ഹിജ്റ - മുഹറം പ്രമാണിച്ച് സിഐസി തുമാമ സോണൽ പ്രസിഡൻറ് സുധീർ സാഹിബ് നടത്തിയ പഠനക്ലാസിന്റെ സംഗ്രഹം.
-----------
ഇസ്‌ലാമിക ചരിത്രത്തിലെ ഒളിമങ്ങാത്ത വിശേഷങ്ങള്‍ അനുസ്‌മരിക്കുകയും വിശേഷാവസരങ്ങളെ സന്ദര്‍ഭത്തിനനുസരിച്ച് ഓര്‍ക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്‌തു കൊണ്ടിരിക്കുന്ന പാരമ്പര്യം വിശ്വാസി സമൂഹം കാത്ത് സൂക്ഷിച്ചു പോരുന്നുണ്ട്.ഇത്തരം തുടര്‍ച്ചകളാണ് ഒരു സമൂഹത്തിന് പ്രതികൂലാവസരങ്ങളില്‍ പോലും അതിജീവനം സാധ്യമാക്കുന്നത്.കേവലാര്‍ഥത്തിലുള്ള ആണ്ടറുതികള്‍ എന്നതിനപ്പുറം കാലത്തിന്റെ തേട്ടത്തിനനുസരിച്ച് പുതിയ വായനകള്‍ നടത്താനും അതുള്‍കൊള്ളാനുള്ള പരിശ്രമങ്ങളുണ്ടാകുകയും ചെയ്യുമ്പോഴാണ് വ്യക്തിഗതമായും സമൂഹ്യതലത്തിലും ഇത് ഗുണകരമായി ഭവിക്കുകയുള്ളൂ.
ഫിർഔനെ സത്യദീനിലേക്ക് ക്ഷണിക്കാൻ അല്ലാഹു കൽപ്പിക്കുന്നുണ്ട്. മർദ്ദകരുടെ അധീശത്തിൽ നിന്ന് മർദ്ദിതരെ വിമോചിപ്പിക്കാനുള്ള കൽപ്പനയും ഖുർആൻ പറഞ്ഞു തരുന്നുണ്ട്.
അലമുറയിടുന്ന കടലലകൾ നോക്കി അസ്വസ്ഥരാകുന്ന സഖാക്കളോട് വഴികാണിക്കാൻ ലോക രക്ഷിതാവുണ്ട് എന്ന ശുഭാപ്‌തി നിറഞ്ഞ തവക്കുലിൻ്റെ സമാശ്വാസം മൂസാ പ്രവാചകൻ പ്രകടിപ്പിക്കുന്നുണ്ട്. താമസിയാതെ മുസയുടെ ദണ്ഡിൻ്റെ പ്രഹരവും ചെങ്കടൽ പിളർന്ന സുരക്ഷാ പാതയും ചരിത്രസാക്ഷ്യമാണ്.നിഷേധികളും ധിക്കാരികളും കടലാഴങ്ങളിൽ മുങ്ങി മലച്ചതും ചരിത്രം.
മൂസ നബിയും അനുധാവകരും ചരിത്ര പ്രസിദ്ധമായ ചെങ്കടൽ പിളർത്തി രക്ഷപ്പെടുത്തപ്പെട്ടതിൻ്റെ നന്ദി സൂചകമായിട്ടാണ് മുഹറം ഒമ്പതും പത്തും വിശ്വാസികൾ നോമ്പനുഷ്ഠിക്കുന്നത്.
ജൂതന്മാർ മുഹറം പത്തിന് മാത്രം വ്രതമനുഷ്ഠിക്കുമ്പോൾ നാം അവരിൽ നിന്നും ഭിഹ്നമാകാനാണ് ഒരു നോമ്പ് കൂടുതൽ എന്നാണ് പ്രവാചക പാഠം.
പ്രവാചക പ്രഭു ഹിജ്‌റക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത് മുഹറ മാസത്തിലായിരുന്നു.വീടു വിട്ടിറങ്ങുമ്പോള്‍ അലി(റ)യെ തന്റെ വിരിപ്പില്‍ കിടത്തില്‍ പുറത്തിറങ്ങി ശത്രുമുഖത്തേക്ക് ഒരു പിടി മണ്ണെറിഞ്ഞ് ഭയലേശമേന്യ നടന്നു നീങ്ങാനാകുന്നതിന്റെ പേരാണ് തവക്കുല്‍.ലക്ഷ്യ സ്ഥാനത്തിന്റെ തികച്ചും എതിര്‍ ദിശയിലൂടെ യാത്രതിരിക്കുന്ന തന്ത്രശാലിയായ നായകനില്‍ നിന്നും പഠിക്കാനും പകര്‍ത്താനും പാഠങ്ങള്‍ ഏറെയാണ്. ഥൗര്‍ ഗുഹയില്‍ കഴിഞ്ഞു കൂടുമ്പോള്‍ ശത്രുസൈന്യം അടുത്തെത്തിയതറിഞ്ഞ അബൂബക്കര്‍ (റ) നോട് ഭയപ്പെടേണ്ടതില്ല മൂന്നാമനായി അല്ലാഹു കൂടെയുണ്ടെന്ന സമാശ്വാസ വചനമന്ത്രത്തിലെ വീര്യവും ആത്മധൈര്യവും വരാനിരിക്കുന്ന അനുധാവാക വൃന്ദത്തിനു കൂടെ ഊര്‍ജ്ജം പകരുന്നതത്രെ.
