Wednesday, September 12, 2018

ഉത്തമ സംസ്‌കാരമുള്ളവരാകുക

ജൈവ ശാസ്‌ത്രപരമായി പറഞ്ഞാല്‍ ഒരോരുത്തനും എന്ത് ആഹരിക്കുന്നുവോ അതായിരിയ്‌ക്കും നാളത്തെ അയാളുടെ ശരീരം.മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ ദിനേനയെന്നോണം ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്‌.ഇവ്വിധം ജനന മരണ ലീലകള്‍ വ്യത്യസ്ഥ തോതനുസരിച്ച് ആന്തരികാവയവങ്ങള്‍‌ക്ക്‌ പോലും സം‌ഭവിക്കുന്നുണ്ട്‌.ഇത്തരത്തിലൊരു പ്രക്രിയ ഇല്ലായിരുന്നുവെങ്കില്‍ രോഗ നിര്‍‌ണ്ണയവും ചികിത്സയും പരിചരണവും ഒന്നും ഫലം ചെയ്യുമായിരുന്നില്ല.

ശരീരത്തിലെ കോശങ്ങള്‍‌ക്ക്‌ സം‌ഭവിക്കുന്ന സം‌ഭവിച്ചേക്കാവുന്ന ന്യൂനതകള്‍ ഒരു വേള ആരോഗ്യകരമായ ശിക്ഷണങ്ങളെ ബോധപൂര്‍‌വ്വം അവഗണിക്കുന്നത് കൊണ്ടാണ്‌.എന്നാല്‍ ബോധപൂര്‍‌വ്വമല്ലാതെ സം‌ഭവിക്കുന്ന ഭവിഷ്യത്തും വളരെ ഏറേയത്രെ.

എന്തായാലും അനാരോഗ്യകരമായ ഒരു അവസ്ഥ സം‌ജാതമായാല്‍ അതില്‍ നിന്നും മുക്തനാകണം എന്ന ബോധം സര്‍‌വ്വ സാധാരണവുമാണ്‌.

നാം എന്തു അറിയുന്നു പഠിക്കുന്നു എന്തു ഉള്‍‌കൊള്ളുന്നു എന്നതിന്റെ നിതാനത്തിലാണ്‌ ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപം പ്രാപിക്കുന്നത്.ശരീരത്തിലേതെന്നതു പോലെ ബോധപൂര്‍‌വ്വമല്ലാതെയും മനുഷ്യന്‍ അവന്റെ സാഹചര്യങ്ങളില്‍ നിന്നും ഒട്ടേറെ  കാര്യങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്‌.അഥവാ ഉള്‍‌കൊള്ളാന്‍ നിര്‍‌ബന്ധിതനാവുന്നുണ്ട്.ഇതെല്ലാം അയാളുമായി ഇടപെടുമ്പോള്‍ ഇടപഴകുമ്പോള്‍ അപരന്‌ ബോധ്യപ്പെടും.സ്വാഭാവികതകള്‍‌ക്കപ്പുറം ഒരാളില്‍ നിന്നും അനുഭവിക്കാനാകുന്ന അരുചി അയാള്‍‌ക്ക്‌ പോലും അസഹ്യമായേക്കും.അബദ്ധമായിരുന്നു തന്നില്‍ നിന്നും നിര്‍ഗമിച്ചത് എന്നും തോന്നിയേക്കും.നല്ലതിനെ പ്രതിനിധാനം ചെയ്യണമെന്ന അടിസ്ഥാന ചിന്തയുള്ള ഒരാളുടെ മാനസിക വ്യാപരമാണ്‌ ഇപ്പറഞ്ഞത്.അടിസ്ഥാനപരമായി നല്ലതിനെ കാം‌ക്ഷിക്കുന്നവന്റെ അവിചാരിതമായ അബദ്ധങ്ങള്‍ ബോധപൂര്‍‌വ്വമുള്ള ഖേദ പ്രകടനത്തില്‍ അലിഞ്ഞില്ലാതാകും.

ഒരാളുടെ അകത്തളം സദ്‌വിചാരങ്ങള്‍‌ കൊണ്ട്‌ പൂരിതമായിരിക്കണം.നല്ലത് ചിന്തിക്കുക.നല്ലത് പ്രവര്‍‌ത്തിക്കുക.നല്ലതിനെ പ്രോസാഹിപ്പിക്കാനുതകുന്ന പഠന മനനങ്ങളില്‍ വ്യാപൃതനാകുക.ഇത്തരക്കാരുടെ മുഖവും ഭാവവും പ്രസന്നമായിരിയ്‌ക്കും ഭാഷ മധുരമായിരിയ്‌ക്കും,മുഖാമുഖം സന്തോഷദായകമായിരിയ്‌ക്കും.

