമ ടീച്ചര്‍ എന്നിവരായിരുന്നു.

ഖത്തറിന്റെ ജീവ കാരുണ്യ മുഖമായ ഖത്തര്‍ ചാരിറ്റിയായിരുന്നു ഡയലോഗ്‌ സെന്റര്‍ സം‌ഘടിപ്പിച്ച പ്രശ്‌നോത്തരി സമാപന സം‌ഗമത്തിന്റെ മുഖ്യ പ്രായോജകര്‍.