Showing posts with label തൂവലുകള്‍. Show all posts
Showing posts with label തൂവലുകള്‍. Show all posts

Friday, December 1, 2017

തൂവലുകള്‍

വീണ്ടും ഒരു ഡിസം‌ബര്‍. ഉലഞ്ഞുടഞ്ഞ പൂക്കളും പൂങ്കാവനവും.സങ്കടപ്പെരുമഴയുടെ സംഗീതം കാതോര്‍‌ത്ത്‌ മരക്കൊമ്പിലമര്‍ന്നിരിക്കുന്ന പൈങ്കിളികളും.വിങ്ങിപ്പൊട്ടുന്ന സായാഹ്നം.സുധീരനായ കൗമാരക്കാരന്‍ മുഹമ്മദ്‌ ഫാസില്‍ വിടരും മുമ്പേ അടര്‍ന്നു വീണ നിമിഷങ്ങള്‍.

ആത്മവിശ്വാസത്തിന്റെയും അതിലേറെ ശുഭ പ്രതീക്ഷയുടെയും കരുത്തില്‍ വേദനയുടെ വേനലിലും കുരുത്ത്‌ നില്‍‌ക്കുകയായിരുന്നു മുഹമ്മദ്‌ ഫാസില്‍.ആശ്വസിപ്പിക്കുന്നവരുടെ സഹതാപ ധൂമത്തെ നിഷ്‌കളങ്കമായ വിശ്വാസ നൈര്‍‌മല്യം പ്രസരിപ്പിച്ച്‌ തൂത്തെറിയാന്‍ ഫാസിലിനു കഴിയുമായിരുന്നു.ആയുസ്സുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പരിഭവവും ഈ കൗമാരക്കാരനുണ്ടായിരുന്നില്ല.അല്ലാഹു തനിക്ക്‌ വിധിച്ചതെന്താണെങ്കിലും സ്വീകരിക്കാന്‍ ഫാസിലിന്റെ മനസ്സും ശരീരവും പാകപ്പെട്ടിരുന്നു.

തന്നെച്ചൊല്ലി മറ്റുള്ളവര്‍ വേദനിക്കുന്നതിലും പ്രയാസപ്പെടുന്നതിലും വല്ലാതെ അസ്വസ്ഥത മുഹമ്മദ്‌ ഫാസിലിന്റെ പ്രകൃതമായിരുന്നു.ഉമ്മയോട്‌ ഭയപ്പെടേണ്ട കാര്യമില്ലെന്നും യാത്രയാകാന്‍ നാഴികകള്‍ മാത്രമാണുള്ളതെന്നും മരണാസഹ്ന ദിന രാത്രങ്ങളില്‍ തന്നെ ഫാസില്‍ ഓര്‍‌മ്മപ്പെടുത്തിയിരുന്നു.ഉമ്മൂമയും ഉമ്മയും ഉണ്ണികളും സഹോദരങ്ങളും ബന്ധുമിത്രാധികളും അവസാനയാത്രയ്‌ക്ക്‌ കണ്‍‌പാര്‍‌ത്ത്‌ തനിക്ക്‌ ചുറ്റും ഉണ്ടാവണമെന്ന ശാഠ്യം പലപ്പോഴും ഹൃദയഭേദകം എന്നതിനുമപ്പുറമുള്ള മാനങ്ങള്‍ കൈവരിച്ചിരുന്നു.

അന്ത്യ നിമിഷങ്ങളില്‍ ഒരു കുതിര സവാരിക്കാരന്റെ കിതപ്പും കുതിപ്പും പ്രകടമായിരുന്നു.ഇത്‌ ബോധം നഷ്‌ടപ്പെട്ടവന്റെ ഗോഷ്‌ഠികളായിരുന്നില്ലെന്നു തിരിച്ചറിയാന്‍ ഫാസിലിന്റെ ഉമ്മൂമയ്‌ക്ക്‌ കഴിഞ്ഞിരുന്നു.ആഘോഷ മൈതാനങ്ങളില്‍ നിഷ്‌കളങ്കരായ പൈതങ്ങള്‍ ഇഷ്‌ടപ്പെട്ട കളിക്കോപ്പുകള്‍ കണ്ട്‌ കൊഞ്ചും വിധം ഉത്സാഹഭാവത്തോടെ...അവന്‍ പറന്നകലുകയായിരുന്നു.ഉമ്മൂമ പകര്‍‌ന്നു കൊടുത്ത ദാഹജലം കൊണ്ട്‌ തൊണ്ട നനച്ച്‌,സര്‍‌വലോക പരിപാലകനായ നാഥന്റെ സ്‌മരണകള്‍ കൊണ്ട്‌ ചുണ്ട്‌ നനച്ച്‌ ഫാസില്‍ ശാന്തനായി വിടപറഞ്ഞു.

