Monday, March 21, 2016

ആശ്രിതര്‍ പ്രവാസികളുടെ നാവാകട്ടെ

ഈ പക്തിയില്‍ പ്രവാസികളുടെ ശബ്‌ദം എന്നതിലുപരി പ്രയാസമനുഭവിക്കുന്ന എല്ലാവരുടെയും ശബ്‌ദമായി ചിലതു പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.കേരളത്തെ സംബന്ധിച്ച് ആരു ഭരിച്ചാലും ദൂരീകരിക്കപ്പെടുന്നതല്ല പ്രവാസികളുടെ വേദനകളും വേവലാധികളും ആവശ്യങ്ങളും.ഈയിടെ ഉയര്‍‌ന്നു കേള്‍‌ക്കുന്ന പ്രവാസി പ്രതിനിധി എന്ന ഒറ്റമൂലികൊണ്ടും പരിഹരിക്കപ്പെടുന്ന ഒന്നല്ല പ്രവാസി ദുരിതം.രാജ്യത്തെ എല്ലാ ജനങ്ങളുടേയും ക്ഷേമത്തിനു വേണ്ടി ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകുന്ന ഒരു സര്‍‌ക്കാറിനു മാത്രമേ പ്രവാസിയുടെ പ്രയാസങ്ങള്‍‌ക്കും ഉചിതമായ പരിഹാരം കാണാന്‍ കണ്ണുണ്ടാകുകയുള്ളൂ.

കേരളത്തിലെ ജനങ്ങള്‍ ബഹു ഭൂരിപക്ഷവും പ്രവാസികളുടെ ആശ്രിതരരാണ്‌.ഈ ആശ്രിതര്‍ വിദേശത്തുള്ള തങ്ങളുടെ മക്കളുടെ നാവാകുന്ന അവസ്ഥയെക്കുറിച്ച്‌ പ്രവാസികള്‍ ഗൗരവത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.അന്തര്‍ ദേശീയ സം‌ഭാഷണങ്ങള്‍‌ക്ക്‌ ഭാരിച്ച ചെലവുകളൊന്നും ഇല്ലാത്ത ഇക്കാലത്ത്‌ കേവല കുടും‌ബ കാര്യങ്ങള്‍ എന്നതിലുപരി രാഷ്‌ട്രീയവും പങ്കുവെക്കാന്‍ ശ്രമിക്കുക.പ്രവാസലോകത്തെ പ്രേരണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന അവസ്ഥയില്‍ വലിയ രാഷ്‌ട്രീയ മാറ്റങ്ങള്‍‌ക്ക്‌ കേരളം സാക്ഷിയാകും.

സം‌സ്ഥാനം തെരഞ്ഞെടുപ്പ്‌ ചൂടിലേയ്‌ക്ക്‌ പ്രവേശിച്ചിരിക്കുന്നതായി മാധ്യമങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു.കടുത്ത പോരാട്ടം വാശിയേറിയ മത്സരം തുടങ്ങിയ പ്രയോഗങ്ങള്‍ നിരന്തരം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.തെരഞ്ഞെടുപ്പിന്റെ വീറും വാശിയും മാധ്യമങ്ങളില്‍ കൊട്ടി ഘോഷിക്കും വിധം ഇല്ലെന്നതത്രെ യാഥാര്‍‌ഥ്യം.വലതിന്റെ ഊഴം കഴിഞ്ഞിരിക്കുന്നു.ഇനി ഇടതിന്റെ ഊഴം.ഇതിനുമപ്പുറം വിശ്വസിക്കാന്‍ സാഹചര്യത്തെളിവുകള്‍ സമ്മതിക്കുന്നില്ല.ഇപ്പോള്‍ കഴിഞ്ഞു കൊണ്ടിരിക്കുന്ന വലത്‌ പക്ഷത്തിന്റെ ഊഴം നിശ്ചിത കാലാവധിവരെ പുര്‍‌ത്തീകരിക്കപ്പെട്ടതിന്റെ പിന്നില്‍ വലതു പക്ഷത്തിന്റേയും അതിന്റെ സാരഥിയുടേയും പ്രാപ്‌തിയെക്കുറിച്ച്‌ ആരും വാചലാരാകുമെന്നു തോന്നുന്നില്ല.കാരണം ഇക്കാലയളവില്‍ ഇടതു പക്ഷത്തിന്റേയും അതിന്റെ നായകരുടേയും സൗമനസ്സ്യം പകല്‍ പോലെ പ്രകടമായിരുന്നു.

