ബ്ലോഗിങിലേയ്‌ക്ക്

(01)ബ്ലോഗ്‌ സവിസ്‌തര വിശേഷങ്ങളിലേയ്‌ക്ക്‌ കടക്കുന്നതിന്നു മുമ്പ്‌ ബ്ലോഗിനെ-ബ്ലോഗിങിനെ കുറിച്ച്‌ ഹ്രസ്വമായി ഒന്നു വിശദരീകരിക്കാമോ..?

വ്യക്തികൾ തങ്ങളുടെ സ്വകാര്യ ജീ‍വിതത്തെപ്പറ്റി രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഓൺലൈൻ ഡയറി രൂപാന്തരപ്പെട്ടാണ് ആധുനിക ബ്ലോഗുകൾ ഉണ്ടായത്.ഇങ്ങനെയുള്ള എഴുത്തുകാരിൽ മിക്കവരും ഡയറിസ്റ്റ്,ജേണലിസ്റ്റ് അല്ലെങ്കിൽ ജേണലേഴ്സ് എന്നൊക്കെയാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള പല പേരുകളിലും ബ്‌ളോഗര്‍മാര്‍ അറിയപ്പെട്ടിരുന്നു.‘വെബ് റിംഗ്’ എന്ന തുറന്ന താളുകളിൽ ഓൺലൈൻ-ജേണൽ സമൂഹത്തിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്നു. 1994ല്‍ സ്വാത്ത്‌‌മോര്‍ കോളേജിൽ വിദ്യാർത്ഥിയായിരിക്കേ പതിനൊന്നു വർഷക്കാലം നീണ്ട വ്യക്തിപരമായ ബ്ലോഗിങ് നടത്തിയ ജസ്റ്റിൻ ഹോൾ ആണ് ആദ്യത്തെ ബ്ലോഗറായി പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ഒരു തരത്തില്‍ പറഞ്ഞാല്‍ അവനവനിസം എന്ന ഒരു പ്രകിയ തന്നെയാണ്‌ ബ്‌ളോഗിങ്.ബ്‌ളോഗ് എന്ന ആശയം തന്നെ തുടങ്ങുന്നതും അങ്ങിനെ തന്നെയായിരുന്നു ...

(02)ബ്ലോഗര്‍‌മാരായി അറിയപ്പെടാത്ത,എന്നാല്‍ സമൂഹത്തില്‍ സ്വാധീനം ഉള്ളവരും ബ്ലോഗ്‌ ചെയ്യുന്നുണ്ടല്ലോ.?.

ശരിയാണ്‌.പണ്ഡിതന്മാരും വിവിധ മേഘലകളില്‍ പ്രാശോഭിക്കുന്നവരും പ്രഗത്ഭരും പ്രശസ്‌തരും ബ്‌ളോഗുലകത്തിലുണ്ട്‌.ദിനേനയെന്നോണം തങ്ങളുടെ നിരീക്ഷണങ്ങള്‍ ബ്‌ളോഗുകളിലൂടെ പങ്കുവെക്കുന്ന പണ്ഡിതന്മാരുണ്ട്‌.പല മാധ്യമങ്ങളും ഇത്തരം ബ്‌ളോഗുകളെ ആശ്രയിക്കുന്നുമുണ്ട്‌.പ്രഗത്ഭരും പ്രശസ്‌തരുമായവരുടെ വ്യക്തിപരമായ ദിനസരിയായിരിക്കും ബ്‌ളോഗു ചെയ്യുക.

പ്രശസ്‌തരായവരുടെ ഇത്തരം കുറിപ്പുകള്‍ അനുയായികള്‍ ഏറെ താല്‍പര്യത്തോടെ വായിക്കുകയും ഒരു വേള മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്‌.ഒരു പരിധിവരെ സാഹിത്യകാരന്മാരുടെയും കവികളുടെയും ബ്‌ളോഗുകളും ഇവ്വിധം പ്രചരിക്കുന്നുണ്ട്‌.സാങ്കേതികമായ അറിവുകള്‍, വിശ്വാസപരമായ കാര്യങ്ങള്‍,സം‌ഘങ്ങള്‍ സംഘടനകള്‍,ആരോഗ്യ കാര്യങ്ങള്‍,പാചകം,കലാ രൂപങ്ങള്‍,സിനിമ, നാടകം ഡിസൈനിങ് തുടങ്ങി വിവരണാതീതമായ വിഷയങ്ങളിലുള്ള ബ്‌ളോഗുകളും ഈ ഇ-ലോകത്തുണ്ട്‌.

