Saturday, August 4, 2018

സൗഹൃദ സം‌ഗമം ധന്യമായി

ദോഹ:ഒരു വസ്‌തു സ്വീകരിക്കപ്പെടുന്ന പശ്ചാത്തലം ഏറെ പ്രധാനം തന്നെയാണ്‌. മേഘങ്ങളിൽ നിന്നു വീഴുന്ന മഴത്തുള്ളി ശുദ്ധമായ കൈകളിലാണ് പതിക്കുന്നതെങ്കിൽ അത് പാനം ചെയ്യാം.പകരം അഴുക്ക്‌ ചാലിലാണെങ്കിൽ പാദം കഴുകാൻ പോലും യോഗ്യമല്ല.അതേ  മഴത്തുള്ളി ചുട്ടു പൊള്ളുന്ന ഒരു ലോഹത്തിലാണ് വീഴുന്നതെങ്കിൽ ബാഷ്‌പീകരിച്ച് ഇല്ലാതാകും.ഒരു പക്ഷെ പതിക്കുന്നത്‌ ഒരു താമരയിലാണെങ്കില്‍ പവിഴം പോലെ തിളങ്ങും.ഒരു മുത്തുച്ചിപ്പിയിലാണെങ്കിലോ അതൊരു പവിഴം തന്നെയാകും.ഓർക്കുക മഴത്തുള്ളി എപ്പോഴും ഒന്നുതന്നെയായിരുന്നു.അത് പതിക്കുന്ന പ്രതലങ്ങളാണ് വ്യത്യസ്തം.ഒരാൾ ആരുമായി സൗഹൃദത്തിലാകുന്നുവോ അതനുസരിച്ച് അയാളുടെ ജീവിതത്തില്‍,സ്വഭാവത്തില്‍,സം‌സ്‌കാരത്തില്‍ ഭാവമാറ്റമുണ്ടാകുന്നു.നല്ല സുഹൃത്തുക്കളാകട്ടെ നമ്മുടെ കൈമുതൽ.ജൂലായ്‌ 30 ലോക സഹൃദ സം‌ഗമ ദിനത്തോടനുബന്ധിച്ച്‌ ആഗസ്റ്റ്‌ 3 ന്‌ സി.ഐ.സി യില്‍ സം‌ഘടിപ്പിക്കപ്പെട്ട സൗഹൃദ സദസ്സില്‍ നാസര്‍ വേളം പ്രാരം‌ഭം കുറിച്ചു.

ശേഷം സം‌ഗമം കണ്‍‌വീനര്‍ അസീസ്‌ മഞ്ഞിയിലിന്റെ സൗഹൃദ മൊഴിയായിരുന്നു.ചുട്ടു പൊള്ളുന്ന വേനല്‍ ചൂടില്‍ വെന്തുരുകിയിട്ടും ഈ നട്ടുച്ച നേരത്ത് സൗഹൃദത്തിന്റ് കുളിര്‍ തെന്നല്‍ തേടി വന്നത് ചെറിയ കാര്യമല്ല.വലിയ മനസ്സുള്ളവര്‍‌ക്കേ ഇതിനു കഴിയുകയുള്ളൂ  വളര്‍‌ന്നു വരുന്ന തലമുറയിലെ കുട്ടികള്‍ തങ്ങളുടേതുമാത്രമായ തീരങ്ങളിലും  തുരുത്തുകളിലുമാണ്‌ സൗഹൃദങ്ങള്‍ പങ്കിടുന്നത്‌.പഴയ കളിപ്പറമ്പില്‍ പുതിയ രമ്യഹര്‍മ്മങ്ങളുയര്‍ന്നിരിക്കുന്നു.തണല്‍ മരം വെട്ടി മാറ്റപ്പെട്ടിരിക്കുന്നു.ഓലമേഞ്ഞ ഓത്തുപള്ളി വലിയ കെട്ടിടമായി മാറിയിരിക്കുന്നു.കെട്ടി ഉയര്‍ത്തപ്പെട്ട മതിലും മറയും വന്നിരിക്കുന്നു.അവിടെയാണ്‌ മുഹമ്മ്ദുമാരുടെ സദസ്സ്‌.തൊട്ടപുറത്തെ കാലഹരണപ്പെടാറായി നിന്നിരുന്ന വഴിയമ്പലം പുനരുദ്ധരിച്ചിരിച്ച്‌ ചുറ്റുമതില്‍ കെട്ടി ഭദ്രമാക്കിയിരിക്കുന്നു.മുരളീധരന്മാരുടെ താവളം അവിടെയാണ്‌.മറ്റൊരുകൂട്ടര്‍ കുരിശുപള്ളി പരിസരത്താണ്‌ ഒത്തുകൂടുന്നത്‌.സമൂഹങ്ങള്‍ക്കിടയില്‍ വലിയ മതിലുകള്‍ രൂപം പൂണ്ടിരിക്കുന്നു.ആത്മീയ ഹാവ ഭാവങ്ങളുടെ മത്സരത്തട്ടകങ്ങളും വിവിധ ദര്‍‌ശനങ്ങള്‍ തമ്മിലുള്ള അനാരോഗ്യകരമായ വീറും വാശിയും  ആയിരിക്കണം ഈ ദയനീയാവസ്ഥയുടെ കാരണമെന്ന്‌ പറയപ്പെടുന്നു.പത്രവാര്‍ത്തകള്‍ പോലും ഒരുമിച്ചിരുന്ന്‌ വായിക്കാന്‍ പറ്റാത്തവിധം സമൂഹങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ വീണിരിക്കുന്നു.
ഈ വരണ്ടുണങ്ങിയ തീരത്ത് ഈ സം‌ഗമം പ്രസക്തമാകുന്നു.മഞ്ഞിയില്‍ വിരാമമിട്ടു.

