Saturday, September 30, 2023
അഹമ്മദ് മരണപ്പെട്ടു
ഭാര്യ:നഫീസ.മക്കള്‍:- ഫാഹി യാസിര്‍. അനസ്, ഫാസില്‍,
=========
Wednesday, August 2, 2023
ഉമ്മ മണ്‍ മറഞ്ഞിട്ട് 6 വര്‍ഷം
ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ അഞ്ചാം ക്ലാസ്സുകാരിയായ പുന്നാര മോള്‍. ഹാജി കുഞ്ഞു ബാവു വൈദ്യരുടെ പ്രിയപ്പെട്ട പെങ്ങള്‍.രായം മരക്കാര്‍ വിട്ടില്‍ മഞ്ഞിയില്‍ ബാപ്പുട്ടി സാഹിബിന്റെ മകന്‍ ഖാദര്‍ സാഹിബിന്റെ ഭാര്യ ഐഷ.കൃത്യമായി പറഞ്ഞാല്‍ നൂറ് വയസ്സിനോട് അടുത്ത അടയാളങ്ങള്‍ ഒന്നു പോലും ആര്‍ക്കും പിടി കൊടുക്കാത്ത സ്‌നേഹ നിധിയായ പൊന്നുമ്മ.
പത്രവായന ശീലമാക്കിയ തനി നാട്ടിന്‍ പുറത്തുകാരി.കേട്ടറിവിനെക്കാള്‍ വായിച്ചറിവിന് പ്രധാന്യമുണ്ടെന്നു പറയുകയും അതിനനുസ്രതമായി വായനകള്‍ക്കും അന്വേഷണങ്ങള്‍ക്കും സമയം നീക്കിവിക്കുകയും ചെയ്‌തിരുന്ന മാതൃകയുടെ തനി രൂപം.വര്‍ത്തമാനകാല അമ്മായിയമ്മമാര്‍ മൂക്കത്ത് വിരല്‍വെച്ചുപോകുന്ന പുന്നാര ഉമ്മ.മരുമക്കള്‍ എന്ന പ്രയോഗം പോലും ഇല്ലന്നതത്രെ ഐസ എന്ന ഐഷയുടെ വിഭാവന.സമയവും സാഹചര്യവുമുണ്ടെങ്കില്‍ സ്‌ത്രീകളുടെ ആരാധനാലയങ്ങള്‍ വിലക്കപ്പെടേണ്ടതല്ല എന്ന് തുറന്നു പറയുന്ന ഉമ്മ.ശാരീരികമായി പ്രയാസങ്ങളില്ലെങ്കില്‍ വെള്ളിയാഴ്‌ചകളില്‍ പ്രാര്‍ഥനക്കിറങ്ങുന്ന ബുദ്ധിമതിയായ ഉമ്മ.ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരി.
മുല്ലശ്ശേരിയിലെ അബ്‌സ്വാര്‍ കോര്‍ണറിലെ ആഴമുള്ള ശാന്തത ഇപ്പോഴും വിട്ടുമാറാത്തതു പോലെ.2017 ഒക്‌ടോബര്‍ രണ്ടിന് വൈകുന്നേരം എല്ലാവരും കൂടെയുള്ള തൃശൂര്‍ യാത്ര ഈ സന്തുഷ്‌ട കുടുംബത്തിന്റെ ഉമ്മൂമയുമായുള്ള അവസാന യാത്രയായിരിക്കുമെന്നു നിനച്ചതേയില്ല.മരണത്തിന്റെ തൊട്ടു മണിക്കൂറുകള്‍ക്ക് മുമ്പ് വരേയും തന്നെ സന്ദര്‍ശിക്കാനെത്തിയവരെ വേണ്ടവിധം പരിഗണിക്കാന്‍ നിര്‍ദേശിച്ചിരുന്നു.ഉമ്മ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഓര്‍മ്മയില്‍ വരുന്നതിനെക്കുറിച്ചൊക്കെ പടച്ചോനോട് പറയാം എന്ന നര്‍മ്മം പറഞ്ഞു ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത സ്‌നേഹ നിധിയായ സാക്ഷാല്‍ ഉമ്മ.
ചന്ദ്രമാസ കണക്കനുസരിച്ച് ഹിജ്‌റ 1439 മുഹറം 15{2017 ഒക്‌ടോബര്‍ 5} പുലര്‍ച്ചയ്‌ക്ക് ഒന്നരയോടെ മരണത്തിന്റെ അനുഗ്രഹത്തിന്റെ മാലാഖമാരുടെ സാന്നിധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു.ജീവിച്ചിരിക്കുന്ന എല്ലാ മക്കളും എന്റെ സഹധര്‍മ്മിണിയും മക്കളും ഉമ്മയുടെ അന്ത്യയാത്രയ്‌ക്ക് സാക്ഷ്യം വഹിച്ചു.
