Saturday, May 19, 2012

ആസ്വാദക ഹൃദയങ്ങളെ ഹഠാതാകര്‍ഷിച്ചു.


ദോഹ:തനിമ കലാസാഹിത്യവേദിയ്‌ക്ക്‌ വേണ്ടി ഉസ്‌മാന്‍ മാരാത്തിന്റെ നേതൃത്വത്തില്‍ അരങ്ങിലെത്തിയ നക്ഷത്രങ്ങള്‍ കരയാറില്ല എന്ന ചരിത്ര സം‌ഗീത ചിത്രീകരണ നാടകം ആസ്വാദക ഹൃദയങ്ങളെ ഹഠാതാകര്‍ഷിച്ചു.

അന്ധകാരാവൃതമായ ഭൂപ്രദേശത്ത്‌ പ്രകാശം വിതറുന്ന ദര്‍ശന കിരണങ്ങള്‍ പിറവിയെടുക്കുന്നത്‌ പൊറുപ്പിക്കാത്തവരുടെമുന്നില്‍ മണ്ണില്‍ വേരുറച്ച കറുത്തകല്ലുപോലെ ഉറച്ചു നില്‍ക്കുമ്പോള്‍ വിമോചനത്തിന്റെ കാഹളം മുഴക്കുന്ന പ്രസാരണ ഭൂമികയില്‍ നക്ഷത്രങ്ങള്‍ പിറക്കും .ആ നക്ഷത്രങ്ങളുടെ പൊലിമയും പ്രകാശവും മറന്നുപോയ സമൂഹ മനസ്സാക്ഷിയ്‌ക്ക്‌ മുന്നില്‍ ചരിത്രത്തിന്റെ ഓരങ്ങളില്‍ നിന്നുകൊണ്ട്‌ ഒരു പുനര്‍ പ്രസാരണം നടത്താനുള്ള ഭൂമിക ഒരുങ്ങുമ്പോള്‍ ;ശരിയാണ്‌ നക്ഷത്രങ്ങള്‍ക്ക്‌ കരയാന്‍ കഴിയില്ല .

ആദര്‍ശ വാക്യത്തിന്റെ ഉദ്‌ഘോഷത്തോടെ ഉദിച്ചുണരുന്ന പ്രതീക്ഷയുടെ ചക്രവാളവും ,പ്രതിജ്ഞാ വചനം സാക്ഷ്യപ്പെടുത്തുമ്പോള്‍ സാക്ഷാല്‍കരിക്കപ്പെടുന്ന അക്ഷരാര്‍ഥത്തിലുള്ള വിമോചനവും ,കൃത്യമായി ബോധ്യപ്പെടുത്താന്‍ സാധിക്കും വിധം അരങ്ങിനെ അനുഭവിപ്പിക്കാനുള്ള സാഹസം അഭിനന്ദനാര്‍ഹം .

നിഴലും നിലാവും നീലാകാശവും എന്നപോലെ അവതരണത്തിന്റെ അതിനൂതനമായ സാധ്യതകളെ ഈ കലോപഹാരത്തിലൂടെ ആസ്വാദക സമൂഹത്തെ തെര്യപ്പെടുത്താനുള്ള ശ്രമം പ്രോത്സാഹനാര്‍ഹം .

സൂക്ഷ്‌മ നീരീക്ഷണങ്ങളില്‍ തെളിയുന്ന ചില്ലക്ഷറ സ്‌കലിതങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സംരംഭം അതി ഗംഭീരം .

ക്രിയാത്മകമായ സംരംഭങ്ങള്‍ സര്‍ഗാത്മകമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ മധുകണം പോലെ ആസ്വാദ്യകരം .