Friday, May 25, 2012

കേരളീയ വര്‍ത്തമാനങ്ങള്‍

ആശങ്കാജനകമായ കേരളീയ വര്‍ത്തമാനങ്ങള്‍ പങ്കുവെച്ച് എഫ്.സി.സി തുറന്ന ചര്‍ച്ച

ദോഹ: വര്‍ത്തമാനലോകം മനസ്സിലാക്കപ്പെട്ട രാഷ്ട്രീയത്തിലെ മനുഷ്യത്വമില്ലായ്‌മയെ തുടച്ച് നീക്കി മാനവികതയെ രാഷ്ട്രീയ സമൂഹികതയില്‍ വിളക്കിച്ചേര്‍ക്കാനുതകുന്ന വ്യക്തമായ ആലോചനകള്‍ നടക്കണമെന്ന് മീഡിയ ഫോറം പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍ പറഞ്ഞു. ആശങ്കാജനകമായ കേരളീയ വര്‍ത്തമാനം എന്ന തലക്കെട്ടില്‍ ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആത്മീയാംശത്തെ പാടേ അവഗണിച്ച് കൊണ്ടുള്ള രാഷ്ട്രീയ പടയോട്ടങ്ങള്‍ അവസാനിപ്പിക്കണം. മാനവിക മാനുഷിക ധാര്‍മ്മിക സദാചാരബോധമുള്ള ഒരു സമൂഹം സജീവമാകുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കപ്പെടുകയുള്ളൂ, സന്തോഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയില്‍ വിവിധ സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രതിനിധികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

നന്മയുടെ ഉറവകള്‍ സമൂഹത്തിന്‌ വേണ്ടി ഒഴുകാത്ത അവസ്ഥ , എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത ദുരവസ്ഥ ,സൌഹൃദത്തില്‍ പോലും കൃത്രിമത്വത്തിന്റെ വേഷപ്പകര്‍ച്ച .എല്ലാം കൂട്ടിവായിക്കുമ്പോള്‍ എന്തൊക്കെയോ കൈമോശം വന്നിരിക്കുന്നു .ക്രൂരതയെ വ്യവഹരിക്കാന്‍ മൃഗീയത എന്ന പ്രയോഗം സാധ്യമാകാത്ത വിതാനത്തില്‍ സമൂഹം എത്തപ്പെട്ടിരിക്കുന്നു.ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച എം ടി നിലമ്പൂര്‍ പറഞ്ഞു.

ദുരമൂത്ത ലാഭക്കൊതി എല്ലാ സംവിധാനങ്ങളേയും കീഴ്‌മേല്‍ മറിച്ചിരിക്കുന്നു.എല്ലാമേഖലകളിലും ഈ ദുര്‍ഭൂതം അഴിഞ്ഞാട്ടം നടത്തുന്നു.ഊഴം തീരും മുമ്പ്‌ പുതിയ പുതിയ ചൂഷണ തന്ത്രങ്ങള്‍ ആകര്‍ഷണീയമായ ഓമനപ്പേരുകളില്‍ അവതരിപ്പിച്ച്‌ തങ്ങളുടെ ആധിപത്യം ശക്തമാക്കുന്നതിലും , പൌരന്റെ മൌലികമായ അവകാശങ്ങളെയും ആവശ്യങ്ങളേയും നിരാകരിക്കുന്നതില്‍ കൂസലില്ലാത്ത അധികാരികളുടെ മോഹന വാഗ്ദാനങ്ങള്‍ തിരിച്ചറിയപ്പെടാതിരിക്കുന്നതിലും സമൂഹത്തിന്‌ ആശങ്കയുണ്ടെന്ന്‌ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. 

ഒരു ചെറിയ തീപൊരിയില്‍ നിന്നാണ്‌ വലിയ കാട്ടുതീ ഉണ്ടാകുന്നത്‌ .സമയോചിതമായ ആലോചന കളിലൂടെ നാം നമ്മെ തന്നെ ഓര്‍മ്മപ്പെടുത്തുകയും 
ബോധ്യപ്പെടുത്തുകയുമാണ്‌ .ദൌര്‍ഭാഗ്യകരമായ സംഭവവികാസങ്ങളെ തുടര്‍ന്നുണ്ടായ സാധാരണക്കാരന്റെ ആശങ്കകള്‍ ദൂരീകരിക്കാന്‍ എല്ലാ സംഘങ്ങളും സംഘടനകളും ബോധപൂര്‍വ്വം ശ്രമിക്കേണ്ടതുണ്ട്‌ .കേരളീയ സമൂഹത്തിലെ വിപ്‌ളവകരമായ മാറ്റങ്ങള്‍ക്ക്‌ സന്ധിയില്ലാതെ സമരം നടത്തി എല്ലാവിധ പീഡനപര്‍വങ്ങളും അഭിമുഖീകരിച്ച വിപ്‌ളവ പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താനും ഒറ്റിക്കൊടുക്കാനും ശ്രമിക്കുന്നവരുടെ കുത്സിത ശ്രമങ്ങളുടെ വിജയം താല്‍കാലികം മാത്രമാണെന്നാണ്‌ മുന്‍ അനുഭവങ്ങളില്‍ നിന്നുള്ള പാഠം .സംസ്‌കൃതി പ്രതിനിധി ബാബു അഭിപ്രായപ്പെട്ടു.