വാര്‍ദ്ധക്യ സഹജമായ നേര്‍ത്ത ചില അടയാളങ്ങള്‍ പോലും അന്ത്യയാത്രയുടെ സന്തോഷ നിമിഷങ്ങളുടെ പുഞ്ചിരികൊണ്ട് ഒളിപ്പിച്ചു വെച്ച ഞങ്ങളുടെ ഉമ്മ..ഉമ്മമ്മ സമധാനത്തിന്റെ ലോകത്തേയ്‌ക്ക് യാത്രയായിട്ട് ആറ് വര്‍ഷം. പ്രാര്‍ഥനാ പൂര്‍വ്വം.
Friday, May 19, 2023
വിജയശ്രീലാളിതരായവര്‍ക്ക് അഭിവാദ്യങ്ങള്‍
ഭാവി വാഗ്‌ദാനങ്ങളെ വാര്‍ത്തെടുക്കുന്ന ധര്‍മ്മ സരണിയിലെ വീരോചിതമായ കര്‍മ്മങ്ങള്‍ക്ക് ചൂട്ട് പിടിക്കാന്‍ നിയുക്തരായ പരിവ്രാചകന്മാരത്രെ അധ്യാപകര്‍. കുശവന്റെ കയ്യിലെ കളിമണ്ണുരളകളെപ്പോലെ പുതിയ രൂപവും ഭാവവുമാകാന്‍ കാത്ത് കഴിയുന്ന അസംസ്‌കൃത മണ്ണുരളകളാണ് വിദ്യാര്‍ഥികള്‍. പാകപ്പെടുത്തപ്പെട്ട മണ്ണുരളകള്‍ കലങ്ങളായും കുടങ്ങളായും ചട്ടികളായും ചെരാതുകളായും മാറ്റപ്പെടുന്നു.അതതു രൂപ കല്‍പനക്കനുസൃതമായി മണ്ണ് പാകപ്പെടുക എന്നതുപോലെ പാകപ്പെട്ടവിധം രൂപപ്പെടുത്താനും സാധിക്കണം.
വിദ്യാര്‍ഥികളെന്ന മണ്ണുരളകള്‍ പരുവപ്പെടേണ്ടത് അവരുടെ മാതാപിതാക്കളുടെ മടിത്തട്ടുകളിലാണ്.രൂപപ്പെടേണ്ടത് അധ്യാപകന്റെ നിര്‍മ്മാണ കൌശലത്തിലും.മണ്ണ് യഥാവിധി പാകപ്പെടുന്നില്ല എന്നത് ദുരന്തമാണ്.യഥോചിതം രൂപപ്പെടുന്നില്ല എന്നതും .
സമൂഹത്തിന്റെ വിവിധമേഖലയിലുള്ളവരുടെ പോരായ്‌മകളും ദൂഷ്യങ്ങളും എടുത്തോതുന്ന വര്‍ത്തമാന ശൈലി പുനര്‍വിചിന്തനത്തിന് വിധേയമാക്കണം. ആത്യന്തികമായി മാറേണ്ടത് സമൂഹമാണ്.നല്ല സമൂഹത്തില്‍ നല്ല അധ്യാപകരുണ്ടാകും .നല്ല ഉദ്യോഗസ്ഥരുണ്ടാക്കും .നല്ല രാഷ്‌ട്രിയക്കാരനും സാമുഹിക പ്രവര്‍ത്തകനും ഉണ്ടാകും .നല്ല അവസ്ഥയും വ്യവസ്ഥയും ഉണ്ടാകും.ഒരു നല്ല നാളെയുടെ സങ്കല്‍പത്തെ പൂവണിയിക്കുന്നതില്‍ നിതാന്ത ജാഗ്രതയുള്ളവരായിരിക്കണം മതാപിതാക്കളും അധ്യാപകരും.
=========
അസീസ് മഞ്ഞിയില്‍
Wednesday, May 17, 2023
അവധിക്കാല പ്രവര്‍ത്തനങ്ങള്‍
റമദാന്‍ പ്രാരംഭത്തോടെ പരിശുദ്ധ മാസത്തെ സ്വാഗതം ചെയ്‌തു കൊണ്ടുള്ള ചാവക്കാട് - ഗുരുവായൂര്‍ ഏരിയകളില്‍ തിരുവത്രെ,കോടമുക്ക് - തൊയക്കാവ് തുടങ്ങി വിവിധ ഇടങ്ങളില്‍ പ്രഭാഷണം നടത്തി.റമദാന്‍ സമാഗതമായതിനു ശേഷം പാടൂര്‍ മസ്‌ജിദ് റഹ്‌മ,പുവ്വത്തൂര്‍ മസ്‌ജിദ് ഖുബ,മുതുവട്ടൂര്‍ രാജ മസ്‌ജിദ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പകലിലും തറാവീഹിനോടനുബന്ധിച്ചും പ്രഭാഷണങ്ങള്‍ നടത്തി.പാടൂര്‍ ഹല്‍ഖയില്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക പഠന ശിബിരത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാനത്തുടനീളം നന്മയുടെ - പ്രസാരണ ദൗത്യവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ക്വിസ്സ് പരിപാടിയില്‍,ഗുരുവായൂര്‍ മേഖലയുടെ ക്വിസ്സ്മാസ്റ്റര്‍ ആയിരുന്നു.
