Saturday, March 31, 2018

മാര്‍‌ച്ച് അവസാന വാരം

കുറച്ച്‌ വര്‍‌ഷങ്ങളായി നടന്നു പോന്നിരുന്ന അജണ്ടയിലൊരു മാറ്റം.കുടും‌ബം ദോഹയിലേക്ക്‌ വരികയായിരുന്നു.അഥവാ വേനലവധി ദോഹയില്‍.മാര്‍‌ച്ച്‌ 26 തിങ്കളാഴ്‌ച പുലര്‍‌ച്ചയ്‌ക്ക്‌ ദൈവാനുഗ്രഹത്താല്‍ മക്കളും കുടും‌ബവും ദോഹയിലെത്തി.മുഗളിന ആരോഗ്യ കേന്ദ്രത്തിന്നടുത്താണ്‌ താമസം.ട്രൂത്ത് 307 ബിള്‍‌ഡിങ്, ഫ്‌ളാറ്റ് 210.

മാര്‍‌ച്ച് 27 ചൊവ്വാഴ്‌ച  വൈകീട്ട്‌  താമസ സ്ഥലത്തിനു തൊട്ടുള്ള ഉദയം റസിഡന്‍‌സിലേയ്‌ക്ക്‌ പുറപ്പെട്ടു.എം.പി ട്രേഡേര്‍‌സിലെ രണ്ടാം നിലയിലാണ്‌ ഉദയം ആസ്ഥാനം സ്ഥിതിചെയ്യുന്നത്.ആ പരിസരത്തേക്ക്‌ എത്തിക്കൊണ്ടിരിക്കേ ഷാമില വിളിച്ചു.വീട്ടിലുണ്ടോ എന്നാരാഞ്ഞു.അവര്‍‌ മുഗളിനയിലേക്കുള്ള വഴിയിലാണെന്നു പറഞ്ഞു.വീട്ടിലില്ല ഉദയത്തിലേക്ക് പുറപ്പെട്ടതാണെന്നറിയിച്ചപ്പോള്‍ നിമിഷങ്ങള്‍‌ക്കകം അവര്‍ ഞങ്ങളെത്തേടിയെത്തി.ഒരുമിച്ച് മുഗളിനയിലെ വീട്ടിലേയ്‌ക്ക്‌ പോന്നു.

എല്ലാവരും കൂടെ കുറെ സമയം സംസാരിച്ചിരുന്നു.വീട്ടു കാര്യങ്ങളും നാട്ടുകാര്യങ്ങളും വാരാന്ത അജണ്ടകളും എല്ലാം..കൂട്ടത്തില്‍ ഷാമില പറഞ്ഞു ..'ഒരു കാര്യം മാമ ഒന്നു പറഞ്ഞു കൊടുക്കണം.ഫാസ്‌റ്റിങില്‍ തന്നെ അത്യാവശ്യത്തിനും തെല്ലേറെയും ഷുഗര്‍ റിസല്‍‌റ്റ് ഉള്ള ആളാണെന്ന ഒരു ബോധവും ചില നേരത്ത് ഇല്ല'.ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുതെന്ന് ഗൗരവം ചോരാതെത്തന്നെ ഞാന്‍ പറയുകയും ചെയ്‌തു.അങ്ങനെ കുറേ നേരത്തെ ചിരിയും തമാശയും ഒക്കെ ആയി പിരിഞ്ഞു.

മാര്‍‌ച്ച് 28 ബുധന്‍ ഞാന്‍ ഓഫിസില്‍ പോയി.വാര്‍‌ഷിക സ്റ്റോക് നടക്കുന്നതിനാല്‍ നല്ല തിരക്കും ഉണ്ടായിരുന്നു.സൈലന്റ് മോഡിലുള്ള ഫോണ്‍ ബ്ലിങ്ക് ചെയ്യുന്നുണ്ടായിരുന്നു.സ്വല്‍‌പം കഴിഞ്ഞ്‌ നോക്കിയപ്പോള്‍ ഷാമിലയുടെ നമ്പര്‍.വാരാന്ത പരിപാടികള്‍ അന്വേഷിക്കാനാകും എന്ന് കരുതി.തിരക്കൊഴിഞ്ഞ് വിളിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോള്‍ വീണ്ടും വീണ്ടും ടലഫോണ്‍ റിങ്.ഫോണ്‍ അറ്റന്റ് ചെയ്‌തപ്പോള്‍ നസ്‌റിന്‍ സങ്കടപ്പെട്ട്‌ പറഞ്ഞു.വാപ്പച്ചി എമര്‍‌ജന്‍‌സിയിലാണ്‌.