വീറും വാശിയും രണ്ട്‌  രാഷ്‌ട്രീയ പ്രത്യയ ശാസ്‌ത്രങ്ങള്‍ തമ്മില്‍ ഇല്ല എന്നു ചുരുക്കം.ആരൊക്കെ സ്ഥാനാര്‍‌ഥികള്‍ ആകണം.വിജയ സാധ്യതയുള്ള മണ്ഡലങ്ങളെ ആരു പ്രതിനിധാനം ചെയ്യണം എന്നീ വിഷയങ്ങളില്‍ തീര്‍‌ച്ചയായും മത്സരം നടക്കുന്നുണ്ട്.ഇരു പക്ഷത്തിനും വ്യവസ്ഥാപിതമായ വോട്ടു ബാങ്കുകള്‍ ഉണ്ട്.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രചരിപ്പിച്ചാലും കണ്ണടച്ചു വോട്ടു രേഖപ്പെടുത്തുന്നവര്‍ക്ക്‌ അതൊന്നും ഒരു പ്രശ്‌നമേ അല്ല.

ഓരോ അഞ്ചു വര്‍ഷവും ചില സ്ഥിരം പക്തികള്‍ എന്നപോലെ പെണ്ണും പണവും, മദ്യവും മയക്കു മരുന്നും, കൊല്ലും കൊലയും, അധികാര ദുര്‍‌വിനിയോഗവും പൊലീസ്‌ അതിക്രമങ്ങളും; ഇരട്ടി മധുരത്തിന്‌ ചില ഭീകര തീവ്ര വാദവും; ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ ഉറഞ്ഞാടും.അങ്ങനെ അഞ്ചു വര്‍‌ഷം നാം ആസ്വദിക്കും.

രാജ്യത്തെ പൊതു സമൂഹം നന്മയോട്‌ സഹകരിക്കാന്‍ സന്മനസ്സുള്ളവരും ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരുമാണ്‌.ഇവര്‍‌ക്ക്‌ ഉയര്‍‌ന്ന നിലവാരമുള്ള ജീവിത സാഹചര്യങ്ങള്‍‌ക്കിണങ്ങും വിധമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലുപരി ഉയര്‍ന്ന മാനസികാവസ്ഥയിലുള്ളവരാക്കാനുതകുന്ന അവസ്ഥ സൃഷ്‌ടിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ പുലര്‍‌ത്തണം.എത്ര ശുദ്ധവും ശുചിത്വവുമുള്ള ജിവിത സാഹചര്യങ്ങളുണ്ടെങ്കിലും ഹൃദയം മലിനമാകുന്ന അവസ്ഥയില്‍ എല്ലാം ചീഞ്ഞു നാറും.

സകല നാശത്തിന്റെയും താക്കോല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട മദ്യത്തെ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കുക തന്നെ വേണം.ഒരു സുപ്രഭാതത്തില്‍ കഴിയുന്നതല്ല ഇതൊന്നും.എന്നിരുന്നാലും ഘട്ടം ഘട്ടമായി അതിനുള്ള ശ്രമമങ്ങള്‍ നടക്കുക തന്നെ വേണം.മദ്യവിമുക്ത ലഹരി വിമുക്ത രാജ്യം എന്ന സങ്കല്‍‌പത്തെ ആത്മാര്‍ഥമായും ഉള്‍‌കൊണ്ട്‌ കൊണ്ടുള്ള നിയമ നിര്‍‌മ്മാണവും അതിനനുസൃതമായ ഉദ്‌ബോധനങ്ങളും പ്രചരണങ്ങളും മുറപ്രകാരം നടക്കണം. 