നന്മയുടെ പൂമരങ്ങളുടെ തണലും സുഗന്ധവും തേടി കടുത്ത വേനലിനെ വകവെയ്‌ക്കാതെ സം‌ഗമത്തിന്റെ ഭാഗമാകാന്‍ മനസ്സ്‌ വെച്ച സഹൃദയരെ മുക്തകണ്ഠം പ്രശം‌സിച്ചു കൊണ്ടായിരുന്നു സി.ഐ.സി ദോഹ സോണ്‍ ആക്‌റ്റിങ് പ്രസിഡന്റ് കെ.ടി അബ്‌ദുല്ലയുടെ സന്ദേശം തുടങ്ങിയത്.പൊയ്‌പോയ കാലങ്ങളിലെ വഴിയടയാളങ്ങള്‍ നന്മയുടെ വഴിയിലേയ്‌ക്കുള്ള സൂചകങ്ങളും സൂചനകളുമത്രെ.

ഈ സമൂഹ ഗാത്രത്തില്‍ പടര്‍‌ന്നു പിടിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്‌ണുതയുടെ ജ്വരം ഏറെ അപകടകരമാം വിധം വളര്‍‌ന്നിരിക്കുന്നു.പ്രതീക്ഷകളുടെ കൊച്ചു കൊച്ചു തുരുത്തുകള്‍ പോലും പ്രളയം വിഴുങ്ങാന്‍ പോകുന്ന പ്രതീതി.

ചിരുതയുടെ മുലപ്പാല്‍ കുടിച്ച്‌ വളര്‍‌ന്നവനാണെന്നു വികാരാധീനനായി സമൂഹത്തോട്‌ ആത്മാഭിമാനത്തോടെ വിളിച്ചു പറഞ്ഞ പണ്ഡിത കേസരികളുടെ നാടാണ്‌ കേരളം.പാലൂട്ടിയ അമ്മയുടെ ഇതര ധര്‍മ്മധാരയിലെ മകള്‍ തന്റെ പൊന്നു പെങ്ങളാണെന്നു പറയുന്നതില്‍ അശേഷം ശങ്ക തോന്നാത്ത വലിയ മനസ്സുള്ളവരുടെ സ്വപ്‌ന ഭൂമിക.ഈ സ്വപ്‌ന ഭൂമിയും ഭൂമികയും അക്ഷരാര്‍‌ഥത്തില്‍ തകിടം മറിഞ്ഞിരിക്കുന്നു.വഴികാട്ടികള്‍ തന്നെ വഴി കേടിലായ കാലത്ത് പ്രതീക്ഷാ നിര്‍‌ഭരമായ പ്രാര്‍ഥനാ നിരതമായ മനസ്സോടെ നമുക്ക്‌ ഒരുമിച്ചിരിക്കാം സൗഹൃദം പങ്കുവെക്കാം.അനിര്‍വചനീയമായ ഈ അനുഭൂതി സഹൃദയര്‍‌ക്ക്‌ പങ്ക്‌ വെക്കാം.കെ.ടി സം‌ക്ഷിപ്‌തമായി പറഞ്ഞു നിര്‍ത്തി.

അമ്മമാര്‍‌ക്ക്‌ വേണ്ടി സമര്‍‌പ്പിച്ച ഒരു കവിതയായിരുന്നു പിന്നീട്‌ അവതരിപ്പിക്കപ്പെട്ടത്.നാസര്‍ സാഹിബിന്റെ പാരായണം അതീവ ഹൃദ്യമായിരുന്നു.

