ഖാദർ,ഐഷ ദമ്പതികളുടെ പത്ത് മക്കളിൽ ആറാമത്തവനായി 1959 ജൂലായ് 7 നാണ് അബ്‌ദുല്‍ അസീസിന്റെ ജനനം.
തൃശൂർ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂർ പൗര പ്രമുഖനായിരുന്ന രായം മരക്കാർ വീട്ടിൽ മഞ്ഞിയിൽ ബാപ്പുട്ടി സാഹിബിന്റെ മകൻ ഖാദർ മഞ്ഞിയിലാണ് അബ്‌ദുൽ അസീസിന്റെ പിതാവ്. 1982 ൽ പിതാവ് ഇഹലോക വാസം വെടിഞ്ഞു. പാരമ്പര്യ ഭിഷഗ്വരന്മാരിൽ പ്രസിദ്ധനായിരുന്ന തൊയക്കാവ് ഏർച്ചം വീട്ടിൽ അമ്മുണ്ണി വൈദ്യരുടെ മകള്‍ ഐഷയാണ് മാതാവ്.2017 ഒക്‌ടോബര്‍ 5 ന് തൊണ്ണൂറ്റിയൊന്നാമത്തെ വയസ്സില്‍ ഉമ്മ പരലോകം പൂകി.
1980 ൽ ആയിരുന്നു പ്രവാസത്തിന്റെ തുടക്കം.1985 ലായിരുന്നു വിവാഹം.1999 അവസാനം വരെ കുടുംബം ദോഹയിലുണ്ടായിരുന്നു.അഞ്ച് മക്കളുടെ പിതാവ്.ഖത്തറിലെ മാഫ്‌കൊ എന്ന സ്ഥാപനത്തില്‍ ജോലി.മൂത്ത മകന്‍ അബ്‌സ്വാര്‍ പതിമൂന്നാമത്തെ വയസ്സില്‍ പരലോകം പൂകി.രണ്ടാമത്തെ മകന്‍ അന്‍സാര്‍ അന്തര്‍ ദേശീയ ഓണ്‍ലൈന്‍ സ്ഥാപനമായ ആമസോണ്‍ ചെന്നൈ ഓഫീസില്‍ ജോലി ചെയ്യുന്നു.
തൃശൂര്‍ കല്ലയില്‍ ഇസ്‌ഹാക് സാഹിബിന്റെ മകള്‍ ഇര്‍ഫാനയാണ് അന്‍സാറിന്റെ നല്ല പാതി.മുന്നാമത്തെ മകള്‍ ഹിബ, വലപ്പാട് നമ്പൂരി മഠത്തില്‍ മന്‍സൂര്‍ സാഹിബിന്റെ മകന്‍ മുഹമ്മദ് ഷമീറാണ് ഹിബമോളുടെ പ്രിയതമന്‍.
നാലമത്തെ മകന്‍ ഹമദ് പഠനാനന്തരം ഖത്തറില്‍.താഴെയുള്ള മകള്‍ അമീന പഠിച്ചു കൊണ്ടിരിക്കുന്നു. സര്‍ഗസിദ്ധികളാല്‍ അനുഗഹിക്കപ്പെട്ട മക്കള്‍ എല്ലാവരും ധാര്‍മ്മിക സനാതന മൂല്യങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരാണ്.
പാലയൂര്‍ ഐക്കപ്പറമ്പില്‍ പരീകുട്ടി സാഹിബിന്റെ മകള്‍ സുബൈറയാണ് ഭാര്യ.അൻസാർ, ഹിബ , ഹമദ്, അമീന,പതിമൂന്നാം വയസ്സിൽ പൊലിഞ്ഞു പോയ ബാലപ്രതിഭ അബ്‌സ്വാർ എന്നിവരാണ് മക്കൾ.മരുമകന്‍ :- മുഹമ്മദ് ഷമീര്‍ നമ്പൂരി മഠം.മരുമകള്‍:-ഇര്‍ഫാന ഇസ്‌ഹാക് കല്ലയില്‍.പേരമക്കള്‍:-മുഹമ്മദ് ഫലഖ്,മുഹമ്മദ് ഫാഇഖ്.
2000 മുതല്‍ മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിനു തൊട്ടാണ് താമസം.വിശാല മഹല്ലിനും പ്രദേശത്തിനും വേണ്ടി സാധ്യമാകുന്ന സേവനങ്ങളില്‍ സഹകരിച്ചു വരുന്നു.
