Wednesday, July 11, 2018

ഒരു തൂവല്‍ സ്‌പര്‍‌ശം

ദോഹ:അടുത്തടുത്തായി മൂന്ന്‌ സഹോദരങ്ങളുടെ നൊമ്പരമുണര്‍‌ത്തുന്ന അനുസ്‌മരണങ്ങള്‍‌ക്ക്‌ ഈ വേദി സാക്ഷ്യം വഹിച്ചു.കുഞ്ഞാലി സാഹിബ്‌,പി.സി ഹം‌സ സാഹിബ്‌,ഇപ്പോള്‍ പ്രിയങ്കരനായ ഗഫൂര്‍ സാഹിബ്‌.അല്ലാഹുവിന്റെ അലം‌ഘനീയമായ വിധിയെ സമാശ്വാസ പൂര്‍വ്വം നമുക്ക്‌ സ്വീകരിക്കാം.അവരുടെ പാരത്രിക വിജയത്തിനു വേണ്ടി പ്രാര്‍‌ഥിക്കാം.

വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ നടന്ന പ്രാര്‍‌ഥനയും ഖബറടക്കവും നന്മയുടെ പ്രതീകങ്ങളായ ശുദ്ധാത്മാക്കള്‍‌ക്കുള്ള പ്രത്യക്ഷമായ സാക്ഷി പത്രങ്ങളാണ്‌.ഭൗതീകമായ അര്‍‌ഥത്തിലെ സമ്പന്നതയിലും സൗഭാഗ്യങ്ങളിലും ദൂര്‍‌ത്തും ദുര്‍‌വ്യയവും ദു‌ഷ്‌പ്രവണതകളും പൂര്‍‌ണ്ണമായും അകറ്റി നിര്‍ത്തി ലാളിത്യ പൂര്‍‌ണ്ണമായ ജീവിതം കൊണ്ട്‌ ജീവിതത്തെ സമ്പന്നമാക്കിയ സഹോദരന്‌ വേണ്ടി മനസ്സുരുകി അല്ലാഹുവിനോട്‌ പ്രാര്‍‌ഥിക്കാം.പരേതന്റെ കുടും‌ബത്തിന്റെ വേദനയില്‍ നമുക്ക്‌ പങ്ക്‌ ചേരാം.സി.ഐ.സി പ്രസിഡണ്ട്‌ കെ.സി അബ്‌ദുല്‍ ലത്വീഫ്‌ ഹൃദയ വ്യഥയോടെ പറഞ്ഞു.

മന്‍‌സൂറയിലെ സി.ഐ.സി ആസ്ഥാനത്ത് നിറഞ്ഞു കവിഞ്ഞ സദസ്സില്‍ അബ്‌ദുല്‍ ഗഫൂര്‍ സാഹിബ്‌ അനുസ്‌മരണ സദസ്സില്‍ ആമുഖം കുറിക്കുകയായിരുന്നു പ്രസിഡണ്ട്‌.

അനുസ്‌മരണ പരിപാടിയില്‍ അബ്‌ദുല്‍ ഗഫൂര്‍ സാഹിബിന്റെ ബാല്യകാല സുഹൃത്ത്‌ പി.കെ സിദ്ധീഖ്‌ സാഹിബ്‌ തുടക്കമിട്ടു.തന്റെ ബന്ധുവീടിന്റെ അയല്‍ വീട്ടുകാരനായ ഗഫൂറിനെ പരിചയപ്പെടുന്നതും ആ ബന്ധം തീര്‍ത്തും ഹരിതാഭമായി ജീവിതാന്ത്യം വരെ പുഷ്‌കലമായി നിന്നതും സിദ്ധീഖ്‌ വിവരിച്ചു.എമ്പതുകളുടെ പ്രാരം‌ഭത്തില്‍ ഖത്തറിലെത്തിയതും ജോലിയില്‍ പ്രവേശിച്ചതും പ്രാസ്ഥാനിക അടിത്തറയുള്ള വൈജ്ഞാനിക സദസ്സുകളില്‍ നിന്നും ദിനേനയെന്നോണം കൂടുതല്‍ വിശ്വാസ ദാര്‍‌ഢ്യം നേടാന്‍ കഴിഞ്ഞതും നന്മയിലധിഷ്‌ടിതമായ പ്രസ്ഥാന ബന്ധം ക്രമപ്രവൃദ്ധമായി വളര്‍‌ന്നതും വളര്‍ത്തിയതും വിശദീകരിക്കപ്പെട്ടു.