പ്രകൃതിരമണീയമായ പാടൂര്‍ പള്ളി പരിസരത്ത്‌ ഒരു തണ്ണീര്‍തടത്തിന്റെ ചാരത്ത്‌ തണലിട്ട മരച്ചുവട്ടില്‍ ഒരുക്കിയ ഖബറിടത്തിലാണ്‌ ഫാസിലിന്റെ ഭൗതിക ശരീരം അടക്കം ചെയ്‌തത്. അനശ്വരമായ സ്വര്‍‌ഗീയ വിതാനത്തില്‍ മുഹമ്മദ്‌ ഫാസില്‍ ഓര്‍‌മ്മയായി.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. 


ഡിസംബര്‍ കാലത്തെ ശൈത്യം. എന്തുകൊണ്ടോ തണുപ്പനുഭവപ്പെടുന്നില്ല.ഒരു വര്‍‌ഷത്തിന്റെ അന്ത്യം.മറ്റൊരു വര്‍ഷത്തിന്റെ പ്രാരം‌ഭത്തിലേയ്‌ക്കുള്ള പ്രയാണം.പുതിയ ഉണര്‍‌വും ഉന്മേഷവും ശൈത്യകാലത്തെ പുകമഞ്ഞില്‍ മൂടിപ്പുതച്ചുറങ്ങുന്ന കാലം. പാടശേഖരങ്ങളും,പാതയോരങ്ങളും, വസന്തം വിരിയുന്ന കാലം.ആഘോഷങ്ങളുടെ പൂവിരിയും കാലത്തും വിരിയും മുമ്പേ വീണുടയുന്ന പൂക്കള്‍.ആ പുക്കളെ ചൊല്ലി അറിഞ്ഞൊ അറിയാതെയൊ വേപഥു പൂണ്ട്‌ ഉയര്‍‌ന്നും താഴ്‌ന്നും പറക്കുന്ന പൂതുമ്പികള്‍...

പക്ഷികള്‍ പറന്നു പോകുമ്പോള്‍ പൊഴിച്ചിടുന്ന ചില തൂവലുകളുണ്ടാകും.ഒഴിഞ്ഞ കൂട്ടിലും വൃക്ഷ ശിഖിരങ്ങളിലും ചിതറി വീണ ഈ ഹൃദയഹാരിയായ തൂവലുകള്‍.അതില്‍ തൊട്ടു തലോടുമ്പോള്‍ മിഴികളില്‍ ചേര്‍‌ത്തു വെയ്‌ക്കുമ്പോള്‍ നാം മറ്റൊരു ലോക സഞ്ചാരം നടത്തും.ഫാസില്‍ മോന്‍ ഇവിടെ പൊഴിച്ചിട്ട ചില തൂവലുകള്‍ തൊട്ടുഴിയുകയാണ്‌.

