Monday, July 9, 2018

ഘന ഗം‌ഭീര സ്വരം നിശബ്‌ദമായി

ദോഹ:ഉദയം റസിഡന്‍‌സില്‍ ജൂലായ്‌ 6 ന്‌ വാരാന്ത്യത്തിലെ വെള്ളിയാഴ്‌ച  ഉച്ച ഭക്ഷണം കഴിച്ച്‌ മുന്‍ കൂട്ടി പറഞ്ഞുറപ്പിച്ചതനുസരിച്ച്‌ സ്വീകണമുറിയില്‍ ഒത്തു കൂടി.കാരണം ദീര്‍‌ഘകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേയ്‌ക്ക്‌ പുറപ്പെടുന്ന സുഹൃത്തുമായി സഹവാസികളുടെ ഒരു സ്‌നേഹ വര്‍‌ത്തമാനം പങ്കിടലായിരുന്നു അജണ്ട.ഞങ്ങളുടെ വര്‍‌ത്തമാനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കേ ടലിഫോണ്‍ റിങ്.തികച്ചും അസമയത്തുള്ള എന്‍.പി യുടെ ആദ്യ റിങില്‍ തന്നെ ഫോണ്‍ സ്വീകരിച്ചു.ഗഫൂര്‍ സാഹിബ്‌....." അതെ...ഘന ഗം‌ഭീര ശബ്‌ദത്തിന്റെ ഉടമയായ ശാന്ത സ്വഭാവക്കാരന്‍ തിരിച്ചു വിളിക്കപ്പെട്ടിരിക്കുന്നു.

പിന്നീടെല്ലാം യാന്ത്രികമായിരുന്നു.വീണ്ടും അഷറഫിനെ വിളിച്ചു കാര്യങ്ങള്‍ തിരക്കി.കൂളിമുട്ടം അസീസ്‌ സാഹിബില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

മനസ്സും ശരീരവും തളരുന്നതു പോലെ.ശാന്തനായി കട്ടിലില്‍ പോയി കിടന്നു.ഒരു കാലഘട്ടം മുഴുവന്‍ ചിത്രീകരണത്തിലെന്നപോലെ മനസ്സില്‍ തെളിഞ്ഞു വന്നു കൊണ്ടിരുന്നു.എ.വി ഹംസ സാഹിബ്‌,സുലൈമാന്‍ സാഹിബ്‌,എന്‍.കെ മുഹിയദ്ധീന്‍,പി.കെ സിദ്ധീഖ്‌,പി.അബ്‌ദുല്‍ ഗഫൂര്‍,കെ.കെ നാസിമുദ്ധീന്‍,അബ്‌ദുല്‍ അസിസ്‌ കൂളിമുട്ടം,വി.എം അബ്‌ദുല്‍ മജീദ്‌,ആര്‍.വി അബ്‌ദുല്‍ മജീദ്‌,ഇ.എ.കെ,കെ.വി നൂറുദ്ധീന്‍,എന്‍.പി അഷറഫ്,അറക്കല്‍ ഖാലിദ്‌, തുടങ്ങിയ പ്രാദേശിക പ്രസ്ഥാന പ്രവര്‍‌ത്തകരുടെ ചിത്രങ്ങളും പരിശ്രമങ്ങളും മനസ്സില്‍ ഓടിയെത്തി.

എവിടെ തുടങ്ങണം എങ്ങിനെ എഴുതണം ഒരു രൂപവും ഇല്ല.ഒരു വസന്ത കാലത്തെ കുറിച്ച്‌ എഴുതി ഫലിപ്പിക്കുക സാധ്യമല്ല.പുഴ പോലെ,പൂക്കള്‍ പോലെ,വര്‍‌ണ്ണം പോലെ,മധു പോലെ,മധുരം പോലെ,മയില്‍ പീലി പോലെ,സുഗന്ധം പോലെ,മന്ദ മാരുതന്‍ പോലെ....

തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസോസിയേഷന്‍.അതിന്റെ പ്രാരം‌ഭ പ്രവര്‍‌ത്തനങ്ങള്‍.ഭാവി സംരംഭങ്ങള്‍.തൃശൂര്‍ റഹീം സാഹിബിന്റെ ഖത്തര്‍ സന്ദര്‍‌ശനം.തുടങ്ങി നൂറു നൂറു കാര്യങ്ങള്‍ ഓരോന്നായി മിന്നി മറഞ്ഞു.ഇന്ന്‌ ഖത്തറില്‍ കാണുന്ന പ്രാസ്ഥാനിക അടിത്തറയുള്ള എല്ലാ ജില്ലാ അസോസിയേഷനുകളുടെയും തുടക്കം തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസോസിയേഷനാണത്രെ.

