Sunday, December 2, 2012

ഹ്രസ്വമായ വിശദീകരണം .


പുതുമനശ്ശേരി സര്‍ സയ്യിദ്‌ ഇംഗ്ളീഷ്‌ മീഡിയം സ്‌കൂളില്‍ ഈയിടെ ഉണ്ടായ ദൌര്‍ഭാഗ്യകരമായ സംഭവങ്ങളുടെ ഹ്രസ്വമായ വിശദീകരണം .
നവമ്പര്‍ 27 ന്‌ : ലജ്ജാകരമായ പീഡനവാര്‍ത്ത പ്രാദേശിക ചാനലുകള്‍ പുറത്ത്‌ വിടുന്നു.

നവമ്പര്‍ 27 ന്‌ വെള്ളിയാഴ്‌ച രോഷാകുലരായ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയത്തിന്റെ കവാടത്തില്‍ അക്രമാസക്തരാകുന്നു.നിയമ പാലകരുടെ സമയോചിതമായ ഇടപെടല്‍ രംഗം ശാന്തമാക്കുന്നു.

ഡിസമ്പര്‍ ഒന്നിന്‌ ശനിയാഴ്‌ച രണ്ട്‌ മണിയ്‌ക്ക്‌ പിടിഎ ജനറല്‍ ബോഡി പൊലീസിന്റെ സാന്നിധ്യത്തില്‍ വിളിച്ച്‌ ചേര്‍ത്തെങ്കിലും പ്രിന്‍സിപ്പാളിന്റെ അഭാവത്തില്‍ യോഗനടപടികളുമായി മുന്നോട്ട്‌ പോകാനനുവദിക്കില്ലെന്ന ഒരുവിഭാഗം രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങേണ്ടിവരുന്നു.ഡിസമ്പര്‍ 4 തിങ്കളാഴ്‌ച രണ്ട്‌ മണിയ്‌ക്ക്‌ എല്ലാവരേയും പങ്കെടുപ്പിച്ച്‌ പിടിഎ കൂടാമെന്ന ധാരണയില്‍ യോഗം പിരിയുന്നു.

തിങ്കളാഴ്‌ച കാലത്ത്‌ പത്ത്‌ മണിയ്‌ക്ക്‌ പിടിഎ പ്രവര്‍ത്തകസമിതി കൂടുന്നു.മാനേജ്‌ മന്റ്‌ നല്‍കിയ വിശദീകരണങ്ങളും വൈകീട്ട്‌ പിടിഎ ചേരുമ്പോള്‍ അവതരിപ്പിക്കേണ്ട വിശദീകരണങ്ങളും ചര്‍ച്ച ചെയ്യുന്നു.

രണ്ട്‌ മണിയ്‌ക്ക്‌ സ്‌കൂള്‍ ഗ്രൌണ്ടില്‍ ജനറല്‍ബോഡി ചേരുന്നു.
പിടിഎ അധ്യക്ഷന്റെ വിശദീകരണത്തില്‍ പ്രവര്‍ത്തക സമിതിയുടെ സിറ്റിങ് വിശേഷങ്ങള്‍ രക്ഷിതാക്കളെ തെര്യപ്പെടുത്തുന്നു.

1) സസ്‌പന്ഷനില്‍ കഴിയുന്ന പ്രിന്‍സിപ്പലിനെ  യോഗത്തിലേയ്‌ക്ക് ക്ഷണിക്കാനുള്ള സാങ്കേതിക തടസ്സവും ,ഒട്ടേറെ ചോദ്യശരങ്ങളുമായി നില്‍ക്കുന്ന ഒരു വലിയ സദസ്സിന്റെ സാന്നിധ്യത്തിലേയ്‌ക്ക്‌ വരുന്നതിലെ പ്രയാസങ്ങളും ആശങ്കകളും അധ്യക്ഷന്‍ വിശദീകരിച്ചു.

2) ദൌര്‍ഭഗ്യകരമായ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളും നിയമ നടപടികളും യഥാവിധി നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കെ നമ്മുടെ മക്കളുടെ അധ്യയന ദിവസങ്ങള്‍ മുടങ്ങാതിരിക്കുക എന്ന സാമാന്യം ബുദ്ധിപരമായ സമീപനത്തോട്` സഹകരിക്കണം .

