Wednesday, October 30, 2019

ഉമ്മ വിടപറഞ്ഞിട്ട്‌ രണ്ട്‌ വര്‍‌ഷം

പത്തുമക്കളുടെ ഉമ്മ പേരമക്കളും മക്കളും അവരുടെ മക്കളും ഒക്കെയായി 167 പേരുടെ ഉമ്മയും ഉമ്മൂമയും യാത്രയായിട്ട്‌ രണ്ട്‌ വര്‍‌ഷം.എല്ലാം ഇന്നും ഇന്നലെയും എന്ന പോലെ തോന്നും.അല്ലാഹുവും ദൂതനും കഴിഞ്ഞാല്‍ ഉമ്മയാണ്‌ എന്റെ എല്ലാം.

ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ അഞ്ചാം ക്ലാസ്സുകാരിയായ പുന്നാര മോള്‍. ഹാജി കുഞ്ഞു ബാവു വൈദ്യരുടെ പ്രിയപ്പെട്ട പെങ്ങള്‍.രായം മരക്കാര്‍ വിട്ടില്‍ മഞ്ഞിയില്‍ ബാപ്പുട്ടി സാഹിബിന്റെ മകന്‍ ഖാദര്‍ സാഹിബിന്റെ ഭാര്യ ഐഷ.കൃത്യമായി പറഞ്ഞാല്‍ നൂറോടടുത്തതിന്റെ അടയാളങ്ങളൊന്നു പോലും ആര്‍‌ക്കും പിടികൊടുക്കാത്ത സ്‌നേഹ നിധിയായ പൊന്നുമ്മ.

പത്രവായന ശീലമാക്കിയ തനി നാട്ടിന്‍ പുറത്തുകാരി.കേട്ടറിവിനെക്കാള്‍ വായിച്ചറിവിന്‌ പ്രധാന്യമുണ്ടെന്നു പറയുകയും അതിനനുസ്രതമായി വായനകള്‍‌ക്കും അന്വേഷണങ്ങള്‍‌ക്കും സമയം നീക്കിവിക്കുകയും ചെയ്‌തിരുന്ന മാതൃകയുടെ തനി രൂപം.വര്‍‌ത്തമാനകാല അമ്മായിയമ്മമാര്‍‌ മൂക്കത്ത്‌ വിരല്‍വെച്ചുപോകുന്ന പുന്നാര ഉമ്മ.മരുമക്കള്‍ എന്ന പ്രയോഗം പോലും ഇല്ലന്നതത്രെ ഐസ എന്ന ഐഷയുടെ വിഭാവന.സമയവും സാഹചര്യവുമുണ്ടെങ്കില്‍ സ്‌ത്രീകളുടെ ആരാധനാലയ സന്ദര്‍‌ശനങ്ങള്‍ വിലക്കപ്പെടേണ്ടതല്ല എന്ന്‌ തുറന്നു പറയുന്ന ഉമ്മ.ശാരീരികമായി പ്രയാസങ്ങളില്ലെങ്കില്‍ വെള്ളിയാഴ്‌ചകളില്‍ പ്രാര്‍ഥനക്കിറങ്ങുന്ന ബുദ്ധിമതിയായ ഉമ്മ.ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരി.മുതുവട്ടൂര്‍ ഖത്വീബ്‌ സുലൈമാന്‍ അസ്ഹരിയുടെ പ്രഭാഷണം ഏറെ ഇഷ്‌ടമാണെന്ന വിവിരം അദ്ധേഹത്തെ അറിയിക്കണമെന്നു ശാഠ്യമുള്ള നാടന്‍ വൃദ്ധ.ഏറെ പ്രയാസങ്ങളുണ്ടായിട്ടും 2017 ലെ ഈദ്‌ ഗാഹില്‍ ഉമ്മ പങ്കെടുത്തിരുന്നു 

മുല്ലശ്ശേരിയിലെ അബ്‌സ്വാര്‍ കോര്‍‌ണറിലെ ആഴമുള്ള ശാന്തത ഇപ്പോഴും വിട്ടുമാറാത്തതു പോലെ.2017 ഒക്‌ടോബര്‍ രണ്ടിന്‌ വൈകുന്നേരം എല്ലാവരും കൂടെയുള്ള തൃശൂര്‍ യാത്ര ഈ സന്തുഷ്‌ട കുടും‌ബത്തിന്റെ ഉമ്മൂമയുമായുള്ള അവസാന യാത്രയായിരിക്കുമെന്നു നിനച്ചതേയില്ല.മരണത്തിന്റെ തൊട്ടു മണിക്കൂറുകള്‍‌ക്ക്‌ മുമ്പ്‌ വരേയും തന്നെ സന്ദര്‍‌ശിക്കാനെത്തിയവരെ വേണ്ടവിധം പരിഗണിക്കാന്‍ നിര്‍‌ദേശിച്ചിരുന്നു.ഉമ്മ ഞങ്ങള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഓര്‍‌മ്മയില്‍ വരുന്നതിനെക്കുറിച്ചൊക്കെ പടച്ചോനോട്‌ പറയാം എന്ന നര്‍‌മ്മം പറഞ്ഞു ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത സ്‌നേഹ നിധിയായ സാക്ഷാല്‍ ഉമ്മ.

2017 ഒക്‌ടോബര്‍ നാലിനു വൈകുന്നേരം പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.പാതിരായ്‌ക്ക്‌ ശേഷം സങ്കീര്‍‌ണ്ണമാണെന്ന അറിയിപ്പ്‌  നല്‍‌കപ്പെട്ടു.അഥവാ 2017 ഒക്‌ടോബര്‍ 5{ചന്ദ്രമാസ കണക്കനുസരിച്ച്‌ ഹിജ്‌റ 1439 മുഹറം 15} പുലര്‍‌ച്ചയ്‌ക്ക്‌  ഒന്നരയോടെ മരണത്തിന്റെ അനുഗ്രഹത്തിന്റെ മാലാഖമാരുടെ സാന്നിധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു.ജീവിച്ചിരിക്കുന്ന എല്ലാ മക്കളും എന്റെ സഹധര്‍‌മ്മിണിയും മക്കളും ഉമ്മയുടെ അന്ത്യയാത്രയ്‌ക്ക്‌ സാക്ഷ്യം വഹിച്ചു.

വാര്‍‌ദ്ധക്യ സഹജമായ നേര്‍‌ത്ത ചില അടയാളങ്ങള്‍ പോലും അന്ത്യയാത്രയുടെ സന്തോഷ നിമിഷങ്ങളുടെ പുഞ്ചിരികൊണ്ട്‌ ഒളിപ്പിച്ചു വെച്ച ഞങ്ങളുടെ ഉമ്മ..ഉമ്മമ്മ സമധാനത്തിന്റെ ലോകത്തേയ്‌ക്ക്‌ യാത്രയായിട്ട്‌ രണ്ട്‌ വര്‍‌ഷം .പ്രാര്‍‌ഥനാ പൂര്‍‌വ്വം.