കുടുംബ ഇഫ്‌ത്വാര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുകയും വിവിധ പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്‌തു.തിരുനെല്ലൂര്‍ മഹല്ലില്‍ നടന്ന വിശാലമായ ഇഫ്‌ത്വാര്‍ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കി.
ഗുരുവായൂര്‍ മേഖല സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനത്തില്‍ ഖുര്‍ആനിന്റെ തീരങ്ങളിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
പ്രദേശത്തെ പാവറട്ടി ഖുബ മസ്‌ജിദില്‍ പെരുന്നാള്‍ ഖുത്വുബ നിര്‍വഹിച്ചു.പെരുന്നാള്‍ പ്രമാണിച്ച് കാരക്കാട് ഗുരുവായൂര്‍ വനിത ഹല്‍ഖയുടെ ഈദ് സംഗമത്തില്‍ പൊതു സമൂഹത്തെ അഭിസംബോധന ചെയ്‌തു.
==========
അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍
Wednesday, April 5, 2023
ഓര്‍മ്മകള്‍ മരിക്കുന്നില്ല
പഠന പാരായണങ്ങളുടെ തിരക്കിലും തൂലികയില്‍ നിന്നുതിര്‍ന്ന് വീണ ഹരിതാഭമായ ചില ബാല്യകാല ഓര്‍മ്മകള്‍.
ചക്കമുല്ലകള്‍ കാട് പോലെ പടര്‍ന്നു നില്‍ക്കുന്ന മാവിന്റെ ചുവട്ടില്‍ പച്ച മടല്‍ ഒതുക്കിവെച്ച് ഉണ്ണിപ്പുരയുണ്ടാക്കും.ഓലത്തുമ്പ് നിരത്തി മെത്ത വിരിയ്‌ക്കും.അതില്‍ അമ്പഴങ്ങ കൊത്തിയരിഞ്ഞ് ഉപ്പും മുളകും കലര്‍ത്തി ഉണ്ണിച്ചോറും കറിയും വിളമ്പും ഇതിന്റെയൊക്കെ മുന്‍ നിരയില്‍ വെല്ലിത്തയുണ്ടാകും കൂടെ ഇയ്യയും ഐസമോള്‍ത്തയും.ഇതൊന്നും ഒരുക്കിത്തരാതെ കൊത്തം കല്ല് കളിക്കാന്‍ കുസൃതിച്ചെക്കന്‍ സമ്മതിക്കുകയില്ല.ചക്കമുല്ല പൂത്ത പോലെ ഈ ഓര്‍മ്മകളൊക്കെ മനസ്സിന്റെ ഇറയത്ത് ആടിയുലയുകയാണ്.സുഗന്ധം പരത്തുന്ന തെന്നലലകളുടെ പരിമളം ഇപ്പോഴും ആസ്വദിക്കാന്‍ കഴിയുന്നുണ്ട്.എന്റെ മനസ്സിന്റെ അടിത്തട്ടില്‍ പൂത്തുലയുന്ന മലരും മണവും പ്രിയപ്പെട്ട ഇയ്യമാരുടെ പാരത്രിക ലോകത്തും വസന്തം വിരിയിക്കുന്നുണ്ടാകും.
പഴയ കാലത്തിന്റെ നിഷ്‌കളങ്കമായ നാളും നാള്‍ വഴികളും ഓര്‍ത്തെടുക്കുന്നതു പോലും എന്തു മധുരമാണെന്നോ..? പച്ചയായ മനുഷ്യര്‍ എത്ര പാവങ്ങളായിരുന്നെങ്കിലും ഏറെ സമ്പന്നരായിരുന്നു എന്നതത്രെ വാസ്‌തവം.
മുത്തു മണികള്‍ പോലെ മഞ്ഞു പൊതിഞ്ഞ മലരിതളുകളുടെ വജ്ര കണ്ണുകള്‍ പോലെ തൊട്ടാല്‍ മൂളുന്ന തലോടിയാല്‍ കണ്ണീര്‍ തൂകുന്ന , നേര്‍ത്ത നൊമ്പര സംഗീതം പോലെ ഓര്‍മ്മകള്‍ ഉണരുകയാണ്.അര്‍ഥനകള്‍ ഉയരുകയാണ്.
താരങ്ങള്‍ മിന്നും മട്ടില്‍ ചുണ്ടില്‍ മധുര മന്ത്രങ്ങള്‍....
തോരാ മഴ പോലേ പെയ്‌തിറങ്ങും മിഴിയോരങ്ങള്‍....
മലരിതളുകള്‍ മണ്ണില്‍ വീണുടയും മുഹൂര്‍ത്തങ്ങള്‍....
മണിവീണകള്‍ ശ്രുതിതേങ്ങി ഉണരും സുകൃതയാമങ്ങള്‍....
നാഥാ നീ അനുഗ്രഹിച്ചാലും......
റഹ്‌മാന്‍ പി. അയച്ചു തന്ന പ്രതികരണം:-
പിൻനടന്നു പോയ ആ കാലത്തെയും അനുഭവങ്ങളെയും ഓർമ്മകളെയും കാലത്തെ തന്നെ സാക്ഷി നിറുത്തി കഥയായും കവിതയായും ആഖ്യായികയായും ചരിത്രമായും വെറും പതംപറച്ചിൽ മാത്രമായും ഇനി, ഇതൊന്നുമല്ലാതെയും അടയാളപ്പെടുത്താനാകും.അത്രമേൽ തീവ്രതയുണ്ട് ആ ചരിത്ര സത്യങ്ങൾക്ക്.
