Saturday, May 29, 2010

ഏകാന്തതയുടെ തുരുത്തില്‍

ഏകാന്തതയുടെ തുരുത്തില്‍ 
1980 ഫിബ്രുവരി 15 നായിരുന്നു പ്രവാസത്തിന്റെ തുടക്കം.അതേ വര്‍‌ഷത്തെ നോവുന്ന നോമ്പനുഭവം വായനക്കാരുമായി പങ്കു വെയ്‌ക്കാം.ബോംബെയില്‍ ബാപ്പയോടൊപ്പം ജോലിയും സായാഹ്ന വിദ്യാലയത്തിലെ പഠനവും നടക്കുമ്പോഴായിരുന്നു ഖത്തറിലേയ്‌ക്കുള്ള അവസരം വീണു കിട്ടിയത്‌.എന്നാല്‍ കമ്പനി രൂപീകരണവും മറ്റും നടന്നത്‌1982 ലായിരുന്നു.അതുവരെയുള്ള കാലം ഉടമയുടെ റുവൈസിലുള്ള അതിഥി മന്ദിരത്തില്‍ കഴിയാനായിരുന്നു നിയോഗം.ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയില്‍ നിന്നും നൂറിലേറെ കിലോമീറ്റര്‍ ദൂരത്താണ്‌ റുവൈസ്‌ സ്ഥിതിചെയ്യുന്നത്.ഏകദേശം ബഹറൈനുമായി അഭിമുഖം നില്‍‌ക്കുന്ന പഴയ കാല ജനവാസ കേന്ദ്രങ്ങളിലൊന്നാണ്‌ റുവൈസ്.ഇവിടെ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ കിഴക്കു ഭാഗത്ത്‌ കടലോരത്താണ്‌ പ്രസ്‌തുത അതിഥി മന്ദിരം.

വാരാന്ത്യങ്ങളില്‍ മാത്രം സജീവമാകുമായിരുന്ന ഈ തീരത്തെ ഏകാന്ത വാസം ഏറെ പ്രയാസപ്പെട്ടതായിരുന്നു.താല്‍‌കാലിക താവളം എന്ന നിലക്ക്‌ ഒരു വിധം രാജിയായി പോകുകയായിരുന്നു.നാടുമായും നാട്ടുകാരുമായും തികച്ചും ഒറ്റപ്പെട്ട പ്രതീതി.തൊട്ടടുത്തുള്ള റുവൈസിലേയ്‌ക്കും വേണ്ടപ്പെട്ടവരൊക്കെയുള്ള ദോഹയിലേയ്‌ക്കും വളരെ പരിമിതമായ യാത്രകളെ നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.എഴുത്തും വായനയും പഠനമനനങ്ങളും മുറക്ക്‌ നടന്നു കൊണ്ടിരുന്നു.റുവൈസ്‌ നാളുകളെ കുറിച്ച്‌ വിശദമായി ഒരിക്കല്‍ പങ്കുവെച്ചിരുന്നതിനാല്‍ നോമ്പനുഭവത്തിലേയ്‌ക്ക്‌ കടക്കാം.

1980 ജൂലായ്‌ രണ്ടാം വാരം മുതല്‍ പ്രവാസ കാലത്തെ ആദ്യത്തെ നോമ്പു തുടങ്ങി.നോമ്പു കാലത്ത്‌ ദോഹയില്‍ നിന്നും വല്ലപ്പോഴും വരുന്ന ഡ്രൈവര്‍‌മാര്‍ അല്ലാതെ മറ്റാരും വരാറില്ലായിരുന്നു.അഥവാ മനുഷ്യന്റെ ചെത്തവും ചൂരിമില്ലാത്ത ഈ പ്രദേശത്തെ ആഴ്‌ചയിലൊരിക്കലെങ്കിലുമുള്ള ബഹളവും ഇല്ലെന്നു ചുരുക്കം.