2006 മുതല്‍ മുതല്‍ മാഫ്‌കൊ ഹെഡ് ഓഫിസിന്റെ കീഴിലുള്ള ഫാക്‌ടറി അനുബന്ധ ജോലിയിലേയ്‌ക്ക് മാറി.2010 വരെ ഫാക്‌ടറിയുടെ ഓഫീസ് ചുമതലകളില്‍ തുടര്‍ന്നു.2010 മുതല്‍ പ്രവാസ ജീവിതത്തിന് അര്‍ധ വിരാമം നല്‍കി.
2019 അവസാനം മുതല്‍ മുതല്‍ ഓഫീസ് അഡ്‌മിനിസ്‌ട്രേഷന്‍ പുതിയ ചില മാറ്റങ്ങള്‍ക്ക് വിധേയമായി.ജോലിയില്‍ അനിശ്ചിതത്വം ഉണ്ടായി.
2020 ല്‍ ഒരു വ്യാഴവട്ട കാലത്തെ ഇടവേളക്ക് ശേഷം തമീമ ട്രേഡിങ് വിഭാഗത്തില്‍ വീണ്ടും നിയമിതനായി.
-------
1966 മുതൽ 69 വരെ തിരുനെല്ലൂർ എ.എം.എൽ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.ആദ്യത്തെ അധ്യാപകന്‍ മൂക്കലെ മുഹമ്മദ് മുസ്‌ല്യാരും അധ്യാപിക ഏലിയ കുട്ടി ടീച്ചറുമായിരുന്നു.മദ്രസ്സയില്‍ ചേര്‍ത്തതിന്റെ ശേഷമാണ് സ്‌കൂളില്‍ ചേര്‍ത്തത്.പോള്‍ മാഷും ജോസ് മാഷും അധ്യാപകരായിരുന്നു.
സെന്റ് ആന്റണീസ് പുവ്വത്തൂരിൽ അപ്പർ പ്രൈമറിയും,ഹൈസ്‌കൂൾ പഠനം 1974 - 76 കളിൽ വെന്മേനാട് എം.എ.എസ്.എം കലാലയത്തിലുമാണ് അഭ്യസിച്ചത്.
പുവ്വത്തൂര്‍ സ്‌കൂളിലെ ഫാത്വിമ ടീച്ചര്‍,ദേവകി ടീച്ചര്‍,മാര്‍ഗരറ്റ് ടീച്ചര്‍,ജോസ് മാഷ്,ജോസഫ് മാഷ്,ജോണി മാഷ് വിശിഷ്യാ പ്രധാനാധ്യാപകന്‍ സെബാസ്റ്റ്യന്‍ മാഷ് തുടങ്ങിയ ആദരണീയരാവര്‍ പ്രാര്‍ഥനാ പൂര്‍വ്വം ഓര്‍മ്മിക്കപ്പെടുന്നവരാണ്.
വെന്മേനാട് വിദ്യാലയത്തിലെ പ്രധാനധ്യാപകനായിരുന്ന അബ്‌ദുല്ല കുട്ടിമാഷ്, അബൂബക്കര്‍ മാഷ്,മുഐമിന്‍ മാഷ്,ജോര്‍ജ് മാഷ്,വിജയന്‍ മാഷ്,ഇട്ടൂപ്പുണ്ണി സാര്‍,ജമീല ടീച്ചര്‍,ഐഷ ടീച്ചര്‍,ഫാത്വിമ ടീച്ചര്‍,സരോജിനി ടീച്ചര്‍,പത്മിനി ടീച്ചര്‍ തുടങ്ങിയ അധ്യാപക അധ്യാപികമാരും ഓര്‍മ്മകളിലെ താരങ്ങള്‍ തന്നെ.
1973 ൽ മദ്രസാ പഠനത്തിനു വിരാമമിട്ടു.ശേഷം ജമാലുദ്ദീന്‍ മുസ്‌ല്യാര്‍, കൂറ്റനാട് മുഹമ്മദ് മുസ്‌ല്യാര്‍ എന്നിവരുടെ ദര്‍സില്‍ തിരുനെല്ലൂര്‍ ജുമാ മസ്‌ജിദിലും തുടര്‍ന്ന് ഏകദേശം ഒരു വർഷം കുടുംബ പേരിൽ അറിയപ്പെടുന്ന മഞ്ഞിയിൽ പള്ളിയിൽ (മസ്‌ജിദ് തഖ്‌വ) പെരിഞ്ഞനം സുലൈമാൻ മുസ്‌ല്യാരുടെ കൂടെയും ദർസിൽ ചേർന്നു.ഇടക്ക് വെച്ച് ദര്‍സ് പഠനം നിന്നു.വീണ്ടും 76/77 കളിൽ വെന്മേനാട് കുട്ടോത്ത് അബൂബക്കർ മുസ്‌ല്യാരുടെ ശിക്ഷണത്തിൽ പഠനം പുരോഗമിച്ചു.ഏകദേശം രണ്ട് വർഷത്തിലധികം.
