Sunday, January 1, 2017

ഒരു പദ്ധതി പ്രദേശത്തിന്റെ വര്‍ത്തമാനം

ദോഹയുടെ ഹൃദയം എന്നറിയപ്പെടുന്ന മുശേരിബ്‌ പദ്ധതിയുടെ പൂര്‍‌ത്തീകരണത്തിനു വേണ്ടി രാപകല്‍ ഭേദമില്ലാതെ പ്രവര്‍‌ത്തന നിരതരാണ്‌ പ്രാദേശികവും അല്ലാത്തതുമായ വമ്പന്‍ കമ്പനികളുടെ തൊഴില്‍ പട.ഈ തൊഴില്‍ പടയിലെ ബ്ലു കോളര്‍ സം‌ഘത്തില്‍ പെട്ടവര്‍‌ക്കായുള്ള താവളം മുശേരിബ്‌ പദ്ധതി പ്രദേശത്തിന്റെ ഇറയിലും തറയിലും ഒതുക്കപ്പെട്ടിരിക്കുന്നു.

മുശേരിബിലെ കെട്ടിടങ്ങളിലുണ്ടായിരുന്ന പ്രവാസി കുടും‌ബങ്ങള്‍ എല്ലാം കൂടൊഴിഞ്ഞു പോയി.ഇന്ത്യക്കാരായ വിശിഷ്യാ മലയാളികള്‍ നല്ലൊരു ശതമാനവും ഇവിടെ നിന്നും ദോഹയുടെ ഇതര ഭാഗങ്ങളിലേയ്‌ക്ക്‌ ചേക്കേറി.ഇന്ത്യന്‍ ഉപഭൂഖണ്ഢത്തിന്റെ കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്‌ ഈ പ്രദേശം മുഴുവനെന്നോണം ഇപ്പോള്‍ കയ്യടക്കിയിരിക്കുന്നത്..മുശേരിബ്‌ പദ്ധതിയുടെ ഭാഗമായി പൊളിച്ചു നീക്കപ്പെടാന്‍ നാളുകളെണ്ണുന്ന ഇടങ്ങളും കെട്ടിടങ്ങളും ജനത്തിരക്കിനാല്‍ വീര്‍‌പ്പു മുട്ടുകയാണ്‌.പുതിയ താവളക്കാരുടെ രുചിയനുസരിച്ചുള്ള പലഹാരങ്ങള്‍‌ക്കും,പലവ്യഞ്ചനങ്ങള്‍‌ക്കും പുതിയ  കടകള്‍ തുറക്കപ്പെട്ടിരിക്കുന്നു.ചായക്കടകളും ഭക്ഷണ ശാലകളും ദിനേനയെന്നോണം തുറന്നു കൊണ്ടിരിക്കുന്നു.അണയാന്‍ പോകുന്ന അഗ്നിയുടെ ആളിക്കത്തല്‍ പോലെ കച്ചവടം പൊടി പൊടിക്കുന്നു.

ഇടനാഴികകളിലെ മതിലുകളിലും വാതിലുകളിലും വിവിധ ഭാഷകളില്‍ കുറിച്ചിട്ട കുറിപ്പുകളും കുറിമാനങ്ങളും പരസ്യങ്ങളും കൊണ്ട്‌ നിറഞ്ഞിരിക്കുന്നു..വൈദ്യതി വിഛേദിച്ചിരുന്ന കെട്ടിടങ്ങള്‍ പലതും വൈദ്യതി പുനസ്ഥാപിച്ച്‌ താമസത്താവളങ്ങളാക്കിയിരിക്കുന്നു.കിടപ്പു മുറികള്‍‌ക്ക്‌ ഉള്‍‌കൊള്ളാന്‍ കഴിയുന്നതിലധികം താമസക്കാരുള്ള കെട്ടിടങ്ങളുടെ രൂപവും ഭാവവും വികൃതമായിരിക്കുന്നു.അതി മനോഹരമായ ഒരു വിഭാവനയുടെ പൂര്‍‌ത്തീകരണത്തിനായി അതി വിചിത്രമായൊരു കെട്ടു കാഴ്‌ച.അടുക്കും ചിട്ടയുമില്ലാത്ത സമൂഹം.വൃത്തിയും വെടിപ്പും തൊട്ടു തീണ്ടാത്ത ജന സഞ്ജയം.തൊട്ടതിനും തോണ്ടിയതിനും ഒച്ച വെക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന കൂട്ടും കൂട്ടരും.എവിടേക്കും എന്തും തൂത്തെറിയാന്‍ മടിയില്ലത്തവര്‍.അക്ഷരാര്‍‌ഥത്തില്‍ വൈകൃതങ്ങളുടെ കൂത്തരങ്ങ്.ഇടം വലം നോക്കാതെ കാര്‍‌ക്കിച്ചു തുപ്പുന്നവര്‍..കാട്ടു കൂട്ടങ്ങള്‍ പോലും കാണിക്കാത്ത പരിസരബോധം മറന്ന ഒരു കൂട്ടര്‍.കൈലിയും ബനിയനും മാത്രം ധരിച്ച്‌ ഒരു കൂസലും കൂടാതെ ഈ 'ഹൃദയത്തില്‍' ചവിട്ടി കൂട്ടം കൂട്ടമായി നടന്നു പോകുന്നതു കണ്ടാല്‍ ബോധം നഷ്‌ടപ്പെടാത്ത ആരും അന്തം വിട്ടു നിന്നു പോകും.

പള്ളികള്‍ കേന്ദ്രീകരിച്ചുള്ള വഴിവാണിഭക്കാര്‍ ആളുകളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് എല്ലാം  നിരത്തുന്നുണ്ട്‌.മലക്കറികള്‍ മുതല്‍ മത്സ്യ മാം‌സങ്ങള്‍ വരെ.ഓരോ നമസ്‌കാര സമയത്തിനു ശേഷവും കച്ചവടം സജീവമാകും.മഗ്‌രിബിനു ശേഷമാണ്‌ വളരെ തകൃതിയായി കച്ചവടം നടക്കുന്നത്.വാരാന്ത്യങ്ങളില്‍ സ്ഥിതി വിവരണാതീതം.വഴിയാത്രക്കാര്‍ക്ക് കടന്നു പോകാന്‍ പോലും നന്നേ പ്രയാസപ്പെടേണ്ടി വരും.

ഇതാണ്‌ മുശേരിബ്‌ പദ്ധതിയുടെ ഓരത്തേയും ചാരത്തേയും വളരെ സം‌ക്ഷിപ്‌തമായ വര്‍ത്തമാന ചിത്രം.