കിടപ്പു മുറിയുടെ ജന്നല്‍ തുറന്നിട്ടാല്‍ കടല്‍ തീരത്തിരിക്കുന്ന പ്രതീതിയാണ്‌.എങ്കിലും അസര്‍ നിസ്‌കാരം കഴിഞ്ഞാല്‍ കടല്‍ കരയില്‍ വന്നിരിയ്‌ക്കും.നോമ്പു തുറക്കാനുള്ള വെള്ളവും ഈത്തപ്പഴവും കൂടെ കരുതും.തുണക്കാരായ രണ്ട്‌ ശുനകന്മാര്‍ തൊട്ടടുത്ത്‌ വന്നു കിടക്കും.ദോഹയില്‍ നിന്നും അവര്‍‌ക്കായി കൊണ്ടുവരുന്ന വിശേഷപ്പെട്ട ടിന്‍ ഫുഡും പ്രത്യേക പാത്രത്തില്‍ കൂടെ കരുതും.പാരായണങ്ങളും തസ്ബീഹുകളും ദിക്കറുകളും ഒക്കെ കടല്‍ കരയി്‌ലിരുന്നായിരുന്നു നിര്‍‌വഹിച്ചിരുന്നത്‌.അണപൊട്ടി ഒഴുകുന്ന കണ്ണീര്‍ ചാല്‍ അടക്കാന്‍ കഴിയുമായിരുന്നില്ല.വിജനമായ ഈ മരുപ്രദേശത്ത് പടച്ച തമ്പുരാനല്ലാതെ ആരും  ഉണ്ടാകുമായിരുന്നില്ല.പഴയ ജനവാസത്തിന്റെ അടയാളങ്ങളില്‍ പെട്ട ഇടിഞ്ഞു പൊളിയാറായി നില്‍‌ക്കുന്ന മണ്ണുരുളകള്‍ കൊണ്ട്‌ പണിത ഒരു പള്ളി വരാന്തയിലാണ്‌ പകല്‍ സമയത്തെ ആരാധനകള്‍ നിര്‍‌വഹിച്ചിരുന്നത്.റമദാന്‍ കാലത്ത്‌ മഗ്‌രിബും ഇവിടെ വെച്ചായിരുന്നു നിര്‍‌വഹിച്ചു പോന്നത്‌.കാതു കൂര്‍പ്പിച്ചിരുന്നാല്‍ വളരെ നേര്‍ത്ത ശബ്‌ദത്തില്‍ മണലാരണ്യത്തില്‍ നിന്നെവിടെനിന്നോ ബാങ്കു കേള്‍‌ക്കാം.ചുകന്നു തുടുത്ത ചക്രവാളം കരഞ്ഞു കലങ്ങുമ്പോള്‍ നോമ്പു തുറക്കാനൊരുങ്ങും.നോമ്പുകാരേക്കാള്‍ പരവശരായ നിലയില്‍ കിടക്കുന്ന എന്റെ തുണക്കാരും സടകുടഞ്ഞെഴുന്നേറ്റ് അവരുടെ തീറ്റയിലേയ്‌ക്ക്‌ തിരിയും.ഞാന്‍ നോമ്പു തുറക്കുമ്പോള്‍ ഈ ശുനകന്മാര്‍‌ക്ക്‌ സന്തോഷമുണ്ടാക്കുന്നു എന്നാണ്‌ അനുഭവം.

നോമ്പു തുറന്നു പള്ളി വരാന്തയില്‍ കയറി അത്യുച്ചത്തില്‍ ബാങ്കു വിളിക്കും.ഓരോ സ്വര വീചിയും ആകാശത്ത്‌ മുട്ടി തിരിച്ചു വരും.കടലലകള്‍ എന്നോടൊപ്പം തേങ്ങും.ഇഖാമതു കൊടുത്തു നിസ്‌കരിക്കാന്‍ തുടങ്ങും.അക്ഷരാര്‍ഥത്തില്‍ അല്ലാഹുവുമായുള്ള കൂടിക്കാഴച..വിങ്ങിപ്പൊട്ടുന്ന ചക്രവാളം എന്നെ കൂടുതല്‍ സങ്കടത്തിലാഴ്‌ത്തും.ഒരു ലോകം മുഴുവന്‍ പിന്നിലുള്ള പോലെ നിസ്‌കരിക്കും.അതിനുശേഷം കാറ്റുമൂളാത്ത ഒരു മൂലയില്‍ കനല്‍ കത്തിച്ച്‌ മത്സ്യം ചുട്ടെടുത്ത് റൊട്ടിയും കൂട്ടി ആഹരിയ്‌ക്കും.പിന്നെ അകത്തു കയറി കതകടക്കും.ജന്നലുകള്‍ മലര്‍ക്കെ തുറന്നിടും.കട്ടിലില്‍ വിശ്രമിക്കുമ്പോള്‍ അനന്തമായ ആകാശക്കയങ്ങളിലെവിടെയോ മുങ്ങിത്താഴുന്നതു പോലെ തോന്നും. പിന്നെ നക്ഷത്രങ്ങള്‍ കിന്നാരം പറഞ്ഞു തുടങ്ങും.ഒരു വേള മണ്ണും വിണ്ണും ഒന്നായ പോലെ ...ഞാന്‍ അതില്‍ അലിഞ്ഞില്ലാതാകും.എന്റെ നൊമ്പരപ്പെരുമഴ കണ്ടിട്ടെന്നവണ്ണം വാതില്‍ പടിയില്‍ വന്നു ശുനകന്മാര്‍ ഒച്ച വെയ്‌ക്കും.മിഴികള്‍ തുടച്ചു വാതില്‍ തുറന്നു ആശ്വാസ വാക്കുകള്‍ മൊഴിയുമ്പോള്‍ മുന്‍ കാലുകള്‍ ചായ്‌ച്ച്‌ വാലനക്കി നായ്‌ക്കള്‍ കൂട്ടിലേയ്‌ക്ക്‌ പോകും.അടച്ചാലും ഇല്ലെങ്കിലും കൂട്ടിലകപ്പെട്ട ഞാന്‍ രാത്രി  നിസ്‌കാരത്തിനുള്ള ഒരുക്കങ്ങളിലേയ്‌ക്ക്‌ വാതില്‍ തുറയ്‌ക്കും.മരുഭൂമിയിലെ കാറ്റിന്റെ ചടുലമായ ചൂളം വിളിയില്‍ മനസ്സിന്റെ തന്ത്രികള്‍ തസ്ബീഹ്‌ കോര്‍‌ക്കും...

മാധ്യമം പ്രസിദ്ധീകരിച്ചത്.