എല്ലാം നിശ്ചലമാക്കി ഇറങ്ങാന്‍ കഴിയുന്ന സാഹചര്യമല്ലായിരുന്നു.എന്നിരുന്നാലും കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഓഫീസിലുള്ളവരുടെ സഹകരണത്താല്‍ ഹമദ് ഹോസ്‌പിറ്റല്‍ എമര്‍‌ജന്‍‌സിയിലേയ്‌ക്ക്‌ പോന്നു. അഫ്‌സലിനെ വിളിച്ചപ്പോള്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടതായി അറിയിച്ചു.അവിടെ എത്തിയപ്പോള്‍ റുമേല ഹൃദ്രോഗ വിഭാഗത്തിലേയ്‌ക്ക്‌ മാറ്റിയതായി അറിഞ്ഞു.ഉടനെ അങ്ങോട്ട്‌ പോയി.എം.എം ജലീലിനെയും,ഷാഹുവിനേയും,റഫീക്കിനെയും വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.റഫീക്ക്‌ എയര്‍പോര്‍‌ട്ടില്‍ നിന്നും എമിഗ്രേഷനില്‍ നില്‍‌ക്കുമ്പോഴായിരുന്നു വിവരങ്ങള്‍ അറിയുന്നത്.

യൂസുഫിന്റെ ബന്ധുമിത്രാധികള്‍,ദോഹ ബാങ്ക് പ്രതിനിധികള്‍ തുടങ്ങി കേട്ടറിഞ്ഞെത്തിയവരുടെ തിരക്ക്‌ എമര്‍‌ജന്‍‌സി വിഭാഗം സെക്യൂരിറ്റി ജീവനക്കാരെ അമ്പരപ്പിച്ചു.

യൂസുഫ്‌ പൂര്‍‌ണ്ണമായും അബോധാവസ്ഥയിലാണെന്ന് പരിചരണ വിഭാഗത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.മധ്യാഹ്നത്തിനു ശേഷം ബന്ധുമിത്രാധികളുമായി സംസാരിക്കാന്‍ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്‌ടര്‍ വന്നു.വിശ്രമ സ്ഥലത്ത് എല്ലാവരേയും വിളിച്ചു കൂട്ടി അദ്ധേഹം കാര്യങ്ങള്‍ വിവരിച്ചു.മൂന്ന്‌ ബ്ലോക്കുകള്‍ അതില്‍ ഒരെണ്ണം നൂറു ശതമാനം ആയിരുന്നെന്നും കടുത്ത ആഘാതമായിരുന്നെന്നും പറഞ്ഞു. ഇരുപത്തിനാല്‌ മണിക്കൂറിനു ശേഷം പുരോഗതികളുടെ സൂചന നല്‍‌കാനാകുമെന്നും,നാല്‍‌പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബോധം തിരിച്ചു കിട്ടുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഡോക്‌ടര്‍ വിശദീകരിച്ചു.ദോഹ ബാങ്കിലെ ഗ്രൗണ്ട്‌ ഫ്ലോറില്‍ തല കറങ്ങി വീണതു മുതല്‍ ആം‌ബുലന്‍‌സ് വരുന്നതു വരെ പ്രാഥമിക പരിചരണം ഉചിതമായ രീതിയില്‍ കിട്ടിയിട്ടില്ലെന്നാണ്‌ മനസ്സിലാക്കുന്നതെന്നും അതിനാലുള്ള പ്രത്യാഘാതങ്ങള്‍ രോഗിയെ എങ്ങിനെയൊക്കെ ബാധിക്കും എന്ന്‌ പ്രവചിക്കാന്‍ ആകില്ലെന്നും ഡോക്‌ടര്‍ പറഞ്ഞു.