നന്മയില്‍ സഹകരിക്കുന്ന ഒരു സം‌ഘത്തിന്റെ തീവ്രമായ പ്രയത്നത്തിന്റെ ഫലമായി സംശുദ്ധ രാഷ്‌ട്രീയമെന്ന ആശയത്തിലധിഷ്‌ടിതമായ രാഷ്‌ട്രീയ തട്ടകങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്‌ എന്നത്‌ ഏറെ പ്രത്യാശ ജനിപ്പിക്കുന്ന ഒന്നാണ്‌. ഇത്തരം സാഹസിക സം‌രം‌ഭങ്ങളുടെ പ്രകാശ കിരണങ്ങളെ തച്ചു കെടുത്താന്‍ മത്സരിക്കുന്നതിനു പകരം ഈ തീപൊരിയില്‍ നിന്നും തങ്ങളുടെ കെട്ടുപോകുന്ന ചൂട്ടുകള്‍ കത്തിക്കാനാകുമോ എന്ന ചിന്തയായിരിക്കണം സമൂഹത്തെ കുറിച്ച്‌ ഗൗരവത്തില്‍ ചിന്തിക്കുന്നവരുടെ അജണ്ടകളില്‍ സ്ഥാനം പിടിക്കേണ്ടത്‌.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പ്രബുദ്ധരായ കേരളം ഫാഷിസത്തെ അകറ്റി നിര്‍‌ത്തണമെന്ന വിഷയത്തില്‍ ഒരു പണ തൂക്കം മുന്നിലാണ്‌.കേന്ദ്രത്തില്‍ ഫാഷിസ്റ്റുകള്‍‌ക്ക്‌ അധികാരം ലഭിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഇടതും വലതും ഇനിയും ഈ അഴകൊഴമ്പന്‍ രീതിയില്‍ പോയാല്‍ മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ടു പോയി എന്ന അവസ്ഥയ്‌ക്ക്‌ കേരളം സാക്ഷിയാകേണ്ടിവരും.അതിനാല്‍ സ്വജന പക്ഷപാതം അധികാര ദുര്‍‌വിനിയോഗം അക്രമ രാഷ്ട്രീയം തുടങ്ങിയ വിപത്തുകളെ എങ്ങനെ ഉന്മൂലനം ചെയ്യാമെന്ന കാര്യത്തില്‍ ഇരു പക്ഷവും ഗൗരവതരമായ ആലോജനകള്‍ നടത്താന്‍ തയാറാകേണ്ടിയിരിക്കുന്നു.

സാമ്പത്തിക ക്രമക്കേടുകള്‍ക്ക്‌ കുപ്രസിദ്ധരായ ചേരിയും, കഠാര രാഷ്‌ട്രീയത്തില്‍ ഉറഞ്ഞു തുള്ളുന്ന മറു ചേരിയും ഒരു വീണ്ടു വിചാരത്തിനു തയാറാകുക തന്നെ വേണം.സഹികെടുന്നവന്‍ തല്‍‌ക്കാലം അരിശം തീര്‍‌ക്കാന്‍ ഫാഷിസമെങ്കില്‍ ഫാഷിസം ഇവരൊരു പാഠം പഠിക്കട്ടെ എന്നു ചിന്തിച്ചതിന്റെ ദേശീയ ദുരന്തം രാജ്യ നിവാസികള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ മറന്നു പോകരുത്‌.
കൊച്ചു കൊച്ചു തുരുത്തുകളില്‍ ഒതുങ്ങി കൂടുകയും ആതുരുത്തുകളെ കുറിച്ച്‌ മാത്രം ചിന്തിക്കുകയും ചെയ്യുന്നതിനു പകരം വിശാലമായ ഒരു സമൂഹത്തിന്റെ പുന സൃഷ്‌ടി എന്ന തലത്തിലേയ്‌ക്ക്‌ ഉയരാനുള്ള പരിശ്രമമായിരിക്കട്ടെ ഓരോ പൗരന്റേയും കര്‍മ്മവും ധര്‍‌മ്മവും.