നമ്മുടേത് ചെറിയൊരു ഗ്രാമമാണെങ്കിലും ഒരു നൂറ്റാണ്ടിന്റെ ഗ്രാമാനുഭവങ്ങളിലൂടെയും ഗ്രാമജീവിതങ്ങളിലൂടെയും അന്വേഷണ ബുദ്ധിയോടെ സഞ്ചരിച്ചാൽ കേവലമായ ഓർമ്മകൾക്കുമപ്പുറം രേഖീയമായ ഒട്ടേറെ ചരിത്ര സത്യങ്ങൾ തൊട്ടറിയാനാകും.അവയെല്ലാം ഒന്നൊന്നായി പെറുക്കിയെടുത്താൽ കിട്ടുന്ന മണി മുത്തുകൾക്ക് പത്തരമാറ്റ് തിളക്കമുണ്ടാകും .... പുസ്തകമാവുകയാണെങ്കിൽ അതിന് 1000 പുറങ്ങൾ തികയാതെയും വരും.
ശിഹാബിന്റെ ഉമ്മയുടേത് പോലെ നമ്മുടെ ഓരോരുത്തരുടെയും മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, അയൽക്കാർ... എന്നിങ്ങനെ അവരുടെയെല്ലാം ഓർമ്മ ദിനങ്ങളിലൂടെ കടന്നുപോകുമ്പോൾ അനാവൃതമാകുന്ന നമ്മുടെ നാടിന്റെ മൂല്യവത്തായ ആ ഭൂമികയും ഉദാത്തമായ മനുഷ്യ മൂല്യങ്ങളിൽ അടിയുറച്ച് ജീവിച്ച കുറേ യഥാർത്ഥ മുഷ്യരെയും ഒരു നല്ല കാലത്തെയും നമുക്ക് കണ്ടെത്താനാകും....
മരണം അനിവാര്യമാണ്.ആ യാഥാർത്ഥ്യം ഓരോ ഹൃദയമിടിപ്പിലും നമ്മുടെയെല്ലാം ഓർമ്മകളിൽ ഉണ്ടായാൽ അതിൽ പരം മനുഷ്യ ജീവിതത്തിൽ നന്മയുള്ളവരായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ കൈവരിക്കുന്ന അവാച്യമായ അനുഭൂതി വിവരണാതീതമാണ്...
ഐസമോൾത്ത ഉൾപ്പെടെ നമ്മുടെ നാട്ടിൽ മരണപ്പെട്ട എല്ലാവരുടെയും , എല്ലാ വിശ്വാസികളുടെയും പാരത്രിക ജീവിതം അള്ളാഹു വിജയിപ്പിക്കുമാറാകട്ടെ - ആമീൻ...!
Saturday, April 1, 2023
അവിസ്‌മരണീയമായ 38 വര്‍ഷങ്ങള്‍
അബ്‌സ്വാറിന്റെ താഴെയുള്ള അന്‍സ്വാറും ഹിബയും വിവാഹിതരാണ്.കല്ലയില്‍ ഇസ്‌ഹാക് സാഹിബിന്റെ മകള്‍ ഇര്‍ഫാനയാണ് അന്‍സാറിന്റെ സഹ ധര്‍മ്മിണി.വലപ്പാട് നമ്പൂരി മഠത്തില്‍ മന്‍സൂര്‍ സാഹിബിന്റെ മകന്‍ ഷമീറാണ് ഹിബമോളുടെ ഭര്‍ത്താവ്.ഹിബ ഷമീര്‍ ദാമ്പത്യവല്ലരിയില്‍ ഇരട്ടകളായ രണ്ടോമനകള്‍.മുഹമ്മദ് ഫലഖും മുഹമ്മദ് ഫായിഖും.നാലാമത്തെ മകന്‍ ഹമദ് പഠനം പൂര്‍ത്തീകരിച്ചു ജോലി അന്വേഷണത്തിലാണ്.അബ്‌സ്വാറിന്റെ വിയോഗാനന്തരം പിറന്ന അമീനമോള്‍ പഠനം തുടരുന്നു.മക്കള്‍ എല്ലാവരും ധാര്‍മ്മിക സനാതന മൂല്യങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരാണ്.
കഴിഞ്ഞു പോയ സമ്മിശ്രമായ നാള്‍ വഴികള്‍ ഓര്‍ത്തെടുക്കുന്ന അവസരത്തില്‍ പ്രാര്‍ഥനാ പൂര്‍വ്വം സര്‍വ്വലോക പരിപാലകനായ നാഥനെ സ്‌മരിക്കുകയാണ്.
Tuesday, March 14, 2023
ഷമീറ
ഖബറടക്കം പെരിങ്ങോട്ടുകര ജാറത്തിങ്കല്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.മക്കള്‍ സുഹൈല,അഹമ്മദ് ഫാതിഹ്,ബിലാല്‍ മുഹിയദ്ദീന്‍.