തൊണ്ണൂറുകളിലെ അതീവ ഹൃദ്യമായ ഓര്‍‌മ്മ മനസ്സില്‍ വിങ്ങിക്കൊണ്ടിരിക്കുന്നു.ഒരു പെരുന്നാളിനോടനുബന്ധിച്ച്‌ പ്രവാസിയുടെ വേപഥുകളെ ഹൃദയാ വര്‍‌ജ്ജമാക്കി ഒപ്പിയെടുക്കുന്ന ഒരു നാടകം അരങ്ങേറ്റാനുള്ള ഒരുക്കങ്ങള്‍.അറക്കല്‍ ഖാലിദിന്റെതാണ്‌ രചന.എ.വി ഉണ്ണി സം‌വിധാനവും.ഇതില്‍ ഒരു ഗാന രം‌ഗമുണ്ട്‌ . നിഷ്‌കളങ്കമായ സ്‌നേഹോപഹാരമാണ്‌ വരികളില്‍ പ്രതിഫലിക്കുന്നത്. നിര്‍ദേശിക്കപ്പെട്ടപോലെ രചന നിര്‍‌വഹിച്ചു.ഖാലിദ്‌ വടകരയും,പ്രമോദ്‌ ഐ.സി.ആര്‍.സിയും ചേര്‍ന്ന്‌ സംഗീതവും പശ്ചാത്തലവും ഒരുക്കി.ഫൈനല്‍ റിഹേഴ്‌സല്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു കൊണ്ടിരിക്കേ ഈ ഗാനത്തിന്റെ കാസറ്റ് പ്ലേ ചെയ്‌തു.

ആഴിക്കടിയിലെ ചിപ്പിയാണു ഞാന്‍
ആശിച്ചു നിനക്കൊരു സമ്മാനം നല്‍കാന്‍
അറ തുറന്നതിലെന്റെ കണ്ണുനീര്‍ വീഴ്‌ത്തി
ഇമയടച്ചിരുന്നൊരു പവിഴം തീര്‍ത്തു.....

അന്ന്‌ ഒരു പക്ഷെ 30 വയസ്സ്‌ പ്രായമുള്ള ഒരു യുവ രചയിതാവ്‌.അക്കാലത്തുണ്ടായേക്കാവുന്ന സകല ചാപല്യങ്ങളും ഒട്ടും കുറയാതെ ഈയുള്ളവനിലും ഉണ്ടായിരുന്നു.ഈ പാട്ടു കേള്‍‌ക്കുന്നവരുടെ ഭാവ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കുകയും അതില്‍ ആത്മ നിര്‍‌വൃതി കൊള്ളുകയുമായിരുന്നു.ഒറ്റപ്പെട്ട ചിലരൊക്കെ ഇത് മഞ്ഞിയില്‍ രചനയാണോ എന്ന്‌ അത്ഭുത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.സംവിധായകന്‍ ഏറെ സന്തോഷത്തോടെ വന്നു കെട്ടിപ്പുണരുകയും ചെയ്‌തു.എല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഗഫൂര്‍‌ക്ക അടുത്ത്‌ വന്ന്‌ പ്രസ്‌തുത രചനയിലെ പരാമര്‍‌ശങ്ങളെ വിശദമായി അന്വേഷിച്ചറിഞ്ഞു.

മുത്ത്‌ രൂപപ്പെടാനുള്ള ബീജം അടങ്ങുന്ന ജലകണം ചിപ്പി സ്വീകരിച്ച്‌ ആഴിയുടെ അഗാധതയില്‍ കിടന്നു കൊണ്ട്‌ മുത്തുണ്ടാകുന്നു.അതല്ല ആകസ്മികമായി അകപ്പെടുന്ന മണൽത്തരി പോലെയുള്ള ബാഹ്യവസ്തുക്കൾ ചിപ്പിയുടെ മാംസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യവസ്തുവിനെ ആവരണം ചെയ്ത് കട്ടപിടിക്കുന്നു.എന്നിങ്ങനെ രണ്ട്‌ വിധങ്ങള്‍ മുത്തുണ്ടാകുന്ന പ്രക്രിയയെ കുറിച്ച് വിശ്വസിച്ചു പോരുന്നു.ഏതായാലും ഈ സര്‍‌ഗാത്മകയുടെ സാധനയായിരുന്നു കവിതയിലെ ആകര്‍‌ഷണീയത.എന്ന്‌ വിശദീകരിക്കപ്പെടുകയും ചെയ്‌തു.

എല്ലാം ശ്രവിച്ച ശേഷം ഗഫൂര്‍ സാഹിബ്‌ പ്രസന്ന വദനനായി പറഞ്ഞു.ഈ കവിതയില്‍ പരാമര്‍‌ശിക്കപ്പെടുന്ന മുത്ത്‌ രൂപപ്പെടുന്നതിലും അനര്‍ഘമായ നിമിഷങ്ങളിലായിരിക്കണം ഈ രചന പിറന്നത്.ഒരു പക്ഷെ ആഴിയെക്കാള്‍ ആഴമുള്ള അര്‍‌ഥ തലങ്ങളാണ്‌ അദ്ധേഹത്തിന്റെ അഭിനന്ദനത്തിലൂടെ ഒരു യുവ ഹൃദയം ആസ്വദിച്ചത്.