ഒരു പൂ മൊട്ടിട്ട്‌ വിരിയാനാവുമ്പോഴേക്കും പൂമ്പൊടിയും മധുവും മണവും കൊണ്ട്‌ സമ്പന്നമാകുന്നുണ്ട്‌.പറന്നെത്തുന്ന സകല മധുപന്മാര്‍‌ക്കും മധുവൂട്ടുകയും ഇളം തെന്നലില്‍ മണം പരത്തുകയും ചെയ്യുന്നു.വരുന്നവര്‍ക്കൊക്കെ മധു ചുരത്താനും മണം പകരാനും മാത്രമേ പൂക്കള്‍‌ക്ക്‌ സാധിക്കുകയുള്ളൂ.

ശേഖരം നന്നായിരിക്കണം എന്നു ചുരുക്കം.മദീനാ മസ്‌ജിദില്‍ വിസര്‍ജ്ജിച്ച ബദവിയോട്‌ ഇതു വിസര്‍‌ജ്ജിക്കാനുള്ള ഇടമല്ല എന്നേ പ്രവാചകന്‍ പറഞ്ഞുള്ളൂ.നമസ്‌കാര സമയത്ത് അഭിവാദ്യ പ്രത്യവിഭാദ്യങ്ങള്‍ നടത്തിയവരോട്‌ നമസ്‌കാരത്തിലെ ദികറുകള്‍ ഓര്‍‌മ്മിപ്പിക്കുക മാത്രമാണ്‌ പ്രവാചകന്‍ ചെയ്‌തത്.അരുതായ്‌മകള്‍ കാണുമ്പോള്‍ എന്തിനു അങ്ങിനെ ചെയ്‌തു എന്നതിനു പകരം ചെയ്യേണ്ടിയിരുന്നത് ഇവ്വിധമാണെന്നു പഠിപ്പിക്കുന്ന ശൈലിയായിരുന്നു പ്രവാച പ്രഭുവിന്റേത്.സഹ ധര്‍‌മ്മിണി ദേഷ്യപ്പെട്ട്‌ അകത്തളത്തില്‍ എറിഞ്ഞുടച്ച പളുങ്കു പാത്രത്തിന്റെ മൂര്‍‌ച്ചയുള്ള ഓരോ ചീളും സമ ചിത്തയോടെ പെറുക്കിയെടുക്കുന്ന തിനായിരുന്നു സ്‌നേഹ സമ്പന്നനായ ഉത്തമ സ്വഭാവത്തിന്റെ മൂര്‍‌ത്ത ഭാവമായ ആദരവായ റസൂല്‍ പ്രാധാന്യം നല്‍‌കിയത്.

പറഞ്ഞ്‌ വന്നത് മനുഷ്യ സഹജമായ പല അബദ്ധങ്ങളും പലരില്‍ നിന്നും സം‌ഭവിക്കുന്നുണ്ട്‌.അബദ്ധങ്ങളെ അബദ്ധങ്ങള്‍ കൊണ്ട്‌ നേരിടുന്നതായിരിക്കരുത് വിശ്വാസിയുടെ ശൈലി. 

മദീനയില്‍ പലായനം ചെയ്‌തെത്തിയ കാലത്ത് മക്കയില്‍ വലിയ ദുരിതവും ഭക്ഷ്യ ക്ഷാമവുമാണെന്നു അറിഞ്ഞപ്പോള്‍ മക്കക്കാരെ സഹായിക്കാനുള്ള സത്വര നടപടികളുമായി പ്രവാചകന്‍ മുന്നോട്ടു വന്നു.വിശ്വാസികളെ അക്രമിക്കുകയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും എന്നല്ല നാടുവിടാന്‍ പോലും കാരണക്കാരായവരെ എന്തിനു സഹായിക്കണെമെന്ന സഹജരുടെ ചോദ്യത്തിനുള്ള പ്രതികരണം പ്രസിദ്ധമത്രെ.അവര്‍ അനുഷ്‌ഠിച്ചത് അവരുടെ അജ്ഞതയുടെ സംസ്‌കാരം.നാം പ്രവര്‍‌ത്തിക്കുന്നത് നമ്മുടെ സംസ്‌കാരം.

ഇടിഞ്ഞു പൊളിഞ്ഞ കെട്ടടങ്ങള്‍ കെട്ടിപ്പൊക്കുന്നത്ര എളുപ്പമല്ല തകര്‍‌ന്നടിഞ്ഞ സമൂഹത്തിന്റെ നിര്‍മ്മിതി.