14.03.2023
Saturday, February 25, 2023
മൗലവിയെ അനുഭവിച്ച നിമിഷങ്ങള്‍..
അല്‍ ജാമിഅ വേള്‍ഡ് കാമ്പസിന്റെ ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉലൂമുല്‍ ഖുര്‍ആന്‍,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്കും ഭാഗ്യം ലഭിച്ചിരുന്നു.
സദസ്സിനെ അഭിമുഖീകരിച്ചു സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ട പഠിതാക്കളില്‍ ഒരാളാകാനുള്ള സൗഭാഗ്യവും ഉണ്ടായി.ഖത്തറില്‍ വെച്ച് വിശുദ്ധ ഖുര്‍ആനിന്റെ സൗന്ദര്യ ശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ആദരണീയനായ ഉസ്‌താദ് സലീം മൗലവിയില്‍ നിന്ന് അംഗീകാരം ഏറ്റു വാങ്ങാനും സദസ്സിനെ അഭിമുഖീകരിക്കാനും സാധിച്ചു എന്നത് ഇരട്ടി മധുരം പോലെ അനുഭവപ്പെട്ടു.....
------------
2023 ഫിബ്രുവരി അവസാന വാരം മൗലവിയെ സന്ദര്‍ശിക്കാന്‍ ലഭിച്ച അസുലഭാവസരമാണ് പങ്കുവെക്കുന്നത്.
ഖത്തറിലെ പഴയകാല ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ പരസ്‌പരമുള്ള സംഭാഷണങ്ങളില്‍ മുന്‍കാല അസോസിയേഷന്‍ സാരഥികള്‍ വിശിഷ്യാ സലീം മൗലവി കടന്നുവരിക സ്വാഭാവികം.കഴിഞ്ഞ ദിവസം ഖാലിദ് അറക്കല്‍,മുഹമ്മദ് കുട്ടി ചേന്ദമംഗല്ലൂര്‍,എ.വി.എം ഉണ്ണി തുടങ്ങിയവരുമായി ഒക്കെ സംസാരിച്ചപ്പോഴും മൗലവി പരാമര്‍ശിക്കപ്പെട്ടിരുന്നു.അതുപോലെ കുടുംബവും മക്കളുമായി തൊണ്ണൂറുകളിലെ പ്രവാസകാലം ഓര്‍ത്തെടുക്കുമ്പോഴൊക്കെ മൗലവി എന്ന മഹദ് വ്യക്തിത്വം ഓര്‍മ്മിക്കപ്പെടാറുണ്ട്.
ഈയിടെ മൗലവിയുടെ ആരോഗ്യവിവരവുമായി ബന്ധപ്പെട്ട ചില വര്‍ത്തമാനങ്ങള്‍ മക്കളുമായി പങ്കുവെച്ചപ്പോള്‍ മൊറയൂരിലുള്ള വീട്ടില്‍ പോയി സന്ദര്‍ശിക്കാമെന്ന അഭിപ്രായത്തിലെത്തി.പോകും വഴി എ.വി.എം ഉണ്ണിയെ കൂടെ കൂട്ടാമെന്ന ധാരണയില്‍ ഞാനും മക്കളും (അന്‍സാര്‍,ഹമദ്)കാലത്ത് ഒമ്പത് മണിക്ക് വീട്ടില്‍ നിന്നും പുറപ്പെട്ടു. ഏകദേശം പത്തുമണിയോട് കൂടെ പന്താവൂരിലെത്തി.തലേന്നാള്‍ പറഞ്ഞുറപ്പിച്ചതനുസരിച്ച് എ.വി.എം ഉണ്ണി ഒരുങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. ഒരുക്കമെന്നു പറഞ്ഞാല്‍ എല്ലാവിധ ഒരുക്കങ്ങളും.അഥവാ സൗകര്യപ്പെടുമെങ്കില്‍ എന്തെങ്കിലും പകര്‍ത്താനും ശബ്‌ദലേഖനം ചെയ്യാനുമുള്ള ഒരുക്കം.
റൗഊഫ് സാഹിബ്നെ വിളിച്ച് സന്ദര്‍ശന വിവരം അറിയിച്ചിരുന്നു.കൂടാതെ മധ്യാഹ്നത്തിനു ശേഷമേ മൗലവിയുടെ വീട്ടിലേക്ക് എത്തുകയുള്ളൂ എന്ന വിവരവും ധരിപ്പിച്ചിരുന്നു.ഞങ്ങള്‍ യാത്ര തുടര്‍ന്നു.യാത്രയിലുടനീളം എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പ്രവാസികള്‍ക്കിടയില്‍ നിറഞ്ഞു നിന്നിരുന്ന അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലെ ഓര്‍മ്മച്ചെപ്പുകള്‍ പലതും ഗൃഹാതുരതയോടെ തൊട്ടു തലോടുകയായിരുന്നു.ചുരുക്കത്തില്‍ മൂന്ന് മണിക്കൂര്‍ യാത്രാ ദൂരം അറിഞ്ഞതു പോലുമില്ല.ഒരിടത്താവളത്തില്‍ നിര്‍ത്തി വിശ്രമിച്ച് ലഘു ഭഷണം കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നു.മൗലവിയുടെ വീട്ടിലേക്ക് ഏകദേശം അരമണിക്കൂര്‍ യാത്രാദൂരമുള്ളപ്പോള്‍ അഥവാ മൊറയൂര്‍ പ്രാന്തപ്രദേശത്തെ ഹിറാ മസ്‌ജിദില്‍ നിന്നും ദുഹുര്‍ നമസ്‌കരിച്ചതിനു ശേഷം മൗലവിയുമായി ഫോണില്‍ ബന്ധപ്പെട്ടു.