(03)ബ്ലോഗിങിലേയ്‌ക്ക്‌ ആകര്‍‌ഷിക്കപ്പെട്ട സാഹചര്യവും വിശദാം‌ശങ്ങളുമാണ്‌ ഇനി അറിയേണ്ടത്‌.ആദ്യം,‌‌ ഖത്തറിലെ ഇന്റര്‍‌നെറ്റ് സൗകര്യങ്ങളുടെ തുടക്കവും ഘട്ടം ഘട്ടമായ വളര്‍‌ച്ചയും ചുരുക്കി വിശദീകരിക്കാമോ....?

1995 മുതലാണ്‌ ഖത്തറില്‍ ഇന്റര്‍‌നെറ്റ് സം‌വിധാനം പ്രാരം‌ഭം കുറിക്കപ്പെട്ടത്..
1997/98/99 കളിലാണ്‌‌ കമ്പ്യൂട്ടര്‍ വല്‍‌കരണവും കമ്പ്യൂട്ടര്‍ വില്‍‌പനയും ദോഹയില്‍ വ്യാപിക്കാന്‍ തുടങ്ങിയത്.വ്യാപാര സ്ഥാപനങ്ങളിലെ ക്യാഷ്‌ കൗണ്ടറുകളില്‍ വിവിധ തരത്തിലും വലിപ്പത്തിലും ഉള്ള കാല്‍‌കുലേറ്ററുകള്‍‌ക്ക്‌ പകരം; പോയിന്റ് ഓഫ്‌ സെയില്‍‌സ്‌‌ മെഷീനും ബാര്‍‌കോഡ്‌ റീഡറും സ്ഥാനം പിടിച്ചു.ദിനം പ്രതി എന്ന പോലെ പരിഷ്‌കരിച്ച പ്രോഗ്രാം പതിപ്പുകളും വന്നു കൊണ്ടിരുന്നു. .

(04)ഈമെയില്‍ വരവോടെയായിരുന്നുവല്ലോ ഇന്റര്‍ നെറ്റ് ജനശ്രദ്ദ പിടിച്ചു പറ്റിയത്.ഏതു വര്‍ഷത്തിലായിരുന്നു അതിന്റെ തുടക്കം..?

1994 മുതലാണ്‌ യാഹൂ മെയില്‍ തുടക്കമിടുന്നത്.പിന്നെയും ഏകദേശം രണ്ടൊ മൂന്നോ വര്‍‌ഷത്തിനു ശേഷമാണ്‌ ഗള്‍‌ഫ്‌ മേഖലയില്‍ ഇ-മെയില്‍ ജനകീയമായത്. ഇപ്പോള്‍ കൂടുതല്‍ പേരും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ജിമെയില്‍ 2004ല്‍ ആയിരുന്നു പ്രാരം‌ഭം കുറിച്ചത്.

വ്യാപാര മേഖലയിലെ കമ്പ്യൂട്ടര്‍ വല്‍‌കരണമാകണം കമ്പ്യൂട്ടര്‍ ഭ്രമം പൊതു സമൂഹത്തില്‍ പടര്‍‌ത്തിയത്‌ എന്നു വേണമെങ്കില്‍ വിലയിരുത്താം.

(05)ദോഹയില്‍ കമ്പ്യൂട്ടറിന്റെ വ്യാപനത്തോടെ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഇന്‍ഫൊര്‍മേഷനുകളും പ്രാഥമികമായ അറിവുകളും ഒക്കെ ലഭിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നോ..?

ദോഹയില്‍ കമ്പ്യൂട്ടര്‍ വ്യാപകമായിത്തുടങ്ങിയപ്പോള്‍ കമ്പ്യൂട്ടര്‍ എവര്‍‌നസ്‌ കോഴ്‌സുകള്‍ പത്ര മാധ്യമങ്ങളിലൂടെ നന്നായി പ്രചരിക്കപ്പെട്ടിരുന്നു, 1997/98/99 കളില്‍ ദോഹയിലെ ഫാമിലി കമ്പ്യൂട്ടര്‍ എന്ന സാങ്കേതിക വിജ്ഞാന ശാഖയില്‍ നിന്നും പ്രാഥമിക വിജ്ഞാനം മുതലുള്ള വിവിധ വിവര സാങ്കേതിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കി.കൂടാതെ വെബ്‌ ഡവലപ്‌മന്റ്‌ കോഴ്‌സിന്റെ ഭാഗമായ എച്.ടി.എം.എല്‍‌ പരിശീലിക്കുകയും ചെയ്‌തു.

(06)എച്‌.ടി.എം.എല്‍ അഭ്യസിച്ചതിനു ശേഷം പിന്നെ ഇന്റര്‍ നെറ്റു ലോകത്ത്‌ കൂടുതല്‍ താല്‍‌പര്യത്തോടെ ഇടപെടാന്‍ തുടങ്ങി എന്നാണോ...? 

അതെ.1999 അവസാനത്തിൽ മധ്യേഷ്യയിൽ നിന്നുള്ള ആദ്യത്തെ ദ്വിഭാഷ വെബ്‌സൈറ്റ് (മലയാളം ഇംഗ്‌ളീഷ്‌)ലോഞ്ച് ചെയ്‌തുകൊണ്ടായിരുന്നു ഇന്റർനെറ്റ്‌ ലോകത്തേക്കുള്ള പടികയറ്റം.ഫ്രീ സര്‍‌സര്‍‌വര്‍ ഡോട്‌ കോം എന്ന സെര്‍‌വറിലായിരുന്നു ഇത്‌ ചെയ്‌തത്‌ www.window.itgo.com  എന്നായിരുന്നു ഇതിന്റെ വിലാസം

അതെ സമയം പൂര്‍‌ണ്ണമായും മലയാളം ബ്ലോഗുകള്‍ നിലവിലുണ്ടായിരുന്നില്ല.

(07)മലയാളത്തില്‍ ആദ്യത്തെ ബ്ലോഗ് ചെയ്‌തത്‌ ആരായിരുന്നു. എന്താണ്‌ അതിന്റെ ചരിത്രം.

ബ്ലോഗിങ് മലയാളികളില്‍ എത്തുന്നത്‌,വിവര സാങ്കേതിക വിദ്യകളില്‍ വിഹരിക്കുന്ന പ്രവാസികളിലൂടെയാണ്‌. മലയാളികളുടെ ബ്ലോഗുകളും കേരളത്തെക്കുറിച്ചുള്ള ബ്ലോഗുകളും കണ്ടെത്താന്‍ സഹായിക്കുന്ന മേളം എന്ന ബ്ലോഗ് അഗ്രഗേറ്റര്‍ 2002ല്‍ മനോജ് എന്ന വിദേശമലയാളി ചിട്ടപ്പെടുത്തിയിരുന്നു.ആദ്യത്തെ മലയാളം ബ്ലോഗ് എം.കെ.പോളിന്റെ ജാലകം ആണെന്നു ഇന്റര്‍ നെറ്റ് സെര്‍‌ച്ചില്‍‌ കാണിക്കുന്നുണ്ട്‌‌. ഫ്രീഷെല്‍ ഡോട്ട് ഓര്‍ഗ് എന്ന സെര്‍‌വറില്‍ ജാലകം എന്ന ബ്ലോഗ് അദ്ദേഹം ആരംഭിക്കുന്നത്‌ 2002 ഡിസംബറിലാണ്‌. ഫ്രീഷെല്‍ ഇപ്പോള്‍ നിലവിലില്ല. എങ്കിലും പഴയ ആര്‍ക്കൈവുകളില്‍ ജാലകത്തിന്റെ പഴയ താളുകള്‍ ഇന്നും നിലവിലുണ്ട്‌.

മലയാളത്തില്‍ ബ്ലോഗുകള്‍ തുടങ്ങാവുന്ന വിധത്തിലുള്ള സാങ്കേതികവിദ്യ നിലവില്ലാത്ത കാലത്താണ്‌ ആദ്യത്തെ ബ്ലോഗ്, ജാലകം, ആരംഭിച്ചത്‌. ആസ്‌കി എന്‍കോഡിംഗിലുള്ള കേരളൈറ്റ് എന്ന ട്രൂടൈപ്പ് ഫോണ്ട് ഉപയോഗിച്ചാണ്‌ പോള്‍ ജാലകം തയ്യാറാക്കിയിരുന്നത്‌.അതിനാല്‍ തീര്‍ത്തും ഫോണ്ട് ആശ്രിതമായ ഒരവസ്ഥയാണ്‌ ബ്ലോഗിനുണ്ടായിരുന്നത്. കേരളൈറ്റ് ഫോണ്ട് കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ ബ്ലോഗ് വായിക്കാനാവില്ല. ഈ അവസ്ഥയില്‍ നിന്ന് മലയാളം മുക്തിനേടുന്നത്‌ യൂനിക്കോഡ് എന്‍കോഡിംഗില്‍ അധിഷ്ഠിതമായ ഫോണ്ടുകള്‍ വരുന്നതോടെയാണ്‌.

മലയാളം ഭാഗികമായിട്ടാണെങ്കിലും 1999 അവസാനത്തില്‍ എന്റെ ദ്വിഭാഷാ വിന്‍ഡൊ മാഗസിന്‍ നിലവിലുണ്ടായിരുന്നു എന്നതും വസ്‌തുതയാണ്‌.

(08) മലയാളം എങ്ങിനെയായിരുന്നു കൈകാര്യം ചെയ്‌തത്...?

വളരെ പരിമിതമായ സൗകര്യങ്ങളെ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇമേജുകളാക്കിയാണ്‌ മലയാളം പോസ്റ്റു ചെയ്‌തിരുന്നത്.കൂടാതെ ഫോണ്ട്‌ പ്രശ്‌നവും തലവേദന സൃഷ്‌ടിച്ചിരുന്നു....

(09)വിന്‍‌ഡോ മാഗസിന്‍ ജനങ്ങള്‍‌ക്കിടയില്‍ സ്വീകാര്യത നേടിയിരുന്നോ..?

തീര്‍‌ച്ചയായും.ഖത്തറിലെ ഇം‌ഗ്ലീഷ്‌ പത്രങ്ങള്‍ വളരെ പ്രാധാന്യത്തോടെയായിരുന്നു ഒരോ മാസത്തെയും സൈറ്റിലെ ഉള്ളടക്കങ്ങളെക്കുറിച്ചു പോലും റിപ്പോര്‍‌ട്ട്‌ ചെയ്‌തിരുന്നത്.അമാനുല്ല വടക്കാങ്ങര ടലഫോണ്‍ വഴി അന്വേഷിച്ച്‌ റിപ്പോര്‍‌ട്ട് ചെയ്‌തിരുന്നു‌. അക്കാലത്ത് എന്റെ അടുത്ത സുഹൃത്ത്‌ ശ്രി.സി.പി രവീന്ദ്രന്‍ ആയിരുന്നു ഗള്‍ഫ്‌ ടൈം‌സ്‌ ന്യൂസ്‌ ഡസ്‌കില്‍ ഉണ്ടായിരുന്നത്.

സൗദി അറേബ്യയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളം ന്യൂസില്‍ മധ്യേഷിയിലെ ആദ്യത്തെ ദ്വിഭാഷാ സൈറ്റ് എന്ന സ്ഥാനം വിന്‍ഡോ എന്ന ഓണ്‍ ലൈന്‍ മാഗസിനിന്‌‌‌ വക വെച്ചു തന്നിരുന്നു.അമാനുല്ല വടക്കാങ്ങരയായിരുന്നു മലയാളം ന്യൂസിന്റെ ഖത്തറിലെ റിപ്പോര്‍‌ട്ടര്‍.

(10)ഇപ്പോഴും വിന്‍ഡോ മാഗസിന്‍ ഉണ്ടോ..?എങ്ങിനെയാണ്‌ ഫ്രീ സര്‍‌വര്‍ സൈറ്റില്‍ നിന്നും മലയാളം ബ്ലോഗിലേയ്‌ക്ക് പ്രവേശിച്ചത്‌...?

വിന്‍ഡോ മാഗസിന്‍ ഇപ്പോഴും നിലവിലുണ്ടെന്നാണ്‌ കരുതുന്നത്. പൂര്‍‌ണ്ണാര്‍‌ഥത്തിലുള്ള മലയാളം ബ്ലോഗിലേയ്‌ക്ക്‌ മാറിയതു മുതല്‍ പരിപാലിച്ചിട്ടില്ല.അഞ്‌‌ജലി ഓള്‍ഡ്‌ ലിപി പോലുള്ള യൂനിക്കോഡ്‌ ലിപികളിലൂടെ മലയാളം വൃത്തിയില്‍ കൈകാര്യം ചെയ്യവുന്ന ബ്ലോഗുകള്‍ സജീവമാകുന്നതായി അറിഞ്ഞു.ബ്ലോഗ്‌‌ പരിപാലിക്കാനും എളുപ്പമാണ്‌.കാരണം അതില്‍ അനുവദിക്കുന്ന ലേഔടുകളില്‍ നിന്നും ഇഷ്‌ടമുള്ളത് തെരഞ്ഞെടുത്ത്‌,എച്‌.ടി.എം.എല്‍ ഒന്നും വശമില്ലാത്തവര്‍‌ക്കും സുഖമായി കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു.അല്‍‌പം പ്രോഗ്രാം അറിയുന്നവര്‍‌ക്ക്‌ കുറച്ച്‌ കൂടെ ആകര്‍ഷകമാക്കാനും ആവും.മാത്രമല്ല മലയാളത്തിന്റെ ഫോണ്ട്‌ കടമ്പകള്‍ ഒരു വിധം പരിഹരിക്കപ്പെടുകയും ചെയ്‌തിരുന്നു.

(11)എന്തായിരുന്നു ആദ്യത്തെ താങ്കളുടെ മലയാളം ബ്ലോഗ്..?ഇതിന്റെ പ്രസിദ്ധീകരണവും പ്രചരണവും എങ്ങിനെയായിരുന്നു..?

2003ല്‍ ഇമേജ്‌ ആയി വിന്‍ഡൊ മാഗസിനില്‍ പോസ്റ്റു ചെയ്‌ത മാണിക്യ ചെപ്പ്‌ എന്ന കവിതയായിരുന്നു മലയാളം ബ്ലോഗിലെ ആദ്യത്തെ സാഹിത്യ രചനാ ശാഖകളില്‍ പെട്ട പോസ്റ്റ്.2006 ല്‍ മഞ്ഞിയില്‍ എന്ന പേരിലായിരുന്നു എന്റെ ആദ്യത്തെ മലയാളം ലിപിയിലുള്ള ബ്ലോഗ്.മാണിക്യ ചെപ്പ്‌ എന്ന കവിത തന്നെയായിരുന്നു ഇതിലെ ആദ്യത്തെ പോസ്റ്റ്‌.ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത്‌ വിശുദ്ധ ഖുര്‍‌ആന്‍ പരിഭാഷ വായിച്ചതിനു ശേഷം എഴുതിയ കവിതയായിരുന്നു ഇത്‌.

(12) ആ കവിതയിലെ ഏതാനും‌‌ വരികള്‍ ...

കൂരിരുട്ടില്‍ തപ്പിത്തടയുന്ന നേരത്ത്
കണ്ടുകിട്ടി മാണിക്യ
ക്കല്ലെന്റെ ചെപ്പില്‍ നിന്നും
എന്തൊരാവേശമുള്ളില്‍ പൂത്തുലയുന്നു
ഹൃത്ത
മെത്രയോ വട്ടം ദൈവ-
സ്‌മരണ പുതുക്കുന്നു.

(13) ബ്ലോഗിലെ പോസ്റ്റുകളുടെ പ്രചരണം എങ്ങിനെയായിരുന്നു...?

ബ്ലോഗുകളില്‍ പ്രസിദ്ധം ചെയ്യുന്ന പുതിയ പോസ്റ്റുകള്‍ പ്രസിദ്ധികരിക്കുന്ന പ്രത്യേക സം‌വിധാനം തന്നെ ഉണ്ടായിരുന്നു. ഇതു വഴിയായിരുന്നു പ്രചരണം. ബ്ലോഗര്‍‌മാരുടെ പുതിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന പ്രത്യേക ഇ-ഇടനാഴികള്‍(ബ്ലോഗ് അഗ്രഗേറ്റര്‍) തന്നെ ഉണ്ടായിരുന്നു.കൂടാതെ ഇമെയില്‍ വഴി അറിയുന്നവര്‍‌ക്കും അറിയാത്തവര്‍‌ക്കും ലിങ്കുകള്‍ അയക്കും. സബ്‌‌സ്‌ക്രൈബ്‌‌ ചെയ്യാനുള്ള സം‌വിധാനവും ബ്ലോഗില്‍ ഒരുക്കുമായിരുന്നു..

(14)ബ്ലോഗ്‌ വിലാസത്തിലൂടെ വലിയ സൗഹൃദ വലയം തന്നെ ഉണ്ടാക്കാനും കഴിഞ്ഞിരുന്നോ..?

ബ്ലോഗന്മാര്‍ അന്തര്‍ ദേശീയ തലത്തിലും ദേശീയ പ്രാദേശിക തലത്തിലും സം‌ഘടിച്ചിരുന്നു.ബ്ലോഗര്‍‌മാരുടെ ഒത്തു കൂടലുകളും വാര്‍‌ഷിക സം‌ഗമങ്ങള്‍ പോലും സം‌ഘടിപ്പിക്കപ്പെട്ടിരുന്നു.പ്രവാസികള്‍‌ക്കിടയില്‍ വിശേഷിച്ചും ബ്ലോഗുലകം തന്നെ വളര്‍‌ന്നിരുന്നു.ഖത്തറിലെ ഇത്തരം കൂട്ടായ്‌മയുടെ തുടക്കക്കാരനായിരുന്നു.പിന്നീട് ഈ‌ വര്‍‌ച്വല്‍ കൂട്ടായ്‌മകള്‍ സാഹിത്യ സാം‌സ്‌കാരിക കൂട്ടായ്‌മകളായി മാറുകയും വളരുകയും ചെയ്‌തു.

(15)ഇപ്പോള്‍ വിവിധ തരത്തിലുള്ള കുറെ ബ്ലോഗുകള്‍ ഉള്ള ഒരു വ്യക്തിയാണല്ലോ..? എങ്ങിനെയാണ് അതിന്റെ നാള്‍‌വഴികള്‍‌..?

1999 അവസാനത്തില്‍  ഫ്രീസര്‍വര്‍ വഴി സൈറ്റ് ക്രിയേറ്റ്‌ ചെയ്‌തു, താമസിയാതെ മലയാളം ഉള്‍‌കൊള്ളിച്ച്‌ ദ്വിഭാഷാ സൈറ്റ് എന്ന വിതാനത്തില്‍ എത്തിച്ചു.2006 ആകുന്നതോടെ പൂര്‍‌ണ്ണാര്‍‌ഥത്തിലുള്ള മലയാള ബ്ലോഗുകാരില്‍ ഒരാളായി.തുടര്‍‌ന്ന്‌ വിഷയാടിസ്ഥാനത്തില്‍ തരം തിരിച്ചു കൊണ്ടുള്ള  ബ്ലോഗുകള്‍ ഒരുക്കുകയും ചെയ്‌തു.

പൊതു സമൂഹം അറിഞ്ഞാല്‍ വിരോധമില്ലാത്ത തികച്ചും വ്യക്തി പരമായ സന്തോഷ സന്താപങ്ങള്‍ രേഖപ്പെടുത്തുന്നതാണ്‌ മഞ്ഞിയില്‍ എന്ന  പ്രഥമ ബ്ലോഗ്‌‌.തുലിക,കവിത,രചന,സാമൂഹികം, തുടങ്ങിയ ബ്ലോഗുകളില്‍ വൈവിധ്യമാര്‍‌ന്ന സാഹിത്യ രചനകളും പ്രകാശിപ്പിക്കുന്നുണ്ട്‌.കൂടാതെ പതിമൂന്നാമത്തെ വയസ്സില്‍ പൊലിഞ്ഞു പോയ മകന്‍ അബ്‌സാറിന്റെ രചനകളും ഓര്‍‌മ്മകളും പങ്കുവെക്കുന്ന മണി ദീപം എന്ന ബ്ലോഗും ഉണ്ട്‌.

ജന്മ ഗ്രാമമായ തിരുനെല്ലൂരിനെ അടുത്തറിയാനുതകുന്ന സൈറ്റും പ്രാദേശിക കൂട്ടായ്‌മയായ ഉദയം പഠനവേദിയുടെ ബ്ളോഗും സംവിധാനിച്ചിരിക്കുന്നു...‌ ഇങ്ങനെ പോകുന്നു അതിന്റെ നിര.മഞ്ഞിയില്‍ ബ്ലോഗില്‍ എത്തിയാല്‍ എല്ലാ ബ്ലോഗിലേയ്‌ക്കും പ്രവേശിക്കാനും കഴിയും.

ഓര്‍‌മ്മ കുറിപ്പ്‌ എന്ന  വിശേഷപ്പെട്ട ബ്ലോഗു കൂടെ ഉണ്ട്‌.ജീവിതത്തിലെ ചില മുഹൂര്‍‌ത്തങ്ങള്‍ അതില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു‌.ഇതു വരെ പബ്‌ളിഷ്‌ ചെയ്‌തിട്ടില്ല.മഞ്ഞിയില്‍ ബ്ലോഗിലെ ഒരു വശത്ത്‌ പ്രത്യേകമായ ഒരു ലിങ്കില്‍ പ്രസ്‌തുത ബ്ലോഗിലേയ്‌ക്ക്‌ പ്രവേശിക്കാനാകും വിധം ഒരുക്കിയിട്ടുണ്ട്‌.ഇപ്പോള്‍ പ്രവേശിക്കാന്‍ കഴിയില്ല.ബ്ലോഗര്‍ ഈ ലോകത്തോട്‌ വിടപറയുന്ന അന്ന്‌ അത്‌ പ്രസാരണം ചെയ്യപ്പെട്ടാല്‍ മതി എന്നാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്.ദൈവം അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍ മക്കള്‍ അതു നിര്‍‌വഹിക്കും.

(16)ഗ്രാമ വിശേങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗില്‍ എന്തൊക്കെയാണ്‌ ഉള്‍‌ക്കൊള്ളിച്ചിട്ടുള്ളത്...എത്രത്തോളം ഉപകാര പ്രദമാണ്‌..?

തീര ദേശ ഗ്രാമത്തെയും പരിസര ഗ്രാമങ്ങളെയും കൂട്ടിയിണക്കുന്ന കണ്ണിയാകാനാണ്‌ ദിതിരുനെല്ലൂര്‍ ബ്ലോഗ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്..

നന്മ തിരുനെല്ലൂര്‍ സാം‌സ്‌കാരിക സമിതി എന്ന ഒരു ഗ്രാമീണ സഹൃദയ വേദിപോലും ദിതിരുനെല്ലുരിന്റെ ഭാഗമാണെന്നു പറയാന്‍ കഴിയും.പ്രസിദ്ധ എഴുത്തു കാരനും സഹപാഠിയുമായ റഹ്‌മാന്‍ തിരുനെല്ലൂര്‍ ആണ്‌ സമിതിയുടെ സാരഥി.

ഖത്തറില്‍ തിരുനെല്ലൂര്‍ പ്രവാസികളുടെ കൂട്ടായ്‌മയായ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ വിശേഷങ്ങളും ദിതിരുനെല്ലുരിനു വിശേഷമാണ്‌.സിറ്റി  സി.ഇ.ഒ ഷറഫു ഹമീദാണ്‌ അതിന്റെ അധ്യക്ഷന്‍.

ഗ്രാമീണ നന്മയെ പ്രോത്സാഹിപ്പികുക എന്നതത്രെ ദിതിരുനെല്ലൂരിന്റെ വിഭാവന.സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രം‌ഗത്തെ വിവരങ്ങളും വിശേഷങ്ങളും പ്രദേശത്തെ വിവിധ ആശയാദര്‍‌ശങ്ങളെ പ്രതിനിധീകരിക്കുന്ന സം‌ഘടനകളുടെ വാര്‍‌ത്തകളും വാര്‍‌ത്താവലോകനങ്ങളും ബ്ലോഗില്‍ ഇടം നല്‍‌കും.തീര ദേശ ഗ്രാമങ്ങളിലെ സ്വദേശ വിദേശ വര്‍‌ത്തമാനങ്ങള്‍‌ക്കായി ബ്ലോഗിനെ ആശ്രയിക്കാനാകും.

തിരുനെല്ലൂര്‍ മഹല്ലിലെ കുടും‌ബ നാഥന്മാരുടെ പേരുകള്‍ തൊട്ടടുത്ത വീട്‌ എന്ന ക്രമത്തില്‍ ദിതിരുനെല്ലൂരില്‍ ഒരുക്കിയിട്ടുണ്ട്‌.മഹല്ല്‌ സമിതി,ദേശത്തും വിദേശത്തും ഉള്ള സം‌ഘങ്ങളുടെ പ്രവര്‍‌ത്തക സമിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും ബ്ലോഗില്‍ ലഭിയ്‌ക്കും. പ്രദേശത്തെ ദേവാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും ചരിത്രവും വായിയ്‌ക്കാം.

പ്രധാനപ്പെട്ട വാര്‍‌ത്താ മാധ്യമങ്ങളുടെ ലിങ്ക്‌,സംസ്‌ഥാന കേന്ദ്ര തലത്തിലുള്ള സേവനങ്ങളുടെ ലിങ്ക്,സം‌സ്‌ഥാന സര്‍‌ക്കാറിന്റെ പൊതു സമൂഹ താല്‍‌പര്യാര്‍‌ഥമുള്ള ലിങ്കുകള്‍,ഭാഷാ പഠന സഹായി ഒക്കെ ഇതില്‍ ഒരുക്കിയിട്ടുണ്ട്‌.

ഞങ്ങളുടെ ഗ്രാമത്തിന്റെ 60 കളിലെ ചരിത്രം ഏകദേശം പകര്‍‌ത്തിയ മുജല്ല എന്ന പേജും ഉണ്ട്‌.പുതിയ തലമുറയിലെ കുട്ടികള്‍‌ക്ക്‌ ഒരു ചരിത്രം പോലെ ഇതിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കും..