പ്രദേശത്തെ ചുക്കുബസാര്‍,പുവ്വത്തൂര്‍,പാവറട്ടി,കാക്കശ്ശേരി തുടങ്ങിയ ഗ്രാമീണ വായന ശാലകളില്‍ ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ അംഗത്വമുണ്ടായിരുന്നു.പത്താം തരം കഴിയും മുമ്പ് തന്നെ പ്രസിദ്ധങ്ങളായ ഒട്ടേറെ ക്ലാസ്സിക്കുകളും/വിശുദ്ധഖുര്‍ആന്‍ പരിഭാഷയും വായിക്കാന്‍ ഭാഗ്യം ലഭിച്ചു.ഖുര്‍ആന്‍ പരിഭാഷ വായിച്ചതിന്റെ പ്രതികരണമായിരുന്നു മാണിക്യ ചെപ്പ് എന്ന കവിത.ഈ കവിതയുടെ പേരിലാണ് 1993 ല്‍ കവിതാ സമാഹാരം പ്രതീക്ഷാ തൃശൂര്‍ പ്രസിദ്ധീകരിച്ചത്.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുൾ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതി.പ്രവാസി നാടകക്കാരൻ അഡ്വ:ഖാലിദ് അറയ്ക്കൽ എഴുതി അവതരിപ്പിച്ച എല്ലാ നാടകങ്ങളുടേയും ഗാന രചനയിതാവാണ്.
1977 ൽ തിരുനെല്ലൂരിലേയും സമീപ പ്രദേശത്തേയും കലാകാരന്മാർ ഒരുക്കിയ ശാസ്‌ത്രീയ സംഗീത പ്രാധാന്യമുള്ള നാടകത്തിന് ഗാനങ്ങളെഴുതാനുള്ള അവസരമാണ് കലാ സാഹിത്യ രംഗത്തേയ്‌ക്കുള്ള കടന്നു വരവിന്റെ പ്രാരംഭം.രാഗം പുവ്വത്തൂരിലെ വേലായുധന്‍ വേപ്പുള്ളി ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. സംഗീത സംവിധാന മേഖലയിൽ പ്രസിദ്ധനായ മോഹൻ സിത്താരയെപ്പോലെയുള്ള കലാകാരന്മരുടെ ആദ്യ കാല സംഗീതക്കളരിയായിരുന്നു രാഗം പുവ്വത്തൂര്‍. പ്രസ്‌തുത കലാ സമിതിയുടെ തന്നെ വഴികാട്ടിയും ഗുരുവുമായ പ്രസിദ്ധ ഗായകൻ കെ.ജി സത്താറിന്റെ ശബ്‌ദത്തിൽ ആകശവാണിവിയിലൂടെ എന്റെ കൗമാര രചനകള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്.
1980 കളിൽ ബോംബെയിൽ നിന്നിറങ്ങിയിരുന്ന ഗൾഫ് മലയാളിയിൽ നിന്നു തുടങ്ങി നിരവധി ഓൺലൈൻ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.
ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബോംബയിൽ കച്ചവടം നടത്തിയിരുന്ന പിതാവിനൊപ്പം ചേർന്നു.ബോംബയിൽ സായാഹ്ന കോളേജിൽ പഠനം തുടര്‍ന്നു.
1980 ഫിബ്രുവരി 15 നായിരുന്നു പ്രവാസത്തിന്റെ പ്രാരംഭം.എന്നാൽ കമ്പനി രൂപീകരണവും മറ്റും നടന്നത് രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു.അതുവരെയുള്ള കാലം ഉടമയുടെ റുവൈസിലുള്ള അതിഥി മന്ദിരത്തിൽ കഴിയാനായിരുന്നു നിയോഗം.ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിൽ നിന്നും നൂറിലേറെ കിലോമീറ്റർ ദൂരത്താണ് റുവൈസ് സ്ഥിതിചെയ്യുന്നത്.ഏകദേശം ബഹറൈനുമായി അഭിമുഖം നിൽക്കുന്ന പഴയ കാല ജനവാസ കേന്ദ്രങ്ങളിലൊന്നാണ് റുവൈസ്.ഇവിടെ നിന്നും മൂന്നു കിലോമീറ്റർ കിഴക്കു ഭാഗത്ത് കടലോരത്താണ് പ്രസ്‌തുത അതിഥി മന്ദിരം.