സന്ദര്‍ശനം ! എന്ന് അര്‍ധവിരാമത്തില്‍ നിശബ്‌ദമായ നിമിഷങ്ങള്‍.ഒരു സന്ദര്‍ശനം ഉദ്ദേശിച്ച് ഇത്രയും ദൂരമൊക്കെ വരേണ്ടതുണ്ടോ എന്നായിരുന്നു പിന്നത്തെ അന്വേഷണം.മൊറയുര്‍ പരിസരത്ത് നിന്നു തന്നെയാണ് വിളിക്കുന്നത്.ഈ പ്രദേശത്ത് എത്തിയിട്ട് മൗലവിയെ കാണാതെ എങ്ങനെപോകും.എ.വി.എം ഉണ്ണിയും കൂടെയുണ്ട്.എന്നൊക്കെ പറഞ്ഞപ്പോഴാണ് ഒരു വിധത്തില്‍ സന്ദര്‍ശനത്തിന് സമ്മതിച്ചത്.
വീട്ടിലെത്തി പൂമുഖ വരാന്തയില്‍ ഞങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു.താമസിയാതെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തി.ആദ്യം എന്റെ മക്കളെ പരിചയപ്പെടുത്തി. മക്കളൊക്കെ കവിതയെഴുതുമോ എന്ന നര്‍മ്മഭാവത്തിലാണ് സംസാരം തുടങ്ങിയത്. സ്‌നേഹാന്വേഷണങ്ങള്‍ക്ക് ശേഷം സന്ദര്‍ശകരെ തല്‍ക്കാലം അനുവദിക്കുന്നില്ലെന്ന വിവരം കാര്യകാരണ സഹിതം ഹ്രസ്വമായി അദ്ദേഹം വിശദീകരിച്ചു തന്നു.
ക്ഷണനേരം കൊണ്ട് എമ്പതുകളിലെ - തൊണ്ണൂറുകളിലെ ഖത്തര്‍ പ്രവാസകാലത്തെ അസോസിയേഷന്‍ വര്‍ത്തമാനങ്ങള്‍ക്ക് തുടക്കമിട്ടു.
വളരെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അക്കാലത്ത് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നിര്‍വഹിച്ച കാര്യങ്ങള്‍ വിശേഷിച്ച് പൊതു സമൂഹത്തെ ഉദ്ദേശിച്ച് കൊണ്ട് സംഘടിപ്പിക്കപ്പെട്ടിരുന്ന സാമൂഹിക സാംസ്ക്കാരിക വൈജ്ഞാനിക കലാ സാഹിത്യ പരിപാടികളില്‍ വിശേഷപ്പെട്ട പലതും അദ്ദേഹം ഓര്‍ത്തെടുത്തു.ഇത്തരം സംവിധാനങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരേയും മൗലവി ഓര്‍ത്തെടുത്തു. തുള്ളല്‍ പാട്ടും വില്ലു പാട്ടും വഞ്ചിപ്പാട്ടും തുടങ്ങി മലയാളത്തനിമയുള്ള കലാരൂപങ്ങള്‍ക്കും വിനോദങ്ങള്‍ക്കും ആദ്യമായി വേദിയൊരുക്കിയത് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനായിരുന്നു.
ഇങ്ങനെ സംഭാഷണം പടിപടിയായി നീണ്ടു കൊണ്ടിരിക്കെ കൂടുതല്‍ സമയം ഈ സാഹചര്യത്തില്‍ ചെലവഴിക്കേണ്ടതില്ലെന്നു ഇടക്ക് ഞാന്‍ സൂചിപ്പിച്ചു.