2015 ജൂണ്‍ അവസാനത്തില്‍ കുടും‌ബസമേതം നടത്തിയ വിനോദയാത്ര ഒരിക്കല്‍ കൂടെ പങ്കു വെയ്‌ക്കുന്നു.നിമിഷ പ്രസം‌ഗത്തില്‍ മുഹമ്മദ്‌ ഫാസില്‍ ഒന്നാമനായിരുന്നു.2016 ഡിസം‌ബര്‍ മാസത്തില്‍ ഒന്നാമനില്‍ ഒന്നാമനായി എല്ലാവരേയും പിന്നിലാക്കി ഫാസില്‍ പറന്നു പോയി.മുഹമ്മദ്‌ ഫാസില്‍ പറന്നു പോയ നിറം മങ്ങിയ വസന്തകാലം ഇതാ വീണ്ടും സമാഗതമായിരിക്കുന്നു.ഡിസം‌ബര്‍ 2017.
......
പെരുന്നാള്‍ അവധിയില്‍ ഞങ്ങളൊരു വിനോദയാത്ര പോയി.കളിയും കാര്യവും ചിരിയും ചിന്തയുമുണര്‍‌ത്തുന്ന പരിപാടികള്‍ വിനോദയാത്രയെ ഏറെ ഹൃദ്യമാക്കി.

ശനിയാഴ്‌ച പുലര്‍‌ച്ചയ്‌ക്ക്‌ പുറപ്പെട്ടു തിങ്കളാഴ്‌ച്ച പുലര്‍‌ച്ചയ്‌ക്ക്‌ വീട്ടില്‍ തിരിച്ചെത്തി.ഷഫീക്കിന്റെ നേതൃത്വത്തില്‍ തിര ടീമും ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള തീരം ടീമും വിവിധ മത്സരങ്ങളില്‍ തീരവും തിരയും പോലെ മത്സര മികവു പ്രകടിപ്പിച്ചിരുന്നു.ഒടുവില്‍ തിര തീരത്തെ കീഴടക്കുമ്പോലെ അക്ഷരാര്‍‌ഥത്തില്‍ വിജയശ്രിലാളിതരായി.വാശിയേറിയ മത്സരത്തില്‍ മൂന്ന്‌ ഒന്നാം സ്ഥാനങ്ങളാണ്‌ ഷഫീക്കിന്റെ നേതൃത്വത്തിലുള്ള തിര കരസ്ഥമാകിയത്‌.മറ്റൊരു പ്രത്യേക മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെ ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള തീരവും ശാന്തമായി.

കുട്ടിപ്പട്ടാളത്തിന്റെ സര്‍‌ഗസിദ്ധി സടകുടഞ്ഞെണീറ്റപ്പോള്‍ മത്സര രം‌ഗത്തിന്റെ ഹാവഭാവങ്ങള്‍‌ക്ക്‌ പുതിയ ചിറകുകള്‍ മുളച്ചു.മുഹമ്മദ്‌ സഫ്‌വാന്റെ ഖുര്‍‌ആന്‍ പാരായണവും അന്‍‌ഫാല്‍ അഷറഫിന്റെ ഉമ്മയെക്കുറിച്ചുള്ള പാട്ടും ഏറെ ആസ്വാദ്യകരമായിരുന്നു.ആദില്‍ അഷറഫിന്റെ ഗാനാലാപനം തല്‍‌സമയ സമ്മാനം നേടിയതോടെ ഓമനകളുടെ ഉത്സാഹത്തിമര്‍‌പ്പ്‌ പത്തിരട്ടി വര്‍‌ദ്ധിച്ചു.തുടര്‍‌ന്നു അദ്‌നാന്‍ യൂസഫും  മുഹമ്മദ്‌ സല്‍‌മാന്‍ ഷറഫുദ്ധീനും മുഹമ്മദ്‌ സഫ്‌വാന്‍ ഷറഫുദ്ധീനും തത്സമയ സമ്മാനത്തിന്‌ അര്‍‌ഹരായി.പിഞ്ചു കുഞ്ഞുങ്ങളായ മിന്‍‌ഹ ഷാഹീറും മയ്ഷ ഷഫീക്കും പരസ്‌പരം നോക്കി അത്‌ഭുതം കൂറിയിരുന്നു എന്നു പറഞ്ഞാല്‍ മത്സരക്കളത്തിന്റെ വീറും വാശിയും ഒരു പക്ഷെ ഊഹിക്കാന്‍ കഴിയുമായിരിക്കും.അമീന അസീസ്‌ ഒരു കഥ അവതരിപ്പിക്കാന്‍ ശ്രമിച്ചു പിന്‍‌വാങ്ങി.എന്നാല്‍ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ വാചാലയായി.