1982 മാഫ്‌കോ എന്ന കമ്പനിയുടെ ഉപ ഘടകമായ തമീമ ട്രേഡിങിലായിരുന്നു തുടക്കം.അറബികൾക്കിടയിൽ ഏറെ പ്രസിദ്ധി നേടിയ പാദരക്ഷയുടെ പേരാണ് തമീമ.പിന്നീട് ഈ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലും പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു.
1992ല്‍ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പാവറട്ടി ആസ്ഥാനമാക്കി ഉദയം പഠനവേദിയ്‌ക്ക് രൂപം കൊടുക്കുന്നതില്‍ പ്രദേശത്തെ സഹൃദയരോടൊപ്പം സഹകരിച്ചു.നന്മയുടെ പ്രബോധകരില്‍ നിന്നും പ്രസാരകരില്‍ നിന്നും ഊര്‍ജവും ആര്‍ജവവും നേടിയെടുത്ത ഒരു കൊച്ചു സംഘമാണ് ഇതിന്റെ ബീജാവാപം നടത്തിയത്.
1997/98/99 കളില്‍ ദോഹയിലെ ഫാമിലി കമ്പ്യൂട്ടര്‍ എന്ന സാങ്കേതിക വിജ്ഞാന ശാഖയില്‍ നിന്നും കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടുകയും വെബ് ഡവലപ്‌മന്റ് കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്‌തു.1999 അവസാനത്തിൽ മധ്യേഷ്യയിൽ നിന്നുള്ള ആദ്യത്തെ ദ്വിഭാഷ വെബ്‌സൈറ്റ് (മലയാളം ഇംഗ്‌ളീഷ്)ലോഞ്ച് ചെയ്‌തുകൊണ്ടായിരുന്നു ഇന്റർനെറ്റ് ലോകത്തേക്കുള്ള പടികയറ്റം.
തൂലിക,കവിത,രചന,സാമൂഹികം എന്നീ തലക്കെട്ടുകളിൽ മഞ്ഞിയിൽ എന്ന ബ്‌ളോഗ് ഓൺലൈൻ ലോകത്ത് പ്രസിദ്ധമാണ്.സജീവ ബ്‌ളോഗ് എഴുത്തിനോടൊപ്പം സോഷ്യല്‍ മീഡിയകളിലെ സര്‍ഗാത്മക സാന്നിധ്യവുമാണ്.
2003 ൽ കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതിവഴി ഉപരി പഠനം പൂർത്തീകരിച്ചു വരുമ്പോഴായിരുന്നു ദീർഘകാല അവധിയിൽ നാട്ടിൽ കഴിയേണ്ട സാഹചര്യം ഉണ്ടായത്. തന്റെ കഴിവുകൾ കൊണ്ട് സഹൃദയരെ അത്ഭുതപ്പെടുത്തിയ മൂത്ത പുത്രൻ അബ്‌സ്വാർ എന്ന പ്രതിഭയുടെ ആകസ്‌മിക വിയോഗം.
പ്രസംഗം എഴുത്ത് എന്നീ രംഗങ്ങളിൽ അബ്‌സ്വാർ നടത്തിയ മികവ്` സമാനതകളില്ലാത്തവയായിരുന്നു. മഞ്ഞിയിൽ കുടുംബത്തിനപ്പുറം സമൂഹത്തിനൊന്നടങ്കം ഇന്നും വേദനയൂറുന്ന ഓർമ്മയാണ് അബ്‌സാർ.ഈ ബാലപ്രതിഭയുടെ ഓർമ്മകൾ രചനകൾ എന്നിവ പകർത്തിയ ബ്ളോഗ് ഏറെ വായനക്കാരുള്ള ഒന്നാണ്.
അബ്‌സ്വാറിന്റെ രചനകള്‍ മണിദീപം എന്ന സമാഹാരം ഐ.പി.എച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.2003ല്‍ കേരളപ്പിറവി ദിവസം ശൈഖ് മുഹമ്മദ് കാരക്കുന്നും ബാലചന്ദ്രന്‍ ചുള്ളിക്കാടും ചേര്‍ന്നായിരുന്നു പുസ്‌തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
സ്വന്തം ഗ്രാമമായ തിരുനെല്ലൂരിനെ അടുത്തറിയാനുതകുന്ന സൈറ്റും പ്രാദേശിക കൂട്ടായ്‌മയായ ഉദയം പഠനവേദിയുടെ പേജും ഏറെ പ്രശംസ പിടിച്ചു പറ്റിയ ഓൺലൈൻ പ്രവർത്തനങ്ങളാണ്.പ്രാദേശിക സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിൽ വിശിഷ്യാ ഓൺലൈൻ രംഗത്തെ സംഭാവനകൾ നിരവധിയത്രെ.