പ്രസന്നവദനനായിരുന്നുവെങ്കിലും അതിഥികള്‍ക്ക് വേണ്ടി കൂടുതല്‍ ഇരുന്നു തരാനുള്ള ആരോഗ്യസ്ഥിതിയല്ല എന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അടുത്ത വാരം മുതല്‍ ചികിത്സക്ക് വിധേയനാകുന്ന വിവരവും മൗലവി ഞങ്ങളോട് പങ്കുവെച്ചു.ഇതിന്നിടെ ഞാന്‍ ഒന്നു പകര്‍ത്തിക്കോട്ടെ എന്നു പറഞ്ഞ് എ.വി.എം ഉണ്ണി ചിലത് വീഡിയോവില്‍ പകര്‍ത്തിക്കൊണ്ടിരിക്കേ അദ്ദേഹം വിശ്രമിക്കാനായി എഴുന്നേറ്റു.സ്നേഹസമ്പന്നനായ വ്യക്തിത്വത്തിന്റെ ഒരു വലിയ പണ്ഡിതന്റെ സാമിപ്യം തൊട്ടറിഞ്ഞ നിര്‍വൃതിയില്‍ ഞങ്ങള്‍ പടിയിറങ്ങി.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുഷേരിബില്‍ വെച്ച് മൗലവിയെ കണ്ടു മുട്ടിയതും ഘട്ടംഘട്ടമായി മുഷേരിബ് യൂണിറ്റ് അംഗമായി അസോസിയേഷന്‍ അംഗത്വമെടുത്തതും തൊണ്ണൂറുകളിലെ സര്‍ഗാത്മകമായ അജണ്ടകളും പദ്ധതികളും പരിപാടികളും അതിലെ പ്രവര്‍ത്തന നൈരന്തര്യവും എണ്ണപ്പെട്ട മുഹൂര്‍ത്തങ്ങള്‍ പോലും ശിലാലിഖിതങ്ങള്‍ പോലെ മനസ്സിലുണ്ട്.പ്രസ്ഥാന പ്രവര്‍ത്തന മാര്‍ഗത്തില്‍ ഇതു പോലെ സ്വാധീനിച്ച വ്യക്തിത്വങ്ങള്‍ അപൂര്‍വമാണ്.
ലോക രക്ഷിതാവായ നാഥാ പ്രിയപ്പെട്ട മൗലവിക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഹൃദയം തൊട്ട പ്രാര്‍ഥന സ്വീകരിക്കേണമേ....
===========
മഞ്ഞിയില്‍
Monday, January 30, 2023
വൈദ്യ കുടുംബത്തിലെ വര്‍ത്തമാനങ്ങള്‍
വൈദ്യ കുടുംബത്തിലെ കുലപതി അബ്‌ദുല്‍ ഖാദര്‍ വൈദ്യരുടെ മകന്‍ പ്രസിദ്ധ പാരമ്പര്യ വൈദ്യന്‍ അമ്മുണ്ണി വൈദ്യരുടെ ഇളം തലമുറയിലും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം കൊണ്ട് അനുഗ്രഹീതമാണ്. ആയുര്‍വേദത്തിലും സിദ്ധ വൈദ്യത്തിലും ഏറെ പ്രശസ്ഥനായിരുന്നു പരേതനായ ഹാജി കുഞ്ഞു ബാവു വൈദ്യര്‍.അദ്ധേഹത്തിന്റെ മകന്‍ മുഈനുദ്ധീനും പാരമ്പര്യം നില നിര്‍ത്തി.മുഈനുദ്ധീന്‍ വൈദ്യരുടെ മകന്‍ ഡോക്‌ടര്‍ ഹഫീദ് പുതിയ തലമുറയിലെ പശസ്‌തനു പ്രഗത്ഭനുമായ ഭിഷഗ്വരനാണ്.മുഈനുദ്ധീന്‍ വൈദ്യരുടെ സഹോദരങ്ങളായ അഹമ്മദ്, ഉസ്‌മാന്‍ എന്നിവരുടെ മക്കളും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം നില നിര്‍ത്തുന്നതില്‍ പ്രതിജ്ഞാ ബദ്ധരത്രെ.
ഉസ്‌മാന്റെ ഒരു മകള്‍ ഫദീല നിഷാര്‍ പഠനാനന്തരം ഔഷധിയില്‍ സേവനമനുഷ്‌ഠിച്ചുകൊണ്ടിരിക്കേ വിദേശത്തേക്ക് പോയി.ഇളയ മകള്‍ ഹാഷിദ സിദ്ധ വൈദ്യത്തിലേയ്‌ക്കുള്ള വഴിയില്‍ രാജ ഗിരിയില്‍ പഠനം പൂര്‍ത്തീകരിച്ചു.
രണ്ടാമത്തെ മകള്‍ ഉസ്‌മിത ഷബീബും,മകന്‍ ഹാഷിം ഉസ്‌മാനും,അബ്‌ദു റസാഖിന്റെ സീമന്ത പുത്രനും വൈദ്യ ശാസ്‌ത്രമല്ല തെരഞ്ഞെടുത്തിരിക്കുന്നത്..
അഹമ്മദിന്റെ മക്കളില്‍ ഫാസില്‍ അഹമ്മദ് വൈദ്യശാസ്‌ത്ര പഠനം പൂര്‍ത്തിയാക്കി. മറ്റൊരു മകന്‍ അനസ് അഹമ്മദും,വിവാഹിതയായ മകല്‍ ഫാഹി യാസിറും വേറിട്ട പഠന വഴിയിലാണ്.
Thursday, January 12, 2023
സൈദുമുഹമ്മദ്
മക്കള്‍:- സഫ്‌വാന്‍,സുമയ്യ ഷാഹുല്‍.മരുമക്കള്‍:- ഷാഹുല്‍ മുസ്‌തഫ,ഫീനിയ സഫ്‌വാന്‍.
ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ കാലത്ത് 9 ന് (13.01.2023 വെള്ളി) നടക്കും.