ഇന്നും ഈ കാഴ്‌ച മനസ്സില്‍ ഒരു ചിത്രത്തിലെന്ന പോലെ ചിത്രികരണത്തിലെന്നപോലെ മനസ്സില്‍ മുദ്രണം ചെയ്യപ്പെട്ടു കിടക്കുന്നു.

പ്രസ്ഥാനത്തിന്റെ വിവിധങ്ങളായ പരിപാടികളിലുള്ള സജീവത,കൂടിയിരുത്തം,ഒരുക്കങ്ങള്‍ എല്ലാം എല്ലാം ഓരോന്നോരാന്നായി മനസ്സില്‍ പൂത്തു നില്‍‌ക്കുന്നു.

രണ്ടോ മൂന്നോ ദശകങ്ങള്‍‌ക്ക്‌ മുമ്പുണ്ടായിരുന്ന ഹൃദയ ബന്ധങ്ങളുടെ ആഴം പുതു തലമുറയിലേയ്‌ക്കും പുതുക്കിക്കൊണ്ടു വരണം.പണം കൊടുത്ത്‌ സൗകര്യങ്ങളുണ്ടാകുന്ന ഉണ്ടാക്കുന്ന അവസ്ഥയില്‍ നിന്നും പരസ്‌പരം പണിയെടുത്ത് ഹൃദയ ബന്ധങ്ങള്‍ വളര്‍ത്തുന്നതിന്റെ വളരുന്നതിന്റെ സര്‍‌ഗാത്മകതയിലേയ്‌ക്ക്‌ തിരിച്ചു വരണം.

ആദ്യകാലങ്ങളിലൊക്കെ നടക്കാനിരിക്കുന്ന സമൂഹ സംഗമങ്ങളുടെ തലേന്നാള്‍ ഒരുമിച്ചിരുന്ന്‌ ഉള്ളി അരിഞ്ഞപ്പോള്‍,പാചകം ചെയ്‌തപ്പോള്‍,പാത്രം കഴുകിയപ്പോള്‍ ,അരങ്ങൊരുക്കിയപ്പോള്‍,ശുചീകരണ പ്രവര്‍‌ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ ഒക്കെ രൂപം കൊള്ളുമായിരുന്ന ഹൃദയ ബന്ധങ്ങള്‍ ഒരു നൂറ്‌ ശിക്ഷണ ശിബിരം കൊണ്ട്‌ പോലും സാധ്യമാകുകയില്ല.

നൊമ്പരങ്ങളിലെ തൂവല്‍ സ്‌പര്‍‌ശം,നിസ്സഹായന്റെ സഹായ ഹസ്‌തം,സങ്കടപ്പെരുമഴയില്‍ പെട്ടവന്റെ കൂടെ നിന്നും കുടയായി നിവര്‍‌ന്നും നിസ്വാര്‍‌ഥ സേവന പാതയിലെ ആള്‍ രൂപം മണ്‍ മറഞ്ഞിരിക്കുന്നു.

ശാരീരികമായ സകല തളര്‍ച്ചകളേയും വിളര്‍ച്ചകളേയും മാനസികമായ ദാര്‍‌ഢ്യം കൊണ്ടും സഹനം കൊണ്ടും  പരിഹരിച്ചു പോന്ന കര്‍‌മ്മ യോഗി ഓര്‍‌മ്മയായിരിക്കുന്നു.തന്റെ കര്‍‌മ്മ സരണികളിലും ഇടങ്ങളിലും പൊഴിച്ചിട്ടു പോയ വര്‍‌ണ്ണാഭമായ സ്വര്‍‌ണ്ണത്തൂവലുകളില്‍ തൊട്ടുഴിഞ്ഞ്‌ ഗൃഹാതുരത്വമുണര്‍‌ത്തുന്ന മനോഹരമായൊരു  കാലത്തെ കാലഘട്ടത്തെ താലോലിക്കാം. പ്രാര്‍‌ഥിക്കാം.

"ശാന്തി പ്രാപിച്ച ആത്മാവേ, സംതൃപ്തമായ അവസ്ഥയിൽ നിന്റെ നാഥന്റെ സന്നിധിയിലേക്ക് മടങ്ങിക്കൊള്ളുക.സച്ചരിതരായ ദാസൻമാരുടെ കൂടെ സ്വർഗീയാരാമങ്ങളിൽ പ്രവേശിച്ചു കൊള്ളുക.. "