എഴുപതുകളുടെ അവസാനത്തിലും എമ്പതുകളുടെ തുടക്കത്തിലും ഖത്തറില്‍ ഉണ്ടായിരുന്ന പണ്ഡിത വര്യന്മാരുമൊത്തുള്ള വിശിഷ്യാ അബ്‌ദുല്ല ഹസ്സന്‍ സാഹിബുമായുള്ള ആത്മ ബന്ധവും അതില്‍ കിനിഞ്ഞു നിന്ന കനിവും കരുണയും നനവും നര്‍‌മ്മവും സൗഹൃദവും സാഹോദര്യവും ഒന്നൊന്നായി പഴയ പാഠ പുസ്‌തകത്തിലെ അടുക്കി ഒതുക്കി വെച്ച മയില്‍ പീലിത്തൂവല്‍ പോലെ എടുത്തു തൊട്ട്‌ തലോടി.

എന്തിനേയും സൂക്ഷ്‌മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും നിഷ്‌കളങ്കമായി സമീപിക്കുകയും ചെയ്യുന്ന പ്രകൃതക്കാരന്റെ ജീവിതത്തിലെ വിശ്രമമില്ലാത്ത കര്‍‌മ്മ സരണികള്‍.അതിലെ കണിശതയും കൃത്യതയും കാര്‍ക്കശ്യത്തോടെ പുലര്‍‌ത്തിയതു വഴി നേടാനായ വിജയ ഗാഥകള്‍... എല്ലാം ചുരുളഴിക്കപ്പെട്ടു.ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങളില്‍ പോലും തന്നെ മറി കടന്ന്‌ ഒരു പണം തൂക്കം മുന്നിലെത്തുമായിരുന്ന പ്രിയ സുഹൃത്ത്‌ ഇന്ന്‌ ഇതാ എന്നെ വല്ലാതെ പിന്നിലാക്കി കയ്യെത്താ ദൂരങ്ങളിലേയ്‌ക്ക്‌ മാനങ്ങളിലേയ്‌ക്ക്‌ പറന്നകന്നിരിക്കുന്നു.ആത്മനൊമ്പരത്തോടെ കണ്ഠമിടറി  സിദ്ധീഖ്‌ വിതുമ്പി. ഓര്‍‌മ്മയുടെ താളുകള്‍  ഹൃദയത്തോട്‌ ചേര്‍ത്ത്‌ മടക്കി അദ്ധേഹം വേദിയില്‍ നിന്നിറങ്ങി.

മകളുടെ വിവാഹവും മറ്റു ഉത്തരവാദിത്ത നിര്‍വഹണങ്ങളും കഴിഞ്ഞ്‌ അന്ത്യയാത്രയുടെ മൂന്നു നാള്‍‌മുമ്പ്‌ മാത്രം ഖത്തറിലെത്തിയതും ഒരുമിച്ചുള്ള യാത്രപോക്കും വരവും ആത്മമിത്രം കെ.വി നൂറുദ്ധീന്‍ ഹൃദയഹാരിയായ കഥ പോലെ പങ്കുവെച്ചു.ജീവിതത്തില്‍ ഏറെ സ്വാധീനിച്ച ഗുരുവര്യനായ അബ്‌ദുല്ല ഹസ്സന്‍ സാഹിബിനെ കാണാന്‍ പോയതും കഥ പറഞ്ഞിരുന്നതും ഒരു പക്ഷെ ഇതായിരിക്കാം ഒടുവിലത്തെ സമാഗമം എന്ന്‌ പറഞ്ഞ്‌ ഗുരുമുഖത്ത് നിന്ന്‌ പിരിഞ്ഞതും കെ.വി പങ്ക്‌ വെച്ചപ്പോള്‍ സദസിലുള്ളവരുടെ കണ്ണും കരളും നിറഞ്ഞൊഴുകി.

പൊയ്‌പോയ കാലങ്ങളില്‍ ഒരുമിച്ചിരിന്ന്‌ ഒരുക്കുകയും വിളമ്പുകയും ഉണ്ണുകയും ഊട്ടുകയും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ തോളോട്‌ തോള്‍ ചേര്‍‌ന്ന്‌ ഗോദയിലിറങ്ങുകയും ചെയ്യുമ്പോള്‍ അനുഭവിക്കാനാകുമായിരുന്ന സാഹോദര്യത്തിന്റെ സൗഹൃദത്തിന്റെ മധുരിമ പുതു തലമുറയും സ്വാം‌ശികരിക്കേണ്ടതുണ്ട്‌.സൗകര്യങ്ങള്‍ വര്‍‌ദ്ധിച്ച കാലത്ത്‌ ഇത്തരം പ്രവര്‍‌ത്തനങ്ങളില്‍ മാന്ദ്യം സം‌ഭവിച്ചിട്ടുണ്ട്‌.അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും കഴിയുന്നുണ്ട്‌.സാന്ദര്‍‌ഭികമയി ഓര്‍‌മ്മിപ്പിക്കപ്പെട്ടു.