3) മാനേജ്‌മന്റിന്റെ ഭാഗത്ത്‌ നിന്ന്‌ നമുക്ക്‌ ലഭിക്കേണ്ട ഒട്ടേറെ വിശദീകരണങ്ങള്‍ ഒരു മഹാസദസ്സിന്റെ മൂന്നില്‍ വിശദീകരിക്കുന്നതിലെ അനൌചിത്യം കണക്കിലെടുത്ത്‌ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സദസ്സില്‍  നടക്കുന്ന സംവാദമായിരിയ്‌ക്കും കൂടുതല്‍ ആരോഗ്യകരം .

തുടര്‍ന്ന്‌ സദസ്സിന്റെ ഊഴമായിരുന്നു.
സാമാന്യബോധവും  സംസ്‌കാരമില്ലായ്‌മയും വിളിച്ചോതുന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചതെങ്കിലും നിയമപാലകരുടെ സാനിധ്യത്തില്‍ ഒരുവിധം കരക്കടുപ്പിച്ചു.

പ്രിന്‍സിപ്പലിന്റെ അസാന്നിധ്യം വീണ്ടും ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ ടലഫോണ്‍ വഴി അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കണമെന്ന അഭിപ്രായം അംഗീകരിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ വിശദീകരണം സശ്രദ്ധം സദസ്സ്‌ കാത്കൂര്‍പ്പിച്ച്‌ കേട്ടു.


അച്ചടക്കരാഹിത്യത്തിന്‌ കയ്യും കാലും വെച്ച ഒരുകൂട്ടം രക്ഷിതാക്കളെ നിയന്ത്രിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും പാവറട്ടി പൊലീസുദ്യോഗസ്ഥന്റെ ഇടപെടലുകള്‍ പ്രശംസനീയമാണ്‌.

ഒരുവേള അധ്യാപകനായും പ്രഭാഷകനായും  നിയമപാലകനായും പിതാവായും സഹോദരനായും സുഹൃത്തായും ഒക്കെ ഈ ഉദ്യോഗസ്ഥന്‍ അക്ഷരാര്‍ഥത്തില്‍ തിളങ്ങി എന്നതാണ്‌ ശരി.

ചര്‍ച്ചകളുടെ സമാപനത്തോടെ രക്ഷിതാക്കളില്‍ നിന്നും 30 പേരെ കൂടെ പിടിഎ പ്രവര്‍ത്തകസമിതിയിലേയ്‌ക്ക്‌ താല്‍കാലികമായി തെരഞ്ഞെടുത്തതിനു ശേഷം യോഗം പിരിച്ചുവിട്ടു.

ഏകദേശം അരമണിക്കൂറിന്‌ ശേഷം സ്‌കൂള്‍ ചെയര്‍മാന്റെ സാന്നിധ്യത്തിലും പാവറട്ടി പൊലീസ്‌ ഇന്‍സ്‌പക്‌ടരുടെ മധ്യസ്ഥയിലും പിടിഎ പ്രവര്‍ത്തകസമിതിയും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും യോഗം ചേര്‍ന്നു.

രക്ഷിതാക്കളുടെ പരാതികളുടെ പ്രവാഹം അണപൊട്ടിയൊഴുകി.ഒരു പ്രത്യേക വിഷയത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള യോഗത്തില്‍ ഒട്ടേറെ മറ്റുകാര്യങ്ങള്‍ പൊന്തിവരുന്നത്‌ സമയാസമയങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടകാര്യങ്ങളില്‍ വീഴ്‌ചവരുന്നതുകൊണ്ടാണെന്ന്‌ വിലയിരുത്തപ്പെട്ടു.വിദ്യാലയാന്തരീക്ഷം സുഖമമാകുന്നതില്‍ പിടിഎ യുടെ പങ്ക്‌ വളരെ വലുതാണ്‌.അതുപോലെത്തന്നെ സ്‌കൂള്‍ പ്രതിനിധികളും പിടിഎ പ്രതിനിധികളും വിദ്യാര്‍ഥി പ്രതിനിധികളും സ്ഥലത്തെ പൊലീസുദ്യോഗസ്ഥനും അടങ്ങുന്ന സമിതി താമസിയാതെ നിലവില്‍ വരേണ്ടതുണ്ടെന്നും സൂചിപ്പിക്കപ്പെട്ടു.

വിദ്യാലയം ചൊവ്വാഴ്‌ചമുതല്‍ (04/12/2012 തുറന്നു പ്രവര്‍ത്തിക്കാനും  തീരുമാനമായി..