കേരളീയ സാമൂഹിക രാഷ്‌ട്രീയ ഭൂമികയില്‍ കക്ഷി രാഷ്‌ട്രീയങ്ങള്‍ക്കതീതമായ ഊഷ്‌മളമായ സൌഹൃദബന്ധങ്ങളുടെ ഇഴയടുപ്പം തുന്നിച്ചേര്‍ക്കാന്‍ നവോത്ഥാന നായകന്മാര്‍ നടത്തിയ വീര ചരിത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്‌.അതിന്റെ പിതൃത്വം ഏറ്റെടുക്കാനും അതിന്റെ ചരിത്ര പരിസരം തങ്ങളുടെ കൂടെ ചരിത്രമാക്കി ഉദ്ധരിക്കാനുമുള്ള തന്ത്രങ്ങള്‍ മെനയുന്നതില്‍ ഒരു പരിധിവരെ ഇടതു പക്ഷത്തിന്റെ മേല്‍കോയ്‌മ അവകാശപ്പെടുന്നവര്‍ വിജയിച്ചിട്ടുണ്ട്‌ .ഉച്ചനീചത്വങ്ങളുടെ പ്രഹരമേല്‍ക്കേണ്ടി വന്നിരുന്ന സമൂഹത്തിന്റെ ഉദ്ധാരണ പ്രക്രിയയില്‍ ഈശ്വര വിശ്വാസികളും അല്ലാത്തവരുമായ ഓരോ പ്രസ്ഥാനവും തങ്ങളുടെതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌ എന്നതാണ്‌ പരമാര്‍ഥം .റഫീഖ്‌ പുറക്കാട്‌ വിലയിരുത്തി.

സമൂഹ ഗാത്രത്തില്‍ എന്തൊക്കെ പരിക്കുകള്‍ ഉണ്ടാക്കിയാലും അധികാരികള്‍ക്ക്‌ ഒന്നും നഷ്‌ടപ്പെടാനില്ല.നൈമിഷികമായ ചില ഒച്ചപ്പാടുകള്‍ എന്നതിനപ്പുറം എല്ലാം യാന്ത്രികമായി നീങ്ങിക്കൊണ്ടിരിക്കുന്നു.മാനുഷികതയും ധാര്‍മ്മികിതയും ഒക്കെ ആലങ്കാരിക പ്രയോഗങ്ങള്‍ മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു.ആശയങ്ങള്‍  പരാജയപ്പെടുമ്പോള്‍ ആയുധം എടുക്കുക എന്നത്‌ സര്‍വ്വസാധാരണ സംഭവമാക്കിയിരിക്കുന്നു.മാനവികതയുടെ മഹത്തായ ആശയങ്ങളെ സ്വാംശീകരിക്കുന്ന രാഷ്‌ട്രീയ സമസ്യകള്‍ ഉരുത്തിരിയേണ്ടിയിരിക്കുന്നു കോയ കൊണ്ടോട്ടി വിശദീകരിച്ചു.

ഒരു കൊച്ചു ബാലികയെ മുറ്റത്തേയ്ക്ക് കളിക്കാന്‍ വിടാന്‍ പോലും അമ്മമാര്‍ ഭയപ്പെടുന്ന ചീഞ്ഞു നാറിയ സാമൂഹിക വ്യവസ്ഥയുടെ കലികാലത്ത് സാമൂഹിക ശുദ്ധികലശത്തിന് ജനകീയ ഇടപെടലുകളിലൂടെ പരിഹാരം കാണാന്‍ സാധ്യമായേക്കുമെന്ന് ഫരീദ് തിക്കൊടി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ജീവിതത്തിന്റെ സകലമേഖലകളും മാഫിയകള്‍ കീഴടക്കിയിരിക്കുന്നു.സദാചാരബോധവും സാന്മാര്‍ഗികരേഖകളും അപ്രത്യക്ഷമായിരിക്കുന്നു.എല്ലാ അര്‍ഥത്തിലും തകിടം മറിഞ്ഞ സമൂഹത്തെ നേരെയാക്കാന്‍ മാനവികതയെ ഉണര്‍ത്തുന്ന ദര്‍ശനങ്ങളെ അവസരോചിതം ഉപയോഗപ്പെടുത്തണം .പി.പി റഹീം അഭിപ്രായപ്പെട്ടു.