മാര്‍‌ച്ച് 29 വ്യാഴം വലിയ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.ഡോക്‌ടര്‍ പറഞ്ഞ വിവരങ്ങള്‍ എല്ലാവരുടെ മനസ്സുകളിലും അസ്വസ്ഥകള്‍ സൃഷ്‌ടിച്ചിരുന്നു.ഏകദേശം 24 മണിക്കൂറിന്‌ ശേഷം വെന്റിലേറ്റര്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.അവസ്ഥ കൂടുതല്‍ സങ്കീര്‍‌ണ്ണമാണെന്നു മനസ്സിലാക്കിയ സാഹചര്യത്തില്‍ ഒരു വാട്ട്‌സാപ്പ്‌ ഗ്രൂപ്പ്‌ ക്രിയേറ്റ് ചെയ്‌തു.യൂസുഫിന്റെ ആരോഗ്യ നിലയും ചികിത്സയും പരിചരണവും ഒക്കെ പരസ്‌പരം അറിയാനും ഊഹാപോഹങ്ങളില്‍ പെടാതിരിക്കാനുമായിരുന്നു ഈ സംവിധാനം. ഓരോരുത്തരോടും പ്രത്യേകം പറയേണ്ട കാര്യവുമില്ല.ചികിത്സയുടെ ഭാഗമായി ഒരു പക്ഷെ നാട്ടിലേയ്‌ക്ക്‌ കൊണ്ടുപോകുന്നതാണോ ഉചിതം എന്നും അന്വേഷിക്കേണ്ടതുണ്ടായിരുന്നു.പ്രാഥമിക ചികിത്സ കിട്ടിയില്ലെന്ന്‌ ഡോക്‌ടര്‍‌മാര്‍ പറഞ്ഞിരുന്നു.എന്നാല്‍ ബാങ്കില്‍ നിന്നും പിന്നീട്‌ ലഭിച്ച വിവരങ്ങള്‍ വെച്ച്‌ ഇത് വാസ്‌തവ വിരുദ്ധമായിരുന്നു.

മാര്‍‌ച്ച്‌ 30 വെള്ളിയാഴ്‌ച.കാലത്ത് ഞങ്ങള്‍  എല്ലാവരും കൂടെ റുമേലയിലേക്ക്‌ പോയി.അന്ന്‌ കാലത്ത്‌ ചേര്‍‌ന്ന സി.ഐ.സി ദോഹ സോണ്‍  സംഗമത്തില്‍ പ്രത്യേക പ്രാര്‍‌ഥനകള്‍ നിര്‍വഹിക്കപ്പെട്ട വിവരം അബ്‌ദുല്‍ റഹിമാന്‍ സാഹിബ്‌ അറിയിച്ചു.

പുലര്‍‌ച്ച മുതല്‍ ചെറിയ രീതിയില്‍ കൈകാലുകള്‍ അനക്കാനും ബോധം തിരിച്ചു വരുന്ന പോലെയുള്ള ഭാവ ഭേദങ്ങള്‍ കാണിക്കാനും തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.തുടര്‍ന്ന്‌ ഡോക്‌ടര്‍ ഷാഹുല്‍ ഹമീദ് വന്നു ഞങ്ങളെ സമാശസിപ്പിച്ചു.ഭയപ്പെടേണ്ടതില്ലെന്നും സ്‌കാനിങ് റിപ്പോര്‍‌ട്ടുകള്‍ എല്ലാം ആശ്വാസത്തിനു വകയുള്ളതാണെന്നും ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.   