ഉമ്മ തന്നയച്ച ഉച്ചഭക്ഷണം ഇഷ്‌ടപ്പെടാത്ത അവസ്ഥയില്‍ തിരിച്ച്‌ വീട്ടിലെത്തി പ്രതികരിക്കുന്ന വിഷയത്തെ ആസ്‌പദപ്പെടുത്തിയ നിമിഷ പ്രസം‌ഗം പങ്കാളിത്തം കുറഞ്ഞുപോയെങ്കിലും പങ്കെടുത്തവര്‍ വിളമ്പിയതിന്റെ പേരിലുള്ള ബഹളം ശാന്തമാക്കാന്‍ കഠിനയജ്ഞം നടത്തേണ്ടിവന്നു.ഒന്നാം സ്ഥാനം ഫാസില്‍ ഷംസുദ്ധീനും,രണ്ടാം സ്ഥാനം അന്‍‌സാര്‍ അസീസും, പ്രോത്സാഹന സമ്മാനം അമീന അസീസും, മുഹമ്മദ്‌ സല്‍‌മാനും, അജ്‌മല്‍ ഷം‌സുദ്ധീനും  നേടി.തിര ടീമിനെ ഊര്‍‌ജസ്വലമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഷഫ്‌ന അഷറഫ്‌ പ്രത്യേക പാരിതോഷികം കരസ്ഥമാക്കി. മൂന്നു വയസ്സുകാരായ അംന അഷറഫും, അമീന്‍ യൂസഫും ഒന്നര വയസ്സുകാരിയായ ഐഷ ഷറഫുദ്ധീനും,  അഞ്ചു വയസ്സുകാരനായ ആദില്‍ അഷറഫും പ്രത്യേക പരിഗണനക്കും പ്രശം‌സക്കും അര്‍‌ഹരായി.

വിനോദയാത്രയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കാന്‍ നല്‍‌കപ്പെട്ട അവസരം അന്‍‌സാര്‍ അസീസും ഷജീല ഷറഫുദ്ധീനും അതിമനോഹരമായി ഉപയോഗപ്പെടുത്തി.അമീനമോള്‍ ഏറെ വാചലയായതും ശ്രദ്ധേയമായിരുന്നു.ഇവര്‍ പറഞ്ഞതു തന്നെയാണ്‌ ഞങ്ങള്‍ക്കും എന്നു പറഞ്ഞു മറ്റുള്ളവര്‍ വളരെ സമര്‍ഥമായി ഒഴിഞ്ഞു നിന്നു.

ബഹളമയമെങ്കിലും ആസ്വാദ്യകരമായ കലാവിരുന്നിന്‌ ക്ഷമാപൂര്‍‌വം കാഴ്‌ചക്കാരായ ഷം‌സുദ്ധീന്‍,യൂസഫ്‌,അഷറഫ്‌,ഷറഫുദ്ധീന്‍,ഷഫീഖ്‌, ഹലീമ ബക്കര്‍, സീനത്ത്‌ ഷം‌സുദ്ധീന്‍, ഷംല യൂസഫ്‌,സുല്‍‌ഫിത്ത്‌ അഷറഫ്‌,റഹ്‌മത്ത് ഷഫീഖ്‌,മുനീറ ഷാഹിര്‍,ഹിബ അസീസ്‌,ഫാത്തിമ മുസ്‌തഫ,നസ്‌റിന്‍ യൂസഫ്‌,ഷറിന്‍ യൂസഫ്‌,കുത്സു ഷംസുദ്ധീന്‍,ഷജീല ഷറഫുദ്ധീന്‍,ഹമദ്‌ അസീസ്‌,അബിയാന്‍ അഷറഫ് എന്നിവരെ പ്രത്യേകം സത്‌കരിക്കും.പ്രസ്‌തുത ചടങ്ങില്‍ മറ്റു സമ്മാനാര്‍‌ഹരും കുടും‌ബാം‌ഗങ്ങളും ക്ഷണിക്കപ്പെടും.
മഞ്ഞിയില്‍
27.07.2015