സംസ്‌കൃതമായ സമൂഹത്തിന്റെ പുനര്‍ നിര്‍മ്മാണം ആഹ്വാനം ചെയ്‌തുകൊണ്ട്‌ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജീവിത വീക്ഷണങ്ങളെയും ദര്‍ശനങ്ങളെയും സമൂഹത്തില്‍ ഇടപെടലുകളിലൂടെ പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ സ്വാഭാവികമായ പ്രതിഫലനം സമൂഹത്തില്‍ ദൃശ്യമാകും .കാപട്യം നിറഞ്ഞ വിനിമയ താല്‍പര്യങ്ങളുടെ സംരക്ഷണത്തിന്‌ കിടമത്സരങ്ങളുടെ പ്രചാരണങ്ങളിലൂടെ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നിരീക്ഷണങ്ങളെയും പ്രത്യയശാസ്‌ത്രങ്ങളെയും സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുകയും വിറ്റഴിക്കുകയും ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ അസ്വസ്ഥതകളും അക്രമണങ്ങളും ഉടലെടുക്കും .ചര്‍ച്ചയില്‍ പങ്കെടുത്ത്‌ കൊണ്ട്‌ അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.

പൂര്‍വ്വികരുടെ പീഡനാനുഭവങ്ങളുടെ തഴമ്പ്‌ ഉയര്‍ത്തിക്കാട്ടി,മറ്റുള്ളവരുടെ വ്രണങ്ങളില്‍ പോലും കുത്തി നോവിക്കാനുള്ള ചങ്കുറപ്പുള്ള പുതിയ തലമുറയുടെ കായിക വിളയാട്ടം സമൂഹത്തില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുന്നു.ഒരു പക്ഷത്തിനെതിരെയുള്ള ആരോപണം മറ്റൊരു ആരോപണം കൊണ്ട്‌ നേരിടുന്ന രീതിയിലേയ്‌ക്ക്‌ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ അധഃപ്പതിച്ചിരിക്കുന്നു.നാടിന്റെ വര്‍ത്തമാനകാല ആശങ്കകള്‍ പങ്ക്‌വയ്‌ക്കുമ്പോള്‍ പോലും വ്യത്യസ്‌ത വീക്ഷണമുള്ളവര്‍ പുലര്‍ത്തുന്ന ബോധപൂര്‍വമുള്ള അതി സൂക്ഷ്‌മത നമ്മെ ആശങ്കപ്പെടുത്തുന്നു.ചര്‍ച്ച നിയന്ത്രിച്ചുകൊണ്ട് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കീഴിശ്ശേരി പറഞ്ഞു. 
ആത്മീയാംശത്തെ പാടേ അവഗണിച്ച്‌ കൊണ്ടുള്ള രാഷ്‌ട്രീയ പടയോട്ടങ്ങള്‍ അവസാനിപ്പിക്കണം .സമൂഹ നന്മ കാംക്ഷിക്കുന്നവര്‍ മുന്‍ വിധികളില്ലാത്ത അന്വേഷണങ്ങളിലാണ്‌ വ്യാപൃതരാവേണ്ടത്‌.'അക്രമ രാഷ്‌ട്രീയത്തോട്‌ ഞങ്ങളിതാ വിട പറഞ്ഞിരിക്കുന്നു' എന്ന്‌ സാമൂഹിക രാഷ്‌ട്രീയ മേഖലകളിലെ നായകന്മാരും നേതാക്കളുംപ്രതിജ്ഞയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പൊതു സമൂഹത്തിന്റെ ബോധമണ്ധലം സദാ ജാഗ്രവത്തായിരിക്കണം .എങ്കില്‍ മാത്രമെ ജനാധിപത്യ പ്രക്രിയയുടെ സദ്‌ ഫലങ്ങള്‍ സമൂഹത്തിന്‌ ഉപകാരപ്പെടുകയുള്ളൂ.മാനവിക മാനുഷിക ധാര്‍മ്മിക സദാചാരബോധമുള്ള ഒരു സമൂഹം സജീവമാകുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കപ്പെടുകയുള്ളൂ.കീഴിശ്ശേരി ഓര്‍മ്മിപ്പിച്ചു.

കരുണാകരന്‍ മാസ്റ്റര്‍ കാര്‍ട്ടൂണ്‍ വരച്ച് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. നവാസ് എം. ഗുരുവായൂര്‍ , മന്‍സൂര്‍ , വി.കെ.എം. കുട്ടി, റഫീഖ് മേച്ചേരി, മുഹമ്മദ് ഒഞ്ചിയം, സി.കെ. ബഷീര്‍ ,  അനസ് കണിയാപുരം, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ജബ്ബാര്‍ തിരൂര്‍ , ഹാഫിസ് റഹ്മാന്‍ കൊണ്ടോട്ടി, സുനില്‍ പെരുമ്പാവൂര്‍ , വി.ആര്‍ . വിന്‍സെന്റ്, മജീദ് പറമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.