ഒടുവില്‍ പ്രാര്‍‌ഥനകള്‍ ഫലം കണ്ടിരിക്കുന്നു.ദോഹ റുമേല ഹൃദ്രോഗ ആശുപത്രിയില്‍ 'കാത്ത് ലാബ്' പ്രത്യേക തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന നാലകത്ത് കരുവാങ്കയില്‍ യൂസുഫ് സുഖം പ്രാപിച്ചു വരുന്നതായി സ്ഥിരീകരിക്കപ്പെട്ടു. ഏകദേശം നാല്‍‌പെത്തിയെട്ട് മണിക്കൂറുകള്‍‌ക്ക്‌ ശേഷം അബോധാവസ്ഥയില്‍ നിന്നും പൂര്‍‌ണ്ണമായും ഉണരാന്‍ സാധിച്ചിരിക്കുന്നു.അഥവാ സാങ്കേതിക ഭാഷയില്‍  അപകട നില പൂര്‍‌ണ്ണമായും തരണം ചെയ്‌തിരിക്കുന്നു.അധികം താമസിയാതെ പ്രത്യേക തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും ചികിത്സാ കേന്ദ്രത്തിലേയ്‌ക്ക്‌ മാറ്റും എന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു.

രണ്ട്‌ പതിറ്റാണ്ടിലധികമായി ദോഹ ബാങ്കില്‍ എമിഗ്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനാണ്‌.ഹൃദയാഘാതത്തെ തുടര്‍‌ന്ന്‌ മാര്‍‌ച്ച്‌ 28 ബുധനാഴ്‌ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.ബോധം തിരിച്ച് കിട്ടുന്ന അവസ്ഥ അനന്തമായി നീണ്ടതിന്റെ പ്രയാസം എല്ലാ അര്‍‌ഥത്തിലും നിലനിന്നിരുന്നു.ആശങ്കകളും പങ്കുവെക്കപ്പെട്ടിരുന്നു.ഒടുവില്‍ ദൈവാനുഗ്രഹത്താല്‍ സുമനസ്സുക്കളുടെ പ്രാര്‍‌ഥനയുടെ പ്രതിഫലനമെന്നപോലെ യൂസുഫ് തിരിച്ചു വന്നിരിക്കുന്നു.ഒരു പുതു ജന്മത്തിലേക്ക്‌.ഭിഷഗ്വരന്മാരുടെ ഭാഷയില്‍ അത്യത്ഭുതകരമായി യൂസുഫ്‌ തിരിച്ചെത്തിയിരിക്കുന്നു.ദൈവത്തിന്‌ സ്‌തുതി.

മാര്‍‌ച്ച് 31 ശനിയാഴ്‌ച:കാര്യങ്ങള്‍ കുറെക്കൂടെ പുരോഗമിച്ചു.അതേ സമയം നഷ്‌ടപ്പെട്ട രണ്ട്‌ ദിവസം യൂസുഫിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാകാം.ആശുപത്രി കിടക്കയില്‍ എത്തിയ നിമിഷവും ഒരു വേള അതിന്റെ തൊട്ടടുത്ത ദിവസവും ഓര്‍‌മ്മപ്പെടുത്തുക എന്ന ദൗത്യവും ഈ എഴുത്ത് കൊണ്ട്‌ ഉദ്ധേശിക്കുന്നുണ്ട്‌.ഘട്ടം ഘട്ടമായി ഷാമില ഇതു നിര്‍‌വഹിക്കണം.

കൂടുതല്‍ സന്ദര്‍‌ശകര്‍ ഇല്ലാതിരിക്കേണ്ടതും അനിവാര്യമായും ശ്രദ്ധിക്കേണ്ടതാണ്‌.വിശിഷ്യാ കാര്യങ്ങള്‍ അന്വേഷിക്കുന്നതും തുടര്‍‌ന്നുള്ള പ്രതികരണം എന്ന നിലയില്‍ സം‌സാരം അധികരിക്കുന്നതും ഗുണം ചെയ്‌തു കൊള്ളണമെന്നില്ല.ദൈവം അനുഗ്രഹിക്കുമാറാകട്ടെ...

മധ്യാഹ്നത്തിനു ശേഷം പ്രത്യേക സാഹചര്യത്തില്‍ ക്രിയേറ്റ്‌ ചെയ്‌ത ഗ്രൂപ്പ്‌ ഡിലീറ്റ് ചെയ്‌തു.