2009 ല്‍ എഫ്.സി.സി യും ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറവും സംയുക്തമായി ഒരുക്കിയ ജേര്‍ണലിസം വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു.പ്രതീപ് മേനോന്‍ (അമൃത)യായിരുന്നു നേതൃത്വം നല്‍കിയത്.ജേര്‍ണലിസം വര്‍ക്ക് ഷോപ്പ് സമാപന ദിവസം കമലാ സുരയ്യയുടെ മൂത്ത മകന്‍ എം.ഡി.നാലപ്പാട് സംബന്ധിച്ചിരുന്നു.ജേര്‍ണലിസം വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തവര്‍ക്കുള്ള അംഗീകാരങ്ങള്‍ സമ്മാനിച്ചതും എം.ഡി നാലപ്പാടായിരുന്നു.
വിവിധ തലത്തില്‍ നിന്നുള്ള അംഗീകാരങ്ങള്‍ 1980 കളിലും തൊണ്ണൂറുകളിലും ലഭിച്ചിട്ടുണ്ട്.2017 ല്‍ തിരുനെല്ലൂര്‍ ആഗോള പ്രവാസി കൂട്ടായ്‌മയായ ഗ്‌ളോബല്‍ തിരുനെല്ലുരിന്റെ പ്രത്യേക പുരസ്‌കാരത്തിനും 2018 ല്‍ കലാകായിക സാംസ്‌കാരിക കൂട്ടായ്‌മയായ തിരുനെല്ലൂര്‍ മുഹമ്മദന്‍സിന്റെ ഖത്തര്‍ മുഖമായ മുഹമ്മദന്‍സ് ഖത്തറിന്റെ സമഗ്ര സംഭാവനക്കുള്ള എക്‌സലന്‍സി അവാര്‍ഡിനും 2019 ല്‍ നന്മ തിരുനെല്ലുരിന്റെ ഗ്രാമീണ്‍ മീഡിയ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.
പ്രവര്‍ത്തന നൈരന്തര്യമില്ലാതെ ദീര്‍ഘ കാലം നിശ്ചലമായിരുന്ന ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മയെ പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.2006 ല്‍ അബു കാട്ടിലിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പ്രഥമ അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയില്‍ ജനറല്‍ സെക്രട്ടറി പദവും പിന്നീടുള്ള കാലയളവുകളില്‍ വിവിധ നേതൃ പദവികളും അലങ്കരിച്ചു.
2013 ല്‍ ഹാജി കെ.പി അഹമ്മദ് സാഹിബിന്റെ നേതൃത്വത്തിലുള്ള തിരുനെല്ലൂര്‍ മഹല്ല് പ്രവര്‍ത്തക സമിതിയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്‌ദുല്‍ അസീസ്; തിരുനെല്ലൂര്‍ മഹല്ല് വൈസ് പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്.
2021 കോവിഡ് മഹാമാരിയുടെ പ്രതിസന്ധികാലത്ത്,അല്‍ ജാമിഅ വേള്‍ഡ് കാമ്പസിന്റെ ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉലൂമുല്‍ ഖുര്‍ആന്‍,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാന്‍ ഭാഗ്യം ലഭിച്ചു.
കേരളത്തിലെ പ്രസിദ്ധമായ ഡി 4 മീഡിയയുടെ ഇസ്‌ലാം ഓൺലൈവ് എന്ന ഇന്റർനെറ്റ് പോർട്ടലിൽ മഞ്ഞിയില്‍ തൂലിക ചലിപ്പിക്കാറുണ്ട്.പ്രവാസ ലോകത്തെ മലയാളം റേഡിയോകളില്‍ ജുമുഅ മുബാറക്,വിശേഷകാല ഉദ്‌ബോധനങ്ങള്‍ തുടങ്ങിയ പരിപാടികളും മഞ്ഞിയിലിന്റെ ശബ്‌ദ സാന്നിധ്യം കൊണ്ട് ധന്യമാണ്.തനിമ കലാസാഹിത്യ വേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്‌ടര്‍ കൂടിയാണ് അസീസ് മഞ്ഞിയില്‍.
മീഡിയ പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം.