മഞ്ഞിയില്‍

അബ്‌‌ദുല്‍ അസീസ് മഞ്ഞിയില്‍.തൃശൂർ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂരില്‍ ജനനം.2000 മുതല്‍ മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിനു തൊട്ടാണ്‌ താമസം.

പതിനേഴാമത്തെ വയസ്സില്‍ 1977 ൽ തിരുനെല്ലൂരിലേയും സമീപ പ്രദേശത്തേയും കലാകാരന്മാർ ഒരുക്കിയ ശാസ്‌ത്രീയ സംഗീത പ്രാധാന്യമുള്ള നാടകത്തിന്‌ ഗാനങ്ങളെഴുതാനുള്ള അവസരമാണ്‌ കലാ സാഹിത്യ രംഗത്തേയ്‌ക്കുള്ള കടന്നു വരവിന്റെ പ്രാരംഭം.രാഗം പുവ്വത്തൂരിലെ വേലായുധന്‍ വേപ്പുള്ളി ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്‌. സംഗീത സംവിധാന മേഖലയിൽ പ്രസിദ്ധനായ മോഹൻ സിത്താരയെപ്പോലെയുള്ള കലാകാരന്മരുടെ ആദ്യ കാല സംഗീതക്കളരിയായിരുന്നു ഇത്.പ്രസ്‌‌തുത കലാ സമിതിയുടെ തന്നെ വഴികാട്ടിയും ഗുരുവുമായ പ്രസിദ്ധ ഗായകൻ കെ.ജി സത്താറിന്റെ ശബ്‌ദത്തിൽ ആകശവാണിവിയിലൂടെ രചനകള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്.

മക്കത്ത് പൂത്ത പൂവിന്‍ മണമിന്നും തീര്‍‌ന്നില്ലാ ...മദീനത്ത് മാഞ്ഞ ഖമറിന്‍ പ്രഭയിന്നും മാഞ്ഞില്ലാ.. ഏറെ പ്രസിദ്ധിനേടിയ വരികളാണ്‌.


1980 കളിൽ ബോംബെയിൽ നിന്നിറങ്ങിയിരുന്ന ഗൾഫ് മലയാളിയിൽ നിന്നു തുടങ്ങി നിരവധി ഓൺലൈൻ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.

തൊണ്ണൂറുകളില്‍ സി.ഐ.സി സം‌ഘടിപ്പിച്ചിരുന്ന കലാ പരിപാടികളുമായി ബന്ധപ്പെട്ട്‌ സഹകരിച്ചിരുന്നു.ഖാലിദ്‌ അറക്കല്‍,എ.വി.എം ഉണ്ണി കൂട്ട്‌ കെട്ടില്‍ അരങ്ങേറിയിരുന്ന നാടകങ്ങളില്‍ ഗാനങ്ങള്‍,മറ്റ്‌ നാടന്‍ മപ്പിളാ കലാരൂപങ്ങള്‍‌ തുടങ്ങിയവയുടെ രചനകളിലും സജീവമായിരുന്നു.ഖത്തറില്‍ ആദ്യമായി വില്ല്‌ പാട്ട്‌, ഉടുക്ക്‌ പാട്ട്‌,വഞ്ചിപ്പാട്ട്,ഓട്ടം തുള്ളല്‍ തുടങ്ങിയ കേരളീയ കലാ രൂപങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സഹകരിച്ചു.

ആഴിക്കടിയിലെ ചിപ്പിയാണ്‌ ഞാന്‍...
കയ്യിലെരിയുന്നുണ്ട്‌‌ കൈതിരി 
തുടങ്ങിയ നാടക ഗാനങ്ങള്‍ ജനപ്രിയങ്ങളായി ഗണിക്കപ്പെടുന്നു.

വിവിധ തലത്തില്‍ നിന്നുള്ള അം‌ഗീകാരങ്ങള്‍ 1980 കളിലും തൊണ്ണൂറുകളിലും ലഭിച്ചിട്ടുണ്ട്‌.2017 ല്‍ തിരുനെല്ലൂര്‍ ആഗോള പ്രവാസി കൂട്ടായ്‌മയായ ഗ്‌ളോബല്‍ തിരുനെല്ലുരിന്റെ പ്രത്യേക പുരസ്‌കാരത്തിനും 2018 ല്‍ കലാകായിക സാം‌സ്‌കാരിക കൂട്ടായ്‌മയായ തിരുനെല്ലൂര്‍ മുഹമ്മദന്‍‌സിന്റെ ഖത്തര്‍ മുഖമായ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ സമഗ്ര സം‌ഭാവനക്കുള്ള എക്‌സലന്‍സി അവാര്‍‌ഡിനും 2019 ല്‍ നന്മ തിരുനെല്ലുരിന്റെ ഗ്രാമീണ്‍ മീഡിയ അവാര്‍‌ഡിനും അര്‍‌ഹനായിട്ടുണ്ട്‌.