ഫത്തീലിന്റെ അറബിക് ഗാനവും കൊച്ചു ഗായകന്റെ ചരിത്ര പാഠം ഒര്‍മ്മിപ്പിക്കുന്ന ഗാനവും സഹോദരന്റെ ലളിത ഗാനവും സദസ്സ്‌ സന്തോഷ പൂര്‍‌വ്വം സ്വീകരിച്ചു.

ജോണ്‍സണ്‍ വാകയില്‍,മനോജ്‌,ജീവന്‍ തുടങ്ങിയ സഹൃദയര്‍ വേദിയിലിരുന്നും സദസ്സിലിരുന്നും മനസ്സ്‌ തുറന്നു.ആധുനിക സൗകര്യങ്ങളുടെ കടന്നു കയറ്റം മനുഷ്യരെ കൂടുതല്‍ അകലം പാലിക്കത്തക്ക വിധം ദ്രുവങ്ങളിലെത്തിച്ചിരിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരിക്കുന്നു.സാങ്കേതിക വിദ്യകളുടെ അതിപ്രസരം ഒരു സമൂഹത്തിന്‌ പ്രത്യക്ഷത്തില്‍ ഉപകാരപ്പെട്ടതായി തോന്നുന്നുവെങ്കിലും ഈ സംവിധാനം എല്ലാ അര്‍ഥത്തിലും ദുരുപയോഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് നിഷേധിക്കാന്‍ സാധ്യമല്ല.പരസ്‌പരം പാലം പണിയുന്ന ഇത്തരം സൗഹൃദ സം‌ഗമങ്ങള്‍ ശ്‌ളാഘനിയമാണെന്നും കാലഘട്ടത്തിന്റെ തേട്ടമാണെന്നും ചര്‍‌ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

വിവിധ ദര്‍‌ശനങ്ങളും വീക്ഷണങ്ങളും മനുഷ്യ നന്മയ്‌ക്കും പുരോഗതിയ്‌ക്കും വലിയ സം‌ഭാവനകള്‍ നല്‍‌കുന്നവയാണ്‌.വിദ്വം‌സക സം‌ഘങ്ങളും ദുഷ്‌ടലാക്കോടെ പ്രവര്‍‌ത്തന നിരതരായ അധര്‍‌മ്മകാരികളും ഉറഞ്ഞു തുള്ളുന്ന കാലമാണിത്.ധര്‍‌മ്മങ്ങളുടെ യഥാര്‍‌ഥ ആഹ്വാനത്തിന്‌ കടകവിരുദ്ധമായ കല്‍‌പനകള്‍ നടത്തി സാധുജനങ്ങളെ കബളിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ദുരവസ്ഥയ്‌ക്ക് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു.ധര്‍‌മ്മങ്ങളിലേയ്‌ക്ക്‌ സമൂഹത്തെ തിരിച്ചു നടത്തണം.ധര്‍‌മ്മ നിരാസമാണ്‌ ഈ കാലുഷ്യാന്തരീക്ഷത്തിന്റെ യഥാര്‍ഥ ശത്രു.കണ്ണടച്ച്‌ നിരാകരിച്ച ധര്‍‌മ്മങ്ങളിലേയ്‌ക്ക്‌ ആത്മാര്‍‌ഥമായി കടന്നു വരുന്നതോടെ ഈ ജീര്‍‌ണ്ണാവസ്ഥയ്ക്ക്‌ സമൂലമായ മാറ്റം സം‌ഭവിക്കും.പ്രതീക്ഷകളെ പൊലിപ്പിച്ചുകൊണ്ട്‌ സ്വലാഹുദ്ദീന്‍ ചെരാവള്ളി ഉപസം‌ഹരിച്ചു.

നൗഫല്‍ വി.കെ,സാബിര്‍ ഓമശ്ശേരി,സബക് സാഹിബ്‌ എന്നിവര്‍ നേതൃത്വം നല്‍‌കി.

1.45 ന്‌ തുടങ്ങിയ സദസ്സ്‌ 2.45 ന്‌ സമാപിച്ചു. ഉച്ചക്ക്‌ 12.45 ന്‌ ഭക്ഷണം വിളമ്പിത്തുടങ്ങിയിരുന്നു.ഒരു മണിക്കൂര്‍ ഭക്ഷണത്തിനും ഒരു മണിക്കൂര്‍ സൗഹൃദ സസ്സിനും എന്ന അജണ്ട കൃത്യമായി പാലിക്കാനായതില്‍ ദോഹ സോണ്‍ സെക്രട്ടറി വി.കെ നൗഫല്‍ സന്തുഷ്‌ടി രേഖപെടുത്തി.