ഇസ്‌ലാമിക കലണ്ടറിലെ ഹിജ്‌റ വര്‍ഷാരംഭവും പവിത്രമായ മുഹറവും വിശ്വാസി സമൂഹത്തിന് ചരിത്രബോധത്തിനും കാലികമായ പുതിയ നിരീക്ഷണങ്ങള്‍ക്കും അവസരമൊരുക്കുന്നുണ്ട്.പ്രവാചകന്റെ ജീവിതത്തില്‍ അല്ലാഹുവിന്റെ നേരിട്ട ഇടപെടലുകളും അതുവഴി അത്ഭുതകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.അതുപോലെ തികച്ചും സ്വാഭാവികമായ പരിണിതികള്‍ എന്നാല്‍ അല്ലാഹുവിന്റെ സഹായത്തോടെ ക്രമാനുഗതം നിറവേറുന്ന - പൂര്‍ത്തിയാകുന്ന കാര്യങ്ങളും ചരിത്രത്തില്‍ നിന്നും ഗ്രഹിക്കാനാകുന്നുണ്ട്.അഥവാ ലക്ഷ്യബോധമുള്ള പ്രതിജ്ഞാബദ്ധനായ ഒരു വിശ്വാസിയുടെ പ്രവര്‍ത്തന നൈരന്തര്യത്തെ പ്രചോദിപ്പിക്കാനുതകുന്ന പാഠ-പഠനങ്ങള്‍ ഇത്തരത്തിലുള്ള സ്വാഭാവിക പരിണിതികളില്‍ നിന്നും സ്വാംശീകരിക്കാന്‍ സാധിക്കും.
ഹിജ്റ എന്നാല്‍ മക്കയില്‍ നിന്നും മദീനയിലേക്ക് പ്രവാചകനും ഒരു സംഘം വിശ്വാസികളും പലായനം ചെയ്‌തതിനെ അനുസ്‌മരിപ്പിക്കുന്നു എന്നതിനപ്പുറം ദൈവീകമായ ഒരു ദര്‍ശനത്തെ മനസാവാചാ കര്‍മണാ ഉള്‍കൊണ്ടതിന്റെ വെളിത്തില്‍ ഒരു സംസ്‌കാരത്തെ ഒരു ദര്‍ശനത്തെ സീകരിക്കാനൊ പ്രതിഫലിപ്പിക്കാനൊ പ്രസരിപ്പിക്കാനൊ കഴിയാത്ത സാഹചര്യത്തില്‍ ഭൗതികാര്‍ഥത്തിലുള്ള സകല സൗഭാഗ്യങ്ങളും ത്യജിച്ച് ദൈവീക മാര്‍ഗത്തില്‍ മറ്റൊരു ഭൂമിക തേടി പുറപ്പെട്ടതിനെയാണ് ഹിജ്‌റ എന്നു പറയുന്നത്.
പാദാര്‍ഥികാര്‍ഥത്തിലുള്ള ഹിജ്‌റ പോലെ ആത്മീയാര്‍ഥത്തിലും ഹിജ്‌റയുണ്ട്.അത് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമുള്ള ഹിജ്‌റയാണ്.
വര്‍ത്തമാന കാലത്തെ വിമോചനത്തിനും പലായനത്തിനും സങ്കല്പാതീതമായ തലങ്ങളും ഭൂമികകളും ഉണ്ട്.ആസ്വാദന ലോകത്തോടുള്ള അതിരറ്റ ആവേശം വിമോചന ചിന്തകളെയും പ്രവര്‍ത്തന നൈരന്തര്യത്തിനു വിലങ്ങാകുന്ന ഇ - ലോകത്തെ കെട്ടുപാടുകളും ഒരു പുനരാലോചനക്ക് വിധേയമാക്കണം.ഇത്തരം ഹിജ്‌റകള്‍ കാലഘട്ടത്തിന്റെ ആവശ്യമത്രെ.നന്മോമുഖമായ ത്യാഗ സന്നദ്ധതയും വിമോചനാത്മകമായ സമരഗാഥകളും ജീവിതത്തെ ധന്യമാക്കാന്‍ ഹിജ്‌റയും മുഹറവും നമുക്ക് പാഠമാകണം