അറിവിനോടുള്ള ആര്‍ത്തിയും,പഠിച്ചെടുക്കുന്നത് ജീവിതത്തില്‍ പുലര്‍‌ത്തണമെന്നും പുലരണമെന്നുള്ള വാശിയും ഗഫൂര്‍ സാഹിബിന്റെ പ്രത്യേകതകളായിരുന്നു.എല്ലാം സര്‍‌വ്വാധിപതിയില്‍ ഭരമേല്‍‌പിച്ച് ശുഭ പ്രതീക്ഷയോടെ തന്നാലാവും വിധം സൂക്ഷ്‌മതയോടെ ദൗത്യ നിര്‍‌വഹണത്തില്‍ ജാഗ്രത കാണിക്കുക എന്നതായിരുന്നു ഗഫൂര്‍ സാഹിബിന്റെ ശീലും ശൈലിയും.

തനിക്ക്‌ ചുറ്റും കാണുന്നതും കേള്‍‌ക്കുന്നതും അനുഭവിക്കുന്നതും അതിലെ നന്മയും തിന്മയും എല്ലാം സദാ പഠന വിധേയമാക്കുന്ന പ്രകൃതം.ആരെയും അവഗണിക്കാത്ത ആരെയും അവമതിക്കാത്ത ആരെയും നിരുത്സാഹപ്പെടുത്താത്ത തികച്ചും പ്രചോദിപ്പിക്കുന്ന പ്രകാശ മന്ത്രം മാത്രം അറിയുന്ന മാന്ത്രിക സ്‌പര്‍‌ശം. 

തോരാത്ത മഴയിലെ ചോരാത്ത കുടപൊലെ,കണ്ണീരൊപ്പുന്ന തൂവാലപോലെ,വ്രണങ്ങളിലെ ലേപനം പോലെ,വേദനകളിലെ ഔഷധം പോലെ,സൗഹൃദം ചാലിച്ച കൂട്ടു കുടും‌ബ ബന്ധങ്ങളിലെ മധുവും മധുരവും സം‌ഗീതവും പോലെ ..... ഒക്കെയായിരുന്നു ഗഫൂര്‍ സാഹിബിന്റെ ജീവിതം.ഇവ്വിധം തന്റെ ജീവിതം ഒരു പാഠ പുസ്‌തകം പോലെ പിന്‍ തലമുറക്ക്‌ സമ്മാനിച്ചു കൊണ്ടാണ്‌ ആ കര്‍‌മ്മ യോദ്ധാവിന്റെ ആത്മാവ്‌ പറന്നുയര്‍ന്നത്.

മുഹമ്മദ്‌ റഷീദ്‌ വലിയവീട്ടില്‍,അബ്‌ദുല്‍ അസീസ്‌ കൂളിമുട്ടം,അബ്‌ദുസ്സലാം ഹസ്സന്‍,കെ.ടി.അബ്‌ദുറഹിമാന്‍,വി.ടി.ഫൈസല്‍,ഹമീദുദ്ധീന്‍,മുഹമ്മദ്‌ ഷബീര്‍,സ്വലാഹുദ്ധീന്‍ ചെറാവള്ളി, ബി.കെ ഹുസൈന്‍ തങ്ങള്‍, ഹബീബ്‌ റഹ്‌മാന്‍ കിഴിശ്ശേരി ,അസീസ്‌ മഞ്ഞിയില്‍ തുടങ്ങിയവര്‍ ഓര്‍‌മ്മകള്‍ പങ്കു വെച്ചു.

ഖത്തറിന്റെ പ്രവാസ മണ്ണില്‍ എഴുപതുകളുടെ ഒടുക്കത്തില്‍ തുടങ്ങി എമ്പതുകളില്‍ സജീവമായി  വളരാനും പടരാനും തുടങ്ങിയ കാലം മുതല്‍ പ്രസ്ഥാനത്തിന്റെ തൂണായും താങ്ങായും തണലായും മാറിയ മാതൃകാ പുരുഷന്റെ വിയോഗം സ്ര്‌ഷ്‌ടിച്ച വിതുമ്പലുകളില്‍ നിന്നുയര്‍‌ന്ന സഹ പ്രവര്‍‌ത്തകരുടെ പ്രാര്‍ഥനകളാല്‍ അനുസ്‌മരണ യോഗം ധന്യമായി.

പ്രസ്ഥാന ബന്ധുവിന്റെ രചനയിലെ വരികളിലെ അര്‍‌ഥ ഗര്‍‌ഭ സൂചനകളിലെ ആഴങ്ങളില്‍ പോലും മുങ്ങിത്തപ്പി മുത്ത് വാരുന്ന പ്രകൃതക്കാരന്റെ സംസ്‌കൃതമായ ചിന്തകളും വിഭാവനകളും അതിലെ മര്‍‌മ്മങ്ങളിലെ സൂചക മുനകളും ഒരു വട്ടം കൂടെ കൂര്‍പ്പിച്ചു കൊണ്ടും ഓര്‍‌മ്മിപ്പിച്ചു കൊണ്ടും സി.ഐ.സി പ്രസിഡണ്ട്‌ കെ.സി അബ്‌ദുല്‍ ലത്വീഫ്‌ സാഹിബ്‌ ഉപ സം‌ഹരിച്ചു.