==========
Tuesday, January 10, 2023
എ.ബി.അബ്‌ദുല്ല മാസ്റ്റർ സ്‌മാരക പുരസ്‌കാരം
എസ്.എസ്.കെ.യുടെ കീഴിൽ എസ്.ആർ.ജി.യായും ഡി.ആർ.ജി യായും സേവനം ചെയ്‌തു വരുന്ന സാബിറ ടീച്ചർ 2008 - 2009 ൽ എൽ.പി. അറബിക് പാഠപുസ്‌തക നിർമ്മാണ സമിതി അംഗമായിരുന്നു. ഇപ്പോൾ 2022 - 2023 വർഷത്തെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റി യിൽ ഫോക്കസ് ഗ്രൂപ്പ് അംഗമാണ്.കേരള അറബിക് മുൻഷീസ് അസോസിയേഷൻ വനിതാ വിംഗ് സംസ്ഥാന ചെയർപേഴ്‌സൺ ആണ്.2023 ജനുവരി 21 ന് തൃശൂരിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അവാർഡ് സമർപ്പണം നടക്കും.
-----------
അന്‍സാര്‍ മഞ്ഞിയിലിന്റെ സഹധര്‍മ്മിണി ഇര്‍ഫാന ഇസ്‌ഹാഖിന്റെ ഉമ്മയാണ്.
========
Wednesday, December 21, 2022
ഡോ.റസിന്‍ സിദ്ദീഖ്
ഡോക്‌ടര്‍ റസിന്‍ സിദ്ദീഖിന് രണ്ട് സഹോദരിമാര്‍ രഹ്‌ന,റുക്‌സാന.മൂത്ത സഹോദരന്‍ ഷാന്‍ റിയാസ്.
============
അഭിനന്ദനങ്ങള്‍ ...
അല്ലാഹു അനുഗ്രഹിക്കട്ടെ.
Sunday, September 18, 2022
കാരണവര്‍
ലോക കേസരികളായി അറിയപ്പെട്ടിരുന്ന വളര്‍ത്ത് നായ്‌ക്കള്‍ കാരണവന്മാരുടെ കമ്പങ്ങളിലൊന്നായിരുന്നു.പോമറേനിയന്‍ പോലുള്ള നായ്‌ക്കള്‍ നാട്ടുകാര്‍ക്ക് വലിയ കൗതുക കാഴ്‌ച തന്നെയായിരുന്നു.നായ്‌ക്കള്‍ക്ക് പ്രത്യേക ഭക്ഷണ ശേഖരം തന്നെ ഉണ്ടായിരുന്നു.അതിനുള്ള പരിചാരകരും പരിശ്രമക്കാരും.
ഡോബർമാൻ,ലാബ്രഡോര്‍,ഡാൽമേഷ്യന്‍,ഗ്രേറ്റ് ഡെയിൻ തുടങ്ങിയ പട്ടികളിലെ പട്ടികകള്‍ ചാവക്കാട്ടുകാര്‍ പരിചയപ്പെടുന്നത് ഇമ്പാറക് കുടുംബത്തിലൂടെയായിരുന്നെന്നു പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല.
ഡോബർമാൻ ജനുസ്സ് അവയുടെ ധൈര്യത്തിനും ബുദ്ധിശക്തിക്കും വിശ്വസ്തതക്കും പേരുകേട്ടവയാണ്. കാവലിനും പൊലീസ് നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചു പോരുന്നു.
ലാബ്രഡോര്‍ ജന്മംകൊണ്ട് ന്യൂഫൗണ്ട് ലാന്റു കാരന്‍.നീന്തുവാനുള്ള കഴിവ് ഉള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ക്കും നാവികര്‍ക്കും പ്രിയപ്പെട്ടവന്‍.പരിശീലനം നല്‍കിയാല്‍ നായാട്ടിനും ബോംബ് സ്ക്വാഡിലും ഒക്കെ നന്നായി ശോഭിക്കുവാന്‍ കഴിവുള്ള വര്‍ഗം.ആളുകളുമായി എളുപ്പത്തില്‍ സൗഹൃദം കൂടുന്നതിനാല്‍ കാവലിനു മറ്റു ജനസ്സുകളെ അപേക്ഷിച്ച് അത്ര നല്ലതല്ല.എങ്കിലും കുട്ടികളുമായും മറ്റും വളരെവേഗം ഇണങ്ങുന്ന സൗമ്യ പ്രകൃതക്കാരനാണ് ലാബ്രഡോര്‍.
ഡാൽമേഷ്യന്‍.പരസ്യത്തിൽ മുതൽ പൊലീസ് സേനയിൽ വരെ താരമാണ്.ഈ ജന പ്രിയ ഇനം.ഗ്രേറ്റ് ഡെയിൻ.അനുസരണ ശീലനായ ഒന്നാന്തരം തന്നെയത്രെ.
എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്ന പഴമൊഴിയെ അന്വര്‍ഥമാക്കും വിധമത്രെ വര്‍ത്തമാന വാര്‍ത്താ കൗതുകങ്ങള്‍ ...
===========
അസീസ് മഞ്ഞിയില്‍