(17)പൊതുവെ ബ്ലോഗുകളിലെ വായനക്കാരുടെ സന്ദര്‍‌ശനം എത്രത്തോളമുണ്ടാകും.

ബ്ലോഗുകകളില്‍ ശരാശരി നല്ല വായനക്കാരുണ്ട്‌.മറ്റു പ്രസിദ്ധീകരണങ്ങള്‍‌ക്ക്‌ വേണ്ടി എഴുതുന്നത് അവര്‍ പ്രസിദ്ധപ്പെടുത്തിയതിനു ശേഷമാണ്‌ പോസ്റ്റു ചെയ്യുകയുള്ളൂ എന്നിരുന്നാലും വായനക്കാര്‍ ഉണ്ട്‌.പ്രാദേശിക വാര്‍‌ത്താ പ്രാധാന്യമുള്ള ദിതിരുനെല്ലൂരില്‍ ലക്ഷത്തിലേറെ പേര്‍ ഇതു വരെ സന്ദര്‍‌ശിച്ചിട്ടുണ്ട്‌.

(18) മലയാളം ബ്ലോഗുകള്‍ വ്യാപകമായത് എപ്പോഴായിരുന്നു.

2004 ന്റെ തുടക്കത്തില്‍ വിരലിലെണ്ണാവുന്നത്ര ബ്ലോഗുകള്‍ മാത്രമുണ്ടായിരുന്ന മലയാളത്തില്‍ 2010 ആകുമ്പോഴേക്കും ആയിരക്കണക്കിന്‌ ബ്ലോഗുകള്‍ നിര്‍‌മ്മിക്കപ്പെട്ടു.

(19)ഓണ്‍ ലൈന്‍ എഴുത്തിനെ കുറിച്ചും ശൈലിയെ കുറിച്ചും.സ്വീകാര്യനായ ഒരു സോഷ്യല്‍ മീഡിയാ ഉപയോക്താവാന്‍ സഹായിക്കുന്ന ഘടകങ്ങളെ കുറിച്ചും...

പറയാനുള്ളത് ഹ്രസ്വമായും ഭം‌ഗിയിലും അപരനെ വേദനിപ്പിക്കാതെയും പറയുക.പരിഹാസവും നിശിത വിമര്‍‌ശനവും ഒഴിവാക്കുക.കുത്തുവാക്കുകളും ദ്വയാര്‍‌ഥ പ്രയോഗങ്ങള്‍‌ക്കും പകരം മാന്യമായ ഭാഷയും ശൈലിയും ഉപയോഗിക്കുക.വിഭിന്ന ആശയാദര്‍‌ശങ്ങളിലുള്ള വലിയൊരു ലോകത്തോടാണ്‌ സം‌വദിച്ചു കൊണ്ടിരിക്കുന്നത് എന്ന ബോധത്തോടെ മാത്രം പ്രതികരിക്കുന്ന ശീലും ശൈലിയും സ്വീകരിക്കുക എന്നതും സ്വീകാര്യനായ ഒരു സോഷ്യല്‍ മീഡിയാ ഉപയോക്താവാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്‌.

(20)സോഷ്യല്‍ മീഡിയകളില്‍ നിരന്തരം ഇടപഴകുന്നവരോട്‌ എന്താണ്‌ പറയാനുള്ളത്..?

സോഷ്യല്‍ മീഡിയ വലിയൊരു ലോകമാണ്‌.സംസ്‌കാരമുള്ളവരും ഇല്ലാത്തവരും രാഷ്‌ട്രീയമുള്ളവരും ഇല്ലാത്തവരും വിശ്വാസമുള്ളവരും ഇല്ലാത്തവരും തുടങ്ങി വിവിധ ഘടകങ്ങളും ഉപ ഘടകങ്ങളും ജാതികളും ഉപജാതികളും ഭാഷക്കാരും ദേശക്കാരും ഒക്കെയുള്ള വലിയൊരു ലോകമാണ്‌ സോഷ്യല്‍ മീഡിയ.ഈ ഇലോകത്തെ വായനക്കാര്‍ ശ്രോതാക്കള്‍ വിഭിന്ന അഭിരുചിയുള്ളവരാണ്‌.ഈയൊരു ബോധത്തോടെയായിരിക്കണം സൂക്ഷ്‌മാലുവായ ഒരു സോഷ്യല്‍ മീഡിയാ ഉപയോക്താവിന്റെ സമീപനം.