തൊണ്ണൂറുകളിലും 2024 ലും എന്റെ മാണിക്യച്ചെപ്പ് മഞ്ഞുതുള്ളികള്‍ തുടങ്ങിയ കവിതാസമാഹാരങ്ങള്‍ പ്രകാശനം ചെയ്‌തിട്ടുണ്ട്.പുതിയ മൂന്ന് പുസ്‌തകങ്ങളുടെ പണിപ്പുരയിലാണ്‌.വര്‍‌ഷങ്ങളായി ഉണര്‍‌ത്തു പാട്ടുപോലെ എല്ലാ പ്രഭാതങ്ങളിലും നിമിഷങ്ങള്‍ മാത്രം ദൈര്‍‌ഘ്യമുള്ള പ്രയോജനപ്രദമായ - പ്രചോദന പ്രദമായ മഞ്ഞിയിലിന്റെ ശുഭദിനം ഏറെ ശ്രോതാക്കളുള്ള മധുമന്ത്രമാണ്‌.

കേരളത്തിലെ പ്രസിദ്ധമായ ഡി 4 മീഡിയയുടെ ഇന്റർനെറ്റ്‌ പോർട്ടലിൽ ദീര്‍‌ഘകാലം നെറ്റുലകം പക്തി കൈകാര്യം ചെയ്‌തിട്ടുണ്ട്.മത സാമൂഹ്യ സാം‌സ്‌ക്കാരിക രാഷ്‌ട്രീയ സമകാലിക വിഷയങ്ങളില്‍ നൂറുകണക്കിന്‌ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.പ്രവാസ ലോകത്തെ മലയാളം റേഡിയോകളില്‍ വിശേഷകാല പരിപാടികളിലെ ശബ്‌ദ സാന്നിധ്യമാണ്‌.

===========

പരമ്പരാഗത പള്ളി ദര്‍‌സ് പഠനത്തിലൂടെ വേണ്ടത്ര ശ്രദ്ധിക്കാനൊ പൂര്‍‌ത്തീകരിക്കാനൊ കഴിയാതെ പോയ അറബി ഭാഷാ പരിജ്ഞാനം മദീന യൂനിവാഴ്‌സിറ്റിയുടെ ഓണ്‍‌ലൈന്‍ പഠന സം‌വിധാനങ്ങളിലൂടെ പരിപോഷിപ്പിച്ചു.

മഹാമാരിയുടെ പ്രതിസന്ധികാലത്ത്,അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്റെ ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉലൂമുല്‍ ഖുര്‍‌ആന്‍,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകള്‍ പൂര്‍‌ത്തീകരിക്കാന്‍ ഭാഗ്യം ലഭിച്ചു.

പ്രമുഖരായ എഴുത്തു കാരുടെ രചനകള്‍ ഉള്‍‌‌പെടുത്തി മലയാളി ഗൾഫ് സാംസ്കാരിക അടയാളങ്ങൾ എന്ന പേരില്‍ ബോള്‍‌ഡ് പേജ് പ്രസിദ്ധീകരിച്ച പുസ്‌തകത്തില്‍ ഒരു അധ്യായം രേഖപ്പെടുത്താന്‍ അവസരം ലഭിച്ചു.നിമിഷങ്ങള്‍ മാത്രം ദൈര്‍‌ഘ്യമുള്ള ശുഭദിനം വര്‍‌ഷങ്ങളായി പങ്കുവെച്ചു കൊണ്ടിരിക്കുന്നു.

പ്രധാനപ്പെട്ട ചില രചനകള്‍ അണിയറയില്‍ പുരോഗമിക്കുന്നു.നാട്ടു ചരിത്രവും മറ്റു ലേഖന സമാഹാരങ്ങളും താമസിയാതെ മഷിപുരളും.

ഐക്കപ്പറമ്പില്‍ സുബൈറയാണ് ഭാര്യ. അബ്‌സ്വാര്‍(മണിദീപം), അന്‍സാര്‍,ഹിബ,ഹമദ്,അമീന എന്നിവരാണ് മക്കള്‍.മരുമക്കള്‍:- ഷമീര്‍ മന്‍‌സൂര്‍ നമ്പൂരി മഠം,ഇര്‍‌ഫാന ഇസ്‌ഹാക്‌ കല്ലയില്‍.പേരമക്കള്‍:മുഹമ്മദ് ഫലഖ്,മുഹമ്മദ് ഫായിഖ്.

1980 ൽ ആയിരുന്നു പ്രവാസത്തിന്റെ തുടക്കം.ഖത്തറിലെ മാഫ്‌കൊയുടെ അനുബന്ധ സ്ഥാപനമായ പാദരക്ഷകള്‍‌ക്ക് കീര്‍‌ത്തികേട്ട തമീമ ട്രേഡിങ് മാനേജിം‌ഗ് വിഭാഗത്തില്‍  ജോലി.

=========

azeezmanjiyil@gmail.com